28 April 2024, Sunday

മറഞ്ഞ സന്ധ്യകൾ പുനർജ്ജനിക്കുമോ

ഷര്‍മിള സി നായര്‍
July 9, 2023 9:37 am

ഔദ്യോഗിക യാത്രയ്ക്കിടയിൽ വീണു കിട്ടിയി ഒരു സായാഹ്നം. ബീച്ചോ സിനിമയോ എന്ന ചോദ്യത്തിന് ബീച്ചെന്ന ഉത്തരം എന്റേതായിരുന്നു. “നമുക്ക് കുറച്ച് ദൂരം വെറുതേ നടക്കാം. അപ്പുറത്തൊരമ്പലമുണ്ട്. അവിടെയും കയറാം. ഈ കടൽത്തീരത്തെ ഓരോ മണൽത്തരിയ്ക്കും എന്നെ അറിയാം.”
‘ഞാൻ വന്നൂ. എല്ലാവരോടും പോയി പറ’യെന്ന് കിളികളോട് വിളിച്ചു കൂവുന്ന എംടിയുടെ കിറുക്കത്തി, അമ്മിണിയെയാണ് അന്നേരം എനിക്ക് ഓർമ്മ വന്നത്. നടന്നു നടന്ന് ഞങ്ങൾ അംഗപരിമിതനായ ആ ഗായകന് മുന്നിലെത്തി. ഒരമച്വർ ഗായകന്റെ പരിമിതികൾക്കപ്പുറം ശ്രുതിശുദ്ധമായി, വരികളുടെ ഭാവം ഉൾക്കൊണ്ട് അയാൾ പാടുകയാണ്. ‘അക്ഷരങ്ങൾ’ എന്ന സിനിമയിൽ ഉണ്ണിമേനോൻ അനശ്വരമാക്കിയ ഗാനം. മുന്നിലെ പാത്രത്തിൽ ഒന്നോ രണ്ടോ നാണയത്തുട്ടുകൾ മാത്രം.
തൊഴുതുമടങ്ങും സന്ധ്യയുമേതോ
വീഥിയിൽ മറയുന്നു…
ഈറൻമുടിയിൽ നിന്നിറ്റിറ്റു വീഴും
നീർമണി തീർത്ഥമായ്
കറുകപ്പൂവിനു തീർത്ഥമായി…
തൃഷ്ണ ‘മുതൽ ‘മിഥ്യ’ വരെ മികച്ച സിനിമകൾ മലയാളത്തിന് സമ്മാനിച്ച എംടി — ഐ വി ശശി കൂട്ടുകെട്ടിൽ പിറന്ന മറ്റൊരു ക്ലാസിക് ചിത്രം, ‘അക്ഷരങ്ങൾ.’ മലയാളത്തിൽ ഇതിലും ഭംഗിയായി മറ്റൊരു ചിത്രത്തിൽ ഫ്ലാഷ് ബാക്ക് ഉപയോഗപ്പെടുത്തിയിട്ടുണ്ടാവില്ല. ഹൃദയാഘാതം വന്ന് ആശുപത്രിയിലായ പ്രശസ്ത സാഹിത്യകാരൻ ജയദേന്റെ വളർച്ചയും തളർച്ചയും വ്യക്തി ജീവിതവും വരച്ചുകാട്ടുന്ന, മമ്മൂട്ടിയും ഭരത് ഗോപിയും സീമയും മത്സരിച്ചഭിനയിച്ച ചിത്രം. എങ്കിലും ഇത് ഒരു എം ടി — സീമ ചിത്രമായി കാണാനാണ് എനിക്കിഷ്ടം. ഗീതയെന്ന നാടക നടിയില്ലായിരുന്നുവെങ്കിൽ ജയദേവനെന്ന പ്രശസ്ത സാഹിത്യകാരനില്ല. 

