24 November 2024, Sunday
KSFE Galaxy Chits Banner 2

പാട്ടുപത്തായത്തിന്റെ വിശേഷങ്ങൾ

അരുൺകുമാർ അന്നൂർ
വായന
May 2, 2022 7:48 am

വർഷത്തെ മികച്ച കവിതയ്ക്കുള്ള കേരളസംസ്ഥാനബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുരസ്കാരം നേടിയ കൃതിയാണ് മടവൂർ സുരേന്ദ്രന്റെ പാട്ടുപത്തായം. മെലിൻഡ ബുക്സ് പ്രസിദ്ധീകരിച്ച ഈ ബാലകവിതാസമാഹാരത്തിൽ അറുപത് കുട്ടിക്കവിതകളാണുള്ളത്. കുട്ടികൾക്കിണങ്ങുന്ന തരത്തിൽ ആശയങ്ങളെ ക്രോഡീകരിക്കാനും അവർക്ക് അനുഭവവേദ്യമാകുന്ന ശൈലിയിൽ അവതരിപ്പിക്കാനും മടവൂരിന് കഴിഞ്ഞിട്ടുണ്ട്.
കവിതയെക്കുറിച്ചുള്ള കവിതയിൽ നിന്നാണ് പാട്ടുപത്തായം തുടങ്ങുന്നത്. മാനത്തുമുട്ടിയ പട്ടമായും മാരിവിൽക്കാവടിയായും വിണ്ണിലെ അമ്പിളിയായും കവിത മാറുന്നു. ദുഃഖത്തിന്റെ വേനൽ വരളുന്ന ഹൃദയത്തിൽ അത് കുളിരായ്പ്പടരുന്നു. കയ്പ് നിറഞ്ഞ ജീവിതാനുഭവങ്ങളെ അത് മധുവാക്കി മാറ്റുന്നു. കണ്ണിനും കാതിനും കരളിനും ഒരു പോലെ ആനന്ദം നല്കുന്ന അനുഭൂതിയാണത്. സമഗ്രമായ ആനന്ദം.
കുട്ടിക്കാലം തൊട്ടേ മനുഷ്യരിൽ ഇതളിടേണ്ട സൗഹൃദം, നന്മ, സത്യബോധം, മനുഷ്യത്വം തുടങ്ങിയ ഗുണങ്ങളെ പാട്ടുകളിൽ സന്നിവേശിപ്പിക്കുന്നതിൽ മടവൂർ വിജയിക്കുന്നു. അതുകൊണ്ടാണ് കവി ഇങ്ങനെ പാടുന്നത്.
അറിയാതൊന്നും പറയല്ലേ
കളിവാക്കോതി രസിക്കല്ലേ
അടിപിടികൂടാനതുമതിയാകും
അറിയാതുത്തരമോതല്ലേ (അടയാളം)

പ്രകടനങ്ങൾ കാട്ടുന്നത് പ്രതിഭകളുടെ സ്വഭാവമല്ല. സ്വന്തം കഴിവിൽ വിശ്വസിക്കുന്ന അവർ കഠിനാദ്ധ്വാനത്തിലൂടെ സദ്ഫലങ്ങൾ വിരിയിക്കുകയാണ് പതിവ്. എന്നാൽ അല്പമാനസരാകട്ടെ ലക്ഷ്യബോധമില്ലാതെ അതുമിതും കാട്ടി തനിക്കും അന്യർക്കും അസംതൃപ്തി വിതയ്ക്കുന്നു. അഭിനയത്തേക്കാൾ അനുഭവമാണ് നമ്മൾക്കുണ്ടാകേണ്ടതെന്ന് കവി ഓർമ്മിപ്പിക്കുന്നു. അനുഭവങ്ങളിലൂടെ നാമാർജ്ജിക്കുന്ന അറിവുകൾ തിരിച്ചറിവായ് മാറുകയും നമുക്കും ചുറ്റുമുള്ളവർക്കും പ്രകാശം വിതറുകയും ചെയ്യും. താൻ നന്നായാൽ ലോകം നന്നായി എന്നു പറയുകയാണ് കവി ഇവിടെ. ജീവിതത്തിന്റെ അടയാളമാകേണ്ടത് പ്രകടനങ്ങളല്ല, ആത്മാവിൽ ചാലിച്ച അനുഭവങ്ങളായിരിക്കണം എന്ന് അടയാളം എന്ന കവിത അടിവരയിടുന്നു. ചാത്തനും പോത്തനും എന്ന കവിതയിൽ കവി ഇങ്ങനെ പറയുന്നു-
പോത്താകാതെയിരിക്കാനായ്
പോത്തിനോടും പഠിക്കേണം

നാടൻശീലുകളെ തന്റെ കവിതയുടെ അടിത്തറയായ് സ്വീകരിക്കുന്നതിൽ ഒരിക്കലും വിമുഖത കാട്ടാത്ത കവിയാണ് മടവൂർ.
ആളില്ലാപ്പാടത്തെ പാടത്താളി
മൂടില്ലാത്താളി പടർപ്പൻതാളി 

എന്നു തുടങ്ങുന്ന കവിത അതിനൊരുദാഹരണമാണ്. നാട്ടുമൊഴികളെ കവിതയിലേക്ക് കൊണ്ടുവരുന്നതിലൂടെ കവിതയിൽ സഹജമായ താളം നിലനർത്താനും കവിത ആസ്വാദ്യകരമാക്കാനും കഴിയുന്നു.
ആനയ്ക്ക് അഴക് ഏഴാണെങ്കിൽ തത്തയ്ക്ക് നൂറഴകാണെന്ന് പറയുന്ന കവിതയാണ് തത്ത. ഈണത്തിൽ, താളത്തിൽ രസിച്ചു പാടാവുന്ന കവിതകളാണ് പാട്ടുപത്തായം, അണ്ണാനും തത്തയും, മുട്ടനാട്, അഴക്, കൊമ്പനാന, തിരുവോണപ്പൂക്കൾ, കള്ളിപ്പൂച്ച, ആകാശം, അമ്മൂമ്മ, അമ്മയും കുഞ്ഞും, കർക്കിടകം, എലിയും പൂച്ചയും തത്തയുടെ സൗഹൃദം എന്നിവ.
പത്തായത്തിൽ നെല്ലുണ്ടേ
പറനിറയ്ക്കൽ പതിവുണ്ടേ
പടുക്കവയ്ക്കാൻ കദളിപ്പഴവും
പത്തായത്തിലിരിപ്പുണ്ടേ (പാട്ടുപത്തായം)

കുട്ടികളുടെ മനസ്സിനൊത്താണ് മടവൂർ പാട്ടുകളൊരുക്കുന്നത്. താളബദ്ധമായ് അവ പിറവിടെയുക്കുമ്പോൾ ആസ്വാദനതലം ഉയരുന്നു. കുട്ടികളുടെ ഹൃദയത്തിൽ തന്നെയാണ് ഇക്കവിതകൾ ചുവടുവയ്ക്കുന്നത്.
നെല്ക്കതിർ കൊത്തിയൊടുത്തൊരു തത്ത
കാക്കയ്ക്കന്നം നല്കുന്നു
കൊക്കുകൾ തമ്മിലുരുമ്മീട്ടങ്ങനെ
സൗഹൃദഭാവം കാട്ടുന്നു (തത്തയുടെ സൗഹൃദം)

സ്ഥലപ്പേരുകൾ കോർത്ത് ഒരു പാട്ടൊരുക്കുകയാണ് പേരുമാലയിൽ. ഒരേ ശബ്ദങ്ങളിൽ ഒരുമിക്കുന്ന സ്ഥലങ്ങളെ കൂട്ടിയിണക്കി രസകരമായി കവിത മുന്നേറുന്നു. അമ്മയും കുഞ്ഞും
എന്ന കവിതയിൽ ആകാശത്തിന്റെ സൗന്ദര്യം ആസ്വദിക്കുന്ന ഒരു കുട്ടിയെ കാണാം.
അമ്മേ, അമ്പിളിമാമനെ കണ്ടോ
ചുമ്മാ നിന്നു ചിരിക്കണ കണ്ടോ

