21 December 2024, Saturday
KSFE Galaxy Chits Banner 2

നന്ദിത: പരാജയപ്പെട്ടവളുടെ അവസാന കവിത

ജയൻ മഠത്തിൽ
എഴുത്തിലെ പെൺവിലാപങ്ങൾ
October 26, 2023 6:27 pm

രോടും പറയാതെ നല്ലൊരു പ്രണയകാലം ആസ്വദിക്കുക. ആരോടും പറയാതെ ഒരു യാത്ര പോകുക. ആരോടും പറയേണ്ടതില്ല, കാരണം ഭംഗിയുള്ളതെല്ലാം മനുഷ്യൻ നശിപ്പിച്ചു കളയും എന്ന ജിബ്രാന്റെ നിഗൂഢ സൗന്ദര്യമുള്ള വാക്കുകൾ മനസിന്റെ കോണിലെവിടെയോ നിന്ന് മേഘ സംഗീതംപോലെ പ്രതിധ്വനിച്ചത് നന്ദിതയെ വായിച്ചപ്പോഴായിരുന്നു. ആരും അറിയാതെ കവിതയെഴുതി, ആരും അറിയാതെ ഏകാന്തത ആസ്വദിച്ച്, ആരോടും പറയാതെ മരണത്തിന്റെ തണുത്ത വയലറ്റുപൂക്കൾ തേടി നന്ദിത പോകുമ്പോൾ ആ മരണത്തിന് നിഗൂഢമായൊരു സൗന്ദര്യമുണ്ടായിരുന്നു. അന്ന് വയനാടൻ ചുരങ്ങളിൽ മഞ്ഞ് പെയ്തിറങ്ങിയ മകരമാസത്തിലെ തണുത്ത രാത്രിയായിരുന്നു. മരിക്കുന്ന ദിവസം കിടക്കാൻ പോകുന്നതിന് മുൻപ് അവൾ അമ്മയോടു പറഞ്ഞിരുന്നു; “അമ്മേ, ഒരു ഫോൺ വരും. അത് ഞാൻ തന്നെ എടുത്തോളാം.” ആ ഫോൺ വന്നോ ഇല്ലയോ എന്ന് അച്ഛനോ അമ്മയോ അറിഞ്ഞില്ല. രാത്രി ഏറെ വൈകി ഡ്രോയിംഗ് റൂമിലേക്ക് വന്ന അമ്മ കണ്ടത് മുകളിലത്തെ മുറിയോടു ചേർന്ന ടെറസിൽ ചുരിദാറിന്റെ ദുപ്പട്ടയിൽ ഒരു കവിതപോലെ തൂങ്ങി നിൽക്കുന്ന നന്ദിതയെയാണ്. ഏറെ ഇഷ്ടത്തോടെ ഭർത്താവ് അജിത്ത് വാങ്ങി നൽകിയ ദുപ്പട്ടയിലായിരുന്നു അവൾ ജീവിതം ഒടുക്കിയത്. മരണം അതിന്റെ എല്ലാ നിഗൂഢതകളും പേറിനിൽക്കുന്ന ഒരു കവിത പോലെ കടന്നുവരികയായിരുന്നു അപ്പോൾ. അത് നന്ദിതയുടെ അവസാന കവിതയായിരുന്നു. നന്ദിത നമ്പർ ലോക്കിട്ടു രഹസ്യമായി സൂക്ഷിച്ചിരുന്ന ഇരുമ്പുപെട്ടി മരണശേഷം കുത്തി തുറന്നു. ഡയറിത്താളുകളിൽ മനോഹരമായ കൈയക്ഷരത്തിൽ ഹൃദയരക്തം കൊണ്ട് ചാറി ചുവപ്പിച്ച അൻപത്തിയൊൻപതോളം കവിതകൾ. അന്നുവരെ ഒരാൾക്കും അറിയില്ലായിരുന്നു അവൾ കവിതയെഴുതുമെന്ന്, അടുത്ത സുഹൃത്തുക്കൾക്കും ഭർത്താവായ അജിത്തിനു പോലും.

ഞാൻ ഉരുകുകയാണ്
ഉരുകുകയാണ്
നീയല്ലാതെ യാതൊന്നും
എന്നിൽ ശേഷിക്കുന്നില്ല

എന്ന മാധവിക്കുട്ടിയുടെ വരികൾ നന്ദിത ഡയറിയിൽ ആമുഖമായി കുറിച്ചിട്ടു. ആ വരികളിൽ നന്ദിതയുടെ മുറിവേറ്റ ഹൃദയം അവൾ ഒളിച്ചു വച്ചിട്ടുണ്ടായിരുന്നു. തനിക്ക് നഷ്ടമായത് തന്റെ ലക്ഷ്യമാണെന്നും തന്റെ ഹൃദയമാണെന്നും ആ നഷ്ടത്തെ താൻ ശ്വസിക്കുന്നു എന്നും എഴുതി അതിൻമേൽ അവൾ തന്റെ ഹൃദയത്തിന്റെ കൈയൊപ്പ് ചാർത്തി. ഇനിയും പൂക്കാത്ത ഗുൽമോഹർ പൂക്കുന്നത് കാത്തിരിക്കാതെ അവൾ മരണത്തിന്റെ കൈ പിടിച്ചു നടന്നു പോയി, ആരോടും പരിഭവമില്ലാതെ.

