8 May 2024, Wednesday

Related news

January 28, 2024
January 10, 2024
December 6, 2023
November 28, 2023
November 11, 2023
October 4, 2023
September 19, 2023
September 17, 2023
September 13, 2023
September 5, 2023

സർക്കാരുമായി ഔദ്യോഗികമായി കെ റെയിലിൽ ചർച്ച നടത്തിയിട്ടില്ലെന്ന് മെട്രോമാൻ ഇ ശ്രീധരൻ

Janayugom Webdesk
July 14, 2023 10:57 pm

1. ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ ജാഗ്രത തുടരണമെന്ന് ആരോഗ്യവകുപ്പ്. ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിൽ ആഴ്ചയിലൊരിക്കൽ കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ നടത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ഡെങ്കിപ്പനി വ്യാപനം ഒഴിവാക്കുന്നതിന് വരുന്ന ആഴ്ചകളിലും ഡ്രൈ ഡേ പ്രവർത്തനങ്ങൾ ശക്തമായി തുടരണം. വരുന്ന ആഴ്ചകളിലും വെള്ളി, ശനി, ഞായർ ദിവസങ്ങൾ തോറും ഡ്രൈ ഡേ ആചരിക്കണമെന്നും മന്ത്രി പറഞ്ഞു. 

2. ഉപഭോക്താക്കളിൽ നിന്ന് അധികം തുക ഈടാക്കാനൊരുങ്ങുന്നു എന്ന തലക്കെട്ടിൽ ചില ദിനപ്പത്രങ്ങൾ പ്രസിദ്ധീകരിച്ച വാർത്തകൾ വസ്തുതകൾക്ക് നിരക്കുന്നതല്ലെന്ന് കെഎസ്ഇബി. രാജ്യത്ത് നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും പ്രകാരം ഉപഭോക്താക്കൾ അടയ്ക്കേണ്ടുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റ് മാത്രമേ കെഎസ്ഇബി ഈടാക്കുന്നുള്ളൂ. മറിച്ചുള്ള വാർത്തകൾ തികച്ചും അടിസ്ഥാന രഹിതമാണെന്ന് കെഎസ്ഇബി വ്യക്തമാക്കി. 

3. ഒൻപത് ജില്ലകളിലെ പതിനേഴ് തദ്ദേശ വാർഡുകളിൽ ഓഗസ്റ്റ് 10 ന് ഉപതെരഞ്ഞെടുപ്പ് നടക്കും. വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. നാമനിർദേശ പത്രിക ജൂലൈ 22 വരെ സമർപ്പിക്കാം. സൂക്ഷ്മപരിശോധന 24 ന് വിവിധ കേന്ദ്രങ്ങളിൽ വച്ച് നടത്തും. പത്രിക 26 വരെ പിൻവലിക്കാം. വോട്ടെണ്ണൽ ഓഗസ്റ്റ് 11 ന് രാവിലെ 10 മണിക്ക് നടത്തും. മാതൃകാ പെരുമാറ്റച്ചട്ടം ഇന്ന്മുതല്‍ പ്രാബല്യത്തില്‍ വന്നു. ഉപതെരഞ്ഞെടുപ്പുള്ള ഗ്രാമപഞ്ചായത്തുകളിൽ മുഴുവൻ വാർഡുകളിലും പെരുമാറ്റച്ചട്ടം ബാധകമായിരിക്കും. 

4. വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ അറസ്റ്റിലായ നിഖിൽ തോമസിന് ഹൈക്കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണവുമായി സഹകരിക്കണം, തെളിവ് നശിപ്പിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. ജയിലിൽ കഴിയുന്ന തനിക്ക് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് നിഖിൽ നൽകിയ ഹർജിയിൽ ജസ്റ്റിസ് സിയാദ് റഹ്മാനാണ് ജാമ്യം നൽകിയത്. 

5. സർക്കാരുമായി ഔദ്യോഗികമായി കെ റെയിലിൽ ചർച്ച നടത്തിയിട്ടില്ലെന്ന് മെട്രോമാൻ ഇ ശ്രീധരൻ. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്ന കാലത്ത് ഹൈ സ്പീഡ് റെയിൽവേ ചർച്ച നടത്തിയിരുന്നു. ഹൈസ്പീഡ് /സെമി ഹൈസ്പീഡ് റെയിലാണ് അഭികാമ്യമെന്നും ഇ ശ്രീധരൻ കൊച്ചിയിൽ പറഞ്ഞു. കെറെയിലുമായി ബന്ധപ്പെട്ട് നൽകിയ നിർദ്ദേശങ്ങളിൽ സർക്കാരിൽ നിന്നും മറുപടി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

6. ചന്ദ്രയാൻ 3 ശ്രീക്കോട്ടയില്‍ നിന്നും കുതിച്ചുയര്‍ന്നു. ഇന്ന് ഉച്ചയ്ക്ക് 2.35ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണതറയിൽ നിന്ന് വിക്ഷേപണ വാഹനമായ എൽവിഎം 3 റോക്കറ്റിലാണ് ചന്ദ്രയാൻ മൂന്ന് പേടകം വിജയകരമായി വിക്ഷേപിച്ചത്. ഇതോടെ ഐഎസ്ആർഒയുടെ 40 ദിവസം നീണ്ടുനിൽക്കുന്ന മൂന്നാം ചാന്ദ്രദൗത്യത്തിന് തുടക്കമായി. 

