10 January 2025, Friday
KSFE Galaxy Chits Banner 2

Related news

January 10, 2025
January 8, 2025
January 2, 2025
January 2, 2025
December 29, 2024
December 29, 2024
December 25, 2024
December 22, 2024
December 17, 2024
December 17, 2024

സൈബറിടത്തില്‍ വേട്ടക്കാര്‍ കൂടി; അപകീർത്തിപ്പെടുത്തൽ, വിദ്വേഷ പ്രചാരണ കേസുകളും കൂടി

കുറ്റകൃത്യങ്ങളിൽ കഴിഞ്ഞ വർഷവും വർധനവ്‌
എവിൻ പോൾ 
കൊച്ചി
January 10, 2025 9:14 pm

എവിൻ പോൾ കൊച്ചി: സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങളിൽ കഴിഞ്ഞ വർഷവും വർധനവെന്ന്‌ കണക്കുകൾ . സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോ പുറത്തു വിട്ട കണക്കനുസരിച്ച് പോയ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ട സൈബർ കേസുകളുടെ എണ്ണം 3346 ആണ്. കഴിഞ്ഞ 10 വർഷത്തിനിടെ ഏറ്റവും കൂടുതൽ സൈബർ ക്രൈം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് 2024ൽ ആണ്. അപകീർത്തിപ്പെടുത്തൽ, വിദ്വേഷ പ്രചരണങ്ങള്‍ എന്നിവ സംബന്ധിച്ചുള്ള കേസുകളും ഇക്കാലയളവിൽ വർധിച്ചു. സംസ്ഥാനത്ത് 2016 മുതൽ 2024 വരെയുള്ള സൈബർ കുറ്റകൃത്യങ്ങളുടെ കണക്ക് പരിശോധിച്ചാൽ, 2016ൽ 283 സൈബർ കുറ്റകൃത്യങ്ങളായിരുന്നു റിപ്പോർട്ട് ചെയ്തത്. 2017ൽ കേസുകളുടെ എണ്ണം 320 ആയി. 2018ൽ 340, 2019ൽ 307, 2020ൽ 426, 2021ൽ 626, 2022ൽ 815 എന്നിങ്ങനെയായിരുന്നു കേസുകളുടെ എണ്ണം. 2023ഓടെ സംസ്ഥാനത്തെ സൈബർ കേസുകൾ കുതിച്ച് ഉയർന്നു. പതിവിൽ നിന്ന് വിപരീതമായി പരാതികളുമായി സൈബർ പൊലീസിനെ സമീപിക്കുന്നവരുടെ എണ്ണം കൂടിയതോടെ 3295 കേസുകളാണ് ഇക്കാലയളവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. സൈബർ ഭീഷണി ആർക്ക് നേരെയും എപ്പോൾ വേണമെങ്കിലും സംഭവിക്കാം. മൊബൈൽ ഫോൺ അടക്കം ഇന്റർനെറ്റ് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ഏതൊരു ഇലക്ട്രോണിക്സ് ഉപകരണം വഴിയുള്ള ഉപദ്രവവും സൈബർ ബുള്ളിയിങിന്റെ പരിധിയിൽ വരുന്നതാണ്. അപകീർത്തിപ്പെടുത്തിയും ഭീഷണിപ്പെടുത്തിയുമുള്ള ഇ മെയിലുകൾ, മോർഫ് ചെയ്ത ചിത്രങ്ങളും വീഡിയോകളും അശ്ലീല ചിത്രങ്ങളും വീഡിയോകളും അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റുകളുമെല്ലാം സൈബർ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നവയാണ്. 

സമൂഹമാധ്യമത്തിലൂടെ വ്യക്തികളോ വാർത്താ, മറ്റ് ഇതര മാധ്യമങ്ങളോ പങ്കുവയ്ക്കുന്ന ചിത്രങ്ങൾ, വീഡിയോ തുടങ്ങിയ പോസ്റ്റുകൾക്ക് താഴെ വരുന്ന കമന്റുകളും അപകീർത്തികരവും അപമാനിക്കുന്നതും ലൈംഗീകമായി അധിക്ഷേപിക്കുന്നതും വെറുപ്പും വിദ്വേഷവും ഉളവാക്കുന്നവയാകാറുണ്ട്. ഇത്തരം പ്രവർത്തനങ്ങളും സൈബർ കുറ്റകൃത്യങ്ങളെ വളരെയധികം പ്രോത്സാഹിപ്പിക്കുന്നുണ്ട്. പരാതികൾ ഉയരാത്തത് കുറ്റകൃത്യങ്ങൾ ആവർത്തിക്കാൻ കൂടുതൽ പ്രചോദനമാകുകയാണ് പതിവ്. കൂടുതൽ പേരും മൊബൈൽ ഫോണിന്റെ സ്വാധീന വലയത്തിലകപ്പെട്ടതോടെ വാട്സ്ആപ്പ്, സ്കൈപ്പ്, ഇന്റർനെറ്റ്, ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയവയെല്ലാം ഉപയോഗിക്കുന്നവർ അതീവ ജാഗ്രത പാലിച്ചില്ലെങ്കിൽ വലിയ പ്രത്യാഘാതങ്ങളാണ് ഉണ്ടാകുക. വിവരസാങ്കേതികവിദ്യാ നിയമം അനുസരിച്ച് ഒരു വ്യക്തിയെക്കുറിച്ച് ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ ദുഷ‌്പ്രചരണം നടത്തുന്നതും സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതും കൈമാറുന്നതും മൂന്ന് വർഷം വരെ തടവും അഞ്ചുലക്ഷം വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. കുറ്റം ആവർത്തിക്കുന്നവർക്ക് അഞ്ച് വർഷം വരെ തടവും 10 ലക്ഷം പിഴയും ശിക്ഷ ലഭിക്കും. തെളിവുകളായി സ്ക്രീൻ ഷോട്ട്, ശബ്ദ റെക്കോഡ് സഹിതം ഏറ്റവും അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ, https://cyberdome.kerala.gov.in, https://cybercrime.gov.in തുടങ്ങിയ വെബ്സൈറ്റുകളിലൂടെയോ പരാതി നൽകാം. 112 ആണ് സൈബർ കുറ്റകൃത്യങ്ങൾ അറിയിക്കാനുള്ള ടോൾ ഫ്രീ നമ്പർ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.