5 May 2024, Sunday

ഡിജിറ്റല്‍ സാങ്കേതികതയില്‍ പാളിച്ച; പിഎം കിസാന്‍ പദ്ധതി കര്‍ഷകര്‍ക്ക് അന്യമാകുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
November 30, 2023 11:24 pm
രാജ്യത്തെ കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6,000 രൂപ ധനസഹായം നല്‍കുന്നതിനായി പ്രഖ്യാപിച്ച പിഎം കിസാന്‍ സമ്മാന്‍ നിധി പദ്ധതി കര്‍ഷകര്‍ക്ക് അന്യമാകുന്നു. വര്‍ഷത്തില്‍ മൂന്നുതവണ 2,000 രൂപ വീതം കര്‍ഷകന്റെ ബാങ്ക് അക്കൗണ്ടില്‍ എത്തുമെന്ന വാഗ്ദാനമാണ് വികലമായ പരിഷ്കാരത്തിന്റെ ഫലമായി ലഭ്യമാകാതെ പോകുന്നത്. 2019 ല്‍ മോഡി സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് ആവിഷ്കരിച്ച പദ്ധതിയാണ് പാതിവഴിയില്‍ ഗുണഭോക്താക്കള്‍ക്ക് പ്രയോജനം ചെയ്യാതെ നിഷ്ഫലമാകുന്നത്.
ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് തുക വിതരണം ചെയ്യാനുള്ള നീക്കമാണ് കര്‍ഷകദ്രോഹമായി മാറിയത്. 2022–23,  23–24 സാമ്പത്തിക വര്‍ഷങ്ങളില്‍ കാര്‍ഷിക മന്ത്രാലയം വകയിരുത്തിയ 50 ശതമാനം തുകയും ഡിജിറ്റല്‍ സാങ്കേതിക കാരണങ്ങളാല്‍ മുടങ്ങി. സെപ്റ്റംബര്‍ 22ന് എഐ ചാറ്റ് ബോട്ട് സംവിധാനം ഏര്‍പ്പെടുത്തിയശേഷമാണ് ഗുണഭോക്താക്കള്‍ക്ക് ധനസഹായം ലഭിക്കാതെ വന്നത്.
ചാറ്റ് ബോട്ട് സംബന്ധിച്ച കര്‍ഷകരുടെ സംശയങ്ങളും സാങ്കേതികത്തകരാറും ദൂരീകരിക്കുന്നതില്‍ പദ്ധതി നടത്തിപ്പുകാര്‍ പരാജയപ്പെട്ടതും തിരിച്ചടിയായി. ഡിജിറ്റല്‍ സാങ്കേതികവിദ്യയിലൂടെ കര്‍ഷകര്‍ക്ക് യഥാസമയം വിവരങ്ങള്‍ ലഭ്യമാകുന്നതില്‍ തടസം നേരിട്ടു. ഇതിന്റെ ഫലമായി ഗുണഭോക്താവിന്റെ വിവരം, കാര്‍ഷികവൃത്തി, ഉല്പന്നം എന്നിവ സമര്‍പ്പിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടതോടെ ആയിരക്കണക്കിന് കര്‍ഷകര്‍ പദ്ധതിക്ക് പുറത്തായി.
ആന്ധ്രാപ്രദേശ്, ഗുജറാത്ത്, തെലങ്കാന, ഒഡിഷ, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് വ്യാപകമായി പദ്ധതിക്ക് പുറത്തായത്. പദ്ധതിയുടെ ഭാഗമായി നോ യുവര്‍ സ്റ്റാറ്റസ് (നേരത്തെ ബെനിഫിഷ്യറി സ്റ്റാറ്റസ്) ഏര്‍പ്പെടുത്തിയതും ഗുണഭോക്താക്കളെ പദ്ധതിയില്‍ നിന്നകറ്റി. പദ്ധതിയുമായി ബന്ധിപ്പിക്കുന്ന ആധാര്‍ സേവനത്തില്‍ വന്ന വീഴ്ചയും തിരിച്ചടിയായി.
പുത്തന്‍ സാങ്കേതിക വിദ്യകള്‍ നടപ്പിലാക്കിയതോടെയാണ് തന്നെപ്പോലുള്ള നിരവധി പേര്‍ക്ക് ധനസഹായം ലഭ്യമാകാതെ വന്നതെന്ന് ഒഡിഷയില്‍ നിന്നുള്ള ആദിവാസി കര്‍ഷകനായ പോങോ ഡോണോ അഭിപ്രായപ്പെട്ടു. നേരത്തെ ലഭിച്ചിരുന്ന ധനസഹായം ഡിജിറ്റല്‍ രീതിയിലേക്ക് മാറ്റിയത് തിരക്കുപിടിച്ച നടപടിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും ആധാര്‍ അധിഷ്ഠിത വേതന വിതരണ സമ്പ്രദായം നടപ്പിലാക്കിയതോടെ ലക്ഷക്കണക്കിന് ഗുണഭോക്താക്കാള്‍ പദ്ധതിക്ക് പുറത്തായിരുന്നു.
Eng­lish Sum­ma­ry: PM Kisan Scheme
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.