7. മുഖ്യമന്ത്രി ഷിൻഡെ ഉൾപ്പെടെ 16 ശിവസേന എംഎൽഎമാർക്കെതിരായ അയോഗ്യത ഹർജിയില്‍ മഹാരാഷ്ട്ര നിയമസഭാ സ്പീക്കറിന് സുപ്രീം കോടതി നോട്ടീസ്. ശിവസേനാ വിമത എംഎല്‍എമാര്‍ക്കെതിരെ അയോഗ്യരാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് സ്പീക്കര്‍ രാഹുല്‍ സര്‍വേക്കറിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. അയോഗ്യത ഹര്‍ജികൾ വേഗത്തിൽ തീർപ്പാക്കാൻ നിർദേശിക്കണമെന്ന ശിവസേന ചീഫ് വിപ്പ് സുനിൽ പ്രഭുവിന്റെ ഹർജിയിൽ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചിന്റേതാണ് നടപടി. വിഷയത്തില്‍ രണ്ടാഴ്ചക്കകം പ്രതികരണം അറിയിക്കണമെന്ന് ബെഞ്ച് പറഞ്ഞു.

8. മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ ഒരു ചീറ്റ കൂടി ചത്തു. സൂരജ് എന്ന ചീറ്റയാണ് ചത്തത്. മരണകാരണം വ്യക്തമല്ല. ദക്ഷിണാഫ്രിക്കയിലെ നമീബിയയില്‍ നിന്നായിരുന്നു ചീറ്റയെ എത്തിച്ചത്. ഇതോടെ, മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ പാര്‍പ്പിച്ച ഏഴ് ചീറ്റകള്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായത്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ കുനോ ദേശീയോദ്യാനത്തില്‍ എട്ട് ചീറ്റകളാണ് ചത്തത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കുനോ ദേശീയോദ്യാനത്തിലെ തേജസ് എന്ന ആണ്‍ ചീറ്റ ചത്തത്. മോദി പ്രത്യേക താല്‍പര്യമെടുത്ത് ദക്ഷിണാഫ്രിക്കയില്‍ നിന്ന് കൊണ്ടുവന്ന ചീറ്റകളില്‍ ഒന്നായിരുന്നു ഇത്. 

9. അരുണാചൽ പ്രദേശിനെ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി അംഗീകരിക്കുന്ന പ്രമേയം പാസാക്കി യുഎസ് സെനറ്റ് കമ്മിറ്റി. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ യുഎസ് സന്ദർശനം കഴിഞ്ഞ് ഒരു മാസത്തിന് പിന്നാലെയാണ് സംഭവവികാസം. ഒറിഗോൺ സെനറ്റർ ജെഫ് മെർക് ലി, ടെന്നസി സെനറ്റർ ബിൽ ഹാഗെർട്ടി, ടെക്‌സാസ് സെനറ്റർ ജോൺ കോർണിൻ എന്നിവരാണ് പ്രമേയം അവതരിപ്പിച്ചത്. സെനറ്റർമാരായ ടിം കെയ്‌നും ക്രിസ് വാൻഹോളനും പ്രമേയത്തെ പിന്തുണച്ചു. 

10. ഇന്ത്യൻ വിദ്യാർഥിക്ക് നേരെ ആസ്ട്രേലിയയിൽ ഖലിസ്താൻ അനുകൂലികളുടെ ആക്രമണം. ജോലിക്ക് പോകുന്നതിനിടെയാണ് 23 കാരനായ വിദ്യാർഥിക്ക് നേരെ ആക്രമണമുണ്ടായത്. ഖലിസ്താൻ സിന്ദാബാദ് എന്ന മുദ്രവാക്യം മുഴക്കിയെത്തിയ ഒരു സംഘമാളുകളാണ് വിദ്യാർഥിയെ ആക്രമിച്ചത്. കാറിൽ സഞ്ചരിക്കുമ്പോൾ ഒരു സംഘമാളുകൾ വാഹനം തടഞ്ഞു നിർത്തുകയും ഇരുമ്പ് കമ്പി കൊണ്ട് ആക്രമിക്കുകയും ചെയ്യുകയായിരുന്നുവെന്ന് വിദ്യാർഥി മൊഴി നൽകിയിട്ടുണ്ട്. എന്നാൽ, വിദ്യാർഥിയുടെ പേരോ മറ്റ് വിവരങ്ങളോ പുറത്ത് വന്നിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.