22 November 2024, Friday
KSFE Galaxy Chits Banner 2

Related news

February 28, 2024
September 17, 2023
September 12, 2023
June 9, 2023
June 7, 2023
June 4, 2023
May 29, 2023
May 29, 2023
May 29, 2023
May 26, 2023

മണ്ഡല പുനര്‍നിർണയം തെക്ക്-വടക്ക് വിഭജനമരുത്

പ്രത്യേക ലേഖകന്‍
February 28, 2024 4:50 am

രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ ലോക്‌സഭാ മണ്ഡല പുനര്‍നിർണയവുമായി ബന്ധപ്പെട്ടുള്ള ആശങ്കകളും വേഗതയാര്‍ജിക്കുന്നു. 888 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിലാണ് പുതിയ പാർലമെന്റ് മന്ദിരത്തിലെ ലോക്‌സഭാ ഹാളിന്റെ നിർമ്മാണം. നിലവിൽ ഇന്ത്യക്ക് 543 ലോക്‌സഭാ സീറ്റുകളാണുള്ളത്. 1971ലെ സെൻസസ് വിവരങ്ങൾ അടിസ്ഥാനമാക്കി 1976ൽ തെരഞ്ഞെടുപ്പ് മണ്ഡലങ്ങളുടെ അതിർത്തി ക്രമീകരിച്ചു. എന്നാൽ കാലംപോകെ ജനസംഖ്യ പലമടങ്ങ് വർധിച്ചു. ഇതു പരിഗണിക്കാതെ മണ്ഡലങ്ങളു‍ടെ അതിർത്തി മാറ്റമില്ലാതെ നിലനിർത്തിയത് അസമത്വത്തിന് വഴിയായി. ഉദാഹരണത്തിന്, ബിഹാറിൽ, ഒരു ലോക്‌സഭാംഗം ഏകദേശം 3.1 ദശലക്ഷം പൗരന്മാരെ പ്രതിനിധീകരിക്കുന്നു. കേരളത്തിലെ അനുപാതം 1.75 ദശലക്ഷവും. ഇത്തരം പ്രാതിനിധ്യ പ്രതിസന്ധികള്‍ ദൂരവ്യാപകമായ വെല്ലുവിളി ഉയർത്തുന്നു. ജനസംഖ്യാനിയന്ത്രണം ഫലപ്രദമായി നടപ്പാക്കിയ കേരളം, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ മണ്ഡല പുനര്‍നിർണയത്തിൽ ലോക്‌സഭാ മണ്ഡലങ്ങൾ കുറയുമോയെന്ന സന്ദേഹം ശക്തവുമാണ്. സംസ്ഥാനങ്ങൾക്കുള്ള കേന്ദ്ര ഫണ്ടുകളുടെ അസമമായ വിഹിതം സംസ്ഥാനങ്ങളുടെ വളർച്ചയെ തടസപ്പെടുത്തുകയും വടക്ക്, തെക്ക് എന്ന വിഭജനത്തിന് വഴിയൊരുക്കുമോ എന്നും ഭയമുണ്ട്.

