27 April 2024, Saturday

Related news

April 22, 2024
April 22, 2024
April 21, 2024
April 20, 2024
April 16, 2024
April 15, 2024
April 14, 2024
April 12, 2024
April 9, 2024
April 3, 2024

പദ്ധതികള്‍ക്ക് കത്തിവച്ച് കേന്ദ്രം

കെ രംഗനാഥ്
തിരുവനന്തപുരം
September 10, 2022 8:51 pm

ബിജെപി ഇതര സംസ്ഥാന സര്‍ക്കാരുകളുടെ ജനപ്രിയ ക്ഷേമപദ്ധതികള്‍ക്ക് തടയിടാന്‍ മോഡി സര്‍ക്കാര്‍ നീക്കം തുടങ്ങി. ആസന്നമായ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഈ സംസ്ഥാനങ്ങളില്‍ ജനവിരുദ്ധ വികാരം ആളിക്കത്തിക്കാനുള്ള ആസൂത്രിത പദ്ധതിയാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സമയത്ത് ഈ ജനക്ഷേമ പദ്ധതികള്‍ നടപ്പാക്കിയാല്‍ അത് വന്‍തിരിച്ചടിയുണ്ടാക്കുമെന്ന വിലയിരുത്തലിലാണ് ബിജെപി ഇതര കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഈ വികസന വിരുദ്ധനീക്കം. ആം ആദ്മി ഭരിക്കുന്ന പഞ്ചാബില്‍ ഈ ഇടങ്കോലിടല്‍ തുടങ്ങിക്കഴിഞ്ഞു. ബിജെപി-നിതീഷ് കുമാര്‍ സഖ്യം ഭരണത്തിലിരുന്നപ്പോള്‍ കേന്ദ്രം പ്രഖ്യാപിച്ച ബിഹാര്‍ പാക്കേജിലെ പദ്ധതികളും പിന്‍വലിക്കും. ഹിന്ദിഹൃദയ ഭൂമിയില്‍ നിതീഷ് കുമാര്‍ ബിജെപിയെ ചവിട്ടി പുറത്താക്കി പുതിയ മഹാസഖ്യ സര്‍ക്കാര്‍ രൂപീകരിച്ചത് മോഡിക്കേറ്റ കനത്ത തിരിച്ചടിയായി.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഭരണവിരുദ്ധ വികാരം മൂര്‍ച്ഛിക്കുകയും ബിജെപി ഇതര സംസ്ഥാനങ്ങളില്‍ ഭരണാനുകൂല ജനചേരികള്‍ രൂപപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നത് മോഡിയെ അമ്പരപ്പിക്കുന്നു. ഈ നിലയ്ക്കുപോയാല്‍ ലോക്‌സഭാ തെരഞ്ഞെടപ്പ് കൈവിട്ടു പോകുമെന്ന് ബിജെപി ചില സ്വകാര്യ അന്വേഷണ ഏജന്‍സികളെ നിയോഗിച്ചു കണ്ടെത്തിയിരുന്നു. കര്‍ഷകരുടെ ദേശീയ സമരം ഐതിഹാസികമായ വിജയം കൈവരിച്ച സാഹചര്യവും ബിജെപിയുടെ പരാജയ ഭീതിക്ക് ആക്കം കൂടുന്നതിനാല്‍ ഇന്ത്യയുടെ ഭക്ഷണക്കലവറയായ പഞ്ചാബില്‍ കര്‍ഷകാനുകൂല പദ്ധതി നടപ്പാക്കുന്നതിന് അനുമതി നിഷേധിച്ചുകൊണ്ട് കേന്ദ്രം ഉത്തരവിറക്കി. കൊയ്ത്തിനുശേഷം വൈക്കോല്‍ പാടങ്ങളിലിട്ടു കത്തിക്കുന്നത് വായുമലിനീകരണത്തിനു കാരണമാകുന്നുവെന്ന നിലപാടായിരുന്നു കേന്ദ്രത്തിന്റേത്. പഞ്ചാബ്, ഹരിയാന, യുപി സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ വൈക്കോല്‍ കത്തിക്കുന്നത് ഡല്‍ഹിയിലുള്‍പ്പെടെ വായുമലിനീകരണത്തിനിടയാക്കുന്നതിനാല്‍ ഇതിനെതിരെ കര്‍ക്കശ നടപടികളെടുക്കുമെന്ന് കേന്ദ്രം ആവര്‍ത്തിച്ച് മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതിനു പരിഹാരമായി വൈക്കോല്‍ കത്തിക്കുന്നതിനു പകരം അവ വ്യവസായത്തിനും ഊര്‍ജ പദ്ധതികള്‍ക്കും നല്‍കുന്നതിനുവേണ്ടി പഞ്ചാബ് സംസ്ഥാന സര്‍ക്കാര്‍ ഒരു ബൃഹദ് പദ്ധതി തയാറാക്കി.

