16 September 2024, Monday
KSFE Galaxy Chits Banner 2

Related news

September 16, 2024
September 16, 2024
September 14, 2024
September 13, 2024
September 13, 2024
September 12, 2024
September 12, 2024
September 11, 2024
September 11, 2024
September 9, 2024

ഗുണമേന്മാ വിദ്യാഭ്യാസത്തിനാവശ്യം നിരന്തര നവീകരണം

വി ശിവന്‍കുട്ടി
പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി
September 5, 2024 4:30 am

“അധ്യാപകർ ഓരോരുത്തരും ഓരോ നിർമ്മാണശാലകളാകുന്നു. കഠിനാധ്വാനികളും വിശാലമനസ്കരും ആയിരിക്കണം അവർ. കെട്ടിനിൽക്കുന്ന ജലാശയത്തിന് പകരം ഒഴുകുന്ന അരുവിയായിരിക്കണം അധ്യാപകർ” — ഡോ. എസ് രാധാകൃഷ്ണന്റെ വാക്കുകളാണിവ. വർഷങ്ങൾക്കു മുമ്പ് അധ്യാപകരെ സംബന്ധിച്ച് മുന്നോട്ടുവച്ച സങ്കല്പനങ്ങൾക്ക് കൂടുതൽ പ്രാധാന്യം കൈവരുന്ന ഒരു ഘട്ടത്തിലാണ് ഈ വർഷത്തെ അധ്യാപകദിനം കടന്നുവരുന്നത്.
നിർമ്മാണശാലകളിലാണ് ജീവരാശിക്കാവശ്യമായ ഉല്പന്നങ്ങൾ നിർമ്മിക്കുന്നത്. നമ്മൾ മനോഹരമായ ഉല്പന്നങ്ങളാണെങ്കിലും അത് രൂപപ്പെടുന്നത് ശാസ്ത്രീയമായ പ്രക്രിയകളിലൂടെയാണ്. ആ പ്രക്രിയകളിൽ പിഴച്ചാൽ ഉല്പന്നത്തിന്റെ ഗുണതയിൽ സ്വാഭാവികമായും പ്രതിഫലിക്കും. ഉല്പന്നത്തിന്റെ പുറംമോടി നല്ലതാക്കാൻ വഴികൾ ഉണ്ടാകാം. എന്നാൽ ആന്തരികദൗർബല്യം പരിഹരിക്കാൻ മിനുക്കുപണികളിലൂടെ ഒരിക്കലും കഴിയില്ല. അതുപോലെ പ്രധാനപ്പെട്ട നിലപാടാണ് അധ്യാപകർ കെട്ടിനിൽക്കുന്ന ജലാശയം പോലെയാകരുത് എന്നും ഒഴുകുന്ന അരുവികളാകണം എന്നുമുള്ള നിലപാട്. സ്വയം നിരന്തരം നവീകരിക്കപ്പെടുന്ന അധ്യാപകർക്ക് മാത്രമേ ഒഴുകുന്ന അരുവികളാകാൻ കഴിയൂ എന്നാണ് ഡോ. രാധാകൃഷ്ണൻ പറഞ്ഞുവയ്ക്കുന്നത്. അതിനാണെങ്കിലോ കഠിനാധ്വാനവും വിശാലമനസ്കതയും അനിവാര്യമാണെന്നും അദ്ദേഹം ഓർമ്മപ്പെടുത്തുന്നു.