കഥാകവിതകളുടെ ഗണത്തിൽപ്പെടുത്താവുന്ന കവിതകളാണ് അപ്പച്ചന്റെ ആന, വക്കീലച്ചൻ, ആനയും ഉറുമ്പും, കിട്ടുണ്ണിയാശാൻ, മണ്ടത്തരം, അളിയനു പറ്റിയ അമളി എന്നിവ.
ആനപ്പുറമതു കണ്ടപ്പോൾ
പാറപ്പുറമെന്നോർത്തേ പോയ്
അറിയാതപ്പനുറങ്ങിപ്പോയ്
അറിയാതാനയിടഞ്ഞുംപോയ് (അപ്പച്ചന്റെ ആന
)
കടങ്കഥകൾ ഒളിപ്പിച്ചുവച്ച കവിതകളും കൂട്ടത്തിലുണ്ട്. കുട, താക്കോൽ, പാതാളക്കരണ്ടി, കടങ്കവിത, തൊപ്പി, ചാച്ചാജി എന്നിവ കടങ്കഥാകവിതകളുടെ ഗണത്തിൽപ്പെടുത്താവുന്നവയാണ്.
കണ്ടോ ചേട്ടാ കുട്ടപ്പാ
കുപ്പായത്തിൽ റോസാപ്പൂ
കാണാനെന്തൊരു ചേലാണേ
കവിഭാവനയിൽ കാണാമോ?
ആരാണിതെന്നു പറയാമോ
പൈതങ്ങളുടെ പ്രിയതോഴൻ
ചാച്ചാജി അത് ചാച്ചാജി

മലയാളകവിതയിലെ മഹദ്സാന്നിദ്ധ്യങ്ങളെ ഓർക്കുന്ന കവിതയാണ്
ഓമൽക്കവിതകൾ. കവിതയെന്നത് സത്യവാക്കായ് മാറുന്ന കളിവാക്കാകുന്നു. കളിവാക്കിൽ
കവി ഇങ്ങനെ പറയുന്നു.
കാണാൻ പലതുമിരിക്കുന്നു
കണ്ടതു പലതുണ്ടോർക്കുന്നു
കാതോർത്തങ്ങനെ നില്ക്കുന്നു
കാഴ്ചകൾ പലതും കാണുന്നു

വിനോദകവിതകളിലും വിജ്ഞാനത്തിന്റെ വിത്തൊളിപ്പിക്കാൻ മറക്കുന്നില്ല കവി. എലിയും പുലിയും എന്ന കവിതയിൽ കവി ഇങ്ങനെ കുറിക്കുന്നു-
ഒരു പൊരിയതു മതി
കനലു പൊരുക്കാൻ
കനലിൽ നിന്നും
പന്തമൊരുക്കാൻ
മിഴിപ്പൂക്കളിൽ

ഇതളിടുന്നത് ചിരന്തനമായ മാനുഷികവ്യഥയാണ്. മരണത്തിന്റെ ഭീതമുഖത്തെ നേരിട്ടുകാണുന്ന ഒരാളുടെ ജീവിതം നമുക്ക് ഇവിടെ ദർശിക്കാം. തോണിയാത്ര ജീവിതം തന്നെയാണ്. അലകൾ കക്കട്ടം പൊട്ടിച്ചിരിക്കുമ്പോൾ വിമ്മിട്ടപ്പെട്ടു കരയാനേ യാത്രികന് കഴിയൂ.
ഉള്ളതെല്ലാം കളഞ്ഞങ്ങു പോകുവാൻ
സമയമായോ മിഴിപ്പൂക്കൾ വാടിയോ? എന്നത് എല്ലാ മനുഷ്യരുടെയും നിതാന്തമായ ആകുലതയാകുന്നു. ജീവിതം തിരകളിലൂടെ തെന്നിയൊഴുകുന്ന തോണി തന്നെ.
കനിവൊരു കുന്നാണെങ്കിൽ നിന്ദയൊരു കുഴിയാണെന്ന് നന്മയും തിന്മയും എന്ന കവിതയിൽ പറയുന്നു. നന്മയ്ക്ക് ഹിമാലയത്തിന്റെ ഔന്നത്യമുണ്ടെന്നും തിന്മ കൂരിരുളിന്റെ ഗർത്തം തന്നെയെന്നും കവി സമർത്ഥിക്കുന്നു. കണക്കുകൾ കൂട്ടുന്നവരൊന്നും അറിയാതെ പോകുന്ന ഒരു കാര്യമുണ്ട്. എല്ലാ കണക്കിനുമപ്പുറത്തുള്ളതാണ് ജീവിതം. യാദൃച്ഛികതകളാണ് അവിടെ പലതും നിശ്ചയിക്കുന്നത്. കണക്കുകൂട്ടി ലാഭനഷ്ടങ്ങളുടെ കണ്ണിലൂടെ എന്തിനെയും കാണുന്ന വിദ്വാന്മാരോട് കവി ചോദിക്കുന്നു.
ആറടിമണ്ണിലൊതുങ്ങാനെത്ര
നേരം വേണം ചങ്ങാതീ? 

