27 April 2024, Saturday

‘എന്റെ തൊഴില്‍ എന്റെ അഭിമാനം’ കുടുംബശ്രീ സര്‍വേക്ക് വന്‍ സ്വീകാര്യത

Janayugom Webdesk
തിരുവനന്തപുരം
May 9, 2022 10:24 pm

നോളജ് ഇക്കണോമി മിഷനിലൂടെ 20 ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനായി സംഘടിപ്പിക്കുന്ന ‘എന്റെ തൊഴില്‍ എന്റെ അഭിമാനം’ പ്രചരണ പരിപാടിയുടെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആരംഭിച്ച സര്‍വേയ്ക്ക് തൊഴില്‍ അന്വേഷകരില്‍ നിന്നും മികച്ച സ്വീകരണം. ഒറ്റ ദിവസം കൊണ്ട് 5,91,693 തൊഴിലന്വേഷകരാണ് രജിസ്റ്റര്‍ ചെയ്തത്. 8,68,205 വീടുകള്‍ സന്ദര്‍ശിച്ചതില്‍ നിന്നാണ് ഇത്രയും പേരുടെ വിവരങ്ങള്‍ ലഭ്യമായത്. എട്ടിന് രാവിലെയാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ സര്‍വേ ഉദ്ഘാടനം ചെയ്തത്.

ഏറ്റവും കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തത് തൃശൂര്‍ ജില്ലയിലാണ്. 1,46,905 പേര്‍ അവിടെ രജിസ്റ്റര്‍ ചെയ്തു. 86,111 പേരുടെ വിവരശേഖരണം പൂര്‍ത്തിയാക്കി. കൊല്ലം ജില്ലയാണ് രണ്ടാമതുള്ളത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രമാണിച്ച് എറണാകുളം ജില്ലയില്‍ സര്‍വേ തുടങ്ങിയിട്ടില്ല. പദ്ധതി പ്രകാരം അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ അഭ്യസ്തവിദ്യരായ പത്തു ലക്ഷം തൊഴിലന്വേഷകരുടെ വിവരശേഖരമാണ് ലക്ഷ്യമിടുന്നത്.

കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രത്യേക പരിശീലനം നല്‍കിയ ഒരു ലക്ഷം എന്യൂമറേറ്റര്‍മാര്‍ വഴിയാണ് സംസ്ഥാനത്ത് വിവരണശേഖരണം പുരോഗമിക്കുന്നത്. കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിലെ എഡിഎസ് ഭാരവാഹികളില്‍ നിന്നും ഓക്‌സിലറി ഗ്രൂപ്പുകളില്‍ നിന്നും തെരഞ്ഞെടുത്ത വനിതകളാണിവര്‍. ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി രൂപകല്‍പന ചെയ്ത ‘ജാലകം’ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് ഗുണഭോക്താക്കളുടെ വിവരശേഖരണം നടത്തുന്നത്.

ക്യാമ്പയിന്റെ ഭാഗമായി കുടുംബശ്രീ എന്യൂമറേറ്റര്‍മാര്‍ ഓരോ വീടുകളിലും നേരിട്ടെത്തി പ്ലസ്ടുവോ അതിലധികമോ വിദ്യാഭ്യാസ യോഗ്യതയുള്ള തൊഴില്‍രഹിതരായ ഉദ്യോഗാര്‍ത്ഥികളുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്. നോളജ് ഇക്കണോമി മിഷന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് എന്യൂമറേറ്റര്‍മാര്‍ നല്‍കുന്ന ലഘുലേഖയിലെ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഗുണഭോക്താക്കള്‍ തങ്ങളുടെ വിവരങ്ങള്‍ ഓണ്‍ലൈന്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നതാണ് പ്രവര്‍ത്തനരീതി. ഇതിന് എന്യുമറേറ്റര്‍മാര്‍ സഹായിക്കും.

സര്‍വേയിലൂടെ കണ്ടെത്തിയ മുഴുവന്‍ ഗുണഭോക്താക്കളുടെയും വിവരങ്ങള്‍ ഈ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് രണ്ടായിരത്തിലേറെ കമ്മ്യൂണിറ്റി അംബാസഡര്‍മാര്‍ മുഖേന ഉറപ്പു വരുത്തും. അടുത്ത ഒരു വര്‍ഷത്തിനുളളില്‍ പത്തു ലക്ഷം അഭ്യസ്തവിദ്യരായ ഉദ്യോഗാര്‍ത്ഥികളെയെങ്കിലും ഈ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്യിക്കാനും ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നു. ഇതിന്റെ നേതൃത്വവും കമ്മ്യൂണിറ്റി അംബാസഡര്‍മാര്‍ക്കാണ്. സിഡിഎസ് തലത്തില്‍ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതലയും ഇവര്‍ക്കായിരിക്കും.

Eng­lish Sum­ma­ry: ‘My job is my pride’ Kudum­bas­ree Sur­vey Great acceptance

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.