26 April 2024, Friday

Related news

April 12, 2024
April 9, 2024
April 6, 2024
April 2, 2024
March 30, 2024
March 23, 2024
February 29, 2024
January 30, 2024
January 28, 2024
January 27, 2024

ഗൾഫ് പ്രവാസികളെ പിഴിഞ്ഞ് വിമാനക്കമ്പനികൾ; ലണ്ടൻ യാത്രയെക്കാൾ ഉയർന്ന് യുഎഇ നിരക്ക്

Janayugom Webdesk
അബുദാബി
October 4, 2021 2:12 pm

കേരളത്തിൽനിന്ന് യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ലണ്ടനിലേക്കുള്ളതിനെക്കാൾ കൂടുതൽ. കൊച്ചിയിൽനിന്ന് ദുബായിലേക്ക് 3.50 മണിക്കൂറും ലണ്ടനിലേക്ക് 10.10 മണിക്കൂറുമാണു യാത്രാ ദൈർഘ്യം. ഇരട്ടിയിലേറെ ദൈർഘ്യമുള്ള യാത്രയ്ക്ക് ഗൾഫ് സെക്ടറിലേതിനേക്കാൾ കുറഞ്ഞ നിരക്ക് മതി! യുഎഇയിൽനിന്ന് 7.05 മണിക്കൂർ പിന്നിട്ട് ലണ്ടനിലേക്കു യാത്ര ചെയ്യാനും കേരളത്തിൽനിന്ന് ഗൾഫിൽ എത്തുന്നതിനെക്കാൾ കുറഞ്ഞ നിരക്കു മതി.വിമാന ടിക്കറ്റ് നിരക്കിൽ ഗൾഫിലെ പ്രവാസികളോടുള്ള ഇരട്ടത്താപ്പിന് ഇതുവരെ മാറ്റമുണ്ടായിട്ടില്ല.

യുഎഇ കോവിഡ് നിയന്ത്രണത്തിൽ ഇളവ് വരുത്തിയതോടെ യാത്രക്കാരെ പിഴിയുന്നതിൽ ദേശീയ, സ്വകാര്യ വിമാന കമ്പനികൾ മത്സരിക്കുകയാണ്. ആഴ്ചകളായി കേരള–യുഎഇ സെക്ടറിൽ 30,000ത്തിനു മുകളിലാണ് ടിക്കറ്റ് നിരക്ക്. വരുന്ന ആഴ്ചകളിലും ഇതേ നിരക്കാണ് ഓൺലൈനിൽ കാണിക്കുന്നത്. ഇതര ഗൾഫ് രാജ്യങ്ങളിലേക്കും പൊള്ളുന്ന നിരക്ക് തുടരുകയാണ്. ഇന്നു കൊച്ചിയിൽനിന്ന് ദുബായിലേക്കുള്ള യാത്രയ്ക്ക് ഇന്നലെ വിവിധ എയർലൈനുകളുടെ ഓൺലൈനിൽ കാണിച്ച നിരക്ക്. എയർ ഇന്ത്യാ എക്സ്പ്രസിൽ 28,105 രൂപ.ഫ്ലൈ ദുബായിൽ 30,757, സ്പൈസ് ജെറ്റിൽ 30,950, എമിറേറ്റ്സ് എയർലൈൻസ് 40,722 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.

ഇതേസമയം ഇന്നു എമിറേറ്റ്സിൽ കൊച്ചിയിൽനിന്ന് ദുബായ് വഴി ലണ്ടനിലേക്കു പറക്കാൻ 27701 രൂപ മാത്രം മതി. അബുദാബി ഇസ്ലാമിക് ബാങ്ക് ഗ്രൂപ്പ് ചീഫ് സെക്യൂരിറ്റി ഇൻഫർമേഷൻ ഓഫിസർ ഇല്യാസ് കൂളിയങ്കാൽ സെപ്റ്റംബർ 19ന് കണ്ണൂരിൽനിന്ന് അബുദാബിയിലേക്കുള്ള എയർ ഇന്ത്യാ എക്സ്പ്രസിൽ ടിക്കറ്റിനു നൽകിയത് 25,491 രൂപ.

20ന് അബുദാബിയിൽനിന്ന് ലണ്ടനിലേക്കു 7.05 മണിക്കൂർ യാത്രയ്ക്ക് ഇത്തിഹാദ് എയർവേയ്സിൽ യാത്ര ചെയ്തത് 1160 ദിർഹം (23,416 രൂപ). ഇത്തിഹാദിൽ എല്ലാ ആനുകൂല്യങ്ങളോടെയുമുള്ള യാത്രയ്ക്കും ബജറ്റ് എയർലൈൻസിനെക്കാൾ കുറഞ്ഞ തുക മാത്രമാണ് ഈടാക്കിയതെന്ന് ഇല്യാസ് പറഞ്ഞു. യാത്രാ നിയന്ത്രണം ഇല്ലാത്ത സമയങ്ങളിൽ ലണ്ടനിലേക്ക് ഇതിനെക്കാൾ കുറഞ്ഞ നിരക്കു മതിയായിരുന്നു.
കോവിഡ് മൂലം വിമാനക്കമ്പനികൾക്കുണ്ടായ നഷ്ടം നികത്താൻ ഗൾഫിലെ പ്രവാസികളെ കൊള്ളയടിക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. ഇതിനു പുറമേ എയർപോർട്ടിൽ നടത്തുന്ന റാപ്പിഡ് പിസിആർ ടെസ്റ്റ് നിരക്കും വളരെ കൂടുതലാണെന്ന് ഇദ്ദേഹം പറയുന്നു. മാസങ്ങളോളം നാട്ടിൽ കുടുങ്ങിയ പ്രവാസികളെ കൂടുതൽ ദുരിതത്തിലാക്കുന്ന നടപടി പിൻവലിക്കണമെന്ന് പത്തനംതിട്ട സ്വദേശി നിബു സാം ഫിലിപ്പ് പറഞ്ഞു.

Eng­lish Sum­ma­ry : Rob­bing pas­sen­gers by exor­bi­tant­ly high tick­et fares

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.