ഇന്ത്യ കണ്ട ഏറ്റവും പ്രതിഭാശാലിയായ അധ്യാപകനും മികച്ച രാജ്യതന്ത്രജ്ഞനും നമ്മുടെ പ്രഥമ ഉപരാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയുമായ ഡോ. എസ് രാധാകൃഷ്ണന്റെ ജന്മദിനം നമുക്ക് അധ്യാപക ദിനമാണ്. അദ്ദേഹത്തിന്റെ ജന്മദിനം ആചരിക്കാൻ ശിഷ്യർ താല്പര്യപ്പെട്ടപ്പോൾ അത് വ്യക്തിപരമാകരുത് എന്നും എല്ലാ അധ്യാപകരുടേതുമാകണമെന്നും ഉള്ള നിലപാടാണ് അധ്യാപക ദിനാചരണത്തിലേക്ക് നയിച്ചത്. അദ്ദേഹത്തിന്റെ കൂട്ടായ്മാബോധമാണ് ഇത്തരമൊരു ദിനാചരണത്തിന് നിദാനം.
കേരളത്തിന്റെ എല്ലാവിധ നേട്ടങ്ങൾക്കും വേണ്ടി നടന്ന പോരാട്ടത്തിന്റെ മുൻപന്തിയിൽ ഉണ്ടായിരുന്നത് അധ്യാപകരാ‌യിരുന്നു. അധ്യാപനത്തെ കേവലം ശമ്പളം വാങ്ങുന്ന തൊഴിലിനപ്പുറം ഒരു സാമൂഹിക പ്രവർത്തനമായിട്ടായിരുന്നു അധ്യാപകർ കണ്ടിരുന്നത്. ഈ മനോഭാവം കുറഞ്ഞു വരുന്നുണ്ടോ എന്ന് ആത്മപരിശോധന കൂടി നടത്തേണ്ട ദിനമാണ് അധ്യാപകദിനം. മതനിരപേക്ഷത, ജനാധിപത്യം, അനുതാപം തുടങ്ങിയ മൂല്യങ്ങൾ സമൂഹത്തിന്റേതാക്കി വികസിപ്പിക്കുന്നതിൽ മുൻകാല അധ്യാപക ശ്രേഷ്ഠർ വഹിച്ച പങ്ക് അനന്യമാണ്. ഇതിന്റെയെല്ലാം പ്രാധാന്യവും പ്രസക്തിയും വർധിച്ച ഒരു കാലഘട്ടമാണിത്.
ശാസ്ത്രവും സാങ്കേതികവിദ്യയും അനുനിമിഷം വികസിച്ചുകൊണ്ടിരിക്കുകയാണ്. പാഠപുസ്തകങ്ങളിൽ കൊടുത്ത അറിവിനപ്പുറത്തേക്ക് കുട്ടിയുടെ അറിവ് വികസിപ്പിക്കുക എന്ന അതിസങ്കീർണമായ വെല്ലുവിളി ഏറ്റെടുക്കേണ്ട കാലമാണിത്. അറിവിന്റെതലത്തിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ അതാതവസരങ്ങളിൽ ഉൾക്കൊള്ളുന്ന അധ്യാപകർക്ക് മാത്രമേ കാലത്തിന്റെ വെല്ലുവിളികൾ ഏറ്റെടുക്കാൻ കഴിയൂ. സാങ്കേതികവിദ്യാ രംഗത്ത് കുട്ടികൾ മുതിർന്നവരെക്കാൾ അതിവേഗം മുന്നേറുന്നു എന്ന യാഥാർത്ഥ്യവും ഉണ്ട്. ഈ യാഥാർത്ഥ്യങ്ങളെ ഉൾക്കൊണ്ട് മാത്രമേ ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിനായുള്ള പ്രവർത്തനങ്ങളുടെ നേതൃസ്ഥാനത്ത് അധ്യാപകർക്ക് നിലകൊള്ളാൻ കഴിയൂ.