“നിന്നെയും എനിക്ക് വിടാൻ തോന്നുന്നില്ല” എന്ന ജയദേവന്റെ നിസഹായതയ്ക്കു മുന്നിൽ മനസ്സിന്റെ ആഴങ്ങളിലൊളുപ്പിച്ച പ്രണയം പുറത്തു കാണിക്കാതെ, കണ്ണുകളിൽ ഒരു ദുഃഖ സാഗരമൊളുപ്പിച്ച്, പുഞ്ചിരിയോടെ നടന്നുനീങ്ങുന്ന ഗീത. ‘ഭാരതി ഒരു വേദനയാണെങ്കിൽ മിസ്. ഡിസൂസ ഒരാനന്ദ’മാണെന്ന് പറയുന്ന ‘ബന്ധന’മെന്ന ചെറുകഥയിലെ നായകൻ. കാമുകിയ്ക്കും ഭാര്യയ്ക്കും ഇടയിൽ അയാളും ഇതേ നിസഹായത അനുഭവിക്കുന്നുണ്ട്. പുരുഷകേന്ദ്രീകൃതമാണ് എംടിയുടെ കഥകളെന്നു പറയുമ്പോഴും, ജയദേവനും ബന്ധനത്തിലെ പുരുഷനുമൊക്കെ സ്ത്രീയുടെ തീവ്രപ്രണയത്തിനു മുന്നിൽ അടി പതറുന്നവരാണ്.
രണ്ടാം ഘട്ടത്തിൽ, തകർന്ന ദാമ്പത്യത്തിനൊടുവിൽ മദ്യത്തിനടിമയായി തന്റെ അടുത്തെത്തുന്ന ജയദേവനെ അവാർഡുകൾ വാരിക്കൂട്ടുന്ന അനശ്വര പ്രതിഭയാക്കി രൂപപ്പെടുത്തുന്നു ഗീത. സിനിമയെന്ന ദൃശ്യകലയ്ക്ക് വൈകാരികതയുടെ ശക്തി പകർന്നു നൽകിയ എം ടി യുടെ തൂലികയിൽ വിരിഞ്ഞ ശക്തയായ സ്ത്രീ കഥാപാത്രം.
ഒരിയ്ക്കലും സ്വന്തമാവില്ലെന്നറിഞ്ഞുകൊണ്ട് ഒരാൾക്കൊപ്പം നിൽക്കുക. വീഴ്ചകളിൽ കൈത്താങ്ങായി, അയാളുടെ ഉയർച്ചയ്ക്കായി തന്റെ ജീവിതം മാറ്റിവയ്ക്കുന്ന ഗീത (സീമ) പ്രണയത്തിന്റെ, സ്നേഹത്തിന്റെ, സൗഹൃദത്തിന്റെ ഉദാത്ത ഭാവമാണ്. എങ്ങനെ ഒരാൾക്കതിനാവുമെന്ന് അക്കാലത്ത് അത്ഭുതപ്പെട്ടിട്ടുണ്ട്. പിന്നെ, അഭ്രപാളികളിൽ മാത്രം സംഭവിക്കാവുന്നതെന്ന് എഴുതിത്തള്ളി. കാലം മാറിയപ്പോൾ, അതിലേറെ ഞാനും എന്റെ ചിന്തകളും മാറിയപ്പോൾ എപ്പോഴൊക്കെയോ തൊട്ടറിഞ്ഞിട്ടുണ്ട്, ‘ആൾക്കൂട്ടത്തിൽ തനിയെ’ തലയുയർത്തി നിൽക്കുന്ന ഗീതയെ. ജയദേവൻ (മമ്മൂട്ടി) തന്റെ കവിത ആലപിക്കുന്നതും നിറഞ്ഞ മിഴികളോടെ ഗീത അത് കേട്ടു നിൽക്കുന്നതുമാണ് പശ്ചാത്തലത്തിൽ. വള്ളുവനാടൻ ചാരുത ഒപ്പിയെടുത്ത കവിയുടെ വരികളിൽ ലയിച്ചു ചേരുന്ന ഈണവും ആലാപനവും. അറിയാതെ മിഴികളിലൊരു ഒരു നീർമണി വന്നു തുളുമ്പുന്നില്ലേ?
പഴയകോവിലിൻ‍ സോപാനത്തിൽ
പതിഞ്ഞൊരീണം കേൾക്കുന്നു
അതിലൊരു കല്ലോലിനി ഒഴുകുന്നു
കടമ്പു പൂക്കുന്നു
അനന്തമായ് കാത്തുനിൽക്കും
ഏതോ മിഴികൾ തുളുമ്പുന്നു…

തുളുമ്പുന്ന മിഴികളോടെ അനന്തമായി കാത്തിരിക്കുന്ന, എംടി യുടെ ‘മഞ്ഞിലെ’ വിമലയെ അനുസ്മരിപ്പിക്കുന്ന വരികൾ. ഒഎൻവിയുടെ മനോഹരമായ രചന. ശ്യാമിന്റെ സംഗീതം. പാടിയതൊക്കെ ഹിറ്റാക്കിയ ഉണ്ണി മേനോന്റെ ഭാവസാന്ദ്രമായ ആലാപനം. എംടി — ഹരിഹരൻ ചലച്ചിത്രങ്ങളിലെ ഒഴിച്ചു കൂടാനാവാത്ത ഘടകമായിരുന്ന ഒഎൻവി-ബോംബെ രവി കൂട്ടുകെട്ടിൽ പിറന്ന ഗാനങ്ങൾ പോലെ കാലാതീതമായി മാറിയ മറ്റൊരു ഗാനം.
