18 April 2025, Friday
KSFE Galaxy Chits Banner 2

Related news

March 24, 2025
March 10, 2025
December 21, 2024
October 29, 2024
October 6, 2024
October 1, 2024
September 6, 2024
August 3, 2024
July 22, 2024
June 19, 2024

പൊലീസ് ഉദ്യോഗസ്ഥന്റെ അനാസ്ഥ: പൊതുസമൂഹം മന്ത്രിക്കൊപ്പം

ഗിരീഷ് അത്തിലാട്ട്
തിരുവനന്തപുരം
August 24, 2022 8:14 pm

പത്തും പതിനൊന്നും വയസുള്ള മക്കളെ തന്റെ രണ്ടാം ഭര്‍ത്താവ് ഗുരുതരമായി ദേഹോപദ്രവമേല്‍പ്പിക്കുന്നുവെന്ന യുവതിയുടെ പരാതിയില്‍ നടപടിയെടുക്കാതെ പൂഴ്ത്തിവയ്ക്കുകയും, വിഷയം ശ്രദ്ധയില്‍പെടുത്തിയ മന്ത്രിയോട് അപമര്യാദയായി പെരുമാറുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥന്റെ പക്ഷം ചേര്‍ന്ന് മാധ്യമങ്ങള്‍. ചൊവ്വാഴ്ച ഏഷ്യാനെറ്റും മനോരമയും ഉള്‍പ്പെടെയുള്ള വാര്‍ത്താ ചാനലുകള്‍ മന്ത്രിക്കെതിരെ വാര്‍ത്ത ചമച്ച് ജനവികാരമിളക്കിവിടാന്‍ ആവത് ശ്രമിച്ചിട്ടും, വിഷയത്തിന്റെ ഗൗരവം മനസിലാക്കിയ പൊതുസമൂഹം ഒന്നടങ്കം ഭക്ഷ്യമന്ത്രി ജി ആര്‍ അനിലിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

ആറും ഏഴും ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളെ സ്കൂളില്‍വച്ചുപോലും ക്രൂരമായി ആക്രമിച്ച പ്രതിയെയും സംരക്ഷിക്കുന്ന തരത്തിലായിരുന്നു, ചൊവ്വാഴ്ച മുഴുവന്‍ വാര്‍ത്താചാനലുകള്‍ പടച്ചുവിട്ട വാര്‍ത്തകളും ന്യൂസ് അവര്‍ ചര്‍ച്ചകളും. ഭര്‍ത്താവ് സ്കൂളിലെത്തി മകന്റെ കാല്‍ ചവിട്ടിയൊടിക്കുകയുള്‍പ്പെടെ ചെയ്തുവെന്ന് പരാതിക്കാരി വെളിപ്പെടുത്തിയെങ്കിലും, വൈകിട്ട് മന്ത്രിയെ കുറ്റപ്പെടുത്താന്‍ മാത്രമായി ഒരു മണിക്കൂര്‍ ചര്‍ച്ച നടത്തുകയായിരുന്നു ഏഷ്യാനെറ്റ്. ദൃശ്യമാധ്യമങ്ങളുടെ സമൂഹ മാധ്യമ പേജുകളില്‍ മന്ത്രിക്കെതിരായി നല്‍കിയ വാര്‍ത്തകള്‍, യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തുവന്നതിനുശേഷവും പിന്‍വലിക്കാന്‍ തയാറായില്ലെന്നതും വലതുപക്ഷ മാധ്യമങ്ങളുടെ അജണ്ട വെളിവാക്കുന്നു.

കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെയുണ്ടാകുന്ന ആക്രമ സംഭവങ്ങളില്‍ വിവരം ലഭിച്ചയുടന്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട പൊലീസ് ഉദ്യോഗസ്ഥന്‍ വീഴ്ച വരുത്തിയെന്ന് സുവ്യക്തമായതിനുശേഷവും ഇന്നലെ പുറത്തിറങ്ങിയ പത്രങ്ങള്‍ പലതും കുറ്റം ചാര്‍ത്താന്‍ ശ്രമിച്ചത് മന്ത്രിയുടെ തലയില്‍ തന്നെയായിരുന്നു. കൃത്യമായ ലക്ഷ്യത്തോടുകൂടിയാണ് ഈ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനമെന്നുകൂടി ഇത് തെളിയിക്കുന്നു.

‘മന്ത്രിയുമായി വാക്കേറ്റം; സിഐയുടെ കസേര തെറിച്ചു’ എന്നതായിരുന്നു ഇന്നലെ മനോരമ ആദ്യപേജില്‍ തന്നെ നല്‍കിയ വാര്‍ത്തയുടെ തലക്കെട്ട്. മംഗളവും ആദ്യ പേജില്‍ തന്നെ വാര്‍ത്ത നല്‍കി. ‘ന്യായം നോക്കിയ സിഐയുടെ കസേര തെറിപ്പിച്ചു’ എന്നായിരുന്നു മന്ത്രിയാണ് കുറ്റക്കാരന്‍ എന്ന് വ്യക്തമായ സൂചന നല്‍കുന്ന തരത്തില്‍ നല്‍കിയ തലക്കെട്ട്. മാധ്യമമാണെങ്കില്‍ ഒരു പടി കൂടി കടന്ന്, സിഐയുടെ സ്ഥലംമാറ്റം പൊലീസ് സേനയില്‍ കടുത്ത അതൃപ്തിയുണ്ടാക്കിയിട്ടുണ്ടെന്നും തട്ടിവിട്ടു. കുടുംബ കേസില്‍ ഇടപെട്ട് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് മന്ത്രി വിളിച്ചതെന്ന് എഴുതിവച്ചുകൊണ്ട്, വിഷയത്തിന്റെ ഗൗരവത്തെ ഇല്ലാതാക്കുകയും ചെയ്തുകൊണ്ടാണ് മാധ്യമത്തിന്റെ വാര്‍ത്ത.

അതീവ ഗുരുതരമായ സ്ഥിതിയിലുള്ള ഒരു സ്ത്രീയുടെ പരാതി ശ്രദ്ധയില്‍പ്പെട്ടയുടനെ, വേഗത്തില്‍ നടപടിയുണ്ടാകണമെന്ന ആഗ്രഹത്തില്‍ സിഐയെ വിളിച്ച മന്ത്രിയോട് വളരെ മോശമായ രീതിയില്‍ സംസാരിക്കുകയും തട്ടിക്കയറുകയും ചെയ്തതില്‍ ഈ മാധ്യമങ്ങളൊന്നും തെറ്റു കാണുന്നതേയില്ലെന്നത്, മറുപക്ഷത്ത് എല്‍ഡിഎഫിന്റെ മന്ത്രിയായതുകൊണ്ടാണെന്ന് വ്യക്തം. എന്നാല്‍ മന്ത്രിക്കെതിരെയുള്ള ആയുധമായി ഉപയോഗിച്ചുകൊണ്ടുള്ള വാര്‍ത്തകളുടെ ഓണ്‍ലൈന്‍ ലിങ്കുകളുടെ കീഴില്‍ കമന്റ് ചെയ്യുന്നവരില്‍ ഭൂരിപക്ഷവും മന്ത്രിക്ക് അനുകൂലമായി അഭിപ്രായം രേഖപ്പെടുത്തിയെന്നത്, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങള്‍ വിജയിക്കില്ലെന്നതിന് തെളിവാകുകയാണ്.

Eng­lish Sum­ma­ry: Neg­li­gence of police offi­cer: Pub­lic stands with minister

You may like this video also

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.