4 May 2024, Saturday

വെള്ളിസ്രാക്കൽ സമരം കാലം ഓർത്തെടുക്കുമ്പോൾ

Janayugom Webdesk
December 9, 2022 4:30 am

കൊയ്തുവച്ച കതിർക്കുലകൾ അടുക്കിക്കെട്ടാതെ കളത്തിൽ നിരന്നു. നെല്ലോലകൾ താളം തീർക്കുന്ന അരിവാൾ ഗാനം നിലച്ചു. സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ മുഴുവൻ കൊയ്ത്തുകാരും വരമ്പത്തുകയറി. തീഷ്ണമായ വർഗബോധം. ചങ്കുറപ്പിൽ ഉറച്ചസ്വരത്തിൽ മുദ്രാവാക്യങ്ങൾ ആകാശസീമകൾ കവിഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടി സിന്ദാബാദ്… കർഷകത്തൊഴിലാളി യൂണിയൻ സിന്ദാബാദ്..
ആറര പതിറ്റാണ്ടിനു പിന്നിലെ ഐതിഹാസികമായ വെള്ളിസ്രാക്കൽ സമരം കാലം ഓർത്തെടുക്കുകയാണ്. കർഷകത്തൊഴിലാളി പ്രസ്ഥാനം കുട്ടനാട്ടിൽ ശക്തി പ്രാപിക്കുന്ന കാലം. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ശക്തമായ നേതൃത്വം യാഥാർത്ഥ്യമാകുന്ന സാഹചര്യം. തിരുവിതാംകൂർ കർഷകത്തൊഴിലാളി യൂണിയൻ പ്രവർത്തനങ്ങളും ഊർജിതം.
കുട്ടനാട്ടിൽ ഒരു ബ്ലോക്കിലെ കൊയ്ത്ത് അവസാനിക്കണമെങ്കിൽ വളരെ ദിവസങ്ങളുടെ അധ്വാനം അനിവാര്യമെന്ന കാലം. ഇടദിവസങ്ങളിൽ കർഷകത്തൊഴിലാളികൾക്ക് നിത്യവൃത്തിക്ക് മാർഗമില്ല. പരിഹാരമായി രണ്ടു കൊയ്ത്തു കഴിയുമ്പോൾ രണ്ടാം ദിവസം തീർപ്പുകറ്റ കൊടുക്കണമെന്ന് യൂണിയൻ ആവശ്യപ്പെട്ടു. ന്യായമായ ഈ ആവശ്യം മിക്കവാറും ക‍ൃഷിക്കാർ അംഗീകരിച്ചു. എന്നാൽ കുട്ടനാട്ടിലെ വലിയ കർഷകരിൽ ഒരാളും കോൺഗ്രസ് സർക്കാരിന്റെ കൃഷിമന്ത്രിയുമായിരുന്ന കെ എം കോര ഈ ആവശ്യം അവഗണിച്ചു. തുടർന്ന് തൊഴിലാളികൾ കോരയുടെ പാടശേഖരത്തിൽ കൊയ്ത്തിനു പോകാൻ മടിച്ചു.