“ഗീതയും ജയദേവനും തമ്മിലുള്ള ബന്ധത്തിന്റെ ഇഴയടുപ്പം മനസ്സിലാവാതിരുന്ന കാലഘട്ടത്തിലും ഗീത എത്രയോ തവണ എന്റെ കണ്ണു നനയിച്ചിരിക്കുന്നു” എന്നു പറഞ്ഞവൾ പേഴ്സിൽ നിന്നും ഒരഞ്ഞൂറ് രൂപാ നോട്ടെടുത്ത് അയാൾക്കു മുന്നിലെ കളക്ഷൻ പ്ലേറ്റിലേക്കിട്ടു. ഞാനവളുടെ ഭാവഭേദങ്ങൾ ശ്രദ്ധിക്കുകയായിരുന്നു. ഏറെനാൾ ഒരു നോവായി കൊണ്ടു നടന്ന ‘അക്ഷരങ്ങളിലെ’ ചില രംഗങ്ങൾ മനസിലൂടെ മിന്നിമാഞ്ഞു.
ജയദേവന്റെ ചേതനയറ്റ ശരീരത്തിനു മുന്നിൽ, ഒരിയ്ക്കലും അയാളെ മനസിലാക്കിയിട്ടില്ലാത്ത,
അത്രനാളും അയാളിൽനിന്നകന്നു ജീവിച്ച ഭാര്യ ഭാരതി (സുഹാസിനി) ഇരിപ്പുണ്ട്. എന്റെ കണ്ണുകൾ തിരഞ്ഞത് ഗീതയെ ആയിരുന്നു. ഒന്നിനുമല്ലാതെ അയാൾക്കായി ജീവിതം മാറ്റിവച്ചവൾക്ക് സമൂഹം കൽപ്പിച്ചു നൽകിയ അധികാരമുദ്രയില്ലല്ലോയെന്ന് മനസിലാക്കാനുള്ള പക്വതയില്ലായിരുന്നല്ലോ അക്കാലത്ത്. മൃതദേഹം എടുത്തശേഷം, ആളൊഴിഞ്ഞ ഹാളിൽ, ആ കാല്പാടുകളിൽ നമസ്ക്കരിച്ച്, വീണു കിടന്ന ഒരു റോസാദളം നെഞ്ചോട് ചേർത്ത് ഗീത നടന്നുനീങ്ങുമ്പോൾ എവിടെ നിന്നോ ജയദേവൻ പാടുന്നതുപോലെ,
താമരപൂക്കുന്നു…
ദലങ്ങളിൽ… ഏതോ നൊമ്പര
തുഷാരകണികകൾ ഉലയുന്നു
തൊഴുതു മടങ്ങും സന്ധ്യയുമേതോ
വീഥിയിൽ മറയുന്നു…
ബന്ധങ്ങളുടെ അതീന്ദ്രിയതലങ്ങൾ ഇങ്ങനെവരച്ചിടാൻ എംടിക്കല്ലാതെ മറ്റാർക്കാണ് സാധിക്കുക! കണ്ണു നിറയാതെ കാണാനാവാത്ത രംഗം.
അയാൾ പാട്ടു നിർത്തി ഭാര്യയുടെ കൈപിടിച്ച് മടങ്ങാൻ തുടങ്ങിയപ്പോൾ ഞങ്ങൾ ബീച്ചിലെ വളരെപഴയ ആ റസ്റ്റോറന്റിലേക്ക് നടന്നു. “വർഷങ്ങളേ ഒന്ന് മാറി നിൽക്കൂ. ഓർമ്മകളുടെ അസ്ഥിമാടം ഒന്നു കണ്ടുകൊള്ളട്ടെ…” എന്നവളുടെ കണ്ണുകൾ യാചിക്കുന്നത് പോലെ എനിക്ക് തോന്നി.
