തപാല്‍ പണിമുടക്ക് ചരിത്ര വിജയം

Web Desk
Posted on June 06, 2018, 10:25 pm
കോഴിക്കോട് ഹെഡ്‌പോസ്റ്റ് ഓഫീസിന് മുന്നില്‍ നടന്ന ധര്‍ണ്ണയെ അഭിവാദ്യം ചെയ്ത് സി പി ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം സംസാരിക്കുന്നു

കോഴിക്കോട്: കഴിഞ്ഞ 16 ദിവസമായി അഖിലേന്ത്യാ വ്യാപകമായി ജി ഡി എസ് ജീവനക്കാര്‍ നടത്തി വന്ന പണിമുടക്ക് വിജയിച്ചു. 2016 ജനുവരി ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെ കമലേഷ് ചന്ദ്ര കമ്മിറ്റിയുടെ അനുകൂല ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ ഇന്നലെ ചേര്‍ന്ന കാബിനറ്റ് യോഗം തീരുമാനിച്ച സാഹചര്യത്തില്‍ ജീവനക്കാര്‍ പണിമുടക്ക് അവസാനിപ്പിച്ചു. കോഴിക്കോട് ഹെഡ്‌പോസ്റ്റ് ഓഫീസിന് മുന്നില്‍ ജീവനക്കാര്‍ മധുരം വിതരണം ചെയ്ത് ആഹ്ലാദ പ്രകടനം നടത്തി.
ഹെഡ് പോസ്റ്റ ഓഫീസില്‍ നടന്ന ആഹ്‌ളാദപ്രകടനത്തിലും ധര്‍ണ്ണയിലും സി പി ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം, അഡ്വ. മുഹമ്മദ് റിയാസ്, ടി സിദ്ധിഖ്, ടി വി ബാലന്‍, കെ ജി പങ്കജാക്ഷന്‍, ടി.ദാസന്‍, അഡ്വ.എം.രാജന്‍, എം.കെ.ബീരാന്‍, എ.വി.വിശ്വനാഥന്‍, എം.വിജയകുമാര്‍, ആര്‍ ജൈനേന്ദ്രകുമാര്‍, പി.രാധാകൃഷ്ണന്‍, എം.രവീന്ദ്രന്‍, സി.ഹൈദരാലി, എം.വിനോദ് കുമാര്‍, വസീഫ്, സച്ചിന്‍, പി.അപ്പു, കെ.മാധവന്‍, വി.ദിനേശ്, അഡ്വ.സുനീഷ് മാമി, കെ.രാജീവ്, കെ.പത്മകുമാര്‍, സി.കെ.വിജയന്‍ എന്നിവര്‍ സംസാരിച്ചു.
ആദ്യാവസാനം പണിമുടക്കിനെ ഹൃദയത്തിലേറ്റെടുത്ത പൊതുസമൂഹം, സര്‍വവിധ പിന്തുണയും നല്‍കിയ കേന്ദ്ര ‑കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെ സര്‍വീസ് സംഘടനകള്‍, തൊഴിലാളി സംഘടനകള്‍, കക്ഷിരാഷ്ട്രീയ ഭേദമെന്യേ പിന്തുണച്ച മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍, സമര സാഹചര്യങ്ങളും പ്രക്ഷോഭ വാര്‍ത്തകളും ജനേങ്ങളിലെത്തിച്ച മാധ്യമ സുഹൃത്തുക്കള്‍, സമരസഹായ സമിതി അംഗങ്ങള്‍ തുടങ്ങി ഒപ്പം നിന്ന സകലര്‍ക്കും ജെ സി എ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു.