27 April 2024, Saturday

അരി ഉല്പാദനം കുറയുന്നു; സൗജന്യ ഭക്ഷ്യവിതരണം നിര്‍ത്തും

തിരിച്ചടിയായത് കാലവർഷ വ്യതിയാനം
Janayugom Webdesk
July 28, 2022 8:26 pm

ഏപ്രിൽ‑മേയ് മാസങ്ങളിലെ ഉഷ്ണതരംഗം ഗോതമ്പ് വിളവ് കുറയ്ക്കുകയും കയറ്റുമതി നിരോധനത്തിലേക്ക് നയിക്കുകയും ചെയ്തതിന് പിന്നാലെ രാജ്യത്തെ നെൽക്കൃഷിയും ആശങ്കയിൽ. കാലവർഷത്തിലെ വ്യതിയാനം അരിയുല്പാദനം കുറയ്ക്കുമെന്ന് വിദഗ്ധർ.

പ്രധാന നെൽക്കൃഷി സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ബിഹാർ എന്നിവിടങ്ങളിൽ മഴ കുറവായപ്പോൾ അസമിനെ വെള്ളപ്പൊക്കം ബാധിച്ചു. ഏകദേശം 15 ദശലക്ഷം ടൺ അരി കുറയാനിടയുണ്ടെന്ന് ഡൽഹിയിലെ കാർഷിക വ്യാപാര വിദഗ്ധൻ എസ് ചന്ദ്രശേഖരൻ പറഞ്ഞു. കിഴക്കൻസംസ്ഥാനങ്ങളിൽ മഴ കുറവായതിനാൽ, കർഷകർ ഹ്രസ്വകാലവിളകൾ തിരഞ്ഞെടുക്കും. അല്ലെങ്കിൽ പയറുവർഗങ്ങളുടെ വിളകളിലേക്ക് മാറും. ഗുജറാത്തിൽ പലരും നെല്ലിൽ നിന്ന് പരുത്തിയിലേക്ക് മാറിയെന്നും തെലങ്കാനയിൽ അധികമഴയിൽ നെല്ല് സംഭരണം തടസപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മഴയിലെ വ്യതിയാനം കാരണം ഈ സീസണിൽ അരി ഉല്പാദനം 10 ദശലക്ഷം ടൺ വരെ കുറയുമെന്ന് ഭക്ഷ്യ ഉപഭോക്തൃ കാര്യ മന്ത്രാലയത്തിലെ മുൻ സെക്രട്ടറി ടി നന്ദകുമാർ പറഞ്ഞു. പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെങ്കിലും ജാഗ്രത പാലിക്കണം. വിലക്കയറ്റം നിയന്ത്രിക്കാൻ പൊതുവിപണിയിൽ സുലഭമാകുന്ന അവസ്ഥയിലായിരിക്കില്ല. സൗജന്യ ഭക്ഷ്യ പദ്ധതി (പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന) നിർത്തലാക്കേണ്ടി വന്നേക്കാം. കയറ്റുമതി നികുതി പോലുള്ള വ്യാപാര നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പോലും സാധ്യതയുണ്ട്- അദ്ദേഹം പറഞ്ഞു.

ഗോതമ്പ് വിളവ് കുറഞ്ഞതിനാൽ അരിവിതരണ നയങ്ങളിൽ പരിഷ്കരണമുണ്ടാകാനും സാധ്യതയുണ്ട്. 2022 ൽ ഗോതമ്പ് ഉല്പാദനം 106 ദശലക്ഷം ടൺ ആകുമെന്ന് സർക്കാർ കണക്കാക്കിയെങ്കിലും 95- ‑100 ദശലക്ഷം ടൺ മാത്രമേ കിട്ടിയുള്ളുവെന്നാണ് കർഷകരുടെ കണക്ക്. ഭക്ഷ്യസുരക്ഷയ്ക്കും കരുതൽ ആവശ്യങ്ങൾക്കും വേണ്ടതിന്റെ മൂന്നിരട്ടിയിലധികം അരി പൊതുശേഖരത്തിലുണ്ടെന്നാണ് സർക്കാർ ഏജൻസികൾ പറയുന്നത്. എന്നാൽ ഭക്ഷ്യസുരക്ഷാ പദ്ധതി പ്രകാരം ഗോതമ്പിനു പകരമായി അധിക അരി സ്റ്റോക്ക് ഉപയോഗിച്ചിട്ടുണ്ട്. ഈ സീസണിൽ 112 ദശലക്ഷം ടൺ അരി ഉല്പാദിപ്പിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

ജൂൺ ഒന്നിനും ജൂലൈ 25 നും ഇടയിൽ യുപിയിൽ 53 ശതമാനവും പശ്ചിമ ബംഗാൾ 26,ബിഹാർ 45 ശതമാനം വീതവും മഴക്കുറവുണ്ടായതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ രേഖകൾ കാണിക്കുന്നു. രാജ്യത്തെ അരിയുടെ മൂന്നിലൊന്ന് സംഭാവന ചെയ്യുന്നത് ഈ മൂന്ന് സംസ്ഥാനങ്ങളാണ്. ഒരാഴ്ച മുമ്പത്തെ കണക്കനുസരിച്ച് നടീൽ 17 ശതമാനം കുറഞ്ഞിട്ടുണ്ട്. ഇത് പുറത്തുവന്നപ്പോൾ തന്നെ അരിവില ക്വിന്റലിന് 200 രൂപ വരെ ഉയർന്നുവെന്ന് വ്യാപാരികളും സമ്മതിക്കുന്നു.

Eng­lish summary;Rice pro­duc­tion declines; Free food dis­tri­b­u­tion will stop

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.