December 2, 2022 Friday

മലബാറിലെ അധ്യാപക പ്രസ്ഥാനം എങ്ങനെ പാര്‍ട്ടിയോടടുത്തു?

പി ആര്‍ നമ്പ്യാര്‍
September 27, 2022 5:45 am

“മലബാറിലെ അധ്യാപകപ്രസ്ഥാനം സാമ്രാജ്യവിരുദ്ധ പ്രസ്ഥാനത്തിന്റെ ഒരു ഘടകമാണ്” എന്ന് വ്യക്തമാക്കുന്ന ഒരു ലേഖനം 1938ൽ പ്രഭാതം വാരികയിൽ വന്നിരുന്നു. ലേഖനമെഴുതിയത് അന്ന് മലബാർ എയ്ഡഡ് എലിമെന്ററി ടീച്ചേഴ്സ് യൂണിയന്റെ ജോയിന്റ് സെക്രട്ടറിയായ ടി സി നാരായണൻ നമ്പ്യാരാണ്(ടിസി). അധ്യാപകരെ ഒരു ബ്രിട്ടീഷ് ഭരണത്തിനെതിരായി അണിനിരത്തുവാൻ സഹായിക്കുന്ന ഒരു നല്ല ലേഖനമായിരുന്നതിനാൽ യൂണിയൻ വൈസ് പ്രസിഡന്റ് പി എസ് വാര്യര്‍ അത് വായിച്ച് പൊട്ടിത്തെറിച്ചു. അന്ന് കേരളത്തില്‍ പുതുതായി വലതുപക്ഷ കോൺഗ്രസ് നേതാക്കള്‍ തട്ടിച്ചുണ്ടാക്കിയ ഗാന്ധി സേവാസംഘത്തിലെ ഒരു പ്രമുഖ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു വാര്യർ. യൂണിയനെ ഒരു കമ്മ്യൂണിസ്റ്റ് സംഘടനയാക്കുവാൻ ടിസിയും കൂട്ടരും നടത്തുന്ന ഗൂഢാലോചനയുടെ തെളിവായിട്ടാണ് ആ ലേഖനത്തെ അദ്ദേഹം കണക്കാക്കിയത്. അതിനാൽ വാര്യർ സംഘടനയിൽനിന്നും രാജിവയ്ക്കുമെന്ന് ഭീഷണിയുയര്‍ത്തി. യൂണിയനില്‍ തുടരണമെങ്കില്‍ ടിസി എഴുതിയ ലേഖനത്തെ അധിക്ഷേപിച്ച് യൂണിയൻ ഒരു പ്രമേയം അംഗീകരിച്ച് പത്രങ്ങൾക്കു നൽകണം. യൂണിയൻ പ്രവർത്തകസമിതിയുടെ യോഗം ചേരുവാൻ ഞങ്ങളെല്ലാം കൊയിലാണ്ടിയിൽ വന്നതായിരുന്നു. ടി സി നാരായണൻ നമ്പ്യാരും ഹാജരുണ്ട്. യൂണിയന്റെ അന്നത്തെ പ്രസിഡന്റ് വി രാമുണ്ണിയായിരുന്നു.

