4 November 2024, Monday
KSFE Galaxy Chits Banner 2

യുഡിഎഫ് കാണിക്കേണ്ട രാഷ്ട്രീയ ധാര്‍മ്മികത

ദേവരാജന്‍ ടി
March 2, 2024 4:30 am

റ്റൊരു പൊതുതെരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയാണ് രാജ്യം. കഴിഞ്ഞ 75 വര്‍ഷങ്ങള്‍ക്കിടയില്‍ നടന്ന പല തെരഞ്ഞെടുപ്പുകളില്‍ ഒന്ന് എന്നരീതിയില്‍ കാണേണ്ട സാധാരണ തെരഞ്ഞെടുപ്പല്ല ഇത്തവണ. രാജ്യവും അതിന്റെ സംസ്കാരവും മതേതര മൂല്യങ്ങളും തകര്‍ക്കുന്ന ഫാസിസ്റ്റ് ശക്തികളെ അധികാരത്തില്‍ നിന്ന് പുറത്താക്കി ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടമാണിത്. ഒരു ദശകമായി ഇന്ത്യയെ കാര്‍ന്നുതിന്നുന്ന സംഘ്പരിവാര്‍ വംശവിദ്വേഷക- ചങ്ങാത്തമുതലാളിത്തവും മതേതര ജനാധിപത്യ കൂട്ടായ്മയും തമ്മിലുള്ള ധര്‍മ്മയുദ്ധം. അതിനുള്ള ധാര്‍മ്മിക ചുമതലയേറ്റ രാഷ്ട്രീയ പാര്‍ട്ടികളാണ് ‘ഇന്ത്യ’ എന്ന പ്രതിപക്ഷ സഖ്യത്തിന് രൂപം നല്‍കിയത്. അതുകൊണ്ടുതന്നെ അതിലെ ഓരോ രാഷ്ട്രീയ പാര്‍ട്ടിക്കും സ്വന്തം ആശയങ്ങളോടൊപ്പം പൊതുബോധം കൂടി ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്.


ഇതുകൂടി വായിക്കൂ: നുണക്കോട്ടകളുടെ ആഘോഷം


ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 സീറ്റുകളിലേക്കുള്ള ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളെ ഫെബ്രു 26, 27 തീയതികളില്‍ പ്രഖ്യാപിച്ചു. സിപിഐ നാല്, സിപിഐ(എം) 15, കേരളകോണ്‍ഗ്രസ് ഒന്ന് സീറ്റുകളിലാണ് മത്സരിക്കുന്നത്. ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളെല്ലാം റോഡ് ഷോയും പ്രവര്‍ത്തകരെ നേരില്‍ കാണലുമായി കളംനിറഞ്ഞിട്ടും സംസ്ഥാനത്തെ പ്രതിപക്ഷമായ യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം ഇപ്പോഴും ത്രിശങ്കുവിലാണ്. ഘടകകക്ഷികളായ മുസ്ലിം ലീഗ് രണ്ട് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചെങ്കിലും പ്രധാന പാര്‍ട്ടിയായ കോണ്‍ഗ്രസ് ഇരുട്ടില്‍ തപ്പുകയാണ്. സിറ്റിങ് എംപിമാരെ ഉൾപ്പെടുത്തി 15 പേരുടെ പട്ടിക പാര്‍ട്ടി സ്ക്രീനിങ് കമ്മിറ്റി എഐസിസിക്ക് നൽകിയിട്ടുണ്ട്. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെയും കണ്ണൂരിൽ കെ സുധാകരന്റെയും പേരുകൾ ഉൾപ്പെടുന്നതാണ് പട്ടിക. അതേസമയം ആലപ്പുഴയിൽ ആരെന്ന് നിർദേശിച്ചിട്ടില്ല.
സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം പരിഗണിച്ച്, ജയസാധ്യതകള്‍ വിലയിരുത്തിയാകും ദേശീയ നേതൃത്വം പട്ടിക അന്തിമമാക്കുക എന്നാണ് കെപിസിസി അധ്യക്ഷന്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഒരാഴ്ചയ്ക്കകം തീരുമാനമുണ്ടാകുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു. ഇതില്‍ കാതലായ പ്രശ്നം രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വമാണ്. മോഡി സര്‍ക്കാരിനെതിരായ സഖ്യത്തിലെ പ്രധാന കക്ഷിയാണ് കോണ്‍ഗ്രസ്. ഇടതുപക്ഷവും സഖ്യത്തിലുണ്ട്. കഴിഞ്ഞ തവണ, ബിജെപിയില്ലാത്ത കേരളത്തില്‍ സുരക്ഷിത മണ്ഡലം തേടിയെത്തിയ രാഹുല്‍ ഗാന്ധി പരമ്പരാഗത മണ്ഡലമായ അമേഠിയില്‍ ബിജെപിയോട് തോറ്റു. ബിജെപിയെ ഭയന്നോടി എന്ന പ്രചരണമാണ് സംഘ്പരിവാര്‍ ഉത്തരേന്ത്യയില്‍ അന്ന് അഴിച്ചുവിട്ടത്. അതവര്‍ക്ക് ഗുണമാവുകയും ചെയ്തു. ഇത്തവണയും കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ പട്ടികയില്‍ വയനാട്ടില്‍ രാഹുലിന്റെ പേര് തന്നെയാകുമ്പാേള്‍ ഉയരുന്ന ചോദ്യം കോണ്‍ഗ്രസ് ആരോടാണ് മത്സരിക്കുന്നത്, ആരാണ് മുഖ്യശത്രു എന്നാണ്.


