5 May 2024, Sunday

രാജ്യമൊട്ടാകെ മഴ തകർത്തു; കുറവ് ദക്ഷിണേന്ത്യയിൽ

പ്രദീപ് ചന്ദ്രൻ
കൊല്ലം:
July 11, 2023 11:14 pm

ജൂൺ ഒന്നു മുതൽ ജൂലൈ 10വരെയുള്ള കാലയളവിൽ രാജ്യത്ത് സാധാരണ ലഭിക്കുന്നതിനെക്കാൾ അധിക മഴ ലഭിച്ചുവെങ്കിലും കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മഴയുടെ അളവിൽ കുറവ് രേഖപ്പെടുത്തി. തമിഴ്‌നാടിന്റെ ചില ഭാഗങ്ങളിലും ആന്ധ്രയുടെ തീരമേഖലകളും ഒഴിച്ചാൽ തെക്കേ ഇന്ത്യയിൽ 23 ശതമാനം മഴ കുറവാണ്. അതേ സമയം ഹിമാചൽ, പഞ്ചാബ്, ഹരിയാന, ഛത്തീസ്ഗഢ്, ഗുജറാത്ത്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന വടക്ക് പടിഞ്ഞാറൻ മേഖലയിൽ 64 ശതമാനം അധിക മഴ ലഭിച്ചു. ജൂൺ മാസത്തിൽ രാജ്യത്ത് ലഭിച്ച മൊത്തം മഴയുടെ അളവിൽ 40 ശതമാനം കുറവായിരുന്നു ഉണ്ടായിരുന്നതെങ്കിൽ ജൂലൈ ആദ്യ ആഴ്ചയിൽ മാത്രം 104 ശതമാനം അധിക മഴ ലഭിച്ചു.

ഹിമാചൽ, യുപി, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ ജൂലൈ ഒൻപതിന് മാത്രം 28.5 മി.മീ മഴ പെയ്തതായാണ് കണക്ക്. സാധാരണ ലഭിക്കാറുള്ളതിലും അഞ്ചിരട്ടി മഴയാണിത്. രാജ്യത്തിന്റെ അഞ്ച് മേഖലകളിലും കൂടി ഒരു ദിവസം ലഭിച്ച മഴയുടെ കണക്കെടുത്താൽ ഇതൊരു സർവകാല റെക്കോഡ് ആണ്. തെക്കുപടിഞ്ഞാറൻ കാലവർഷം ആരംഭിച്ചതിനു ശേഷം രാജ്യത്തൊട്ടാകെ രണ്ട് ശതമാനം അധിക മഴ ലഭിച്ചതായാണ് കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൂട്ടൽ. രാജ്യത്തിന്റെ അഞ്ച് മേഖലകളിലെ 36 സബ് ഡിവിഷനുകളിൽ 15ലും 20 ശതമാനം മഴക്കുറവ് അനുഭവപ്പെട്ടു. അതേ സമയം ഹിമാചൽ, രാജസ്ഥാൻ, പഞ്ചാബ് തുടങ്ങിയ വടക്കുപടിഞ്ഞാറൻ മേഖലയിലെ ഒൻപതിൽ അഞ്ച് സബ് ഡിവിഷനുകളിലും 60 ശതമാനമോ അതിൽ അധികമോ മഴ ലഭിച്ചതായാണ് കണക്ക്. മറ്റ് രണ്ടിടങ്ങളിൽ 20 മുതൽ 59 ശതമാനം അധിക മഴയും മറ്റ് രണ്ടിടങ്ങളിൽ സാധാരണ അളവിലും മഴ ലഭിച്ചു. ഗുജറാത്ത്, പടിഞ്ഞാറൻ രാജസ്ഥാൻ, മധ്യപ്രദേശ്, യുപിയുടെ പടിഞ്ഞാറൻ മേഖലകൾ എന്നിവിടങ്ങളിൽ ജൂൺ മാസത്തിൽ സാധാരണ വലിയ മഴ ലഭിക്കാറില്ല. എന്നാൽ ഇക്കുറി ബിപോർജോയ് ചുഴലിക്കാറ്റിന്റെ സ്വാധീനമാണ് അധിക മഴ ലഭിക്കാനിടയാക്കിയത്. ഇതിനു പുറമെ മെഡിറ്ററേനിയൻ മേഖലയിൽ നിന്ന് ഉത്ഭവിക്കുന്ന ഉഷ്ണമേഖല കൊടുങ്കാറ്റിന്റെ സ്വാധീനം മൂലം ചൂടേറിയ മാസങ്ങളിൽ വീശുന്ന പടിഞ്ഞാറൻ കാറ്റിന്റെ സ്വാധീനവും ഈ മേഖലയിൽ അധിക മഴ ലഭിക്കാൻ കാരണമായി.

രാജ്യത്തിന്റെ മധ്യ മേഖലകളിലും ഇക്കുറി നല്ല മഴ ലഭിച്ചു. എന്നാൽ മഹാരാഷ്ട്രയുടെ ഉൾപ്രദേശങ്ങൾ, ഛത്തീസ്ഗഢ്, ഒഡിഷ എന്നിവിടങ്ങളിൽ മഴ കുറവായിരുന്നു. അസം, മേഘാലയ എന്നീ സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന വടക്കു കിഴക്കൻ മേഖലകളിൽ 19 ശതമാനം മഴക്കുറവ് രേഖപ്പെടുത്തി. ഇവിടെ രണ്ട് സബ് ഡിവിഷനുകളിൽ മാത്രമാണ് സാമാന്യം നല്ല മഴ ലഭിച്ചത്. അടുത്ത 10 ദിവസത്തിനുള്ളിൽ കാലവർഷം വീണ്ടും സജീവമാകുന്നതോടെ രാജ്യത്തിന്റെ മൊത്തം മേഖലകളിലെയും മഴക്കുറവ് പരിഹരിക്കപ്പെടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അനുമാനം.

Eng­lish Sum­ma­ry: Rain rav­aged the entire coun­try; Less in South India

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.