“ഞാൻ പറഞ്ഞുവല്ലോ ഈ ബീച്ചിലെ ഓരോ മണൽത്തരിയ്ക്കും എന്നെ അറിയാം. അവനെ അറിയാം. ഞങ്ങളുടെ കൂട്ടറിയാം. സിനിമാപാട്ടിന്റെ പിൻബലത്തിലൂടെ മാത്രം വിടർന്നൊരു സൗഹൃദം. എംടിയുടെ വിമല ടീച്ചറോട് സർദാർജി പറയുന്ന വാക്കുകൾ കടമെടുത്ത് ഞാൻ പറയുമായിരുന്നു.
“ഒരു ബന്ധവും സങ്കല്പിക്കാതെ വെറുതെ നിങ്ങളെ എനിക്ക് ഇഷ്ടമാണ്…” എന്നെപ്പോലെ അവനും ഒരു എംടി ഫാനായിരുന്നു. എംടി — ഐ വി ശശി കൂട്ടുകെട്ടിലെ സിനിമകളായിരുന്നു അവനിഷ്ടം. അവനെ ചൊടിപ്പിക്കാൻ, എനിക്ക് എംടി — ഹരിഹരൻ കൂട്ടുകെട്ടാണ് ഇഷ്ടമെന്ന് ഞാൻ പറയും. പ്രത്യേകിച്ചും പാട്ടുകൾ. ഒഎൻവി — ബോംബെ രവി കൂട്ടുകെട്ടിൽ പിറന്ന എത്രയെത്ര ഗാനങ്ങൾ. ‘അതെന്താ, ഒഎൻവി — ശ്യാം കൂട്ടുകെട്ടിൽ പിറന്ന, തൊഴുതു മടങ്ങും സന്ധ്യയോളം വരില്ല മറ്റൊന്നു‘മെന്ന് അവനും.
അന്നൊക്കെ ഒരുമിച്ചൊരു സിനിമ സ്വപ്നത്തിൽ മാത്രം. പക്ഷേ 84 ൽ റിലീസായ ‘അക്ഷരങ്ങൾ’ ഞങ്ങൾ രണ്ടാം പ്രാവശ്യം ഒരുമിച്ചു കണ്ടു. 89 ൽ ഒരു ഫ്രണ്ടിന്റെ കല്യാണത്തിന്, ടൂറിസ്റ്റ് ബസിൽ മലപ്പുറത്തേക്ക് പോവുകയായിരുന്നു ഞങ്ങൾ. ഗാനരംഗമെത്തിയപ്പോൾ, മനസാൽ അവൻ ജയദേവനായി, ഞാൻ ഗീതയും. ഭാരതി (സുഹാസിനി) ആവാനായിരുന്നു ആഗ്രഹമെങ്കിലും, സിനിമ കണ്ടിരുന്നപ്പോൾ എനിക്ക് ഗീതയായാൽ മതിയെന്ന് തോന്നി. പിന്നീട് എത്രയോ സന്ധ്യകളിൽ “തൊഴുതു മടങ്ങും സന്ധ്യയുമേതോ വീഥികളിൽ…” അവനിവിടിരുന്ന് പാടിയിട്ടുണ്ട്. 

1992 ഏപ്രിൽ 25. അന്നൊരു ശനിയാഴ്ചയായിരുന്നു. പതിവുപോലെ വൈകുന്നേരം ബീച്ചിനടുത്തുള്ള അമ്പലത്തിൽ തൊഴാനായി വന്ന എന്നെ കാത്തിരുന്നത് ഒരു ദുഃഖ വാർത്തയായിരുന്നു. തീർത്ഥവും പ്രസാദവും തരുന്നതിനിടയിൽ ശാന്തി പറഞ്ഞു:
“കുട്ടി അറിഞ്ഞില്ലേ ആ പയ്യനൊരാക്സിഡന്റ് പറ്റി. അൽപം മുമ്പായിരുന്നു. മെഡിക്കൽ കോളജിൽ കൊണ്ടുപോയെന്നാ അറിഞ്ഞത്.”
