23 December 2024, Monday
KSFE Galaxy Chits Banner 2

ആർഎസ്എസും മുസ്‌ലിം ആർഎസ്എസും

അഡ്വ. കെ കെ സമദ്
April 21, 2022 5:15 am

കേരളത്തെ അരക്ഷിതമാക്കാനുള്ള പടപ്പുറപ്പാടിലാണ് ആർഎസ്എസും പോപ്പുലർ ഫ്രണ്ടും. വ്യത്യസ്ത മതങ്ങളെ മറയാക്കി ഒരേ ആശയം പ്രചരിപ്പിക്കുകയും അതിലൂടെ സമൂഹത്തിന്റെ കെട്ടുറപ്പും സുസ്ഥിരതയും വർഗീയത ചേർത്ത് മലീമസമാക്കാൻ ശ്രമിക്കുകയുമാണ് ഇരുകൂട്ടരും ചെയ്യുന്നത്. ആശയത്തിലും പ്രവർത്തന രീതിയിലും സമാനതകളുള്ളതിനാൽ ഭൂരിപക്ഷ വർഗീയതയുടെ പര്യായമായി ആർഎസ്എസ് മാറുമ്പോൾ ന്യൂനപക്ഷ വർഗീയതയെ “മുസ്‌ലിം ആർഎസ്എസ്” എന്നാണ് വിളിക്കേണ്ടത്. ഏതു മീറ്ററിൽ അളന്നെടുത്താലും ആർഎസ്എസ് ചെയ്യുന്നതു തന്നെയാണ് പോപ്പുലർ ഫ്രണ്ടും ചെയ്യുന്നത്.

ആലപ്പുഴയിലെ ഇരട്ടക്കൊലപാതകങ്ങളോടെ ആർഎസ്എസും പോപ്പുലർ ഫ്രണ്ടും തുടക്കം കുറിക്കാമെന്ന് ആഗ്രഹിച്ച വർഗീയ കലാപ സാധ്യതകളെ മതനിരപേക്ഷ കേരളം ജാഗ്രതയോടെ കൈകാര്യംചെയ്ത് പരാജയപ്പെടുത്തുകയാണ് ഉണ്ടായത്. ഇതേ ശ്രമത്തിന്റെ ഭാഗമായാണ് ഏറ്റവുമൊടുവിൽ, വീടുകളിൽ ഐശ്വര്യം നിറയുന്നുവെന്ന് വിശ്വസിക്കുന്ന വിഷുപ്പുലരിയിൽ പാലക്കാട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ ആർഎസ്എസുകാർ വെട്ടിക്കൊലപ്പെടുത്തിയത്. ഇസ്‌ലാം മത വിശ്വാസപ്രകാരം യുദ്ധം തന്നെ നിരോധിക്കപ്പെട്ട റമസാനിൽ മണിക്കൂറുകൾക്കുള്ളിൽ ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി പോപ്പുലർ ഫ്രണ്ടും ‘വിശ്വാസം’ തെളിയിച്ചു. യഥാർത്ഥ പ്രശ്നം എന്താണെന്ന് തിരയുന്നവർക്ക് ഉത്തരം ലളിതമാക്കുകയാണ് ഈ രണ്ട് സംഭവങ്ങളും. മനുഷ്യനെ കൊലപ്പെടുത്താനുള്ള മാനസികാവസ്ഥയിലേക്കും അസ്ഥിരത പടർത്താനുള്ള സാമൂഹ്യ ചിന്താഗതിയിലേക്കും തീവ്രവാദസംഘങ്ങളുടെ മനോനില കേരളത്തിൽ മാറ്റം ചെയ്യപ്പെട്ടിരിക്കുന്നു. ഇത് പുതിയ കാര്യമല്ലെങ്കിലും കേരളത്തെ സംബന്ധിച്ച് തുടർ ഭരണവും ഇടതുപക്ഷത്തിന്റെ ശക്തിയും ഭയപ്പെടുന്ന വിഭാഗങ്ങളുടെ അസ്വസ്ഥത പുറത്തുവരുന്ന പ്രകടനങ്ങളാണ് ഈ കൊലപാതകങ്ങൾ എന്ന് പറയേണ്ടി വരും.