 

 

ചിന്തകളുടെ തടവുകാരിയായിരുന്നു നന്ദിത. പഠിക്കാൻ മിടുക്കി. സുന്ദരി. കോഴിക്കോട് ചാലപ്പുറം ഗവ.ഗേൾസ് ഹൈസ്ക്കൂൾ, ഗുരുവായൂരപ്പൻ കോളജ്, ഫാറൂക്ക് കോളജ്, കോഴിക്കോട് സര്‍വകലാശാല, മദ്രാസ് മദർ തെരേസ യൂണിവേഴ്സിറ്റി പഠിച്ച സ്ഥലങ്ങളിലെല്ലാം ഒന്നാം നിരയിൽ. പിന്നീട് വീടിനടുത്തുള്ള മുട്ടിൽ വയനാട് മുസ്ളീം ഓർഫനേജ് കോളജിൽ ഇംഗ്ലീഷ് അധ്യാപികയായി. കല്പറ്റ സഹകരണ ബാങ്കിൽ ജനറൽ മാനേജരായി വിരമിച്ച എം ശ്രീധരമേനോന്റെയും പ്രഭാവതിയുടെയും മകൾ. ഒരേയൊരു സഹോദരൻ. നന്ദിത ആത്മഹത്യ ചെയ്തു; ആർക്കും ഒരു സൂചന പോലും നൽകാതെ. മരണശേഷം അവളുടെ ഒരു അധ്യാപകൻ പറഞ്ഞു; മിടുക്കിയായിരുന്നു. ഹൃദ്യവും ആകർഷകവുമായ പെരുമാറ്റം. ജീവിതത്തോട് അഗാധമായ മമത. എങ്ങനെ സംഭവിച്ചു ഈ ദുരന്തം? മാറ്റാരധ്യാപകനായിരുന്ന ഡോ. യാസിൻ അഷറഫ് പറയുന്നു; എന്റെ ഓർമ്മയിൽ, ക്ലാസിൽ നന്ദിത ഒറ്റയ്ക്കിരിക്കുന്ന ഒരു ചിത്രമാണുള്ളത്. ഭാഷയിലും കവിതയിലുമൊക്കെ താല്പര്യമുണ്ടായിരുന്നു. അങ്ങനെ താല്പര്യമുണ്ടായിരുന്ന കാര്യങ്ങളിൽ വളരെ ഏകാഗ്രതയോടെ ശ്രദ്ധിക്കുന്ന ഒരു പ്രകൃതമായിരുന്നു. പെട്ടെന്ന് കലഹിക്കുകയും പെട്ടെന്ന് പിണങ്ങുകയും ചെയ്യുന്ന പെണ്‍കുട്ടി… കവിതയിൽ മരണത്തെപ്പറ്റി ധാരാളം എഴുതിയ നന്ദിത മരണത്തെപ്പറ്റി ഒരിക്കൽപോലും പറഞ്ഞതായി കൂട്ടുകാരി ശ്രീലത ഓർക്കുന്നില്ല. അവർ പറയുന്നു; ഒത്തിരി കാര്യങ്ങൾ ഉള്ളിൽ കൊണ്ടു നടന്നതായി ഒരിക്കലും തോന്നിയിട്ടില്ല. കോളജിൽ കുട്ടികളുടെ കവിത വിലയിരുത്തേണ്ടി വന്ന സന്ദർഭങ്ങളിൽപോലും താൻ കവിതയെഴുതുമെന്ന് ഒരിക്കലും സൂചിപ്പിട്ടില്ല. എന്നിട്ടും… എന്നിട്ടും നന്ദിത ആത്മഹത്യ ചെയ്തു. നിഗൂഢമായൊരു സൗന്ദര്യം ആ സ്വയംഹത്യയ്ക്കുണ്ടായിരുന്നു. നന്ദിതയുടെ കവിതകൾ ജീവിത യാഥാർത്ഥ്യങ്ങളുടെ തേങ്ങലുകളായിരുന്നു. പൊള്ളിക്കുന്ന ഏകാന്തതയും അടക്കിപ്പിടിച്ച പ്രണയവും മരണത്തിന്റെ തണുപ്പും കവിതകളിൽ നിറഞ്ഞു നിന്നു. പ്രണയത്തിനും മരണത്തിനും ഏറ്റവും മനോഹരമായ കാവ്യഭാഷ ചമയ്ക്കുകയായിരുന്നു നന്ദിത. അന്തർമുഖയായ അവൾ കവിതകൾക്കു മുന്നിൽ തന്റെ ഹൃദയം തുറന്നുവച്ചു.

നേർത്ത വിരലുകൾ കൊണ്ട്
ആത്മാവിനെ ഞൊട്ടുണർത്താൻ
ഇന്ദ്രിയങ്ങൾക്കപ്പുറത്തു നിന്നും
ഒരു സ്വപ്നം പോലെ ഇനി നിനക്ക് കടന്നുവരാം