കുട്ടികളെ അരിച്ച് പുറത്തുകളയുക എന്നത് നമ്മുടെ നയമല്ല. എല്ലാവരെയും ഉൾച്ചേർക്കുക, ഉൾക്കൊള്ളുക എന്നതാണ് നയം. എന്നാൽ ഈ പ്രവർത്തനങ്ങൾ ചിലയിടങ്ങളിലെങ്കിലും യാന്ത്രികമായാണോ നടക്കുന്നത് എന്ന ചോദ്യം ഉയർന്നുവരുന്നുണ്ട്. ദേശീയാടിസ്ഥാനത്തിൽ നടക്കുന്ന സർവേകളും പഠനങ്ങളും ഇത്തരം ചോദ്യങ്ങൾ ഉയർത്തുന്നു. ഇതിനെ കാണാതെ നമുക്ക് മുന്നേറാൻ കഴിയില്ല. ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശമാണ്. പാഠ്യപദ്ധതി വിഭാവനം ചെയ്ത ലക്ഷ്യങ്ങൾ അതത് ക്ലാസുകളിൽ വച്ച് എല്ലാ കുട്ടികളും നേടിയെന്ന് നമുക്ക് ഉറപ്പാക്കാൻ കഴിയണം. ഇപ്പോൾ അതിന് കഴിയുന്നില്ല എന്ന വിമർശനവുമുണ്ട്. അത് പരിഗണിക്കണം. കുട്ടികളുടെ പഠനനില അതത് ഘട്ടങ്ങളിൽ തിരിച്ചറിയാനും ആവശ്യമുള്ളവർക്ക് പഠനപിന്തുണ ഉറപ്പാക്കാനുമുള്ള ഉപാധികളായി വിലയിരുത്തലുകൾ അഥവാ പരീക്ഷകൾ മാറണം.
കേരളം വിജ്ഞാനസമൂഹമായി പരിവർത്തിക്കാനുള്ള യജ്ഞത്തിലാണ്. വിജ്ഞാനസമൂഹം എന്നത് നിരന്തരം അറിവ് സൃഷ്ടിക്കുന്ന സമൂഹമാണ്. അതിന് കഴിയണമെങ്കിൽ ഏറ്റവും അവസാനം കണ്ടെത്തിയ അറിവും ഉൾക്കൊള്ളാനും സ്വന്തം ജീവിതസാഹചര്യത്തിൽ പ്രയോജനപ്പെടുത്താനും കുട്ടികൾക്ക് കഴിയണം. കേവലം പാഠപുസ്തകത്തിലെ കാര്യങ്ങൾ കാണാപ്പാഠം പഠിച്ചതുകൊണ്ട് അതിജീവന നൈപുണിയുണ്ടാവില്ല. ഇവിടെയാണ് ‘പഠിക്കാൻ പഠിക്കുക’ എന്ന ലോകമെമ്പാടും അംഗീകരിച്ച നിലപാടിന്റെ പ്രസക്തി. അങ്ങനെയെങ്കിൽ നമ്മുടെ പഠന സമീപനം പ്രക്രിയാബന്ധിതമാകണം. സമയം ആവശ്യമുള്ളൊരു കാര്യമാണിത്. ഇതിനായി അധ്യാപകരും കുട്ടിയും മുഖാമുഖ പഠനത്തിനായി പാഠ്യപദ്ധതി നിഷ്കർഷിച്ച സമയം ലഭ്യമാകുന്നു എന്ന് ഉറപ്പാക്കാൻ കഴിയേണ്ടതുണ്ട്.
അധ്യാപകരുടെ അവകാശ സംരക്ഷണത്തോടൊപ്പം പ്രധാനമാണ് പഠിക്കാനുള്ള കുട്ടിയുടെ അവകാശം സംരക്ഷിക്കപ്പെടുക എന്നത്. ഇതെല്ലാം തുറന്നു സംവദിക്കുന്ന അവസരമാകണം അധ്യാപകദിനം. അധ്യാപകരെക്കുറിച്ച് രവീന്ദ്രനാഥ ടാഗോർ വിഭാവനം ചെയ്തതുകൂടി കുറിക്കട്ടെ. “സർഗാത്മക സന്തോഷത്തിന്റെ വാഹകരായി പഠിതാക്കളെ മാറ്റിയെടുക്കുന്നവരാണ് അധ്യാപകർ”. ഇത് എങ്ങനെ യാഥാർത്ഥ്യമാക്കാം എന്ന് തുറന്നമനസോടെ സംവദിക്കാനുള്ള അവസരം കൂടിയാണ് അധ്യാപക ദിനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.