അദ്ദേഹവും ടിസിയുടെ പാർട്ടിക്കാരനാണെന്നാണ് വാരിയരുടെ ആക്ഷേപം. ജനറൽ സെക്രട്ടറിയായ പി എം കുഞ്ഞിരാമൻനമ്പ്യാരും ഈ ലേഖകനും അന്നും ഇടതുപക്ഷത്തെയും വലതുപക്ഷത്തെയും അധ്യാപക സംഘടനയ്ക്ക് അകത്ത് കൂട്ടിയോജിപ്പിക്കുന്ന കണ്ണികളായിട്ടാണ് അറിയപ്പെട്ടിരുന്നത്. ഞങ്ങളടക്കം പ്രവർത്തക സമിതിയിലെ ഭൂരിപക്ഷം മെമ്പർമാർ കോണ്‍ഗ്രസ് പ്രവർത്തകരായിരുന്നു. എന്നിരുന്നാലും കോണ്‍ഗ്രസുകാരല്ലാത്ത അധ്യാപകരായിരുന്നു സാധാരണ അംഗങ്ങളില്‍ മഹാഭൂരിപക്ഷം. അന്ന് കെപിസിസിക്കകത്ത് ഇടതുപക്ഷവും വലതുപക്ഷവും തമ്മിൽ തീവ്രമായ വടംവലി നടക്കുന്ന കാലഘട്ടമായിരുന്നു. അതുപയോഗപ്പെടുത്തി അധ്യാപകസംഘടന തകർക്കാനാണ് വലതുപക്ഷം നീങ്ങിയത്. കോൺഗ്രസല്ലാതെ മറ്റൊരു സംഘടനയും പാടില്ലെന്ന് അവർ പരസ്യമായി വാദിച്ചിരുന്നു. ഇടതുപക്ഷക്കാരാണെങ്കിൽ സഖാവ് കൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ അധ്യാപക സംഘടനയ്ക്കകത്ത് എത്രയും ശരിയായ അടവുകളാണ് എടുത്തിരുന്നതു്. എല്ലാ വിഭാഗം അധ്യാപകരെയും ഉൾക്കൊള്ളുന്ന സുശക്തമായ അധ്യാപക പ്രസ്ഥാനം പടുത്തുയർത്തണമെന്ന ലക്ഷ്യംവച്ചാണ് അവർ പ്രവർത്തിപ്പിച്ചത്. അതുകൊണ്ടായിരിക്കാം ഈ ലേഖകനടക്കമുള്ള പല അധ്യാപക നേതാക്കളും 1939–40 കാലഘട്ടത്തിൽ കൃഷ്ണപിള്ളയുടെ അനുയായികളായി മാറിയത്.


ഇതുകൂടി വായിക്കൂ: കൃഷ്ണപിള്ള കണ്ടെടുത്ത കമ്മ്യൂണിസ്റ്റ് വിപ്ലവകാരി


1934ലാണ് മലബാറിലെ പ്രൈവറ്റ് എയിഡഡ് സ്കൂളുകളിലെ അധ്യാപകര്‍ സംഘടിതരായി സ്വന്തം അവശതകള്‍ക്കെതിരായി പോരാടാന്‍ ആരംഭിച്ചത്. 1937ലെ തെര‍ഞ്ഞെടുപ്പില്‍ ആ സംഘടന പരസ്യമായിത്തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്‍തുണ നല്കുകയും അവരെ ജയിപ്പിക്കുവാന്‍ പാടുപെടുകയും ചെയ്തു. എന്നാല്‍, രാജാജിയുടെ നേതൃത്വത്തിലുണ്ടായിരുന്ന മദ്രാസ് ഭരണം മാനേജ്മെന്റ് താല്പര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കിയത്. മലബാറില്‍ അന്ന് കോര്‍പറേറ്റ് മാനേജ്മെന്റുകള്‍ വളരെ വിരളവും സ്വകാര്യവ്യക്തികള്‍ നടത്തുന്ന വിദ്യാലയങ്ങള്‍ മഹാഭൂരിപക്ഷവുമായിരുന്നു. ഈ സ്വകാര്യ വ്യക്തികളുടെ കീഴില്‍ ഒരുതരം അടിമകളായി സാമ്പത്തികവും സാമ്പത്തികേതരവുമായ നൂറുതരം ചൂഷണങ്ങള്‍ക്ക് വിധേയരായി ഈ അധ്യാപകര്‍ ഒരുതരത്തില്‍ നരകമനുഭവിക്കുകയായിരുന്നുവെന്നു പറഞ്ഞാല്‍ തെറ്റില്ല. സാമൂഹ്യമായി ഇന്ന് അധ്യാപകര്‍ക്കുള്ള സ്ഥാനമൊന്നും അന്നത്തെ അധ്യാപകര്‍ക്കുണ്ടായിരുന്നില്ല. “പട്ടിണിപ്പാവങ്ങള്‍” എന്നാണ് അധ്യാപകരെപ്പറ്റി അന്ന് കോണ്‍ഗ്രസ് നേതാക്കന്മാര്‍ പൊതുയോഗങ്ങളില്‍പ്പോലും പരസ്യമായി പരാമര്‍ശിച്ചത്.