എന്ന് അവൾ മരണത്തെ ക്ഷണിച്ചുകൊണ്ട് കവിതയിൽ കുറിച്ചിട്ടു. നന്ദിത പതിനാറാം വയസിലാണ് ആദ്യകവിത എഴുതിയത്. ആരുടെയോ സ്നേഹത്തിനു വേണ്ടിയുള്ള അക്ഷമമായ കാത്തിരിപ്പിന്റെ സ്വരമധുരിമയാണ് നന്ദിതയുടെ മിക്ക കവിതകളിലുമുള്ളത്. സ്വപ്നങ്ങളും സ്വപ്നഭംഗങ്ങളും ആ കവിതകളിൽ ഇഴചേർന്നു. വാക്കുകളുടെ നിശബ്ദതകള്‍ക്കിടയിൽ നന്ദിതയുടെ അടക്കിപ്പിടിച്ച തേങ്ങലുകൾ കേൾക്കാം. കൗമാരകാലം മുതൽ അവൾ ഉന്മാദിയായിരുന്നു. ഡയറിയിൽ ആത്മഗതം പോലെ സുന്ദരമായ വരികൾക്കുതാഴെ അവൾ കൈയൊപ്പു ചാർത്തി. ചില കവിതകൾക്കു താഴെ പവിത്രൻ എന്നും അമ്മു എന്നും പേരുകളാൽ കയ്യൊപ്പിട്ടു. അമ്മു എന്നത് നന്ദിത മകൾക്കിടാൻ വച്ചിരുന്ന പേരായിരുന്നു എന്ന് അജിത്ത് ഓർക്കുന്നുണ്ട്. ചില കവിതകളുടെ അടിയിൽ ‘ഇറ്റ് ഈസ് ഗ്രേറ്റ്’, ‘വെരി നൈസ്’, ‘എക്സലന്റ്’ എന്നൊക്കെ മറ്റൊരു കൈപ്പടയിൽ അംഗീകരിക്കലിന്റെ കൈമുദ്രകളുണ്ട്. ഇതൊരുപക്ഷേ ഇന്നും അജ്ഞാതമായ, നന്ദിത തന്റെ ഹൃദയത്തിൽ ഏറ്റവും മനോഹരമായ നാരുകൾ കൊണ്ട് കൊരുത്തിട്ട ഹൃദയത്തിൽ നിന്നും വിരിഞ്ഞ വാക്കുകളുടെ അടയാളപ്പെടുത്തലാകാം. ചോര പൊടിയുന്ന പ്രണയവും മരണത്തിന്റെ ഗന്ധവുമായിരുന്നു നന്ദിതയുടെ കവിതകൾക്ക്. അവൾ തന്റെ കവിതകളിലൂടെ മരണത്തിന്റെ വേരുകൾ അന്വേഷിച്ചു. നന്ദിത എഴുതി:

എനിക്ക് രക്ഷപ്പെടണം
ചുറ്റും അരിച്ചു നടക്കുന്ന പാമ്പുകളെയും
മൂളിപ്പറക്കുന്ന കൊതുകുകളെയും തട്ടിമാറ്റി
ഞാൻ യാത്രയാരംഭിക്കട്ടെ
എന്റെ വേരുകൾ തേടി…

 

 