ഇതുകൂടി വായിക്കൂ: നാടിനെ ചുവപ്പിച്ച തൊഴിലാളി സമരങ്ങള്‍


1955 ഫെബ്രുവരി 11ന് പണിമുടക്കിന് യൂണിയൻ തീരുമാനമായി. ചരിത്രകാരനും സമരപോരാളിയുമായിരുന്ന എൻ കെ കമലാസൻ ഇങ്ങനെ അടയാളപ്പെടുത്തുന്നു. ‘രാവിലെ തൊഴിലാളികളും പ്രവർത്തകരും പാടത്തിന്റെ വരമ്പിലും ചിറയിലും നിരന്നു. അപ്പോൾ തന്നെ പണിമുടക്കു പ്രഖ്യാപിക്കുകയും പാടത്തിന്റെ നടുക്കു കൊടി നാട്ടുകയും ചെയ്തു. കോരയ്ക്ക് ഹരിപ്പാട്ടുകാരായ കുറച്ചു കിടപ്പാളുണ്ട്. അവരെ അടിമപ്പണിക്ക് കൊണ്ടുവന്ന് താമസിപ്പിച്ചിരിക്കുകയാണ്. അവർ കോരയുടെ നടത്തിപ്പുകാരന്റെ നിർദ്ദേശപ്രകാരം കൊയ്ത്തിനിറങ്ങി. തൊഴിലാളികൾ അവരെ തടസപ്പെടുത്തി. അതോടെ കൊയ്ത്തു നിർത്തി. തൊഴിലാളികൾ മുദ്രാവാക്യം വിളിച്ചുകൊണ്ട് അവിടെത്തന്നെ നിന്നു. വൈകുന്നേരം അഞ്ചുമണിയാകാറായി. ഒരു ബോട്ടു നിറയെ റിസർവ് പൊലീസുമായി കുപ്രസിദ്ധനായ എസ് ഐ തോബിയാസ് എത്തി. അവർ ചിറയിൽ മുദ്രാവാക്യം മുഴക്കിനിന്നിരുന്ന സ്ത്രീകളടങ്ങുന്ന 22 തൊഴിലാളികളെ അറസ്റ്റു ചെയ്ത് ചങ്ങനാശ്ശേരി ലോക്കപ്പിൽ കൊണ്ടുപോയി. വിവരങ്ങൾ തിരക്കാൻ സ്റ്റേഷനിലെത്തിയ വർഗീസ് വൈദ്യനും കസ്റ്റഡിയിലായി. രാത്രി പതിനൊന്നോടെ തൊഴിലാളികളെ ഓരോരുത്തരെ ഇൻസ്പെക്ടർ മുറിയിലേക്ക് വിളിച്ചു. ആദ്യം വിളിച്ചത് വർഗീസ് വൈദ്യനെയായിരുന്നു. വരുന്നപാടെ രണ്ടു പൊലീസുകാർ പിടിച്ച് മുന്നോട്ടു തള്ളുകയും ഒരു പൊലീസുകാരൻ മുന്നിൽ നിന്ന് കൈക്കുപിടിച്ച് വലിക്കുകയും ചെയ്തു. ഇതോടെ നിലത്തുവീഴുന്ന തൊഴിലാളികളുടെ പുറത്ത് കയറിയിരുന്ന് ഒരു പൊലീസുകാരൻ ഇരുമ്പുദണ്ഡ് തുണിയിൽ ചുറ്റിപ്പിടിച്ച് നട്ടെല്ലിന് ഇടിയ്ക്കും. രാത്രി മുഴുവൻ മർദ്ദനം. സ്ത്രീകളെയും ഒഴിവാക്കിയില്ല.


ഇതുകൂടി വായിക്കൂ: ജനപക്ഷത്ത് നിലയുറപ്പിച്ച കമ്മ്യൂണിസ്റ്റ്


പിറ്റേന്ന് 21-ാം തീയതി. തടവുകാരെ ജാമ്യത്തിൽ വിടുമെന്ന് പ്രതീക്ഷിച്ചു. സി കെ കേശവൻ, പി കെ പാട്ടം, വി കെ മുകുന്ദൻ, എം കെ ജോർജ് എന്നീ നേതാക്കൾ ചങ്ങനാശ്ശേരിക്കു പുറപ്പെട്ടു. ചങ്ങനാശ്ശേരി ബോട്ടുജട്ടിയിൽ വെച്ച് ഇവരും അറസ്റ്റിലായി. രാത്രി ലോക്കപ്പിൽ നടന്ന മൃഗീയമായ മർദ്ദനത്തിൽ സി കെയുടെ വാരിയെല്ല് തകർന്നു. 22ന് സ്റ്റേഷനിലെത്തിയ ടി വി തോമസിന്റെയും പി ടി പുന്നൂസിന്റെയും നിർദ്ദേശം വേണ്ടിവന്നു സികെയെ ആശുപത്രിയിലേക്ക് മാറ്റാൻ. ടി വി തോമസ് അന്ന് പ്രതിപക്ഷനേതാവും പി ടി പുന്നൂസ് എംപിയുമായിരുന്നു.
പൊലീസ് മൃഗീയതയിൽ പ്രതിഷേധം നാടെങ്ങും കനത്തു. 22ന് വൈകുന്നേരം ചങ്ങനാശ്ശേരി പുഴവാതിൽ പ്രതിഷേധ യോഗം നടന്നു. വിവരം കിട്ടുന്ന എല്ലാ പ്രദേശങ്ങളിൽ നിന്നും തൊഴിലാളികളും പാർട്ടി പ്രവർത്തകരും സ്വയം സംഘടിച്ച് ജാഥകളായി അവിടേക്ക് ഒഴുകി. ആ ബഹുജനമുന്നേറ്റം അഭിസംബോധന ചെയ്തത് പി ടി പുന്നൂസായിരുന്നു. അധികാരിവർഗത്തിന് താക്കീതായി അദ്ദേഹത്തിന്റെ വാക്കുകൾ. പിറ്റേന്ന് കോട്ടയം ആലപ്പുഴ ജില്ലകളിലെ കാര്‍ഷിക മേഖലകളിലെ പ്രധാന പ്രവർത്തകരുടെ യോഗം മങ്കൊമ്പിൽ ചേർന്നു. എസ് കെ ദാസ് കൺവീനറായി ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. ഫെബ്രുവരി 27 മുതൽ ഇറക്കുമതി തൊഴിലാളികളെ പിക്കറ്റു ചെയ്യാനും അതിലേക്കുള്ള സഖാക്കളെയും നിശ്ചയിച്ചു. നോട്ടീസുകളും പോസ്റ്ററുകളും പ്രചരിപ്പിച്ചു.