ഹാസ്യസാഹിത്യകാരനായ സഞ്ജയന്‍ എത്രയോ തവണ അധ്യാപകരുടെ ദുരിതപൂര്‍ണമായ ജീവിതത്തെ ചിത്രീകരിക്കുന്ന കവിതകളും കുറിപ്പുകളും തന്റെ മാസികയില്‍ എഴുതിയിട്ടുണ്ട്! അന്നുടലെടുത്ത അധ്യാപക സംഘടന ഉത്തരകേരളത്തില്‍ വളര്‍ന്നുവന്നു. സോഷ്യലിസത്തെയും പൂര്‍ണ സ്വാതന്ത്ര്യത്തെയും സോവിയറ്റ് യൂണിയനെയും പുകഴ്ത്തിക്കൊണ്ട് ശക്തിമത്തായ പ്രചരണം ഗ്രാമാന്തരങ്ങളില്‍ വാചാലരായ യൂണിയന്‍ പ്രവര്‍ത്തകര്‍ സംഘടിതമായി നടത്തിയിരുന്നു. കൃഷ്ണപിള്ള, കെപിആര്‍, എന്‍ ഇ ബാലറാം, ഇ പി ഗോപാലന്‍, എ കെ ഗോപാലന്‍ തുടങ്ങിയ നേതാക്കള്‍ അധ്യാപകന്മാര്‍ നടത്തുന്ന സമരങ്ങളില്‍ നേരിട്ട് പങ്കെടുത്തു. പ്രവർത്തക സമിതിയിൽ വാരിയർ ഒഴികെ എല്ലാവരും ടിസിയുടെ ലേഖനത്തിന് പിന്തുണ നൽകിയിരുന്നു. വാരിയർ തന്റെ പത്തിചുരുക്കി പിന്മാറി. അധ്യാപക യൂണിയൻ സാമ്രാജ്യവിരുദ്ധ പ്രസ്ഥാനത്തിന്റെ ഭാഗമാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു. ഈ പ്രഖ്യാപനം മലബാറിലെ അധ്യാപക പ്രസ്ഥാനത്തിന് ഒരു വ്യക്തമായ കാഴ്ചപ്പാടു നൽകി. സംഘടനയെ ശരിയായ സരണിയിലൂടെ നയിക്കുവാൻ അത് സഹായകമായി. ഈ ഘട്ടത്തിൽ മദ്രാസ് സർക്കാർ പിൻതിരിപ്പൻമാരുടെ ഭാഗത്തുചേരാൻ തുടങ്ങി. പ്രൈവറ്റ് സ്കൂൾ അധ്യാപകർക്കുണ്ടായിരുന്ന പൗരാവകാശങ്ങൾ നിഷേധിച്ചുകൊണ്ട് പുതിയ ഉത്തരവുകൾ രാജാജി മന്ത്രിസഭ പുറപ്പെടുവിച്ചു.


ഇതുകൂടി വായിക്കൂ:  ഒരു കമ്മ്യൂണിസ്റ്റ് സാഹോദര്യത്തിന്റെ ഓർമ്മയ്ക്ക്


കോൺഗ്രസടക്കമുള്ള ഒരു രാഷ്ട്രീയ പാർട്ടിയിലും അധ്യാപകർ അംഗമാകാൻ പാടില്ലെന്നായിരുന്നു രാജാജിയുടെ ഉത്തരവ്. ഇതിന്റെ പ്രത്യാഘാതം കോൺഗ്രസിലെ വലതുപക്ഷത്തിനു തന്നെ ഹാനികരമായിരുന്നു. ഈ ലേഖകനടക്കം എത്രയോ മധ്യവർത്തികളായ കോൺഗ്രസുകാർ പരസ്യമായി ഇടതുപക്ഷത്തു ചേർന്നു. വലതുപക്ഷക്കാർക്കെതിരായി ഉറച്ചുനിന്ന് പൊരുതാൻ തുടങ്ങി. ഇന്ത്യയിലാകെയുള്ള ഉന്നതരായ അധ്യാപകനേതാക്കൾ ഇക്കാര്യത്തിൽ ഞങ്ങൾക്ക് പിന്തുണ നൽകി. ബ്രിട്ടീഷ്ഭരണം അനുവദിച്ച പൗരാവകാശംപോലും രാജാജി സർക്കാർ അധ്യാപകർക്കനുവദിക്കാത്തതിൽ ശക്തിമത്തായ പ്രതിഷേധപ്രകടനങ്ങൾ നടന്നു. ഒടുവിൽ കോൺഗ്രസിന്റെ കേന്ദ്ര പാർലമെന്ററി ബോർഡ് ഇടപെട്ട് രാജാജിയെക്കൊണ്ട് പ്രസ്തുത ഉത്തരവ് പിൻവലിപ്പിച്ചു. കോൺഗ്രസിന്റെ കയ്യിൽ ഭരണാധികാരം നൽകുവാൻ പൊരുതിയ ഞങ്ങൾ തന്നെ രാജാജി മന്ത്രിസഭയ്ക്കെതിരായി സമരത്തിനൊരുങ്ങിവന്നു. “പ്രതിമാസം വേതനം തരണം” എന്ന ആവശ്യംപോലും അംഗീകരിക്കുവാൻ രാജാജി കൂട്ടാക്കിയില്ല. സംഘടനയെ തകർക്കുവാൻ മാനേജർമാർക്ക് സഹായങ്ങൾ നൽകണമെന്ന് ഡിപ്പാർട്ടുമെന്റുദ്യോഗസ്ഥന്മാർക്ക് നിർദ്ദേശം കൊടുക്കുവാനാണ് അദ്ദേഹം ഒരുങ്ങിയത്. ഈ ലേഖകനടക്കം യൂണിയന്റെ പല നേതാക്കളും അതിന്റെ ഫലമായി അകാരണമായി പിരിച്ചുവിടപ്പെട്ടു.