ഇതുകൂടി വായിക്കൂ: നമ്മുടെ ഇന്ത്യ, അവരുടെ ഭാരതം


രാഹുൽ ഗാന്ധി എവിടെ മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് കോൺഗ്രസാണെന്ന് അവരുടെ നേതാവ് സച്ചിൻ പൈലറ്റ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മറ്റ് രാഷ്ട്രീയ പാർട്ടികൾ മണ്ഡലത്തിന്റെ കാര്യത്തിൽ അഭിപ്രായം പറയേണ്ടതില്ലെന്നും എല്ലാ കാലത്തും രാഹുൽ ഗാന്ധി ബിജെപിക്കെതിരെ നിലപാട് സ്വീകരിക്കുന്നയാളാണെന്നും സച്ചിന്‍ വിശദീകരിക്കുന്നു. ബിജെപി വിരുദ്ധ പോരാട്ടമാണ് രാഹുലിന്റെ നയമെന്ന് പറയുന്ന സച്ചിന്‍, പക്ഷേ രാഹുല്‍ വയനാട്ടിലുണ്ടാകുമോ എന്ന് വ്യക്തമാക്കിയിട്ടില്ല. ഇന്ത്യ സഖ്യം തകരുന്നുവെന്നത് വ്യാജ പ്രചരണമാണെന്ന് പറഞ്ഞ സച്ചിന്‍, രണ്ട് ഡസൻ പാർട്ടികളുള്ള മുന്നണിയാണ് ഇന്ത്യയെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്. ചിലർ പുറത്തുപോയതിന് കാരണം കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഭീഷണിയാണ്. ഈ വിഷയങ്ങൾ തെരഞ്ഞെടുപ്പിൽ പ്രചരണ വിഷയമാക്കുമെന്നും സച്ചിന്‍ പറയുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഇന്ത്യ സഖ്യം കേരളത്തിലെ മത്സരത്തിന് തടസമാകില്ലെന്നാണ് സച്ചിന്‍ പൈലറ്റിന്റെ മറ്റാെരു വാദം. ഇക്കുറി കേരളത്തില്‍ യുഡിഎഫ് 20ല്‍ 20 സീറ്റും നേടുമെന്ന് സച്ചിന്‍ അവകാശപ്പെട്ടു. ഇവിടെ കാലങ്ങളായി എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരം എന്നു പറഞ്ഞ സച്ചിന്‍ തന്നെ, എന്‍ഡിഎ വിരുദ്ധ പാര്‍ട്ടികള്‍ ഒരുമിച്ചു നില്‍ക്കേണ്ട സാഹചര്യമാണിതെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. അതേസമയം വയനാടിന് പകരം രാഹുല്‍ തെലങ്കാനയിലെയോ കര്‍ണാടകയിലെയോ എതെങ്കിലും മണ്ഡലത്തിലേക്ക് മാറിയേക്കുമെന്ന് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കര്‍ണാടകയിലോ തെലങ്കാനയിലോ രാഹുലിന്റെ സാന്നിധ്യമുണ്ടാകുന്നത് ദക്ഷിണേന്ത്യയില്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കാന്‍ സഹായകമാകുമെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം കണക്കുകൂട്ടുന്നതായും പത്രം ചൂണ്ടിക്കാട്ടുന്നു.