കലാലയങ്ങളിൽ ഒരു പൂമ്പാറ്റയെപോലെ പാറിനടന്ന നന്ദിത വീട്ടുകാരിൽ നിന്നും അകലം പാലിച്ചിരുന്നു. വിവാഹത്തിന് മുൻപ് നന്ദിത അന്യമതസ്ഥനായ ഒരു യുവാവുമായി പ്രണയത്തിലായിരുന്നു എന്നും വീട്ടുകാർ ഇതിനെ ശക്തമായി എതിർത്തിരുന്നു എന്നും പറയപ്പെടുന്നു.  ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം 1993ൽ വയനാട്ടിലെ വീട്ടിൽ തിരിച്ചെത്തിയ നന്ദിത വീട്ടുകാരുമായി പിണങ്ങി ചിരായിലുള്ള ചെറിയമ്മയുടെ വീട്ടിലേക്ക് താമസം മാറ്റി. അവിടെവച്ചാണ് കൂലിപ്പണിക്കാരനായ അജിത്തിനെ പരിചയപ്പെടുന്നത്. അത് മെല്ലെ പ്രണയത്തിലേക്ക് നീങ്ങുകയായിരുന്നു. ഫാറൂക്കിൽ അധ്യാപികയായ ശേഷം അവൾ അജിത്തിന് നിരന്തരം പ്രണയലേഖങ്ങൾ എഴുതിക്കൊണ്ടേയിരുന്നു. 1994 ൽ അജിത്തിനെ പരിചയപ്പെട്ട ശേഷം നന്ദിത കവിതകൾ എഴുതിയിരുന്നില്ല എന്ന് ഡയറി സാക്ഷ്യപ്പെടുത്തുന്നു. വിവാഹ ശേഷം വീട്ടിലുള്ളപ്പോൾ പേനയും ബുക്കുമായി വിദൂരതയിലേക്ക് നോക്കിയിരിക്കുന്ന നന്ദിതയെ അജിത്ത് കണ്ടിട്ടുണ്ട്. എന്നാൽ എഴുതുന്നത് ഒരിക്കൽ പോലും കണ്ടതായി അജിത്ത് ഓർക്കുന്നതേയില്ല. ഓരോ നിമിഷവും അവൾ ആന്തരിക നിശബ്ദതയുടെ സംഗീതം ഏകാന്തതയുടെ അമാവാസിയിൽ ആസ്വദിക്കുകയായിരുന്നു. മരണവും സൗന്ദര്യവും നന്ദിതയ്ക്ക് ഒന്നുതന്നെയായിരുന്നു. ആ നിഗൂഢ സൗന്ദര്യത്തിൽ നിന്നാണ് മരണമെന്ന യാഥാർത്ഥ്യത്തെ അവർ തോറ്റിയെടുത്തത്. മരണവും സൗന്ദര്യവും പരസ്പരം സ്നേഹിക്കുന്ന സഹോദരികളാണെന്ന് ബോദ് ലേയറും വിക്ടർ ഹ്യൂഗോയും നിരീക്ഷിക്കുന്നുണ്ട്. മരണത്തെ പ്രാപിക്കാനുള്ള  അടക്കാനാകാത്ത ആഗ്രഹത്തിന്റെ കലാപരമായ പര്യായമായിരുന്നു നന്ദിതക്ക് കവിതയെഴുത്ത്. നന്ദിതയ്ക്ക് അജിത്തിനോട് ഉണ്ടായിരുന്നത് പ്രണയമാണോ അതോ തന്റെ പ്രണയം നഷ്ടപ്പെടുത്താൻ കാരണക്കാരായവരോടുള്ള പ്രതികാരം തീർക്കലായിരുന്നോ എന്നത് ഇന്നും അവളുടെ കവിതയും പ്രണയവും പോലെ നിഗൂഢമാണ്. ഒരു വർഷ കാലത്തിനുള്ളിൽ മൂന്നു തവണയാണ് നന്ദിതയും അജിത്തുമായുള്ള വിവാഹം നടന്നത്. അജിത്തിന്റെയോ നന്ദിതയുടെയോ വീട്ടുകാരറിയാതെയായിരുന്നു ആദ്യ വിവാഹം. ഒരു കുടുംബ സുഹൃത്തിന്റെ സാന്നിധ്യത്തിൽ രജിസ്റ്റർ മാര്യേജ് ചെയ്യുകയായിരുന്നു. അതിന് നിയമസാധുത ഇല്ലാത്തതിനാൽ ബത്തേരി രജിസ്ട്രാർ ഓഫീസിൽ വച്ച് സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്തു. തുടർന്ന് ബത്തേരി ശ്രീ ഗണപതി ക്ഷേത്രത്തിൽ അജിത്തിന്റെ ബന്ധുക്കളുടെ സാന്നിധ്യത്തിൽ വിവാഹം നടന്നു. അജിത്ത് വാങ്ങി നൽകിയ പട്ടുവസ്ത്രങ്ങളും ആഭരണങ്ങളും അണിഞ്ഞ് സന്തോഷവതിയായാണ് അവൾ കതിർമണ്ഡപത്തിൽ എത്തിയത്. അന്നവളുടെ മുഖത്ത് രാജ്യം വെട്ടിപ്പിടിച്ച പടത്തലവന്റെ വിജയി ഭാവമുണ്ടായിരുന്നു. അജിത്തിന്റെ പരിമിതിയെയും ഇല്ലായ്മകളെയും കുറിച്ച് അവൾക്ക് നല്ല ധാരണയുണ്ടായിരുന്നു. വിവാഹം കഴിഞ്ഞ് ഏറെ നാളുകൾക്ക് ശേഷം മാതാപിതാക്കൾ ആവശ്യപ്പെട്ടതനുസരിച്ച് അവൾ അജിത്തിനേയും കൂട്ടി സ്വന്തം വീട്ടിലേക്ക് പോയി. അന്നവൾ നന്നായി അണിഞ്ഞൊരുങ്ങി സീമന്തരേഖയിൽ സിന്ദൂരവും ചാർത്തി ഉല്ലാസവതിയായിട്ടാണ് പോയതെന്ന് അജിത്ത് ഓർക്കുന്നുണ്ട്. ക്ഷണിക്കപ്പെടാത്തതിനാൽ അജിത്ത് നന്ദിതയെ ഗേറ്റുവരെ കൊണ്ടാക്കി. അവൾ തിരിക വരുന്നതും കാത്ത് ബൈക്കിൽ തന്നെയിരുന്നു. പിന്നീട്  പല തവണ ഇത് ആവർത്തിച്ചു. അജിത്തിന്റെ മനസ് വായിച്ചറിഞ്ഞിട്ടാവണം പിന്നീട് വീട്ടിലേക്കുള്ള യാത്രയിൽ അവൾ അജിത്തിനെ കൂട്ടാതിരുന്നത്.

 

book

1985 മുതൽ അജിത്തിനെ കണ്ടുമുട്ടുന്ന 93 വരെയുള്ള കാലഘട്ടങ്ങളിൽ നന്ദിത ഡയറിയിൽ ഒളിപ്പിച്ചു വച്ച കവിതകൾ അവളുടെ ആത്മകഥയിലെ അധ്യായങ്ങളാണ്. അതിൽ മോഹങ്ങളുടെയും മോഹഭംഗങ്ങളുടെയും കയറ്റിറക്കങ്ങൾ ഉണ്ടായിരുന്നു. പ്രതീക്ഷകളും സ്വപ്നങ്ങളും ചിറകുകൾ മുളച്ച് വിരിഞ്ഞ് പറക്കുകയും തുടർന്ന് പ്രത്യാശയുടെ ചിറകുകൾ കരിഞ്ഞ് നിരാശയിലേക്ക് കൂപ്പുകുത്തുകയും ചെയ്യുന്നുണ്ട്. ജീവിതത്തോട് വല്ലാത്തൊരു അഭിനിവേശം അവൾക്കുണ്ടായിരുന്നു. സംതൃപ്തമായ ഒരു കുടുംബ ജീവിതം അവൾ ആഗ്രഹിച്ചിരുന്നു. ഒരു കുഞ്ഞിനെ അവൾ മനസിൽ താലോലിച്ചിരുന്നു. ‘സുഷുപ്തി ഒരു കൊച്ചു തേങ്ങലായി നേർത്തു പോകവേ, ഹരിതമായൊരുണ്ണിയുടെ കാലടിപ്പാടുകൾ പതിയാതെ മുറ്റത്ത് ചിതറിക്കിടക്കയോ’ എന്ന് അവൾ ഒരു കവിതയിൽ കുറിച്ചിടുന്നുണ്ട്. സ്വയം പകപോക്കലിന്റെയും ആത്മപീഡനരതിയുടെയും ബിംബങ്ങളുടെ ധാരാളിത്തം നന്ദിതയുടെ കവിതയിലുണ്ട്. കവിത നന്ദിതക്ക് സ്വകാര്യമായ അനുഭൂതിയായിരുന്നു. ഈ അനുഭവങ്ങളുടെയും അനുഭൂതികളുടെയും തടവുകാരിയായിരുന്നു നന്ദിത. അവൾ ഒരു കവിതയിൽ എഴുതി:

നിന്റെ പുഞ്ചിരിയിൽ എന്റെ കണ്ണീരുറയുന്നതും
നിന്റെ നിർവികാരതയിൽ ഞാൻ തളരുന്നതും
എന്റെ അറിവോടു കൂടി തന്നെയായിരുന്നു
എനിക്ക് രക്ഷപ്പെടണമെന്നുണ്ടായിരുന്നു
പക്ഷേ, ഞാൻ തടവുകാരിയായിരുന്നു

കിട്ടാത്ത സ്നേഹത്തിൽ അസ്വസ്ഥമാകുന്നൊരു മനസായിരുന്നു നന്ദിതയുടെത്. ആ സ്നേഹം അവൾക്ക് പ്രാണവായു പോലെയായിരുന്നു. 1988 ൽ എഴുതിയ ശീർഷകമില്ലാത്ത ഒരു കവിതയിൽ തന്റെ ജന്മദിനം, തന്നെ അസ്വസ്ഥയാക്കുന്നു എന്ന് എഴുതിയിരിക്കുന്നു. അന്ന് സൂര്യൻ തെളിഞ്ഞു കത്തിയ പകലും നിലാവുള്ള രാത്രിയുമായിരുന്നു. ഇളം നീല വരകളുള്ള വെളുത്ത കടലാസിലാണ് അവൻ അവൾക്ക്  ജന്മദിന സമ്മാനം നൽകിയത്. അതിൽ അവന്റെ ചിന്തകൾ കോറിയിട്ടിരുന്നു. അവളെ ഉരുക്കാൻ പോന്ന തരത്തിൽ അവന്റെ തൂലിക തുമ്പിൽ നിറയെ തീയായിരുന്നു. ഇന്നാകട്ടെ സൂര്യൻ കെട്ടുപോകുകയും നക്ഷത്രങ്ങൾ മങ്ങിപോകുകയും ചെയ്തിരിക്കുന്നു. കൂട്ടുകാരുടെ പൂച്ചെണ്ടുകൾക്കിടയിലും അനിയന്റെ ആശംസകൾക്കിടയിലും അമ്മയുടെ പാൽപായസത്തിനിടയിലും അവൾ തിരഞ്ഞത് വലിച്ചെറിഞ്ഞ തൂലികയായിരുന്നു. ഒടുവിൽ അവളത് പഴയ പുസ്തകക്കെട്ടുകൾക്കിടയിൽ നിന്ന് കണ്ടെടുക്കുന്നു. പക്ഷേ, അപ്പോഴേക്കും അതിന്റെ തുമ്പിലെ അഗ്നി കെട്ടുപോയിരുന്നു. ചിന്തകൾക്ക് തീപിടിച്ചൊരു കാലത്തിരുന്നാണ് നന്ദിത കവിതകളെഴുതിയത്. പ്രണയ നഷ്ടത്തിന്റെയും നിരാശയുടെയും അടക്കിപ്പിടച്ച നിശ്വാസങ്ങൾ വരികൾക്കിടയിൽ അവൾ അമർത്തി വച്ചിരുന്നു. അതുകൊണ്ടാണ് നന്ദിത കവിതകളുടെ കൂർത്ത മുള്ളുകൾകൊണ്ട് നമ്മുടെ ഹൃദയം മുറിവേൽക്കുന്നത്. യാത്രയുടെ രൂപകങ്ങൾ മാറിയും മറിഞ്ഞും നന്ദിതയുടെ കവിതകളില്‍ കടന്നു വരുന്നു. ആ യാത്ര പലപ്പോഴും മരണവുമായി ബന്ധപ്പെട്ട രൂപകങ്ങളിലേക്ക് ആഴ്ന്നുപോകുന്നവയാണ്. എന്റെ ദൈവത്തിന് എന്ന് പേരിട്ട 1991 ൽ എഴുതിയ കവിതയിൽ നന്ദിത മരണത്തെ സ്വാഗതം ചെയ്യുന്നുണ്ട്.