ശബ്ദം പുറത്ത് വരാതെ നിന്ന ആ നിൽപ്പ് ഇന്നും മായാതുണ്ട് ഓർമ്മയിൽ. അന്നൊക്കെ ഒറ്റയ്ക്ക് ഒരിടത്തും പോവാനുള്ള അനുവാദമില്ല. ധൈര്യവും. സ്വപ്നത്തിൽ പോലും ആങ്ങളമാർ കാവൽ നിൽക്കുന്ന കാലം. രാത്രി എങ്ങനെയോ തള്ളിനീക്കി. ഓരോ ചെറു മയക്കവും ദുഃസ്വപ്നങ്ങളിലേക്ക് നീണ്ടു. ഞായറാഴ്ച രാവിലെ ഒരോട്ടോ പിടിച്ച് ഞാൻ മെഡിക്കൽ കോളജിലെത്തി. അവിടെ അവന്റെ കസിനും സോൾമേറ്റെന്ന് അവൻ പറയാറുള്ള സുഹൃത്തുമുണ്ടായിരുന്നു. അവനിലൂടെ അവർക്ക് ഞാൻ സുപരിചിതയായിരുന്നു.
“ചിന്നു വിഷമിക്കേണ്ട. ഒന്നൂല്യ. ഞങ്ങളവനെ നാട്ടിലേക്ക് കൊണ്ടുപോവാണ്. ഇവിടെ ചികിത്സ ശരിയാവില്യ.” പൊട്ടിയായ ഞാനത് വിശ്വസിച്ചു. കാണണമെന്ന് വാശി പിടിച്ച എന്നെ അവർ ഐസിയുവിൽ ഇപ്പോൾ ആരെയും കയറ്റില്ലാന്ന് പറഞ്ഞു തന്ത്രപൂർവ്വം പറഞ്ഞുവിട്ടു. അന്നത്തെ ഒരു ഇരുപതുകാരിയുടെ പരിമിതികൾ അറിയാല്ലോ. ഏപ്രിൽ 27 തിങ്കളാഴ്ച ഞാനുണരുമ്പോൾ അറിയുന്നത് അവന്റെ ജീവനില്ലാത്ത ശരീരമാണ് നാട്ടിലേക്ക് അവർ കൊണ്ടുപോയതെന്നായിരുന്നു. അലറി വിളിച്ചു കരഞ്ഞ എന്നെ അവന്റെ നാട്ടിൽ കൊണ്ടുപോവാതിരിക്കാൻ ആങ്ങളമാർക്കായില്ല. പക്ഷേ, ഞങ്ങളെത്തുമ്പോൾ മ‍ൃതദേഹം എടുത്തു കഴിഞ്ഞിരുന്നു. എനിക്കു വേണ്ടി കാക്കാൻ ഞാൻ അവന്റെ ആരാ?
ഞാൻ ആ മ‍ൃതദേഹം കിടത്തിയിരുന്ന സ്ഥലത്ത് അൽപനേരമിരുന്നു. എനിക്കായി ഒരു പൂവിതൾ അവിടെ വീണ് കിടപ്പുണ്ടായിരുന്നു. അഭ്രപാളികളിൽ ഞങ്ങളൊരുമിച്ചു കണ്ട രംഗം ഞാനൊറ്റയ്ക്ക് അനുഭവിച്ചു തീർക്കുകയായിരുന്നു. സാക്ഷിയായി അവന്റെ സോൾമേറ്റും. വർഷങ്ങൾക്ക് മുമ്പ് എംടി എനിക്കായി എഴുതിയതായിരുന്നോ അത്? ഇന്നും എംടിയുടെ ചിത്രങ്ങളിൽ എനിക്കേറ്റവും പ്രിയം ‘അക്ഷരങ്ങൾ” തന്നെയാണ്… കണ്ണുകൾ നിറയാതെ കേൾക്കാനാവില്ല ഈ പാട്ടും. ഗീതയ്ക്കില്ലാത്ത ഒരു മാറ്റം എന്റെ ജീവിതത്തിലുണ്ടായി. അവന്റെ ആ സോൾമേറ്റ് ഇന്നെന്റെ ഭർത്താവാണ്. എന്നേക്കാൾ അയാളെ സ്നേഹിക്കുന്നതിന് ഞാനവനോട് ഒത്തിരി വഴക്കുണ്ടാക്കിയിട്ടുണ്ട്. ഞങ്ങൾക്ക് രണ്ടാൾക്കും അവനിട്ടുപോയ ശൂന്യത നികത്താനാവുമായിരുന്നില്ല. കുറേ നാൾ പരസ്പരം ആശ്വസിപ്പിക്കുന്ന രണ്ടപരിചിതരായി. പിന്നെ, ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു. അവന് പ്രിയപ്പെട്ടതെല്ലാം എനിക്കും പ്രിയപ്പെട്ടതാണല്ലോ.