ഇതുകൂടി വായിക്കൂ: ആര്‍എസ്എസ് ചതിക്കുഴികളെ തിരിച്ചറിയുക


ബാബറി മസ്ജിദിന്റെ തകർച്ചയ്ക്ക് ശേഷം 1994 ലാണ് പോപ്പുലർ ഫ്രണ്ടിന്റെ പൂർവ രൂപമായ എന്‍ഡിഎഫ് കേരളത്തിൽ രൂപം കൊള്ളുന്നത്. 2006 ൽ എന്‍ഡിഎഫ് പോപ്പുലർ ഫ്രണ്ടായി രൂപമാറ്റം സ്വീകരിക്കുകയുണ്ടായി. ആർഎസ്എസിന്റെ രാഷ്ട്രീയ മുഖമായ ബിജെപിക്ക് ബദലായ പോപ്പുലർ ഫ്രണ്ടിന്റെ കാർമ്മികത്വത്തിൽ 2009 ലാണ് എസ്ഡിപിഐ രൂപീകരിക്കപ്പെടുന്നത്. അടുത്ത കാലം വരെ പോപ്പുലർ ഫ്രണ്ടിന്റെ ഭരണഘടന വെബ്സൈറ്റിൽ ലഭ്യമായിരുന്നു. അതനുസരിച്ച് എല്ലാ പീഡിത വിഭാഗങ്ങളുടെയും സംരക്ഷണമാണ് പോപ്പുലർ ഫ്രണ്ടിന്റെ ലക്ഷ്യം. എന്നാൽ മുസ്‌ലിം നാമധാരികൾ അല്ലാത്ത ആരെയും പോപ്പുലർ ഫ്രണ്ടിൽ അംഗങ്ങളായി കാണുക അസാധ്യമാണ്. ആർഎസ്എസും പോപ്പുലർ ഫ്രണ്ടും രൂപത്തിലും ഭാവത്തിലും പ്രവർത്തന ശൈലിയിലും എല്ലാം ഒരേപോലെ നിൽക്കുന്നത് നമുക്ക് കാണാനാവും. ഗാന്ധി വധത്തെ തുടർന്ന് 1948 ൽ ആർഎസ്എസിനെ രാജ്യത്ത് നിരോധിക്കുകയുണ്ടായി. 1949 ൽ നിരോധനം പിൻവലിക്കാനായി ആർഎസ്എസ് നൽകിയ അപേക്ഷയ്ക്കൊപ്പം തങ്ങൾ സാംസ്കാരിക സംഘടനയാണെന്നാണ് അന്നത്തെ ആഭ്യന്തര മന്ത്രി സർദാർ വല്ലഭായി പട്ടേലിനെ ബോധ്യപ്പെടുത്താൻ ആർഎസ്എസ് ശ്രമിച്ചത്. എന്നാൽ ആ ‘സാംസ്കാരിക സംഘടന’യിൽ ഹിന്ദു വിശ്വാസികൾ എന്ന് പറയപ്പെടുന്നവരല്ലാതെ മറ്റാരുമുള്ളതായി കണ്ടിട്ടില്ല. ഈ രണ്ട് സംഘടനകളിലും സ്ത്രീകൾ അംഗങ്ങളല്ല. ആർഎസ്എസിന് ‘രാഷ്ട്ര സേവിക സമിതി’ എന്ന പേരിലും പോപ്പുലർ ഫ്രണ്ടിന് ‘വുമൻസ് ഫ്രണ്ട്’ എന്ന പേരിലും വനിതാ സംഘടനകൾ ഉണ്ടെങ്കിലും അവ രണ്ടും സജീവമല്ല. ആയുധ പരിശീലനവും സായുധ പ്രതിരോധവും ഇരുകൂട്ടരുടെയും മുഖമുദ്രയാണ്. വിലക്കയറ്റം, തൊഴിലില്ലായ്മ, പട്ടിണി തുടങ്ങി മനുഷ്യരുടെ ജീവൽപ്രശ്നങ്ങളിലെവിടെയും ആർഎസ്എസിനെയും പോപ്പുലർ ഫ്രണ്ടിനെയും നാം കാണാറില്ല. എന്നാൽ കലാപങ്ങളിലും വിഭജന തന്ത്രങ്ങളിലും എല്ലാം ഈ രണ്ട് സംഘടനകളുടെയും പങ്ക് നാം കണ്ടുവരുന്നുണ്ട്.


