റോസമ്മ പുന്നൂസ്, കൂത്താട്ടുകുളം മേരി, ഭാർഗവി തങ്കപ്പൻ, രമണി ജോര്‍ജ്, കമലാ സദാനന്ദൻ… ഇങ്ങനെ കേരള മഹിളാസംഘത്തിന്റെ പോരാളികളായിരുന്ന നേതാക്കൾക്കൊപ്പം സംസ്ഥാന ഭാരവാഹിയായി ഞാനും ദീർഘകാലം പ്രവർത്തിച്ചു. മഹിളാ പ്രസ്ഥാനത്തിന്റെ ജില്ലകൾ തോറുമുള്ള സംഘാടന കാലഘട്ടമായിരുന്നു അതെല്ലാം. ഒപ്പം ശക്തമായ പ്രക്ഷോഭത്തിന്റെയും. സ്ത്രീധനത്തിന്റെ പേരിൽ ദുരിതമനുഭവിക്കുന്നവർക്കായി ശബ്ദമുയർത്താൻ മഹിളകളെ സജ്ജരാക്കുന്നതിൽ രമണി ജോര്‍ജിനോടൊപ്പം ഭാരവാഹിയായിരുന്ന കാലയളവിലെ പ്രവർത്തനങ്ങൾ സ്മരണീയമാണ്. രമണി ജോര്‍ജ് ഈ ലോകത്തോട് വിടപറഞ്ഞിരിക്കുന്നു. പാർട്ടിയുടെ വലിയ പിന്തുണയാണ് കാസർകോട് മുതൽ തിരുവനന്തപുരം വരെ മുഴുവൻ ജില്ലകളിലും സംഘടനാഘടകങ്ങളെ ശക്തമാക്കുന്നതിന് ഞങ്ങൾക്ക് ലഭിച്ചത്. പിന്നീടിങ്ങോട്ട് ഊർജസ്വലരായ വലിയൊരുകൂട്ടം ചെറുപ്പക്കാരായ നേതാക്കളും പ്രവർത്തകരും കേരള മഹിളാസംഘത്തെ നയിക്കുന്നതിൽ പഴയകാലഘട്ടത്തിലെ ഭാരവാഹികളെന്ന നിലയിൽ ഞങ്ങൾക്കെല്ലാം ആവേശവും സന്തോഷവും പകർന്നുനൽകിയിട്ടുണ്ട്.
രമണി ജോർജിനോടൊപ്പവും അതിന് മുമ്പും ശേഷവുമെല്ലാം ഉള്ള സാമൂഹിക പശ്ചാത്തലം സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഇന്നത്തേതിൽ നിന്ന് വലിയ വ്യത്യാസമുള്ളതൊന്നുമല്ല. ലോകത്തെമ്പാടും സ്ത്രീകൾ സ്വാതന്ത്ര്യത്തിനും സമത്വത്തിനും വേണ്ടി പോരാടുകയും വിജയം കൈവരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന കാലഘട്ടം കൂടിയായിരുന്നു അത്. മിക്കവാറും എല്ലാ സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളിലും സ്ത്രീകൾ വിവിധ രംഗങ്ങളിൽ പുരുഷന്മാർക്കൊപ്പം തുല്യരായി. എന്നാൽ നമ്മുടെ രാജ്യത്താകട്ടെ സ്ത്രീകളുടെ നേർക്കുള്ള കടന്നാക്രമണങ്ങളും മർദ്ദനങ്ങളും വർധിച്ചുകൊണ്ടിരുന്ന നാളുകള്‍. രാജ്യത്തെ ഭരണഘടനയുടെ പ്രത്യേകതയെന്നോണം ഇവിടെ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കൂടിക്കൊണ്ടിരുന്നു. ഓരോ മണിക്കൂറിൽ ഒരു ബലാത്സംഗവും ഓരോ 12 മണിക്കൂറിൽ ഒരു സ്ത്രീധന കൊലപാതകവും നമ്മുടെ രാജ്യതലസ്ഥാന നഗരിയിൽ അന്നും നടക്കുന്നതായി കണക്കാക്കപ്പെട്ടിരിക്കുന്നു. നമ്മുടെ ഭരണഘടന സ്ത്രീ-പുരുഷസമത്വം ഉറപ്പു നൽകുന്നുണ്ടെങ്കിലും നീചമായ കർമ്മങ്ങളും നഗ്നമായ നിയമ ലംഘനങ്ങളും നിത്യ സംഭവങ്ങളായിരുന്നു. നിലവിലുള്ള ബലാത്സംഗ നിയമങ്ങളും സ്ത്രീധന നിരോധന നിയമത്തിന്റെ അപര്യാപ്തതയും കുറ്റവാളികൾ ശിക്ഷിക്കപ്പെടാതെ രക്ഷപ്പെടുന്നതിനു സഹായിച്ചു. സാമൂഹ്യ ദ്രോഹികൾ നിയമത്തിന്റെ സുഷിരങ്ങൾ കണ്ടെത്തി മുതലെടുക്കുകയായിരുന്നു.