വൈക്കോല്‍ കത്തിക്കാത്ത കര്‍ഷകര്‍ക്ക് ഏക്കറിന് 2500 രൂപ സബ്സിഡി നല്കാനുള്ള നടപടികളും തുടങ്ങി. 187 ലക്ഷം ടണ്‍ വൈക്കോല്‍ കത്തിക്കാതെയുള്ള പുനരുപയോഗ പദ്ധതിക്ക് കേന്ദ്രം 1,125 കോടി രൂപയുടെ ഗ്രാന്റും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഇറക്കിയ ഉത്തരവില്‍ ഇത്തരം സഹായധനം വിപരീതഫലം ഉളവാക്കുമെന്നും സാമ്പത്തിക സഹായം ദുരുപയോഗപ്പെടുത്തുമെന്നും പറഞ്ഞ് മലക്കം മറിയുകയായിരുന്നു. ‍ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരും പഞ്ചാബ് മാതൃകയില്‍ നടത്താനിരുന്ന ഈ പദ്ധതിക്ക് ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ ഡി കെ സക്സേനയും ചുവപ്പു കൊടി കാട്ടി. നേരത്തെ ഈ പദ്ധതിക്ക് കേന്ദ്രം പ്രഖ്യാപിച്ച 1125 കോടിക്ക് പുറമേ പഞ്ചാബ്, ഡല്‍ഹി സംസ്ഥാനങ്ങള്‍ ഏക്കറിന് 500 രൂപ വീതം അധികമായി നല്‍കാനും പ്രഖ്യാപനമുണ്ടായി. പക്ഷേ ഈ പദ്ധതി നടപ്പായാല്‍ പഞ്ചാബില്‍ ഇപ്പോള്‍ത്തന്നെ ഇടഞ്ഞു നില്‍ക്കുന്ന കര്‍ഷകര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പൂര്‍ണമായും ബിജെപിക്ക് എതിരാകുമെന്നായിരുന്നു കേന്ദ്രത്തിനു ലഭിച്ച ഉപദേശം.

പദ്ധതി നടപ്പായാല്‍ പഞ്ചാബിലെ കര്‍ഷകര്‍ക്ക് മാത്രം 1,875 കോടിയുടെ ആനുകൂല്യം ലഭിക്കുമായിരുന്നു. പഞ്ചാബിലെ കേന്ദ്ര നയത്തിന്റെ ചുവടൊപ്പിച്ച് മറ്റ് ബിജെപി ഇതര സംസ്ഥാനങ്ങളിലും വികസന പദ്ധതികള്‍ക്കും ജനക്ഷേമ പരിപാടികള്‍ക്കും ഇടങ്കോലിടാനുള്ള കേന്ദ്ര നീക്കം വരും നാളുകളിലുണ്ടാകുമെന്നാണ് സൂചന. ഇത്തരം പദ്ധതികള്‍ക്ക് അനുമതി നിഷേധിച്ചിട്ട് പദ്ധതികള്‍ക്കുവേണ്ടിയുള്ള ജനങ്ങളുടെ പ്രതിഷേധം ഭരണവിരുദ്ധ വികാരമാക്കി മുതലെടുക്കാമെന്നും കേന്ദ്രം കണക്കുകൂട്ടുന്നു. കേന്ദ്രത്തിന്റെ ഈ വികസന വിരുദ്ധവും ജനക്ഷേമ വിരുദ്ധവുമായ നീക്കങ്ങളുടെ ഭാഗമായി കേരളത്തില്‍ നടപ്പാക്കാനിരിക്കുന്ന നിരവധി പദ്ധതികള്‍ക്കും ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ അനുമതികള്‍ വൈകിപ്പിച്ചേക്കാമെന്നും നിരീക്ഷണമുണ്ട്.

Eng­lish Sum­ma­ry: Modi gov­ern­ment to block wel­fare schemes of non-BJP state governments
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.