22 November 2024, Friday
KSFE Galaxy Chits Banner 2

കൽക്കരിക്ഷാമം സൃഷ്ടിച്ച് വൈദ്യുതി വില വർധിപ്പിക്കാൻ നീക്കം

Janayugom Webdesk
June 17, 2022 6:00 am

രാജ്യത്തെ സമസ്ത മേഖലയുടെ പ്രവർത്തനങ്ങൾക്കും ആധുനിക വികാസത്തിനും അനുപേക്ഷണീയമായ വൈദ്യുതിമേഖല കടുത്ത പ്രതിസന്ധിയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന്റെ (അസംസ്കൃത എണ്ണ) വിലവർധനയുടെ പേരു പറഞ്ഞ് പെട്രോളിന്റെയും ഡീസലിന്റെയും വില വർധിപ്പിച്ചുകൊണ്ടിരിക്കുന്നതുപോലെ വൈദ്യുതിക്കും ആ സ്ഥിതിവിശേഷം ഉണ്ടാകുമോയെന്ന ആശങ്കയിലാണ് രാജ്യത്തെ ജനങ്ങൾ. പെട്രോൾ, ഡീസൽ, മണ്ണെണ്ണ, പാചകവാതകം തുടങ്ങിയവ ഉല്പാദിപ്പിക്കുന്നതിന് ആവശ്യമായ അസംസ്കൃത എണ്ണയിൽ 80 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. ഇന്ധന ഉല്പാദന മേഖലയിലും വിപണനമേഖലയിലും വില നിർണയരംഗത്തും വൻകിട സമ്പന്നരുടെ അതിരുകടന്ന ആധിപത്യമാണ് ഇന്ധനവില വർധനവിന്റെ സൃഷ്ടിയെന്ന് മനസിലാക്കാൻ പാഴൂർപടിവരെ പോകേണ്ടതില്ല. ഇതേ പാതയിലൂടെയുള്ള യാത്രയ്ക്കാണ് വൈദ്യുതിമേഖല തുടക്കമിട്ടിരിക്കുന്നതെന്നാണ് വിലയിരുത്തൽ. ഇന്ത്യയിലെ വൈദ്യുതി നിലയങ്ങളുടെ മൊത്തം സ്ഥാപിതശേഷി നാലു ലക്ഷം മെഗാവാട്ടാണ്. ഇതിന്റെ 75 ശതമാനം മാത്രമേ ഉല്പാദനം നടക്കാറുള്ളു എന്നാണ് അടുത്തിടെ പുറത്തുവന്ന റിപ്പോർട്ടിൽ പറയുന്നത്. കൽക്കരി ഖനനമേഖലയും താപവൈദ്യുതി നിലയങ്ങളും പ്രകൃതിവാതക സംഭരണവും സ്വകാര്യസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലാണ്. സ്വകാര്യമേഖല നല്കുന്ന കൽക്കരിക്കും ഇറക്കുമതി ചെയ്യുന്ന കൽക്കരിക്കും അമിതവില ഈടാക്കുന്നതിനാൽ താപവൈദ്യുതി നിലയങ്ങൾ കൽക്കരി സംഭരണം കുറയ്ക്കാൻ തുടങ്ങി. ഈ നില തുടർന്നുപോകുന്നത് വൈദ്യുതി ക്ഷാമം രൂക്ഷമാകാൻ ഇടയാകും. ഇറക്കുമതി ചെയ്യുന്ന കൽക്കരിയുടെ നിലവിലെ വില ടണ്ണിന് 140 യുഎസ് ഡോളർ (10,775 രൂപ) ആണ്. താപവൈദ്യുതി നിലയങ്ങളിൽ ഉല്പാദനത്തിനാവശ്യമായ കൽക്കരി എത്രയെന്ന് അറിയാവുന്ന സർക്കാർ അതിനനുസരിച്ച് പൂർണശേഷിയിൽ ഖനനം നടത്തുന്നതിൽ കാട്ടിയ അനാസ്ഥയാണ് കടുത്ത ക്ഷാമം സൃഷ്ടിച്ചിരിക്കുന്നത്. ആഭ്യന്തര കൽക്കരി ഉപയോഗിക്കുന്ന എല്ലാ താപവൈദ്യുതി നിലയങ്ങളിലും കൽക്കരി ശേഖരം തീരെ കുറവാണ്. രാജ്യത്തെ കൽക്കരി ഖനനമേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയുടെ ശേഷിക്കനുസരിച്ച് എന്തുകൊണ്ട് ഉല്പാദനം നടക്കുന്നില്ലായെന്നു ചോദിച്ചാൽ കൃത്രിമക്ഷാമം സൃഷ്ടിച്ച് അമിതലാഭം കയ്യടക്കാൻ അവസരം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നാണ് ഉത്തരം. ആശങ്കപരത്തുന്ന മറ്റൊരു കാര്യം കൽക്കരിക്ഷാമത്തിന്റെ പേരു പറഞ്ഞ് വിദേശത്തുനിന്നും ഇറക്കുമതി ചെയ്യുന്ന കൽക്കരിയുടെ അമിതവിലയുടെ പേരിൽ വൈദ്യുതിവില വർധിപ്പിക്കാനുമാകും. നമുക്ക് ആവശ്യമുള്ള വൈദ്യുതി ഉല്പാദിപ്പിക്കുന്ന താപവൈദ്യുതി നിലയങ്ങളുടെ സ്ഥാപിതശേഷി പൂർണമായി വിനിയോഗിക്കുന്നതിന് ആവശ്യമായ കൽക്കരി ശേഖരം ഇന്ത്യയിലുണ്ടെന്നാണ് റിപ്പോർട്ട്. കൽക്കരി ഖനനം, വിതരണം, കയറ്റുമതി എന്നിവയെല്ലാം നിയന്ത്രിക്കുന്ന കോൾ ഇന്ത്യ ലിമിറ്റഡ് എന്ന പൊതുമേഖലാ സ്ഥാപനത്തെ നിർജ്ജീവമാക്കിയതിലുള്ള ദുരന്തമാണ് രാജ്യം നേരിട്ടുകൊണ്ടിരിക്കുന്നത്. ലോകത്തിൽ ഏറ്റവും കൂടുതൽ കൽക്കരി ഉല്പാദിപ്പിക്കുന്നത് കോൾ ഇന്ത്യ ലിമിറ്റഡായിരുന്നു.


