19 December 2024, Thursday
KSFE Galaxy Chits Banner 2

പി എം കെയേഴ്സ് ഫണ്ട് പൊതുസമ്പത്തിന്റെ കൊള്ള

Janayugom Webdesk
April 25, 2023 5:00 am

രാജ്യത്തിന്റെ പൊതുസമ്പത്ത് പ്രധാനമന്ത്രി നരേന്ദ്രമോഡിയും ബിജെപിയും തങ്ങളുടെ നിക്ഷിപ്ത രാഷ്ട്രീയ താല്പര്യങ്ങൾക്കുവേണ്ടി എങ്ങനെ കൊള്ളയടിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് പിഎം കെയേഴ്സ് ഫണ്ട് സംബന്ധിച്ച പുതിയ കണക്കുകൾ തുറന്നുകാട്ടുന്നത്. തെരഞ്ഞെടുപ്പ് ബോണ്ടുകളിലൂടെ രാഷ്ട്രീയ പാർട്ടികളുടെ തെരഞ്ഞെടുപ്പ് ഫണ്ടിൽ സുതാര്യത ഉറപ്പുവരുത്തുന്നതിന്റെ പേരിൽ കൊണ്ടുവന്ന പദ്ധതി ഇന്ത്യൻ ജനാധിപത്യത്തെയും തെരഞ്ഞെടുപ്പ് പ്രക്രിയയെയും അക്ഷരാർത്ഥത്തിൽ അട്ടിമറിച്ചതിനു പിന്നാലെയാണ് ദുരൂഹമായ പിഎം കെയേഴ്സ് ഫണ്ട് സംബന്ധിച്ച കൊള്ളയുടെ കണക്കുകൾ പുറത്തുവരുന്നത്. തെരഞ്ഞെടുപ്പ് ബോണ്ട് സംബന്ധിച്ച കേസ് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് പരിഗണിച്ചേക്കുമെന്ന് വാർത്തവന്നിരുന്നുവെങ്കിലും അതിന്മേൽ ഇനിയും അന്തിമ തീരുമാനം ആയതായി അറിവില്ല. ഇന്ത്യയിലെ വൻകിട കോർപറേറ്റുകൾ കഴിഞ്ഞ 26 തവണകളായി രാഷ്ട്രീയപാർട്ടികൾക്കു നൽകിയ പന്ത്രണ്ടായിരത്തില്പരം കോടി രൂപയുടെ സിംഹഭാഗവും എത്തിച്ചേർന്നത് ബിജെപിയുടെ പണപ്പെട്ടിയിലാണ്. അത് കോർപറേറ്റുകളുടെ ‘ഉദ്ദിഷ്ടകാര്യത്തിനുള്ള ഉപകാരസ്മരണ’യാണെന്ന കാര്യത്തിൽ ആർക്കും തർക്കം ഉണ്ടാവില്ല. എന്നാൽ പിഎം കെയേഴ്സ് ഫണ്ടിന്റെ കാര്യം വ്യത്യസ്തമാണ്. രാജ്യത്തെ പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങൾ തങ്ങളുടെ കോർപറേറ്റ് സാമൂഹിക ഉത്തരവാദിത്ത നിധിയിൽനിന്നും 2019- 2022 കാലയളവിൽ മൊത്തം 2913 കോടിയിൽപ്പരം രൂപയാണ് അടിയന്തര ഘട്ടങ്ങളിൽ പൗരന്മാർക്ക് സഹായവും ആശ്വാസവും എത്തിക്കാനുള്ള പ്രധാനമന്ത്രിയുടെ ഫണ്ട് എന്ന പിഎം കെയേഴ്സ് ഫണ്ടിൽ നൽകിയത്. പിഎം കെയേഴ്സ് ഫണ്ടിലേക്ക് സർക്കാർ ഫണ്ടുകൾ യാതൊന്നും നൽകുന്നില്ലെന്നും അത് സർക്കാരിന്റെ നിയന്ത്രണത്തിലല്ലെന്നും കേന്ദ്ര സർക്കാർ ഡൽഹി ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ആവർത്തിച്ചുകൊണ്ടിരിക്കയാണ് പൊതുമുതൽ ഈവിധം കൊള്ളയടിക്കപ്പെടുന്നത്.