 

ദൈവമേ, നിന്നോട് ഞാൻ യാത്ര പറയുന്നു
മഴയായ്, മുകിലായ്, നീരാവിയായ് തിരിച്ചു പോകൂ…
(സാഗരം നെഞ്ചിൽ ഞാനാതുക്കാം
സുഷുപ്തി)
ഇനിയെന്റെ യാത്ര; കാലങ്ങൾക്കപ്പുറം
ശിരസറ്റ്
ജനനിയുടെ ഗർഭ്രപാത്രത്തിലേക്ക്…
മറ്റൊരു കവിതയിലും യാത്രയെപ്പറ്റിയാണ് കവി ചിന്തിക്കുന്നത്.
നീണ്ട യാത്രയുടെ ആരംഭത്തിൽ
കടിഞ്ഞാണില്ലാത്ത കുതിരകൾ കുതിക്കുന്നു
തീക്കൂനയിൽ ചവുട്ടി വേവുന്നു
ഇനി നമ്മൾ എങ്ങോട്ടു പോകാൻ
എനിക്കിനി മടക്കയാത്ര…

അവൻ അകലേക്കകലേക്ക് പോകുകയാണ്. അതു തിരിച്ചറിഞ്ഞ അവൾ ആകെ അസ്വസ്ഥയാകുന്നു. തന്നെ തളർത്തുന്ന നിന്റെ കണ്ണുകളുയർത്തി

ഇങ്ങനെ നോക്കാതിരിക്കൂ
നിന്നെത്തേടിയൊരു ജ്വലിക്കുന്ന അശ്വമെത്തുമെന്ന്
ഇരുളിനപ്പുറത്ത് നിന്നെത്തുന്ന കുളമ്പൊച്ചയും
കിഴക്കു പടരുന്ന അഗ്നിയുമെന്നോട് പറയുന്നു
സാഗരത്തിന്റെ അനന്തതയിൽ പൂക്കുന്ന
സ്വപ്നങ്ങൾ അറുത്തെടുത്ത്
ഞാനിനി തിരിച്ചു പോകെട്ടെ

ലളിതമായ ഭാഷയും സങ്കീർണമായ ആശയങ്ങളുമാണ് നന്ദിത കവിതകളുടെ പ്രത്യേകത. ഏറ്റവും തീക്ഷ്ണമായ ബിംബങ്ങളിലൂടെയാണ് നന്ദിത തന്റെ ഹൃദയ വികാരങ്ങൾ ഡയറിത്താളുകളിലേക്ക് ആവാഹിച്ചത്. പ്രകൃതിബിംബങ്ങൾ ഒരു സൗന്ദര്യപ്പെയ്ത്തായി നന്ദിതയുടെ കവിതകളിൽ കടന്നുവരുന്നുണ്ട്.

തുളസി കതിരിട്ടിരിക്കുന്നു
കരയ്ക്കിറ്റു തണുപ്പുമായ്
തിരകൾ തിരിച്ചെത്തി
നിശബ്ദം പാടുന്ന
മിന്നാമിനുങ്ങുകളുമെത്തുന്നു
മന്ദാരമുണരുന്നു
നീയിനിയുമെത്താത്തതെന്തേ?
എന്റെ ഗുൽമോഹർ പൂക്കാതെ കാത്തിരിക്കുന്നു
നീയിനിയുമെത്താത്തതെന്തേ…

 

മരണത്തിന് രണ്ടാഴ്ച മുൻപ് നന്ദിത അജിത്ത് ജോലിചെയ്യുന്ന മുംബെയിലേക്ക് വണ്ടികയറി. അജിത്ത് പുകവലിക്കുന്നത് ഇഷ്ടമില്ലാഞ്ഞിട്ടും അവനിഷ്ടമുള്ള സിഗറ്റും ദിനേശ് ബീഡിയും മുത്താരം പൊടിയുമൊക്കെ അന്ന് സമ്മാനിച്ചു. മുംബെയിൽ അവർ ഒഴിവുകാലം ആഘോഷിച്ചു. ദാദറിലെ ഏറ്റവും നല്ല തുണികടയിൽ നിന്ന് അവൾക്കിഷ്ടപ്പെട്ട വസ്ത്രങ്ങൾ അജിത്ത് വാങ്ങി നൽകി. ചുരിദാറിന് ഇണങ്ങുന്ന ദുപ്പട്ട അവിടെ കിട്ടാത്തതിനാൽ പത്തു കിലോമീറ്റർ ദൂരെയുള്ള മറ്റൊരു കടയിൽ നിന്ന് വാങ്ങി. അവൾക്കിഷ്ടപ്പെട്ട പലനിറത്തിലുള്ള ലാക്ടോകലാമിൻ അവൻ സമ്മാനിച്ചു. ഒടുവിൽ ഏറ്റവും പ്രണയത്തോടെ ഒരു ചുംബനം നൽകിയാണ് പ്രിയപ്പെട്ടവളെ അജിത്ത് ദാദർ റെയിൽവേ സ്റ്റേഷനിൽ നിന്ന് യാത്രയാക്കിയത്. അപ്പോൾ അയാൾ വിചാരിച്ചിട്ടുണ്ടായിരുന്നില്ല അത് അവൾക്കു നൽകിയ അവസാന ചുംബനമാണെന്ന്. എംഫിൽ പഠനവുമായി ബന്ധപ്പെട്ട് നന്ദിത ഇടയ്ക്കിടെ കൊടൈക്കനാലിലേക്ക് പോകാറുണ്ടായിരുന്നു. മുംബെയിൽ നിന്നും തിരികെ വന്ന ശേഷവും അവൾ വയനാട് ചുരമിറങ്ങി കൊടൈക്കനാലിലേക്ക് പോയി. എന്തായിരുന്നു ഉദ്ദേശ്യമെന്ന് അജിത്തിന് ഇന്നുമറിയില്ല. മരണദിവസം രാത്രി വൈകി അവൾ പ്രതീക്ഷിച്ച ഫോൺ കോൾ ആരുടേതായിരുന്നു? നന്ദിതയുടെ കവിതയെഴുത്തുപോലെ അജ്ഞാതമായൊരു ചോദ്യമായി ഇന്നും അത് അവശേഷിക്കുന്നു. നന്ദിത മരിക്കുമ്പോൾ നല്ലൊരു തുക കോളജിൽ നിന്നു കിട്ടാനുണ്ടായിരുന്നു. അത് അജിത്തിന് ലഭിക്കുന്നതിനു വേണ്ടിയുള്ള സമ്മതപത്രം അവൾ തയ്യാറാക്കിവച്ചിരുന്നു. എന്നാൽ ആ പണം സ്വീകരിക്കാൻ അജിത്ത് തയ്യാറായില്ല. നന്ദിത പഠിപ്പിച്ച കോളജിൽ അവളുടെ പേരിൽ എന്റോവ്മെന്റ് ഏർപ്പെടുത്തി തന്റെ പ്രിയപ്പെട്ടവളുടെ പേര് നിലനിർത്താനാണ് അജിത്ത് തീരുമാനിച്ചത്. നന്ദിതയുടെ കവിതയും ജീവിതവും മരണവും ചർച്ചയായതോടെ അജിത്തിന് നന്ദിത എഴുതിയ പ്രണയ ലേഖനങ്ങൾ പുസ്തകമാക്കാൻ പല പ്രസാധകരും അജിത്തിനെ സമീപിച്ചു. എന്നാൽ തങ്ങളുടെ സ്വകാര്യതകൾ വിറ്റു കാശാക്കാൻ അജിത്ത് ഒട്ടും തയ്യാറായിരുന്നില്ല. നന്ദിതയുടെ സുഹൃത്തും അയൽക്കാരിയുമായ ലതയാണ് ആരും കാണാതെ നന്ദിത ഡയറിയിൽ എഴുതി സൂക്ഷിച്ചിരുന്ന 59 കവിതകൾ പുസ്തക രൂപത്തിലാക്കാൻ നിമിത്തമായത്. നന്ദിതയുടെ ശ്രാദ്ധത്തിന് അച്ഛനും സഹോദരനും തിരുനെല്ലിയിൽ പോയപ്പോൾ അമ്മയ്ക്ക് കൂട്ടു കിടക്കാൻ വന്നതായിരുന്നു ലത. നന്ദിതയുടെ ഡയറി അമ്മ ലതക്ക് വായിക്കാൻ കൊടുത്തു. ലത പറയുന്നു: ഞാൻ കണ്ട, ഞാൻ അറിഞ്ഞ നന്ദിത സംസാരിക്കാൻ വളരെ പിശുക്കിയായ വ്യക്തിയായിരുന്നു. കോളജിൽ നന്ദിതയെപോലെ നല്ലൊരു ടീച്ചർ ഇല്ലായിരുന്നു എന്ന് ഞാൻ കേട്ടിട്ടുണ്ട്. കവിതയുടെ മനോഹാരിത കണ്ടാണ് ഞാൻ സുഹൃത്തായ പാപ്പിയോണിന്റെ അർഷദ് ബത്തേരിയോട് സംസാരിച്ചത്. തുടർന്ന് നന്ദിതയുടെ മാതാപിതാക്കൾ ഡോ. എം. എം. ബഷീറിന് കവിതകൾ കൈമാറി. എം. എം. ബഷീറിന്റെ താല്പര്യത്തിലാണ് നന്ദിതയുടെ കവിതകൾ പ്രസിദ്ധീകരിച്ചത്. ‘ചിതയിലെരിയുന്ന മനസ്’ എന്ന തലക്കെട്ടോടെ നന്ദിതയുടെ കവിതകൾക്ക് മനോഹരമായ ഒരു ആമുഖ പഠനവും അദ്ദേഹം തയ്യാറാക്കി. 2002 ൽ ബാലചന്ദ്രൻ ചുള്ളിക്കാടാണ് നന്ദിതയുടെ കവിതകൾ പ്രകാശനം ചെയ്തത്. അന്ന് നന്ദിതയെ സ്നേഹിക്കുന്ന, കവിത ഇഷ്ടപ്പെടുന്നവർ അവിടേക്ക് ഒഴുകിയെത്തി, ആരും ക്ഷണിക്കാതെ തന്നെ. ഒരു കാറ്റായോ ഒരു മഴത്തുള്ളിയായോ ഒരു കുളിരായോ നന്ദിത ഇപ്പോഴും തനിക്ക് അനുഭവപ്പെടാറുണ്ടെന്ന് ലതയുടെ സത്യവാങ്മൂലം. വയനാട്ടിലെ മടക്കിമലയുടെ വീടിനരികിൽ പവിഴമല്ലിയുടെയും പാരിജാതത്തിന്റെയും ചുവട്ടിൽ നന്ദിത അശാന്തമായ മനസോടെ ഉറങ്ങുകയാണ്. മരണാനന്തരം കവിയെയും കവിതയെയും വീണ്ടെടുത്ത വായനക്കാർ കവിത കൊണ്ട് മുറിവേറ്റ ഹൃദയവുമായി, അശാന്തിയുടെ പുഷ്പവുമായി അവിടെ വന്നു പോകുന്നു. കാമ്പസുകളിൽ ഇന്നും നന്ദിത ഒരു വികാരമാണ്. നന്ദിതയുടെ വരികളും ചിത്രങ്ങളും ഫ്ലാഷ് കാർഡുകളായും മൊബൈലിൽ സ്റ്റാറ്റസായും മരണമില്ലാത്ത അക്ഷരങ്ങളായി നക്ഷത്രശോഭയോടെ ഇന്നും ജ്വലിക്കുന്നു.