ഇതുകൂടി വായിക്കാം; പണപ്പെരുപ്പവും വിലക്കയറ്റവും


ഇന്ത്യയുടെ കൽക്കരി തലസ്ഥാനം എന്നറിയപ്പെടുന്ന ധന്‍ബാദ് ഉള്‍പ്പെടുന്ന ഝാര്‍ഖണ്ഡ്, ബംഗാൾ മുതലായ സംസ്ഥാനങ്ങളാണ് കൽക്കരി ഉല്പാദിപ്പിക്കുന്നതിൽ മുന്നിൽ നിൽക്കുന്നത്. വൈദ്യുതി നിലയങ്ങൾക്ക് ആവശ്യമായ കൽക്കരി ഇറക്കുമതിയിലൂടെ സംഭരിക്കണമെന്നും ആഭ്യന്തരമായി ഖനനം ചെയ്യുന്ന കൽക്കരി വിതരണം ചെയ്യുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തുമെന്നുമാണ് കേന്ദ്ര സർക്കാരിന്റെ നിർദേശം. ഈ സാഹചര്യത്തിൽ ഇറക്കുമതി നടപ്പായില്ലെങ്കിൽ ജൂലൈ മാസത്തോടെ കടുത്ത വൈദ്യുതി ക്ഷാമം അനുഭവിക്കേണ്ടിവരുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും വൈദ്യുതിക്ഷാമം രൂക്ഷമായിരുന്നു. കൽക്കരി പാടങ്ങൾ സ്വകാര്യ കമ്പനികൾക്ക് ഖനനത്തിന് നൽകിയത് ഡോ. മൻമോഹൻ സിങ് സർക്കാരിന്റെ കാലത്താണ്. ആദ്യം വന്നവർക്ക് ആദ്യം എന്ന ടു ജി സ്പെക്ട്രം മാതൃകയിൽ തുച്ഛമായ നിരക്കിലാണ് കൽക്കരി പാടങ്ങൾ ഖനനത്തിനായി നൽകിയത്. 73 കൽക്കരിപ്പാടം 143 സ്വകാര്യ കമ്പനികൾക്ക് കെെമാറി. 1973ൽ ഇന്ദിരാഗാന്ധി സർക്കാർ ദേശസാൽക്കരിച്ച കൽക്കരി ഖനന മേഖലയാണ് സ്വകാര്യ മേഖലയ്ക്ക് നല്‍കിയത്. പിന്നീട് അധികാരത്തിൽ വന്ന നരേന്ദ്രമോഡി സർക്കാരും ഒഡിഷ, ഝാർഖണ്ഡ്, ഛത്തീസ്ഗഢ്, മധ്യപ്രദേശ് എന്നിവിടങ്ങളിലായി 41 കൽക്കരിപ്പാടം ഖനനം ചെയ്യാൻ അഡാനി — ജിൻഡാൽ ഗ്രൂപ്പിനും വിട്ടുകൊടുത്തു. രാജ്യത്തെ കൽക്കരി ഖനന സ്ഥാപനങ്ങളുടെ ഉല്പാദനശേഷി പരമാവധി വിനിയോഗിക്കുന്നതിനു നല്കുന്ന പ്രാധാന്യത്തെക്കാൾ അമിത പ്രാധാന്യം കൽക്കരി ഇറക്കുമതി ചെയ്യുന്നതിനാണ്. ഈ നിലപാട് തുടർന്നുപോകുന്നത് രാജ്യത്ത് കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് ഇടയാക്കും. നാഫ്ത അടിസ്ഥാനമാക്കിയുള്ള ഉല്പാദനവും കുറഞ്ഞിരിക്കുകയാണ്. ഫലത്തിൽ വൈദ്യുതി ഉല്പാദനത്തിൽ 70 ശതമാനവും കൽക്കരി ഉപയോഗിച്ചാണ്. വൈദ്യുതി ഉല്പാദിപ്പിക്കാനും ജൈവ ഇന്ധനങ്ങളുടെ ആശ്രയം കുറയ്ക്കാനുമെന്നു പറഞ്ഞ് 2008ൽ അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളുമായി ഉണ്ടാക്കിയ ആണവ കരാര്‍പ്രകാരം ഇവിടെ സ്ഥാപിച്ച ആണവനിലയങ്ങളുടെ മൊത്തം സ്ഥാപിതശേഷി 6,780 മെഗാവാട്ടാണ്. ഇതിന്റെ 1.7 ശതമാനം മാത്രമാണ് ഇപ്പോൾ ഉല്പാദിപ്പിക്കുന്നത്. ഇതിൽ പകുതിയും റഷ്യയുടെ സഹകരണത്തോടെ നടക്കുന്ന തമിഴ്‌നാട്ടിലെ കൂടംകുളം നിലയത്തിൽ നിന്നാണ്. കരാർ ഒപ്പിട്ടു 13 വർഷം കഴിഞ്ഞിട്ടും പുതിയ ആണവ നിലയം സജ്ജമായിട്ടില്ല. ഫ്രാൻസ്, ജപ്പാൻ സഹകരണകരാറും യാഥാർത്ഥ്യമായില്ലെന്നാണ് ഗവേഷണ റിപ്പോർട്ടിൽ പറയുന്നത്. കരാർ ഒപ്പിടുമ്പോൾ പറഞ്ഞിരുന്നത് 2020ൽ പുതുതായി 20,000 മെഗാവാട്ട് ശേഷിയുള്ള ആണവ നിലയങ്ങൾ സ്ഥാപിച്ച് പ്രവർത്തനം ആരംഭിക്കുമെന്നാണ്. ആണവ വൈദ്യുതി സുരക്ഷിതവും ചെലവ് കുറഞ്ഞതുമാണോ, വിദേശ കമ്പനികളെ എന്നും ഇന്ധനത്തിനും സ്പെയർ പാർട്സുകൾക്കും മറ്റും ആശ്രയിക്കേണ്ടിവരുന്ന നിലയങ്ങൾ ഇന്ത്യയുടെ സാമ്പത്തിക‑രാഷ്ട്രീയ പരമാധികാരത്തിന് ഭീഷണിയാകുമോ എന്ന ആശങ്കപരത്തുന്ന അന്തരീക്ഷത്തിലാണ് കരാർ ഒപ്പിടുന്നത്. ആഭ്യന്തര കൽക്കരി ഉല്പാദനം വർധിപ്പിച്ചും ഖനനമേഖല വികസിപ്പിച്ചും കൽക്കരിക്ഷാമം പരിഹരിക്കാൻ കഴിയാതെ വന്നാൽ രാജ്യത്ത് താപ വൈദ്യുതി നിലയങ്ങളുടെ പ്രവർത്തനങ്ങൾക്ക് ഇറക്കുമതി കൽക്കരിയെ ആശ്രയിക്കേണ്ടിവരും.


