26 April 2024, Friday

Related news

February 28, 2024
January 15, 2024
January 12, 2024
January 1, 2024
December 14, 2023
December 13, 2023
October 28, 2023
August 14, 2023
July 13, 2023
June 2, 2023

വില കുതിച്ചുയരുന്നു: നോക്കുകുത്തിയായി കേന്ദ്രം

Janayugom Webdesk
തിരുവനന്തപുരം
August 7, 2022 9:34 pm

വിലക്കയറ്റ നിയന്ത്രണം നരേന്ദ്രമോഡി സർക്കാർ ഉപേക്ഷിച്ചു. സാധാരണക്കാരുടെ ജീവിതം താളംതെറ്റിച്ച് അവശ്യസാധനവില കുതിച്ചുയർന്നു. പച്ചക്കറി, ധാന്യങ്ങൾ എന്നിവയുടെ വില കഴിഞ്ഞ രണ്ടു മാസങ്ങളിൽ 15 ശതമാനത്തിലേറെയാണ് കൂടിയത്. എന്നിട്ടും വില നിയന്ത്രണ നടപടികൾ ആരംഭിക്കുമെന്ന പ്രഖ്യാപനം പാേലുമില്ല.
വിലക്കയറ്റം ഒരു രാജ്യത്തിന് മാത്രം നിയന്ത്രിക്കാനാകില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ആഗോളതലത്തിലുള്ള വർധനയാണെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമനും കഴിഞ്ഞ ദിവസങ്ങളിൽ പ്രസ്താവനയിറക്കി. മറ്റ് പല രാജ്യങ്ങളിലും പണപ്പെരുപ്പ നിരക്ക് കൂടുതലാണെന്നും രാജ്യത്ത് അത്രയധികം ഇല്ലാത്തതിൽ ഇന്ത്യക്കാർ സന്തോഷിക്കണമെന്നുമായിരുന്നു ധനമന്ത്രിയുടെ വാദം.
ജൂൺ അവസാനത്തിൽ ഗോതമ്പിന്റെയും മാവിന്റെയും വില 10 ശതമാനം വർധിച്ചു. പച്ചക്കറി വിലക്കയറ്റം സൂചിക വർഷാരംഭത്തിൽ അഞ്ച് ശതമാനമായിരുന്നത് ജൂണിൽ 17.4 ശതമാനമായി. ആഗോള വിപണിയിലെ ഉയർന്ന വില കാരണം കഴിഞ്ഞമാസങ്ങളിൽ പാം ഓയിൽ വിപണിക്ക് തീപിടിച്ചിരുന്നു. ഇന്ത്യൻ പാചകത്തിൽ എണ്ണ അനിവാര്യമായതിനാൽ ദരിദ്രകുടുംബങ്ങളുടെ ബജറ്റ് താളംതെറ്റി. അവശ്യവസ്തുക്കളുടെ ഉയർന്ന വിലകൂടി ആയതോടെ അത് കൂടുതൽ ദുഷ്കരമായി. സുഗന്ധവ്യഞ്ജനങ്ങളുടെ വിലക്കയറ്റ സൂചിക ജനുവരിയിലെ 4.7 ശതമാനത്തിൽ നിന്ന് ജൂണിൽ 11 ആയി ഉയർന്നു.
പാലും പാലുല്പന്നങ്ങളും, മാംസവും മത്സ്യവും കൂടുതൽ ചെലവേറിയതായി മാറിയിരിക്കുന്നു. മാംസത്തിന്റെയും മത്സ്യത്തിന്റെയും വിലസൂചിക ജനുവരിയിലെ 5.5 ശതമാനത്തിൽ നിന്ന് ജൂൺ അവസാനത്തോടെ 8.6 ശതമാനം ഉയർന്നപ്പോൾ പാലും ഉല്പന്നങ്ങളും 4.1 ശതമാനത്തിൽ നിന്ന് 6.1 ശതമാനമായി. പെട്രോളിയം ഉല്പന്നങ്ങളുടെ പണപ്പെരുപ്പ നിരക്ക് ജനുവരിയിലെ 9.3 ശതമാനം ജൂണിൽ 10.4 ആയി ഉയർന്നു. ഇത് മറ്റ് സാധനങ്ങളുടെ വില വർധിപ്പിക്കുന്നതിന്റെ അടിസ്ഥാന ഘടകമാണ്.
പൊതുവിതരണ സമ്പ്രദായത്തിൽ കൂടുതൽ സാധനങ്ങൾ ഉൾപ്പെടുത്തുകയും കൂടുതൽ കുടുംബങ്ങളെ പിഡിഎസ് സംവിധാനം വിപുലീകരിക്കുകയും ചെയ്യുകയാണ് വിലക്കയറ്റത്തിൽ ആശ്വാസം നല്കാൻ വേണ്ടതെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. പെട്രോളിയം ഇന്ധനച്ചെലവ് കുറയ്ക്കാനും പൂഴ്ത്തിവയ്പിനും കരിഞ്ചന്തയ്ക്കും എതിരെ കർശനമായ നടപടികൾ കൈക്കൊള്ളാനും സർക്കാർ തയാറാകണമെന്നും ആവശ്യമുയർന്നിരുന്നു. കോവിഡ് വ്യാപനത്തിന്റെ അനന്തരഫലങ്ങൾ അനുഭവിക്കുന്ന കുടുംബങ്ങൾക്ക് വരുമാന പിന്തുണ നൽകണമെന്നും ആവശ്യമുയർന്നിരുന്നു.
എന്നാൽ തൈര്, ലസ്സി, പനീർ, മുൻകൂട്ടി പാക്കേജ് ചെയ്ത ഗോതമ്പ്, അരി തുടങ്ങി നിരവധി ദൈനംദിന ഉപയോഗത്തിനുള്ള വസ്തുക്കൾ എന്നിവയ്ക്ക് ചരക്ക് സേവന നികുതി (ജിഎസ്‌ടി) ഏർപ്പെടുത്തുകയാണ് കേന്ദ്രം ചെയ്തത്. ഇത് പിൻവലിക്കണമെന്ന ആവശ്യം സംസ്ഥാനങ്ങൾ മുന്നോട്ടു വച്ചിട്ടും കേന്ദ്രം ചെവിക്കൊണ്ടില്ല.
എന്നാൽ ചെറുകിട വ്യാപാരികളും ചെറുകിട സംരംഭകരും വില്ക്കുന്ന അവശ്യസാധനങ്ങളിൽ ജിഎസ്‍ടി ചുമത്തില്ലെന്ന് കേരളം പ്രഖ്യാപിച്ചിട്ടുണ്ട്. 