ആനുപാതിക ജനപ്രാതിനിധ്യമാണ് ഇന്ത്യൻ ഭരണഘടനയനുസരിച്ച് ലോക്‌സഭയിലെ സീറ്റ് വിഭജനത്തിന്റെ അടിസ്ഥാനം. അനുച്ഛേദം 81 അനുശാസിക്കുന്നത് ഓരോ സംസ്ഥാനത്തിനും ജനസംഖ്യാനുപാതികമായ സീറ്റുകൾ നൽകുകയും അവ സാമാന്യേന തുല്യ വലിപ്പമുള്ള നിയോജകമണ്ഡലങ്ങളായി ക്രമീകരിക്കുകയും വേണം എന്നാണ്. ആർട്ടിക്കിൾ 82, ഓരോ ദശാബ്ദത്തിലെയും ജനസംഖ്യാ കണക്കുകളെ അടിസ്ഥാനമാക്കി സീറ്റുകളുടെ പുനര്‍നിർണയം നിർദേശിക്കുന്നു. അടിയന്തരാവസ്ഥയില്‍ കൊണ്ടുവന്ന ഭരണഘടനയുടെ 42-ാം ഭേദഗതി, 1971ലെ ജനസംഖ്യാ കണക്കനുസരിച്ച് ലോക്‌സഭയിലെയും (ആർട്ടിക്കിൾ 81), സംസ്ഥാന നിയമസഭകളിലെയും (ആർട്ടിക്കിൾ 171) മണ്ഡലങ്ങളുടെ എണ്ണവും അതിരുകളും മരവിപ്പിച്ചു. 2001ൽ അവസാനിച്ച 25 വർഷക്കാലത്തേക്കാണ് മരവിപ്പിച്ചത്. കുടുംബാസൂത്രണ ശ്രമങ്ങൾ നടപ്പാക്കുന്നതിലെ അസന്തുലിതാവസ്ഥയായിരുന്നു തീരുമാനത്തിന് കാരണം. ജനസംഖ്യാ വളർച്ച നിയന്ത്രിച്ച സംസ്ഥാനങ്ങൾക്ക് നഷ്ടമുണ്ടാകുമെന്ന ദുരവസ്ഥ ഒഴിവാക്കാൻ സർക്കാർ ആഗ്രഹിച്ചു. 2001ൽ ഭരണഘടനയനുസരിച്ച് മണ്ഡലങ്ങളുടെ വലിപ്പം പുനഃക്രമീകരിക്കേണ്ട സമയമായപ്പോൾ, വാജ്പേയ് സർക്കാർ, പുനർവിന്യാസം 2026 വരെ നീട്ടിവച്ചു.


ഇതുകൂടി വായിക്കൂ:നമ്മുടെ ഇന്ത്യ, അവരുടെ ഭാരതം


കോവിഡ് കാരണം 2021ലെ സെൻസസ് മാറ്റിവച്ചത് കാര്യങ്ങള്‍ വീണ്ടും നീളാന്‍ വഴിയായി. 2024 അവസാനത്തോടെ ആരംഭിക്കാനാണ് പദ്ധതി. സെന്‍സസ് സാധ്യമായാൽ ലോക്‌സഭാ മണ്ഡലങ്ങളുടെ പുനഃക്രമീകരണവും നടക്കും. ലോക്‌സഭാ സീറ്റുകളുടെ വിഭജനം സങ്കീർണമായ പ്രശ്നമായി 2001ൽ തന്നെ ഉയർന്നിരുന്നു. സാമൂഹ്യ ശാസ്ത്രജ്ഞനായ അലിസ്റ്റർ മക്‌മില്ലൻ ജനപ്രാതിനിധ്യത്തിന്റെ ഏറ്റക്കുറച്ചിലുകൾ ചൂണ്ടിക്കാട്ടി. 2001ലെ സെൻസസ് അടിസ്ഥാനമാക്കുമ്പോൾ അദ്ദേഹത്തിന്റെ കണക്കുകളിൽ, തമിഴ്‌നാട്ടിൽ ഏഴ് ലോക്‌സഭാ സീറ്റുകൾ കുറയുമ്പോൾ ഉത്തർപ്രദേശിൽ ഏഴ് സീറ്റുകൾ വർധിക്കും. ഇതാണ് മാനദണ്ഡമെങ്കില്‍ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സ്വാധീനമുള്ള രാഷ്ട്രീയ പാർട്ടികൾക്ക് പുനഃക്രമീകരണം നേട്ടമാകും. സംസ്ഥാനങ്ങളില്‍ നിലവിലുള്ള സീറ്റുകളുടെ എണ്ണത്തിൽ കുറവു വരുത്താതെ ജനസംഖ്യാ വർധനവിന് അനുസരിച്ച് ലോക്‌സഭയിലെ സീറ്റുകൾ വർധിപ്പിച്ചാൽ, മൊത്തം സീറ്റുകൾ 543ൽ നിന്ന് 753 വരെ ഉയരും. ഇത് ബിജെപി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിന് (എൻഡിഎ) ഗുണകരമാകും. ഉത്തർപ്രദേശ്, ബിഹാർ, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ സീറ്റുകൾ 174ൽ നിന്ന് 284 ആയി (63 ശതമാനം) ഉയരും. 2019ലെ പൊതുതെരഞ്ഞെടുപ്പിൽ ഈ 174 സീറ്റുകളിൽ 156ലും എൻഡിഎ ആണ് വിജയിച്ചത്.