ഇതുകൂടി വായിക്കാം; കൽക്കരി ക്ഷാമം കേന്ദ്ര സർക്കാർ സൃഷ്ടി


ഇറക്കുമതി ചെയ്യുന്ന കൽക്കരിയുടെ വില വർധിക്കുന്നതിനനുസരിച്ചും വൈദ്യുതിയുടെ വിലയും അടിക്കടി വർധിപ്പിക്കേണ്ടിവരും. പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയുടെ വിലവർധനയുടെ ഭാരമേറ്റ് തകർന്നിരിക്കുന്ന ജനജീവിതം വൈദ്യുതിയുടെ വിലവർധനവ് കൂടി താങ്ങേണ്ടിവന്നാലുള്ള സ്ഥിതി വിശദീകരിക്കേണ്ടതില്ല. കാർഷിക — വ്യവസായ രംഗം ഉൾപ്പെടെ സമസ്ത മേഖലകളെയും ഇത് പ്രതികൂലമായി ബാധിക്കും. ചെറുകിട ഇടത്തര വ്യവസായ സ്ഥാപനങ്ങളുടെ സ്ഥിതിയാണ് കൂടുതൽ പ്രതിസന്ധിയിലാവുക. രാജ്യത്ത് നിന്നും കയറ്റുമതി ചെയ്യുന്ന ഉല്പന്നങ്ങളിൽ 40 ശതമാനവും ചെറുകിട‑ഇടത്തരം വ്യവസായ സ്ഥാപനങ്ങളുടേതാണ്. അഞ്ചു കോടിയോളം വരുന്ന ഈ സ്ഥാപനങ്ങള്‍ 20 കോടിയോളം വരുന്ന ജനങ്ങളുടെ ജീവനോപാധിയാണ്. നോട്ടു നിരോധനംമൂലം പ്രതിസന്ധിയിലകപ്പെട്ട് അടച്ചുപൂട്ടേണ്ടിവന്ന ചെറുകിട‑ഇടത്തരം വ്യവസായ സ്ഥാപനങ്ങൾ പ്രവര്‍ത്തന രംഗത്തുവരാൻ തുടങ്ങിയിട്ടേയുള്ളു. കയറ്റുമതിയിലുണ്ടായ വലിയ കുറവും വിലക്കയറ്റവും അതുമൂലമുണ്ടായ രൂപയുടെ വിലയിടിവിനും കാരണമായത് ചെറുകിട വ്യവസായ സ്ഥാപനങ്ങളുടെ സാന്നിധ്യം ഇല്ലാതെ പോയതാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. രാജ്യത്തിന്റെ അമൂല്യ സമ്പത്തായ പ്രകൃതിവാതകം സ്വകാര്യമേഖലയ്ക്ക് അമിതലാഭം നേടാൻ വിട്ടുകൊടുത്തതും മൻമോഹൻ സിങ് സർക്കാരാണ്. കൃഷ്ണ‑ഗോദാവരി തടത്തിൽ നിന്നുള്ള പ്രകൃതി വാതകം ഉയർന്ന വിലയ്ക്ക് യഥേഷ്ടം വിൽക്കാനുള്ള അനുമതി മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസിന് നൽകി. വില നിശ്ചയിക്കാനായി പ്രണാബ് മുഖർജിയുടെ നേതൃത്വത്തിൽ അന്ന് രൂപീകരിച്ചിരുന്ന മന്ത്രിതല ഉപസമിതി പ്രകൃതിവാതകത്തിന് അന്നത്തെ കൂടിയ വില ഈടാക്കാൻ അനുവദിക്കുകയായിരുന്നു. പാചകവാതക പ്ലാന്റുകൾക്കും വൈദ്യുതി നിലയങ്ങൾക്കും രാസവസ്തു നിർമ്മാണ ശാലകൾക്കും കേന്ദ്ര സർക്കാർ നിശ്ചയിച്ച വിലയ്ക്ക് പ്രകൃതിവാതകം നൽകണമെന്ന തീരുമാനം വകവയ്ക്കാതെ അമിതവില ഈടാക്കുകയാണ് റിലയൻസ്. അന്താരാഷ്ട്ര വിപണിയുമായി താരതമ്യപ്പെടുത്തിയാണ് വില നിശ്ചയിച്ചതെന്നാണ് വാദം. രാജ്യത്തിന്റെ പൊതുസമ്പത്തായ പ്രകൃതിവാതകം പൊതുമേഖലാ സ്ഥാപനത്തിന് നല്കുന്നതിന് അന്താരാഷ്ട്ര വില ഇടാക്കാനുള്ള അനുമതി നല്കിയതിലൂടെ റിലയൻസിന് കൊള്ളലാഭം കൊയ്യാൻ വഴിയൊരുക്കുകയായിരുന്നു. രാജ്യത്തെ പ്രകൃതിവാതക സംഭരണമേഖല പൂർണമായും സ്വകാര്യമേഖലയുടെ നിയന്ത്രണത്തിലാണ്. പാചകവാതകത്തിന്റെയും വൈദ്യുതിയുടെയും വില വർധനവിനും കാർഷിക മേഖലയിലെ പ്രതിസന്ധിക്കും ഇത് കാരണമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.