ഈ പിരിച്ചുവിടലുകൾക്കെതിരായി യൂണിയൻ നാട്ടുകാരുടെ പിന്തുണയോടെ റൈവൽ സ്കൂളുകൾ സംഘടിപ്പിച്ച് ബഹുജനസമരം നടത്തുകയുണ്ടായി. ഈ സമരത്തിൽ കെപിസിസിയിലെ ഇടതുപക്ഷക്കാർ അധ്യാപകരുടെ ഭാഗത്ത് ഉറച്ചുനിന്നു. യൂണിയനെ തകർക്കുവാനുള്ള ഈ നീക്കത്തിൽ മാനേജ്മെന്റും സർക്കാരും ഒറ്റക്കെട്ടായി നീങ്ങി. ഇതിനെ നേരിടുവാൻതന്നെ യൂണിയൻ തീരുമാനിച്ചു. ചരിത്രത്തിലാദ്യമായി ഒരു ദിവസത്തെ ഹർത്താൽ മലബാറിലെ അധ്യാപകർ ആചരിച്ചു. 1939 സെപ്തംബർ 25-ാം തീയതി ചിറയ്ക്കൽ താലൂക്കിലെ (ഇന്നത്തെ കണ്ണൂർ താലുക്ക്) എല്ലാ പ്രൈവറ്റ് പ്രൈമറി സ്കൂളുകളിലും അധ്യാപകന്മാർ പണിമുടക്കി. മാനേജർമാരും ഡിപ്പാർട്ടുമെന്റുദ്യോഗസ്ഥന്മാരും പൊലീസ് അധികൃതരും പരമാവധി ശ്രമിച്ചിട്ടും ഹർത്താൽ വിജയകരമായി പര്യവസാനിച്ചു. 26-ാം തീയതി മുതൽ തന്നെ മാനേജർമാർ കൂട്ടത്തോടെ അധ്യാപകരെ പിരിച്ചുവിടാൻ തുടങ്ങി. ഒരു പൊതുപണിമുടക്കുകൊണ്ട് ഈ മർദ്ദനങ്ങളെ നേരിടുമെന്ന് യൂണിയൻ പ്രഖ്യാപിച്ചു. ചിറയ്ക്കൽ താലൂക്ക് ഇടതുപക്ഷ വിപ്ലവപ്രസ്ഥാനത്തിന്റെ കളിത്തൊട്ടിലാണല്ലോ. അവിടത്തെ ജനങ്ങളിൽ മഹാ ഭൂരിപക്ഷം അധ്യാപകരുടെ ഭാഗത്ത് ഉറച്ചുനിന്നു. അന്തരീക്ഷം സംഘർഷനിർഭരമായി. ഉടൻതന്നെ മദ്രാസ് ഗവണ്മെന്റിന്റെ വിദ്യാഭ്യാസമന്ത്രി സി ജെ വർക്കി കണ്ണൂർ സന്ദർശിച്ച് മർദ്ദനനടപടികൾ അവസാനിപ്പിക്കാമെന്നും യൂണിയൻ നേതാക്കളുമായി കൂടിയാലോചിച്ച് മുഖ്യമായ ആവശ്യങ്ങൾ അനുവദിക്കുവാൻ നടപടി സ്വീകരിക്കാമെന്നും മധ്യസ്ഥന്മാർ മുഖേന യൂണിയൻ നേതൃത്വത്തെ അറിയിച്ചു.