വയനാട്ടില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായി സിപിഐ ദേശീയ നേതാവ് ആനി രാജയാണ് മത്സരിക്കുന്നത്. ദേശീയ തലത്തിലെ രണ്ട് മുതിര്‍ന്ന നേതാക്കള്‍ പരസ്പരം ഏറ്റുമുട്ടുന്നത് മോശം ഇമേജാകും ഇന്ത്യ മുന്നണിക്ക് ഉണ്ടാവുകയെന്ന് വിവിധ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ബിജെപിയുടെ ആക്രമണത്തിന് ഇത് ശക്തിപകരുമെന്നും നേതാക്കള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധി വയനാടിനും കേരളത്തിനും വേണ്ടപ്പെട്ടയാള്‍ ആണെന്നായിരുന്നു സച്ചിന്‍ പൈലറ്റിന്റെ പ്രതികരണം.
കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുടെയും യുഡിഎഫ് എന്ന കേരളത്തിലെ അവരുടെ മുന്നണിയുടെയും രാഷ്ട്രീയ സത്യസന്ധത ഏറെക്കാലമായി സ്വന്തം അണികള്‍ക്കിടയില്‍ത്തന്നെ സംശയാസ്പദമാണ്. നരേന്ദ്ര മോഡിക്കോ കേന്ദ്ര ഭരണത്തിനോ എതിരെ ഒരക്ഷരം മിണ്ടാത്ത യുഡിഎഫ് നേതൃത്വം സംസ്ഥാനത്തിനെതിരെയുള്ള കേന്ദ്രത്തിന്റെ ക്രൂരമായ വിവേചനത്തിനും സാമ്പത്തിക ഉപരോധത്തിനും അനുഗുണമായ നിലപാടാണെടുത്തിരുന്നത്. ഇക്കഴിഞ്ഞദിവസം വിവാദപൂര്‍വം സമാപിച്ച കോണ്‍ഗ്രസിന്റെ സമരാഗ്നി ജാഥയിലുടനീളവും കുറ്റപ്പെടുത്തിയത് സംസ്ഥാന സര്‍ക്കാരിനെ മാത്രമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലമായിട്ടുപോലും കേന്ദ്രത്തിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഉരിയാടാന്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായില്ല. പാര്‍ട്ടിയിലെയും മുന്നണിയിലെയും പൊരുത്തക്കേടും നിലപാടില്ലായ്മയും തന്നെയാണ് രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വെളിപ്പെടുന്നത്.


