കാട്ടാന ശല്യത്താൽ പൊറുതിമുട്ടിയിരിക്കുകയാണ് വടക്കനാട് മേഖല. ദിനംപ്രതിയെത്തുന്ന കാട്ടാന വ്യാപക കൃഷി നാശമാണ് വരുത്തുന്നത്. വടക്കനാട് പച്ചാടി ആനക്കല്ല് ഭാഗത്ത് ഒരാഴ്ച കൊണ്ട് കാട്ടാന നശിപ്പിച്ചത് 200 കവുങ്ങുകളും 700 ഓളം വാഴകളുമാണ്. കദങ്ങത്ത് പ്രഭാകരൻ എന്ന സത്യന്റെ കൃഷിയിടത്തിലെ വിളകളാണ് നശിപ്പിച്ചത്. വർഷങ്ങളായി കായ്ഫലം നൽകുന്ന കവുങ്ങുകൾ നശിച്ചതിലൂടെ ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകന് സംഭവിച്ചിരിക്കുന്നത്. കാട്ടാന നശിപ്പിച്ച നേന്ത്രവാഴകളിൽ കുല ചാടിയവയും പെടും. ഒരു വാഴകുല പോലും ഇതിൽ നിന്ന് വെട്ടിയെടുത്ത് കഴിക്കാൻ പോലും കുടുംബത്തിന് സാധിച്ചിട്ടില്ല. ലോണെടുത്തും കടം വാങ്ങിയും കഷ്ടപ്പെട്ടാണ് ഇദ്ദേഹം കൃഷിയിറക്കിയത്. ഇതെല്ലാം കാട്ടാനകൾ നശിപ്പിക്കുന്നത് നിസ്സഹായതോടെ നോക്കി നിൽക്കാനെ വനാതിർത്തിയിലെ കർഷകർക്കാവുന്നുള്ളു. കൃഷിയിടത്തിനു ചുറ്റും സ്ഥാപിച്ച ഫെൻസിങ് അടക്കം തകർത്താണ് കാട്ടാനകൾ ഇറങ്ങുന്നത്. കാട്ടാനകൾ കാടിറങ്ങിയെത്തി വിളകൾ നശിപ്പിക്കുന്നതിന് ഒരു പരിഹാരം കണ്ടില്ലെങ്കിൽ എങ്ങനെ ജീവിതം മുന്നോട്ടു കൊണ്ടുപോകുമെന്ന് ചോദ്യമാണ് ഓരോ കർഷകർക്കും അധികൃതരോട് ചോദിക്കാനുള്ളത്.
വനമേഖലയോട് ചേർന്ന് താമസിക്കുന്ന കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾ കൃത്യമായി വിളവെടുക്കാൻ കാട്ടാനയുൾപ്പെടെയുള്ള വന്യമൃഗങ്ങൾ അനുവദിക്കില്ല. കടം വാങ്ങിയാണ് ഭൂരിപക്ഷം കർഷകരും കൃഷിയിറക്കുന്നത്. വിത്ത് പാകിയതു മുതൽ കാവൽ ഇരുന്നാലും വിളവെടുക്കാറാകുമ്പോഴെക്കും വന്യമൃഗങ്ങൾ തിന്നും ചവിട്ടിയും വിള നശിപ്പിക്കുമെന്ന് അറിയാം. പക്ഷെ കൃഷിയോടുള്ള താൽപര്യം കൊണ്ടാണ് ഇതിന് മുതിരുന്നത്. കയ്യിലുള്ള പണവും, കടംവാങ്ങിയും, വായ്പയെടുത്തും ഇറക്കുന്ന കൃഷി ഒറ്റരാത്രികൊണ്ടാണ് കാട്ടാന ഇറങ്ങി നശിപ്പിക്കുന്നത്. കാട്ടാനക്ക് പുറമേ കൃഷിക്കാർക്ക് തലവേദനയായി മാറുകയാണ് മാനും, മയിലും, കാട്ടുപന്നികളും, കുരങ്ങുകളും. മാനുകൾ മരങ്ങളുടെ തൊലികൾ വ്യാപകമായി കടിച്ച് പൊളിച്ചിടുകയും ഭക്ഷിക്കുകയും ചെയ്യും.
പകൽ സമയങ്ങളിൽ പോലും കൂട്ടത്തോടെയാണ് മാനുകൾ എത്തുന്നത്. ആനശല്യം രൂക്ഷമായിട്ടും ശല്യക്കാരായ ആനകളെ ഉൾവനത്തിലേക്ക് തുരത്താനാവശ്യമായ നടപടികൾ വനംവകുപ്പിന്റെ ഭാഗത്തു നിന്നുണ്ടാവുന്നില്ലെന്നാണ് കർഷകരുടെ പരാതി. വനംവകുപ്പ് അടിയന്തിരമായി പ്രതിരോധ നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം. വന്യമൃഗ ശല്യം കാരണം കൃഷിയെടുത്ത് ജീവിക്കാനാവാത്ത അവസ്ഥയിലാണ് ഇവിടെയുളള കർഷകർ. നേരം പുലരുവോളം കാടിറങ്ങിയെത്തുന്ന കാട്ടാന പറമ്പുകളിൽ തമ്പടിക്കുന്നതിനാൽ ക്ഷീരമേഖലയെ ആശ്രയിച്ചു കഴിയുന്ന കർഷകരും ജീവിതം മുന്നോട്ടു കൊണ്ടുപോകാനാവാതെ ബുദ്ധിമുട്ടുകയാണ്. വനാതിർത്തിയിലെ കിടങ്ങും ഫെൻസിങ്ങുമെല്ലാം മറികടന്നാണ് കാട്ടാനകൾ, വനം ഉണങ്ങിയതോടെ കൃഷിയിടത്തിൽ എത്തുകയാണ്. സന്ധ്യയാകുന്നതിന് മുമ്പുതന്നെയാണ് ആനകൾ ജനവാസകേന്ദ്രങ്ങളിലേക്ക് എത്തുന്നത്. വനാതിർത്തിയിൽ കിടങ്ങും ഫെൻസിങ് സംവിധാനങ്ങളുമെല്ലാം ഉണ്ടെങ്കിലും ഇതൊന്നും കാട്ടാനയെ പ്രതിരോധിക്കാനാവുന്നില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.