ഇതുകൂടി വായിക്കൂ:  കേരളത്തിലെ കലാരംഗവും കമ്മ്യൂണിസ്റ്റ് പാർട്ടിയും


എന്നാൽ, കൂടിയാലോചന നടക്കുന്നതിനു സമയം കിട്ടിയില്ല. അതിനകം കോൺഗ്രസിന്റെ സമരപരിപാടിയുടെ ഭാഗമായി മദ്രാസ് മന്ത്രിസഭ രാജിവച്ചു. അതോടെ ഉദ്യോഗസ്ഥ മേധാവികളുടെ നഗ്നമായ മർദ്ദനഭരണവുമായി അധ്യാപക സംഘടനയ്ക്ക് ഏറ്റുമുട്ടേണ്ടിവന്നു. അക്കാലത്ത് മദ്രാസ് സംസ്ഥാനത്തിൽ ഓരോ സബ് ജില്ലയിലും വിദ്യാഭ്യാസ ഡിപ്പാർട്ട്മെന്റ് മാസംപ്രതി അധ്യാപകന്മാരുടെ ഒരു യോഗം കൃത്യമായി സംഘടിപ്പിച്ചിരുന്നു. ശനിയാഴ്ചയാണ് യോഗം. അതിലെ ഹാജർ നിർബന്ധമാണ്. ഹാജരാകാത്ത അധ്യാപകൻ ശിക്ഷയ്ക്കു വിധേയനാകും. പൊതുവെ അതിനെ “ശനിയാൻസഭ’യെന്ന് എല്ലാവരും വിളിച്ചിരുന്നു. ആ സഭയെ സംഘടിതമായി ബഹിഷ്കരിക്കാനും സർക്കാരിനെ തദ്വാര വെല്ലുവിളിക്കാനും യൂണിയൻ തീരുമാനിച്ചു. 1939 ഡിസംബർ മുതൽ ബഹിഷ്കരിക്കുവാൻ യൂണിയൻ എല്ലാ അധ്യാപകരോടും ആവശ്യപ്പെട്ടു. പൊലീസിനെ ഉപയോഗിച്ചും “സഭ” നടത്തുമെന്ന് സർക്കാരും പ്രഖ്യാപിച്ചു. രണ്ടു ഭാഗത്തും സമരസന്നാഹം നടന്നു. തൊണ്ണൂറു ശതമാനം ടീച്ചർമാരും (മെമ്പർമാരായവരും അല്ലാത്തവരും) ബഹിഷ്കരണ പരിപാടിയിൽ പങ്കെടുത്തു. യുദ്ധകാലഘട്ടം- സർക്കാരിന്റെ മർദ്ദനയന്ത്രം അധ്യാപകർക്കെതിരായി നീങ്ങി. യൂണിയൻ നിയമവിരുദ്ധമാക്കപ്പെട്ടു. അറസ്റ്റുകൾ, പൊലീസ് മർദ്ദനങ്ങൾ, സർട്ടിഫിക്കറ്റ് റദ്ദാക്കൽ, പിരിച്ചുവിടൽ മുതലായ എല്ലാത്തരം മർദ്ദനനടപടികളും അവരുപയോഗിച്ചു. അധ്യാപകർ ഒറ്റക്കെട്ടായി കൂസാതെ അവയെയെല്ലാം എതിർത്തുകൊണ്ടു മുന്നേറി.