ലോകത്തെ ഊട്ടുമെന്ന് പറഞ്ഞ സര്‍ക്കാര്‍ ഇറക്കുമതിക്കൊരുങ്ങുന്നു

ന്യൂഡൽഹി: ഗോതമ്പിന്റെ വിലക്കയറ്റം തുടരുന്ന സാഹചര്യത്തിൽ ഏതാനും മാസങ്ങൾക്കുള്ളിൽ ഇതിന്റെ ഇറക്കുമതിക്ക് ഇന്ത്യയെ പ്രേരിപ്പിച്ചേക്കുമെന്ന് സൂചന. ‘ലോകത്തിന് ഭക്ഷണം’ നല്കാൻ രാജ്യം തയാറാണ് എന്ന് വീമ്പിളക്കിയ പ്രധാനമന്ത്രിക്കും സർക്കാരിനും കനത്ത തിരിച്ചടിയാകുമിത്.
ആഭ്യന്തര ലഭ്യത ഉറപ്പുവരുത്തുന്നതിനും ഭക്ഷ്യ വിലക്കയറ്റം നിയന്ത്രിക്കുന്നതിനുമായി മേയിൽ രാജ്യം കയറ്റുമതി നിരോധനം പ്രഖ്യാപിച്ചു. എന്നാൽ ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയത്തിന്റെ കണക്കുകൾ കാണിക്കുന്നത് ഗോതമ്പിന്റെ വില കുതിച്ചുയരുകയാണെന്നാണ്. ഓഗസ്റ്റ് ആറിലെ കണക്കനുസരിച്ച് ഗോതമ്പ്, മാവ് (ആട്ട) എന്നിവയുടെ വില യഥാക്രമം 14 ശതമാനവും 19 ശതമാനവും ഉയർന്നിട്ടുണ്ട്. ഗോതമ്പ് മാവ് വില ഡൽഹിയിൽ 21 ശതമാനവും മുംബൈയിൽ 29 ശതമാനവും കൊൽക്കത്തയിൽ 46 ശതമാനവും ഉയർന്നതാണ്.
റഷ്യ‑ഉക്രെയ്ൻ ധാരണയനുസരിച്ച് കഴിഞ്ഞമാസം ഉക്രെയ്‍നിൽ നിന്ന് കയറ്റുമതി തുടങ്ങിയതോടെ അന്താരാഷ്ട്രതലത്തിൽ ഗോതമ്പ് വില 14.5 ശതമാനം ഇടിഞ്ഞു. അന്താരാഷ്ട്ര വില കുറയുകയും ആഭ്യന്തര വില ഉയരുകയും ചെയ്യുന്നതോടെ ഇന്ത്യ ഗോതമ്പ് ഇറക്കുമതിക്ക് അനുമതി നൽകുമെന്നാണ് വ്യാപാരികൾ പറയുന്നത്. എന്നാൽ ഗോതമ്പിന്റെ കരുതൽ ശേഖരം ആവശ്യമുള്ളതിനെക്കാൾ കൂടുതലാണെന്ന് സർക്കാർ പറയുന്നു. ജൂലൈ 22ൽ മാനദണ്ഡമായ 27.6 ദശലക്ഷം ടണ്ണിനു പകരം 27.8 ദശലക്ഷം ടൺ ഗോതമ്പ് സർക്കാർ സംഭരണികളിലുണ്ട്. 

Eng­lish Sum­ma­ry: Price surges; Cen­tral gov­ern­ment doing nothing

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.