ഇതേ ക്രമത്തിൽ പരിഗണിച്ചാൽ സീറ്റുകളുടെ പുനഃക്രമീകരണത്തിലൂടെ നാല് സംസ്ഥാനങ്ങളിൽ നിന്ന് മാത്രം 255 സീറ്റുകൾ എൻഡിഎയ്ക്ക് ലഭിക്കും. പുതിയ ഭൂരിപക്ഷമായ 377ന് ഏറെ പണിപ്പെടേണ്ടി വരില്ല. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് സീറ്റുകൾ നഷ്ടപ്പെടും. കേന്ദ്രനികുതിയിൽ തങ്ങളുടെ ഓഹരികൾ വെട്ടിക്കുറച്ച ധനകാര്യ കമ്മിഷന്റെ സമീകരണ സൂത്രവാക്യം പോലെ ഗുരുതര അവഗണനയിലാകും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ. ഇന്ത്യൻ യൂണിയന്റെ സ്വഭാവത്തെക്കുറിച്ച് ഭരണഘടന നിർമ്മാണകാലത്തും സ്വാതന്ത്ര്യാനന്തര ദശകങ്ങളിലും ഒട്ടധികം ചർച്ചകൾ നടന്നിട്ടുണ്ട്. സംസ്ഥാനങ്ങളുടെ യൂണിയൻ എന്നാണ് ഭരണഘടന ഇന്ത്യയെ നിർവചിക്കുന്നത്. ഭാഗികമായെങ്കിലും ഫെഡറൽ സ്വഭാവമുള്ള ഒന്നുമാണത്. സംസ്ഥാനങ്ങളോട് കേന്ദ്രഭരണം വിവേചനം കാണിക്കുന്നത് കേന്ദ്ര- സംസ്ഥാന ബന്ധങ്ങളെ വഷളാക്കും. നികുതിവരുമാനം കേന്ദ്രം കൈകാര്യം ചെയ്യുന്നതിൽ ഇപ്പോള്‍ത്തന്നെ ഗണ്യമായ വിവേചനം നിലനിൽക്കുന്നു. തെക്ക് കൂടുതൽ നികുതി നല്‍കുകയും കുറവ് മാത്രം നേടുകയും ചെയ്യുന്നു എന്നാണ് പൊതുവായ അഭിപ്രായം.


ഇതുകൂടി വായിക്കൂ:മോഡി ഭരണവും പാർലമെന്റും ഒരവലോകനം


ഉദാഹരണത്തിന് യുപി ഒരു രൂപ നല്‍കുമ്പോൾ ഒരു രൂപ 79 പൈസ തിരിച്ചുകിട്ടുന്നു. മറുവശത്ത് കർണാടകത്തിന്, ഒരു രൂപയ്ക്ക് 0.47 പൈസയാണ് തിരിച്ചുകിട്ടുന്നത്. കേരളത്തിന് ഒരു രൂപയ്ക്ക് 19 പൈസമാത്രം. കടമെടുക്കുന്ന കാര്യത്തിലടക്കം പല നിലയിൽ പ്രതിപക്ഷ സംസ്ഥാന സർക്കാരുകളോട് നിലവിലെ കേന്ദ്ര ഭരണകൂടം വിവേചനം കാണിക്കുന്നു. മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തവിധം പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളോട് ഗവർണർമാർ കാണിക്കുന്ന അധികാരപ്രമത്തതയും ചർച്ചയാണ്. അശാസ്ത്രീയമായ മണ്ഡല പുനഃക്രമീകരണം വിശാലമായ രാഷ്ട്രീയ പ്രത്യാഘാതങ്ങൾക്ക് വഴിയാകും. വിവേകപൂർണവും പ്രായോഗികവും വിശാലവുമായ സമീപനം സ്വീകരിക്കുന്നില്ലെങ്കിൽ ഇന്ത്യൻ ഫെഡറലിസത്തിന്റെ തകർച്ചയ്ക്ക് വേഗതയേറും. കേന്ദ്രവും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും തമ്മിലുള്ള സംഘർഷത്തിന് കൂടുതൽ ആക്കം കൂട്ടും. നികുതി, ധനവിഹിതം, കുടിയേറ്റം, അന്തർസംസ്ഥാന അസമത്വം തുടങ്ങിയ വിഷയങ്ങളെയാണ് അഭിസംബോധന ചെയ്യേണ്ടത്. സംസ്ഥാനങ്ങളെ ദുർബലപ്പെടുത്തി ഇന്ത്യയെ ശക്തിപ്പെടുത്താനാകില്ലല്ലോ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.