അധ്യാപകർ നടത്തിയ സമരം ബ്രിട്ടീഷ് ഭരണത്തിനെതിരായ ഒരു സമരമായിട്ടാണ് ജനങ്ങൾ കണ്ടത്. ദിനംപ്രതി വളർന്നുവരുന്ന ബഹുജന പിന്തുണയാണ് അധ്യാപകർക്ക് നല്ല മനക്കരുത്തു നൽകിയത്. ഇത് സർക്കാരിന്റെ കണ്ണുതുറപ്പിച്ചെന്നു തോന്നുന്നു. 1940 ജനുവരി ആറാം തീയതി മലബാർ കളക്ടർ അധ്യാപകരോട് ഒരു അഭ്യർത്ഥന ചെയ്തു. അതിൽ സമരപരിപാടികൾ പിൻവലിച്ചാൽ അധ്യാപകരുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിക്കാമെന്ന ഒരു വാഗ്ദാനം ഉണ്ടായിരുന്നു. ഈ ഘട്ടത്തിൽ സമരസമിതിയുടെ നേതാക്കളായി ഈ ലേഖകനും യൂണിയൻ പ്രസിഡന്റ് വി രാമുണ്ണിയും മാത്രമേ പുറത്തുണ്ടായിരുന്നുള്ളു. ഞങ്ങൾ തന്നെ സെമി-യുജിയായിട്ടാണ് പ്രവർത്തിച്ചിരുന്നത്. മറ്റ് നേതാക്കളെല്ലാം ജയിലിൽ. രാമുണ്ണിക്ക് കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വവുമായി നേരിട്ടു ബന്ധമുണ്ടായിരുന്നു. സമരം പിൻവലിച്ച് കൂടിയാലോചനകൾ ആരംഭിക്കണമെന്ന ശരിയായ നിർദ്ദേശം പാർട്ടി നൽകി. കമ്മ്യൂണിസ്റ്റ് പാർട്ടി ശരിയായ നേതൃത്വം നൽകി ആ പ്രതിസന്ധിഘട്ടത്തിൽ അധ്യാപക പ്രസ്ഥാനത്തിന്റെ രക്ഷയ്ക്കെത്തിയെന്നു പറയാം.


ഇതുകൂടി വായിക്കൂ:   കൃഷ്ണപിള്ള കണ്ടെടുത്ത കമ്മ്യൂണിസ്റ്റ് വിപ്ലവകാരി


കാരണം, നിരങ്കുശമായ മർദ്ദനംകൊണ്ട് പ്രസ്ഥാനത്തെ തകർക്കുവാനുള്ള സർക്കാരിന്റെ പ്ലാൻ നീക്കാൻ പാർട്ടിയുടെ നിർദ്ദേശം സ്വീകരിച്ചതുകൊണ്ട് ഞങ്ങൾക്ക് സാധിച്ചു. ജനുവരി ഏഴാം തീയതി സമരം പിൻവലിക്കപ്പെട്ടു. അതിവേഗത്തിൽ കൂടിയാലോചനയും നടന്നു. ജയിലിൽ കിടക്കുന്ന നേതാക്കൾ വിട്ടയയ്ക്കപ്പെട്ടു. സർട്ടിഫിക്കറ്റുകൾ റദ്ദാക്കിയതെല്ലാം തിരിച്ചു നൽകി. പിരിച്ചുവിട്ട അധ്യാപകരെയെല്ലാം തിരിച്ചെടുത്തു. യൂണിയന് നിയമവിധേയത്വം ലഭിച്ചു. സാമ്രാജ്യവിരുദ്ധ പ്രസ്ഥാനത്തിന്റെ ഭാഗമാണോ അധ്യാപക സംഘടന? 1939–40 ലെ സമരത്തിനുശേഷം യൂണിയന്റെ വേദികളിലൊന്നും അത് ചർച്ചാവിഷയമായില്ല. കാരണം രണ്ടാം ലോകമഹായുദ്ധം ആരംഭിച്ച ഉടൻ ആദ്യമായി ബ്രിട്ടീഷ് ഭരണത്തിനെതിരായി മലബാറിൽ നിയമം ലംഘിച്ച് സമരം നടത്തിയത് അധ്യാപക സംഘടനയായിരുന്നു. സ്വാതന്ത്യ്രസമര സേനാനികൾക്ക് നൽകിയ ആനുകൂല്യങ്ങൾ പ്രസ്തുത സമരത്തിൽ പങ്കെടുത്ത് ജയിൽവാസംവരിച്ച എല്ലാ അധ്യാപകർക്കും നൽകാൻ തീരുമാനിച്ചുകൊണ്ട് കേരള മുഖ്യമന്ത്രി സ. അച്യുതമേനോൻ ആ സമരത്തിന്റെ രാഷ്ട്രീയ പ്രാധാന്യം അംഗീകരിക്കുകയും ചെയ്തു. (1978ല്‍ എഴുതിയത്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.