ഇതുകൂടി വായിക്കൂ: മോഡിയുടെ തൊഴിലാളി വിരുദ്ധനയങ്ങള്‍ക്ക് പ്രതികാരമുഖം


നിശ്ചയിച്ച ഫെബ്രുവരി 27 എത്തി. ചെങ്കൊടിയേന്തി ഇന്‍ക്വിലാബ് വിളിച്ച് സമരസഖാക്കൾ നീങ്ങി. തീരുമാനിച്ചതുപോലെ ഒരുപറ്റം സഖാക്കൾ കുത്തുവരമ്പിൽ കാവലായി നിരന്നു. വേറൊരു സംഘം കോരയുടെ പാടത്തേക്ക് നീങ്ങി. പാടത്ത് സമരസംഘം എത്തിയപ്പോൾ പൊലീസ് അവരെ വളഞ്ഞു. പിന്നീട് കൊടിയ മർദ്ദനമുറയുടെ മണിക്കൂറുകൾ. കടുത്ത മർദ്ദനത്തിൽ ചേറിൽ പുതഞ്ഞ സമരഭടന്മാരെ ബൂട്ടിട്ടു ചവിട്ടിയരച്ചു. ബോധമറ്റപ്പോൾ ഇഞ്ചൻതറയിലെ ഓലക്കീറിൽ കിടത്തി. തന്റെ കളത്തിലെ ഏറുമാടത്തിലിരുന്ന് കോര ഇതെല്ലാം ആസ്വദിച്ചു. സമരനായകൻ എ എം കല്യാണകൃഷ്ണൻ നായർ കൊടിയ മർദ്ദനത്തിൽ മ‍ൃതപ്രായനായി. നിരവധി സമരഭടന്മാർ കാരാഗൃഹത്തിലായി .
മൈക്ക് ഘടിപ്പിച്ച ബോട്ടിൽ സംഭവം വിവരിച്ച് പണിമുടക്കിന് യൂണിയൻ ആഹ്വാനം ചെയ്തു. സമരജ്വാല പടർന്നു. മുദ്രാവാക്യങ്ങൾ ആകാശസീമകൾ ഭേദിച്ചു. കാർഷിക മേഖല സ്തംഭിച്ചു. പാടശേഖരങ്ങളും കളങ്ങളും ശൂന്യമായി. തൊഴിലാളികൾ വർഗബോധത്തിൽ ഒന്നായി. കൃഷിക്കാരാകെ വിഷമിച്ചു. ഹരിപ്പാട്ടു നിന്ന് എത്തിയ കരിങ്കാലികൾ രായ്ക്കുരാമാനം നാടുവിട്ടു. യോഗങ്ങളും പ്രതിഷേധങ്ങളും നാടാകെ ഇളകി. തൊഴിലാളി മുന്നേറ്റത്തിൽ താല്പര്യങ്ങൾ സംരക്ഷിക്കപ്പെട്ടു. പ്രക്ഷോഭങ്ങളുടെ മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെ കോരയ്ക്ക് മുട്ടുകുത്തേണ്ടി വന്നു. രണ്ടു കൊയ്ത്തിന് ഒരു തീർപ്പ് കൊടുക്കുന്നതിന് ത്രികക്ഷി സമ്മേളനത്തിൽ ഒപ്പുവച്ചു. അതോടെ കുട്ടനാട്ടിൽ രണ്ട് കൊയ്ത്തിന് ഒരു തീർപ്പ് വ്യാപകമായി നടപ്പാകുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.