ഇതുകൂടി വായിക്കൂ: ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ


മൂന്നാം സീറ്റ് വേണമെന്ന നിലപാടില്‍ മുസ്ലിം ലീഗ് നീരസത്തിലാണ്. അടുത്ത രാജ്യസഭാ സീറ്റ് ലീഗിന് നൽകിക്കൊണ്ട് പ്രതിസന്ധി അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ വിജയിച്ചുവെന്നാണ് യുഡിഎഫ് നേതൃത്വം അവകാശപ്പെടുന്നത്. പലസ്തീന്‍ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ ഇസ്രയേലിനോടുള്ള അഴകൊഴമ്പന്‍ നയത്തോടെ, നേരത്തേ അതൃപ്തരാണ് ലീഗ് നേതൃത്വവും അണികളും. അയോധ്യാ വിഷയത്തില്‍ സംഘ്പരിവാര്‍ നീക്കങ്ങളെ പ്രതിരോധിക്കാനും പ്രതിഷ്ഠാചടങ്ങില്‍ പങ്കെടുക്കില്ല എന്ന് തീരുമാനിക്കാനും രണ്ടാഴ്ചയോളം കാത്തിരിക്കേണ്ടി വന്ന കോണ്‍ഗ്രസ് നിലപാടിലും മുസ്ലിം ജനതയ്ക്ക് അസ്വസ്ഥതയുണ്ട്. ലീഗിന്റെ വോട്ട് ബാങ്ക് സമുദായമാണെന്നതുകൊണ്ട് അവരുടെ പിണക്കം മാറ്റാനാണ് ആദ്യം വരുന്ന രാജ്യസഭാ സീറ്റ് ലീഗിന് അടുത്ത സീറ്റ് കോൺഗ്രസിന് എന്ന ഫോർമുലയുണ്ടാക്കിയത്.
സാമുദായിക സന്തുലിതത്വം നിലനിർത്തിക്കൊണ്ട് സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കണമെന്ന വെല്ലുവിളിയും കോണ്‍ഗ്രസിനുണ്ട്. മുസ്ലിം, ഈഴവ സമുദായങ്ങൾക്ക് അർഹമായ പ്രതിനിധ്യം നൽകാൻ കഴിഞ്ഞില്ലെങ്കില്‍ തിരിച്ചടിയാകുമെന്ന് ചില നേതാക്കള്‍ പറയുന്നു. 2019ൽ മുസ്ലിം വിഭാഗത്തില്‍ നിന്ന് ഒരു കോണ്‍ഗ്രസ് എംപി പോലും കേരളത്തിൽ നിന്നുണ്ടായില്ല എന്ന പരാതി നിലനില്‍ക്കുന്നുണ്ട്. ഇടതുപക്ഷം നാല് മണ്ഡലങ്ങളിൽ മുസ്ലിം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചുവെന്ന് കോണ്‍ഗ്രസിലെ ‘സാമുദായിക മാനേജര്‍മാര്‍’ ചൂണ്ടിക്കാട്ടുന്നുണ്ട്. ഒമ്പത് തവണ മത്സരിച്ച പാര്‍ട്ടി പ്രവർത്തകസമിതിയംഗം കൊടിക്കുന്നിൽ സുരേഷ്, പത്തനംതിട്ടയിൽ ആന്റോ ആന്റണി എന്നിവരുടെ കാര്യത്തിലും കോണ്‍ഗ്രസില്‍ ഭിന്നാഭിപ്രായങ്ങളുണ്ട്. ഈ ആഭ്യന്തര കലാപങ്ങളെല്ലാം മറന്ന് അണികള്‍ പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ വേണ്ടിയാണ് രാഹുല്‍ഗാന്ധി വയനാട്ടില്‍ വേണമെന്ന് സംസ്ഥാന നേതൃത്വം ആവശ്യപ്പെടുന്നത്. സ്വന്തം നേട്ടം എന്നതിലുപരി, ഫാസിസ്റ്റ് വിരുദ്ധ ചേരിയുടെ വിജയത്തിന് ഇതുപകരിക്കുമോ എന്ന് പരിശാേധിക്കാനുള്ള രാഷ്ട്രീയ ധാര്‍മ്മികത, കോണ്‍ഗ്രസിനും യുഡിഎഫിനുമുണ്ടാവണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.