27 April 2024, Saturday

Related news

April 21, 2024
April 18, 2024
April 15, 2024
April 8, 2024
April 6, 2024
April 4, 2024
March 31, 2024
March 24, 2024
March 21, 2024
March 14, 2024

ലെബനനിലും ഗാസയിലും റോക്കറ്റ് ആക്രമണം

Janayugom Webdesk
ഗാസ
April 7, 2023 10:32 pm

പലസ്തീനില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം. കഴിഞ്ഞ ദിവസം അല്‍ അഖ്സ പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കെത്തിയ വിശ്വാസികള്‍ക്കു നേരെ ആക്രമണം നടത്തിയതിനു പിന്നാലെ ഗാസയിലും ലെബനനിലും ഇസ്രയേല്‍ റോക്കറ്റ് ആക്രമണം നടത്തിയിരുന്നു. അതേസമയം വെസ്റ്റ് ബാങ്കിലുണ്ടായ വെടിവയ്പില്‍ രണ്ട് ഇസ്രയേലി വനിതകള്‍ കൊല്ലപ്പെട്ടു. ദക്ഷിണ ലെബനനിലെ ഹമാസ് കേന്ദ്രങ്ങള്‍ക്കു നേരെയാണ് ആക്രമണമെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ അവകാശവാദം. മണിക്കൂറുകളുടെ വ്യത്യാസത്തിലായിരുന്നു ആക്രമണങ്ങള്‍. തെക്കന്‍ തുറമുഖ നഗരമായ ടയറിലെ അഭയാര്‍ത്ഥി ക്യാമ്പിന് സമീപം സ്ഫോടനങ്ങള്‍ നടന്നതായി ലെബനന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗാസയിലെ ഒന്നിലധികം പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് നിരവധി വ്യോമാക്രമണങ്ങള്‍ നടന്നതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. വിഷയത്തില്‍ ഐക്യരാഷ്ട്രസഭയ്ക്ക് പരാതി നല്‍കുമെന്ന് ലെബനന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ബുധനാഴ്ച പുലര്‍ച്ചെ ജെറുസലേമിലെ അല്‍ അഖ്‌സ പള്ളിയില്‍ കടന്നുകയറിയ ഇസ്രയേല്‍ അധിനിവേശ സൈന്യം വിശ്വാസികളെ ആക്രമിച്ചതോടെയാണ് ഇടവേളയ്ക്കുശേഷം ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം വീണ്ടും ഉടലെടുത്തത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. 400 പലസ്തീനികളെ ഇസ്രയേല്‍ സൈന്യം അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ഇപ്പോഴും കസ്റ്റഡിയില്‍ തുടരുകയാണ്. ഇതിനു തിരിച്ചടിയായി ഗാസയില്‍ നിന്ന് ഹമാസ് ഇസ്രയേലിലേക്ക് റോക്കറ്റുകള്‍ തൊടുത്തിരുന്നു. തുടര്‍ന്നാണ് ഗാസയില്‍ വ്യോമാക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ പറയുന്നു. ഇസ്രയേല്‍ കടന്നു കയറ്റത്തിന് തിരിച്ചടി നല്‍കുമെന്ന് ഹമാസ് മേധാവി ഇസ്മായില്‍ ഹനിയ്യ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം ഇരുവിഭാഗങ്ങളും സംയമനം പാലിക്കണമെന്ന് അറബ് ലീഗും ഇന്ത്യ, തുര്‍ക്കി, ബ്രിട്ടന്‍ അടക്കമുള്ള രാജ്യങ്ങളും ആവശ്യപ്പെട്ടു.

അതിനിടെ വെസ്റ്റ് ബാങ്കിലെ ഹംര സെറ്റില്‍മെന്റിലുണ്ടായ വെടിവയ്പില്‍ രണ്ട് വനിതകള്‍ കൊല്ലപ്പെടുകയായിരുന്നു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഈ സംഭവത്തോടെ സംഘര്‍ഷം ആളിക്കത്തിയേക്കാമെന്ന് വിലയിരുത്തലുണ്ട്. ആക്രമണത്തെത്തുടര്‍ന്ന് കുടിയേറ്റക്കാരായ ഇസ്രയേലി പൗരന്മാരോട് പുറത്തുപോകുമ്പോള്‍ ആയുധസജ്ജരായിരിക്കാന്‍ ഇസ്രയേലി പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Eng­lish Summary;Rocket attacks on Lebanon and Gaza
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.