ഇതുകൂടി വായിക്കൂ:  പിഎം കെയേഴ്സ്: കേന്ദ്രം സുതാര്യതയെ ഭയക്കുന്നു


രാജ്യത്തെ ജനങ്ങളെ കൊള്ളയടിച്ചു ലാഭമുണ്ടാക്കുന്ന സ്വകാര്യ കോർപറേറ്റുകൾ അവരുടെ ലാഭത്തിന്റെ ഒരുവിഹിതം നാടിന്റെയും ജനങ്ങളുടെയും ക്ഷേമത്തിനുവേണ്ടി വിനിയോഗിക്കണം എന്ന ലക്ഷ്യത്തോടെയാണ് കോർപറേറ്റ് സാമൂഹിക ഉത്തരവാദിത്തം നിറവേറ്റാൻ നിയമവ്യവസ്ഥയ്ക്ക് പ്രാബല്യം നൽകിയത്. ലാഭത്തേക്കാൾ ഉപരി ജനങ്ങൾക്ക് കുറഞ്ഞചെലവിൽ, ചൂഷണരഹിതമായി സേവനങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പൊതുമേഖലാ സ്ഥാപനങ്ങൾക്ക് രൂപം നൽകിയത്. എന്നാൽ ആ ഉത്തരവാദിത്തം വിസ്മരിച്ച് ജനങ്ങളെ സ്വകാര്യ കോർപറേറ്റുകളെപ്പോലെത്തന്നെ കൊള്ളയടിക്കുന്ന സ്ഥാപനങ്ങളായി നമ്മുടെ പല പൊതുമേഖലാ സ്ഥാപനങ്ങളും മാറിയിരിക്കുന്നു. നരേന്ദ്രമോഡി ഭരണത്തിൽ അദ്ദേഹത്തിന്റെയും ബിജെപിയുടെയും നിക്ഷിപ്ത രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായുള്ള കറവപ്പശുക്കളായി നമ്മുടെ പൊതുമേഖലാ വ്യസായങ്ങളെ മാറ്റിയിരിക്കുന്നു എന്നാണ് പിഎം കെയേഴ്സ് ഫണ്ട് സംബന്ധിച്ച കണക്കുകൾ വ്യക്തമാക്കുന്നത്. പ്രമുഖ ബിസിനസ് ദിനപത്രമായ ‘ബിസിനസ് സ്റ്റാൻഡേർഡ്’ പുറത്തുവിട്ട കണക്കുകൾ അനുസരിച്ച് പ്രമുഖ പൊതുമേഖലാ എണ്ണ, ഊർജ, ഊർജ ധനകാര്യ സ്ഥാപനങ്ങളായ ഓയിൽ ആന്റ് നാച്ചുറൽഗ്യാസ് കോർപറേഷൻ (ഒഎൻജിസി), എൻടിപിസി, പവർഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ, ഇന്ത്യൻ ഓയിൽ കോർപറേഷൻ, പവർ ഫൈനാൻസ് കോർപറേഷൻ തുടങ്ങിയ സർക്കാരിന് ഉയർന്ന മൂലധന പങ്കാളിത്തമുള്ള 57 കമ്പനികളാണ് പിഎം കെയേഴ്സ് ഫണ്ടിന്റെ 59.3 ശതമാനവും സംഭാവന ചെയ്തിട്ടുള്ളത്. അത് ഫണ്ടിലേക്ക് സംഭാവന നൽകിയ മറ്റ് 247 സ്വകാര്യ കമ്പനികളുടെ പങ്കാളിത്തത്തെ നിഷ്പ്രഭമാക്കുന്നു.


ഇതുകൂടി വായിക്കൂ:  പിഎം കെയേഴ്സ് വിവരാവകാശ പരിധിക്കും പുറത്ത്


പിഎം കെയേഴ്സ് ഫണ്ട് 2020ൽ രൂപം കൊണ്ടതുമുതൽ വിവാദങ്ങളും ദുരൂഹതയും അതിനെ ചൂഴ്ന്ന് നിൽക്കുന്നു. അതിന്റെമേൽ പൊതുസമൂഹത്തിനു യാതൊരു നിരീക്ഷണവും സാധ്യമല്ലെന്നാണ് പ്രധാനമന്ത്രിയും സർക്കാരും വാദിക്കുന്നത്. പ്രധാനമന്ത്രി അധ്യക്ഷനും പ്രതിരോധമന്ത്രി, ആഭ്യന്തരമന്ത്രി, ധനകാര്യമന്ത്രി ഉള്‍പ്പെടെയുള്ളവർ ട്രസ്റ്റിമാരുമായുള്ള ഫണ്ട് ഒരു ‘പബ്ലിക് അതോറിട്ടി’ അല്ലെന്നാണ് പ്രധാനമന്ത്രിയുടെ ഓഫിസ് പരമോന്നത കോടതിയിൽവരെ ഉന്നയിച്ചുപോന്ന വിചിത്രവാദം. അങ്ങനെയെങ്കിൽ പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്നും വൻതുക ഫണ്ടിലേക്ക് സ്വീകരിക്കുന്നത്, അല്ലെങ്കിൽ അതിനു അവരെ നിർബന്ധിതമാക്കുന്നതിനു എന്ത് ന്യായീകരണമാണ് പ്രധാനമന്ത്രിക്കും സർക്കാരിനും ബിജെപിക്കും നിരത്താനുള്ളത്? രാജ്യതാല്പര്യത്തിന്റെ പേരിൽ ചൈനയിൽ നിന്നുള്ള ഇറക്കുമതിക്കുപോലും നിയന്ത്രണങ്ങളും നിരോധനവും ഏർപ്പെടുത്താൻ വ്യഗ്രതകാണിക്കുന്ന മോഡിസർക്കാർ ചൈനയിൽനിന്നും പിഎം കെയേഴ്സ് ഫണ്ടിലേക്ക് സംഭാവന സ്വീകരിക്കുന്നതായുള്ള ആരോപണവും ഉയരുന്നുണ്ട്. പിഎം കെയേഴ്സ് ഫണ്ട് സംബന്ധിച്ച എല്ലാവിവരവും അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. അത് മറച്ചുവയ്ക്കാൻ ശ്രമിക്കുന്ന പ്രധാനമന്ത്രിയുടെയും ബിജെപി സർക്കാരിന്റെയും നടപടി ജനാധിപത്യത്തോടും ജനങ്ങളോടുമുള്ള വെല്ലുവിളിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.