27 April 2024, Saturday

Related news

March 12, 2024
February 11, 2024
January 25, 2024
January 18, 2024
October 31, 2023
September 26, 2023
September 22, 2023
September 1, 2023
August 29, 2023
August 21, 2023

മാനസിക വെല്ലുവിളി നേരിടുന്ന 15 കാരിയെ പീഡിപ്പിച്ച കേസ്; 64കാരന് 52 വർഷം കഠിന തടവ്

Janayugom Webdesk
തിരുവനന്തപുരം
October 31, 2023 7:05 pm

മനോരോഗിയായ 15കാരിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം നടത്തിയതിന് പ്രതിയായ മുടവൻമുകൾ തമലം പൊറ്റയിൽ വീട്ടിൽ പ്രഭാത് കുമാർ എന്ന പ്രഭ(64)നെ 52 വർഷം കഠിനതടവും ഒന്നേകാൽ ലക്ഷം രൂപ പിഴയടയ്ക്കാനും തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷവും മൂന്നുമാസവും കഠിനതടവ് കൂടുതലായി അനുഭവിക്കണമെന്ന് ജഡ്ജി ആർ രേഖ വിധി ന്യായത്തിൽ വ്യക്തമാക്കി. കുട്ടിക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും വിധിയിൽ പറയുന്നു.

2013 ജനുവരി പത്തിനാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്. ആറാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്ന കുട്ടി സ്കൂളിൽ നിന്നും വീട്ടിൽ തിരിച്ചെത്തി ടിവി കാണവെയാണ്, വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി ബലം പ്രയോഗിച്ച് പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. കുട്ടി നിലവിളിച്ചെങ്കിലും വീട്ടിൽ ആരുമില്ലായിരുന്നു. പ്രതി ബലം പ്രയോഗിച്ചതിനാൽ കുട്ടിയുടെ വായിലും കഴുത്തിലും മുറിവേറ്റു. കുട്ടിയുടെ അമ്മയും മനോരോഗിയാണ്. 85 വയസുള്ള അമ്മൂമ്മയാണ് ഇവരുടെ കാര്യങ്ങൾ നോക്കിയിരുന്നത്.

അടുത്ത ദിവസവും രാത്രി വീട്ടിൽ കയറിയപ്പോൾ അമ്മൂമ്മ വെട്ടുകത്തിയെടുത്ത് പ്രതിയെ വെട്ടാൻ ഓങ്ങിയപ്പോൾ പ്രതി ഓടി രക്ഷപ്പെട്ടു. അടുത്തദിവസം സ്കൂളിൽ എത്തിയ കുട്ടിയുടെ കഴുത്തിലും വായിലും മുറിവിന്റെ പാടുകൾ കണ്ട കൂട്ടുകാരികളാണ് ടീച്ചറോട് വിവരം പറഞ്ഞത്. കുട്ടിയെ മാറ്റി നിർത്തി ടീച്ചർ അന്വേഷിച്ചപ്പോഴാണ് വിവരങ്ങൾ അറിഞ്ഞത്. സ്കൂൾ അധികൃതർ പൂജപ്പുര പൊലീസ് സ്റ്റേഷനിൽ ഉടനെ തന്നെ വിവരം അറിയിച്ചു.

വിചാരണ വേളയിൽ കുട്ടി പൊട്ടിക്കരഞ്ഞുകൊണ്ടാണ് പീഡന വിവരങ്ങൾ കോടതിയോട് വെളിപ്പെടുത്തിയത്. അതിനാൽ പല ദിവസങ്ങളിൽ ആയിട്ടാണ് കുട്ടിയുടെ വിചാരണ നടന്നത്. ഗോപി എന്ന ഓട്ടോ ഡ്രൈവർ കൂടി കുട്ടിയെ പല തവണ പീഡിപ്പിച്ചിരുന്നു. ഈ പ്രതി കുട്ടിയുടെ അമ്മയെയും പീഡിപ്പിച്ചിട്ടുണ്ട് പക്ഷേ വിചാരണയ്ക്കിടയില്‍ പ്രതി മരണപ്പെട്ടു. മനോരോഗിയായ കുട്ടിയെ പീഡിപ്പിച്ച പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് ജഡ്ജി വിധി ന്യായത്തിൽ പറയുന്നു. ഇത്തരം ശിക്ഷകൾ വന്നാൽ മാത്രമെ കുറ്റകൃത്യങ്ങൾ കുറയുകയുള്ളുവെന്നും വിധിയിലുണ്ട്.

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ എസ് വിജയമോഹൻ, അഭിഭാഷകരായ എം മുബീന, അഖിലേഷ് ആർ വൈ എന്നിവർ ഹാജരായി. മ്യൂസിയം സിഐമാരായിരുന്ന വി ജയചന്ദ്രൻ, എം ജെ സന്തോഷ്, പൂജപ്പുര എസ്ഐ ആയിരുന്ന പി ബി വിനോദ്കുമാർ എന്നിവരാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷൻ 21 സാക്ഷികളെ വിസ്തരിച്ചു, 26 രേഖകളും ഏഴ് തൊണ്ടിമുതലുകളും ഹാജരാക്കി. പിഴ തുക കുട്ടിക്ക് നൽകണമെന്നും ഉത്തരവിലുണ്ട്.

Eng­lish Sum­ma­ry: man sen­tenced to 52 year impris­on­ment for rap­ing men­tal­ly chal­lenged girl
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.