27 April 2024, Saturday

ചായയ്ക്ക് പല ‘കടുപ്പം’; ഹോട്ടലുകൾ ചായയ്ക്ക് ഈടാക്കുന്നത് കൊള്ളവില

ജെനീഷ് അഞ്ചുമന
കൊല്ലം
March 20, 2023 9:44 pm

സൗകര്യങ്ങളുടെയും സജ്ജീകരണങ്ങളുടെയും പേരിൽ ഹോട്ടലുകൾ ചായയ്ക്ക് ഈടാക്കുന്നത് കൊള്ളവില. അമിത വില ഈടാക്കുന്നതിന് തടയിടാൻ ഭക്ഷ്യസുരക്ഷ, പൊതുവിതരണ വകുപ്പുകൾ പരിശോധനയുടെ പേരിൽ നടത്തുന്ന സമ്മർദം വേണ്ടരീതിയിൽ ഫലവത്താകുന്നില്ലെന്ന് അധികൃതരും സാക്ഷ്യപ്പെടുത്തുന്നു.
കൃത്യമായ വിലവിവരപട്ടിക പ്രദർശിപ്പിക്കണമെന്നും അതിന് മുകളിൽ വില ഈടാക്കരുതെന്നുമുള്ള നിബന്ധന മാത്രമാണ് ഹോട്ടലുകളുടെ കാര്യത്തിലുള്ള ചട്ടം. ആരോഗ്യവകുപ്പിന്റെയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും നേതൃത്വത്തിൽ ഹോട്ടലുകൾക്ക് ഗ്രേഡിങ് കൂടി നടപ്പാക്കിയതോടെ ഇതിന്റെ പേരിൽ പലയിടത്തും പല വില ഈടാക്കാനും തുടങ്ങി. 

ഗ്രേഡ്, സൗകര്യങ്ങൾ, വെജിറ്റേറിയൻ, എസി എന്നിവയുടെ കൂടി അടിസ്ഥാനത്തിൽ വിലയീടാക്കാൻ തുടങ്ങിയതോടെ ചായക്ക് എട്ട് മുതൽ 20 രൂപ വരെയാണ് വിലയാകുന്നത്. വൻകിട ഷോപ്പിങ് മാളുകളിലും വ്യാപാര സമുച്ചയങ്ങളിലുമുള്ള ആധുനിക കഫെറ്റേറിയകളിൽ 40 രൂപ വരെയീടാക്കുന്ന രീതിയും പിന്തുടരുന്നുണ്ട്.
ഭക്ഷ്യവസ്തുക്കളുടെ വില നിയന്ത്രണം കളക്ടർ അധ്യക്ഷനായ സമിതി നിശ്ചയിക്കുന്ന രീതിക്ക് വർഷങ്ങൾക്ക് മുമ്പ് തുടക്കമായെങ്കിലും ഹൈക്കോടതി ഇടപെടലിലൂടെ നിഷ്ക്രിയമായിരുന്നു.
കുപ്പിവെള്ളത്തിന് പരമാവധി 13 രൂപ നിശ്ചയിച്ചാണ് ആദ്യഘട്ടം പ്രവർത്തനം ആരംഭിച്ചത് എന്നാൽ പിന്നീടത് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. സർക്കാർ നിയന്ത്രണത്തിലോ നേരിട്ടോ ഉല്പാദിപ്പിക്കുന്ന വസ്തുക്കൾക്ക് മാത്രമേ ഇത്തരത്തിൽ വില നിശ്ചയിക്കാൻ സർക്കാരിന് അധികാരമുള്ളുവെന്നാണ് അന്ന് കോടതി നിരീക്ഷിച്ചത്. കൊല്ലം കോർപ്പറേഷൻ ഉൾപ്പെടെയുള്ള തദ്ദേശസ്ഥാപനങ്ങളുടെ നിയന്ത്രണത്തിൽ ഇപ്പോഴും പത്ത് രൂപയ്ക്ക് കുപ്പിവെള്ളം വിതരണം നടത്തുന്നുണ്ട്.

താഴെയല്ല തട്ടുകടകളും

ഹോട്ടലുകൾക്ക് സമാനമായ സൗകര്യങ്ങളൊന്നും തന്നെയില്ലെങ്കിലും തട്ടുകടകളിലും ചായയുടെ വിലയിൽ കുറവൊന്നുമില്ല. റോഡരികിലും മറ്റും പ്രവർത്തിക്കുന്ന ഇവിടങ്ങളിൽ പത്ത് രൂപയിൽ കുറവ് വിലയുള്ള ഭക്ഷ്യ വസ്തുക്കളൊന്നും ലഭ്യമല്ല. എന്നാൽ ചിലയിടങ്ങളിൽ ചെറു കടികൾക്ക് അഞ്ച് മുതൽ ഏഴ് രൂപയും ചായയ്ക്ക് ഏഴ് രൂപയും ഈടാക്കുന്ന സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. മധുരമില്ലാത്ത ചായയ്ക്കും പാൽ ചേർക്കാത്ത ചായയ്ക്കും സാധാരണ ചായയുടെ വിലയീടാക്കരുതെന്ന് സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നെങ്കിലും ഫലപ്രദമായി നടപ്പാക്കാനായില്ല. 

Eng­lish Sum­ma­ry: Many ‘tough­ness’ for tea; Price 8 to 20

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.