സ്ത്രീധനത്തിനെതിരായി യുദ്ധം പ്രഖ്യാപിച്ചിട്ടുള്ള സർക്കാർ വാർത്താപ്രക്ഷേപണ നിലയത്തിൽ പരസ്യമായിത്തന്നെ സ്ത്രീധനത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയും അന്ന് ഞങ്ങള്‍ക്ക് അനുഭവപ്പെട്ടു. ടെലിവിഷനുവേണ്ടിയുള്ള ഒരു പരസ്യം ഇങ്ങനെയാണ് പ്രത്യക്ഷപ്പെട്ടത്. ‘നിങ്ങൾക്ക് വിവാഹത്തിന് സുന്ദരിയായ ഒരു വധു വേണ്ടേ’ അവിടെ ഒരു ടിവിയും, ആധുനിക വനിതയെ ടെലിവിഷൻ എങ്ങനെ ചിത്രീകരിച്ചിരിക്കുന്നുവെന്ന് കാണാൻ കഴിയും. വസ്ത്രം കഴുകുക, ഭക്ഷണം പാകം ചെയ്യുക, ഭംഗിയായും വൃത്തിയായും വസ്ത്രാഭരണങ്ങള്‍ അണിഞ്ഞ് ഒരുങ്ങുക തുടങ്ങിയ പ്രവൃത്തികൾക്ക് പ്രാപ്തരായവർ എന്ന നിലയിൽ മാത്രമേ പരസ്യമാധ്യമങ്ങൾ സ്ത്രീകളെ കണ്ടിരുന്നുള്ളു. സമൂഹത്തിന്റെ പൊതുവായ പുരോഗതിക്ക് സ്ത്രീകൾ പുരുഷന്മാരോടൊപ്പം തുല്യാവ കാശത്തോടെ എല്ലാ രംഗത്തും ഉണ്ടായിരിക്കണം എന്ന ആശ യത്തിനെതിരായിരുന്നു ഈ നിഷേധാത്മകമായ സമീപനം.
ഇതിനെതിരെയെല്ലാം ഞങ്ങളുടെ കാലഘട്ടത്തിലും ശക്തമായ പോരാട്ടം തന്നെ നടത്തേണ്ടിവന്നു. അതില്‍ രമണി ജോര്‍ജിന്റെ പങ്ക് ചെറുതൊന്നുമായിരുന്നില്ല. കേരള മഹിളാസംഘത്തിന്റെ സമുന്ന നേതാക്കളില്‍ മുന്‍പന്തിയില്‍ തന്നെയായിരുന്നു രമണി ജോര്‍ജ്. ഔദ്യോഗിക ജീവിതത്തിനിടയിലും സംഘടനയെ ശക്തിപ്പെടുത്താന്‍ ശ്രമിച്ച നേതാവ്. സഖാവിന്റെ വിയോഗം മഹിളാ പ്രസ്ഥാനങ്ങള്‍ക്ക് തീരാനഷ്ടമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.