മരണശേഷം മാത്രം എഴുത്തുകാരിയായ പെൺകുട്ടിയായിരുന്നു നന്ദിത. ഏകാന്തതയുടെ വിശുദ്ധ വീഞ്ഞിലാണ് അവൾ ലഹരി കണ്ടെത്തിയത്. മനുഷ്യന്റെ ആശകൾ സാധിച്ചുകൊടുക്കാൻ വേണ്ടിയല്ല ഈ ലോകം സൃഷ്ടിച്ചതെന്ന ഭയം അവളെ ഒരു വിധിപോലെ പിൻതുടർന്നിരുന്നു. അതുകൊണ്ടാണ് ഈ ലോകത്തു നിന്ന് അവൾ ഒളിച്ചോടിയത്. മറ്റൊരർത്ഥത്തിൽ മരണത്തെ പ്രണയിച്ച കവിയായിരുന്നു നന്ദിത. മൗനമായി അവൾ മരണത്തിന്റെ തോളിൽ കൈയിട്ടു നടന്നു. മരണവും സൗന്ദര്യവും ഒന്നാണെന്ന് അവൾ വിശ്വസിച്ചു. സ്നേഹിച്ചു കൊതിതീരാത്തൊരു മനസായിരുന്നു അവളുടേത്. ഏറ്റവും അധികം ദുരന്തഭാവമുള്ള കാര്യം സ്നേഹമാണെന്ന് സ്പാനിഷ് ചിന്തകൻ ഊനാ മുനോ നിരീക്ഷിക്കുന്നുണ്ട്. സ്നേഹം ഒരേ സമയം മരണത്തിനെതിരായ ഔഷധവും മരണത്തിന്റെ കൂടെപ്പിറപ്പുമാണെന്ന് അദ്ദേഹം തുടർന്നു പറയുന്നു. ജീവിതത്തിൽ ഉണ്ടായ തിക്താനുഭവങ്ങളാണ് നന്ദിത ജീവിതം അവസാനിപ്പിക്കാൻ കാരണമായതെന്ന വാദത്തിന് പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല. കൗമാരകാലത്ത് നന്ദിത എഴുതിയ കവിതകളിൽ മരണത്തെ സംബന്ധിക്കുന്ന ബിംബകല്പനകൾ അതിന്റ എല്ലാ സൗന്ദര്യങ്ങളോടും കൂടി കടന്നുവരുന്നുണ്ട്. സ്വയംഹത്യകൊണ്ട് നമ്മളെ ഞെട്ടിച്ച അമേരിക്കൻ എഴുത്തുകാരി സിൽവിയാ പ്ലാത്തിനെയും മരണാഭിമുഖ്യമുള്ള അവരുടെ കവിതകളെയും നന്ദിത വല്ലാതെ ആരാധിച്ചിരുന്നു. സിൽവിയയുടെ പുസ്തകങ്ങൾ തന്റെ സ്വകാര്യ ലൈബ്രറിയിൽ മനോഹരമായി നന്ദിത അടുക്കി വച്ചിരുന്നു. ചെറിയ പ്രായത്തിൽ തന്നെ ഉന്മാദിനിയായ പെൺകുട്ടിയായിരുന്നു നന്ദിത. ഏകാന്തതയായിരുനു അവളുടെ കൂട്ടുകാരി. അന്തർമുഖത്വമായിരുന്നു അവളുടെ സ്ഥായിഭാവം. വിഷാദാത്മകത അവളിൽ അന്തർലീനമായിരുന്നു. ആഴമേറിയ വിഷാദാത്മകതയും ആത്മനിന്ദയും മനുഷ്യനെ ആത്മഹത്യയിലേക്ക് നയിക്കും എന്ന് സ്റ്റെംഗൽ നിരീക്ഷിക്കുന്നുണ്ട്. എല്ലാ മികച്ച കലാസൃഷ്ടിയുമെന്ന പോലെ ആത്മഹത്യയും ഹൃദയത്തിന്റെ നിശബ്ദതയിൽ നിന്നാണ് സംഭവിക്കുന്നത് എന്ന് കമ്യൂ പറയുന്നുണ്ട്. ഇത്തരം സങ്കീർണമായ അവസ്ഥകളാണ് നന്ദിതയെ ആത്മഹത്യയിലേക്ക് നയിച്ചത്. നന്ദിതയുടെ കവിതാ പുസ്തകത്തിന്റെ അവസാന താളുകളിൽ സുഗതകുമാരി ഇങ്ങനെ കുറിച്ചിട്ടു:
ചില ജന്മങ്ങളുണ്ട്- പൂമൊട്ടു പോലെ വിടർന്നു വരുന്നു. അഴക് ചൊരിയുന്നു. പെട്ടെന്ന് സ്വയം പിച്ചിയെറിയുന്നു; വെറും മണ്ണിലേക്ക്. കാരണമെന്തന്നറിയില്ല. ആർക്കും അത് ഗണിച്ചെടുക്കാനുമാകില്ല. നന്ദിത എന്ന പെൺകുട്ടിയും അങ്ങനെ ഓടിച്ചെന്ന് മൃത്യുവിന്റെ കരം പിടിച്ചവളാണ്. സ്വയം കെടുത്തിക്കളയും മുൻപ് അവളുടെ മനസിലും ഒട്ടേറെ നക്ഷത്രങ്ങളുണ്ടായിരുന്നു, തിളങ്ങുന്നവ. അവൾക്കു മാത്രം സ്വന്തമായവ…

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.