വെളിച്ചത്തെത്തേടുകയാണ് ഒരോ കവിയും. അക്ഷരങ്ങളിലൂടെ അവർ പണിയുന്നത് വെളിച്ചത്തിന്റെ ഗോപുരമാണ്. എന്തുചോദിച്ചാലും ഉത്തരം പറയാതെ പാത്തുപതുങ്ങി നടക്കുന്ന നിഴലിനോട് നീയാരെ കാത്തിരിക്കുന്നു എന്ന് കവി ചോദിക്കുന്നു.
നിനക്കു പേടി വെളിച്ചത്തെ
നിനക്കഭയമിരുട്ടല്ലോ

ഇവിടെ നിഴലെന്നത് ദുഷ്ടത കാട്ടുന്നവരുടെ പ്രതീകമായ് മാറുന്നു. സ്വയം മറച്ച് മറ്റൊന്നായ് വർത്തിക്കുന്ന തിന്മയുടെ ശക്തികൾക്ക് വെളിച്ചത്തെ ഭയമാണ്. നന്മയുടെ വഴിയേ ചരിക്കാനാണ് ഇക്കവിതയും നമ്മോട് പറയുന്നത്.
സമഭാവനയുടെ പുലരൊളി തീർക്കാൻ കുട്ടികളെ ആഹ്വാനം ചെയ്യുകയാണ് നാനാത്വത്തിലൊരേകത്വം എന്ന കവിതയിൽ. ഭാഷയിലൂടെ സംസ്കാരത്തിന്റെ ദ്യുതി പടർത്താൻ ഇളമുറക്കാരെ കവി ക്ഷണിക്കുന്നു.
അഭിമാനക്കൊടി വാനിലുയർത്താൻ
പുത്തൻകൂറ്റുകാർ വേണം.
പലവഴികൈവഴി ഒന്നായൊഴുകും
നാനാത്വത്തിലൊരേകത്വം

നാട്ടഭിമാനമുള്ള, ഭാഷാബോധമുള്ള, ആർജ്ജവമുണള്ള ഒരു തലമുറ ഉയർന്നുവരണമെന്ന് കവി ആശിക്കുന്നു. മുതിർന്ന ഒരാൾ കുട്ടികൾക്ക് പകരുന്ന ഉപദേശവാക്കുകൾ എന്നതിനപ്പുറം കുട്ടികളുടെ മനസ്സുള്ള ഒരാൾ അവരോട് നടത്തുന്ന സല്ലാപങ്ങളായ് ഇക്കവിതകൾ മാറുന്നു. നാട്ടുമ്പുറത്തുകാരന്റെ നന്മ വഴിഞ്ഞൊഴുകുന്ന നാട്ടിടവഴികളാണ് മടവൂർക്കവിത. അവിടെ ആഢംബരങ്ങളുടെ വിഭൂതികളില്ല. പച്ചയായ മനുഷ്യന്റെ ആനന്ദവും സങ്കടവും ഒരുമിച്ചുപൂക്കുന്ന പൂവനം തന്നെ പാട്ടുപത്തായം.

പാട്ടു പത്തായം
(കവിത)
മടവൂര്‍ സുരേന്ദ്രന്‍
മെലിന്‍ഡ ബുക്സ്
വില: 100 രൂപ

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.