… എങ്കിലും അവൻ പോയ ശേഷം എന്റെ സന്ധ്യകളുടെ നിറംമങ്ങിപ്പോയി. ‘തൊഴുതു മടങ്ങും സന്ധ്യയുമേതേ വീഥിയിൽ മറയുന്നു‘വെന്ന് പറഞ്ഞ കവി തന്നെയല്ലേ ഒരിയ്ക്കൽ, ‘മറഞ്ഞ സന്ധ്യകൾ പുനർജ്ജനിക്കുമോ’ ചോദിച്ചതും. നിറപ്പകിട്ടാർന്ന ആ പഴയ സന്ധ്യകൾ പുനർജ്ജനിക്കുമോ? അവളുടെ നിറമിഴികളിൽ പെയ്തൊഴിയുന്ന ഭൂതകാലം എവിടെയാണ് മുമ്പ് കണ്ടത്. അക്ഷരങ്ങളിലെ ഗീതയിലോ, മഞ്ഞിലെ വിമലയിലോ. എംടി പറഞ്ഞതുപോലെ ‘ജീവിതം ഒറ്റപ്പെട്ട ദുഃഖത്തിന്റെ ശബ്ദമില്ലാത്ത ഘോഷയാത്ര’യാണ്. 

അവൾക്കൊപ്പം, അവന്റെ ഓർമ്മകൾ നിറഞ്ഞു നിൽക്കുന്ന ആ അമ്പലനടയിൽ കൈ കൂപ്പി നിൽക്കുമ്പോൾ വീണ്ടും ഓർമ്മയിലോടിയെത്തിയതും എംടി യുടെ വരികൾ. ‘വളർത്തുമൃഗങ്ങൾ’ എന്ന സിനിമയ്ക്ക് ശേഷം ‘എവിടെയോ ഒരു ശത്രു’ എന്ന റിലീസ് ചെയ്യപ്പെടാത്ത സിനിമക്കായി എംടി എഴുതിയ ഗാനം.
പൊന്നില്ലാതെ പൂവില്ലാതെ
വന്നതിനു മാപ്പുതരൂ
തൃപ്പടിമേൽ വച്ചു തൊഴാൻ
കൈയ്യിൽ തൃത്താലില പോലുമില്ല
കരുതിയ പൊൻപണവും
ഒരു പിടി സ്വപ്നങ്ങളും
പെരുവഴിയിൽ ഊർന്നു പോയി
ഗസ്റ്റ് ഹൗസിലേക്ക് മടങ്ങുമ്പോൾ അവൾ ചോദിച്ചു,
“ഒരു പക്ഷേ സ്വന്തമാക്കാനാവാതെ പോയതിനാലാവും ജയദേവന്റേയും ഗീതയുടേയും ബന്ധത്തിനിത്ര സൗന്ദര്യം. ഞങ്ങളുടേതിനും. അല്ലേ?”
ആണെന്നോ അല്ലെന്നോ പറയാതെ യുട്യൂബിൽ നിന്നും, എംടി, കഥ, തിരക്കഥ, സംഭാഷണം നിർവ്വഹിച്ച ‘സുകൃത’ത്തിൽ മാലിനി(ഗൗതമി) പറയുന്ന ഡയലോഗവളെ കേൾപ്പിക്കാനായിരുന്നു എനിക്കപ്പോൾ തോന്നിയത്.
“പ്രേമം ഒരു അഡ്വഞ്ചർ മാത്രമായിരുന്നു എന്ന് പിന്നെ മനസിലായി. മലകയറ്റം പോലെ ഒരു അഡ്വഞ്ചർ. മുകളിലെത്തുന്നതുവരെയാണ് ത്രിൽ. മുകളിലെത്തി സംഘത്തിന്റെ പേര് ഒരു പാറയിലോ മറ്റോ വരച്ചിട്ടു കഴിഞ്ഞ് ചുറ്റും നോക്കിയാൽ ശൂന്യത. An exer­cise in futil­i­ty എന്ന് എഴുതിയവരൊക്കെ ഉള്ളിൽ സ്വകാര്യമായി പറയും.”

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.