ഇതുകൂടി വായിക്കൂ: വര്‍ഗീയ വിദ്വേഷത്തിന്റെ വിഷത്തൈ നടുന്നവര്‍


ഇന്ത്യയിലെ ജനാധിപത്യ ചേരിക്കും മതേതര പാരമ്പര്യത്തിനും എന്നും എതിരായി നിന്നിട്ടുള്ള പ്രസ്ഥാനമാണ് ആർഎസ്എസ്. ആർഎസ്എസ് ഇന്ത്യയുടെ പൊതു ശത്രുവാണെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. സ്വാതന്ത്യ്ര സമര കാലഘട്ടം മുതൽ തന്നെ ഇന്ത്യയിലെ അധികാര കേന്ദ്രങ്ങളിൽ ഉൾപ്പെടെ വിഭജനത്തിന്റെയും വർഗീയതയുടെയും വിഷ വിത്തുക്കൾ പാകാൻ ആർഎസ്എസ് ഗൂഢശ്രമങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ അക്കാലം മുതൽ ഇന്ത്യൻ ദേശീയ നേതൃത്വം കറ കളഞ്ഞ മതേതര ശൈലിയിലൂടെയാണ് അത്തരം അപകടങ്ങളെയെല്ലാം ചെറുത്ത് തോൽപ്പിച്ചത്. ഗാന്ധിജിയെ കൊലപ്പെടുത്തിയ രാഷ്ട്രീയം തന്നെയാണ് ആ പ്രസ്ഥാനം ഇന്നും പിന്തുടരുന്നത്. എന്നാൽ ആർഎസ്എസിനെ പ്രതിരോധിക്കാൻ, ന്യൂനപക്ഷത്തിന്റെ സംരക്ഷകരായി ഇപ്പോൾ ‘മുസ്‌ലിം ആർഎസ്എസിന്റെ’ വക്താക്കൾ രംഗപ്രവേശം ചെയ്യുകയാണ്. ആർഎസ്എസും സംഘപരിവാറും ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ മാത്രം ശത്രുവാണെന്നും അവരെ നേരിടേണ്ട ബാധ്യത തങ്ങൾക്ക് മാത്രമാണെന്നും പോപ്പുലർ ഫ്രണ്ടിനെ പോലെയുള്ള ന്യൂനപക്ഷ തീവ്രവാദത്തിന്റെ വക്താക്കൾ പറയാൻ ശ്രമിക്കുന്നത് അപകടകരമായ രാഷ്ട്രീയമാണ്. ഇന്ത്യൻ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ ഇന്നലകളിലെ പ്രയാസങ്ങളുടെ ഒരു ഘട്ടത്തിലും പോപ്പുലർ ഫ്രണ്ടാദി സംഘടനകളെ കണ്ടിട്ടില്ല. വർത്തമാന കാല ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ അരക്ഷിത ബോധം നിറഞ്ഞ ന്യൂനപക്ഷം ഒരു യാഥാർത്ഥ്യമാണ്. കലുഷിതമായ ഈ സംഘപരിവാർ കാലത്ത് പൊളിറ്റിക്കൽ ഇസ്‌ലാം ഉയർത്തുന്ന വിഷയങ്ങളിൽ ചിലത് അഭിസംബോധന ചെയ്യപ്പെടേണ്ടത് തന്നെയാണ് എന്ന കാര്യത്തിൽ തർക്കമില്ല. ന്യൂനപക്ഷ വിഷയങ്ങളിൽ ‘ബാലൻസിങ് രാഷ്ട്രീയ’ത്തിന് ശ്രമിക്കുന്നത് കൂടുതൽ അപകടങ്ങൾ ക്ഷണിച്ച് വരുത്തുകയാണ് ചെയ്യുക എന്ന കാര്യത്തിലും തർക്കമില്ല. എന്നാൽ ന്യൂനപക്ഷ സംരക്ഷണത്തിന്റെ മാർഗം പോപ്പുലർ ഫ്രണ്ട് ഉൾപ്പെടെയുള്ള ന്യൂനപക്ഷ തീവ്രവാദത്തിന്റെ വക്താക്കൾ സ്വീകരിക്കുന്നതല്ല എന്ന് ഉറക്കെ പറയേണ്ടതുണ്ട്.


ഇതുകൂടി വായിക്കൂ: ഭരണകൂട ഭീകരതയുടെ ശബ്ദമാണ് പുറത്തുവരുന്നത്

 


കേരളത്തിന്റെ രാഷ്ട്രീയവും സാമൂഹ്യവുമായ പ്രബുദ്ധതയെ ചോദ്യം ചെയ്യുക എന്ന രാഷ്ട്രീയ ദൗത്യമാണ് ആർഎസ്എസ് ഏറ്റെടുക്കുന്നത്. അതിന് കളമൊരുക്കാൻ അവർ തക്കം പാർത്തിരിക്കുന്നു. നേരത്തെ തന്നെ കേരളത്തിൽനിന്ന് ഇരുപതിൽപ്പരം പേർ ഐഎസ്എസിൽ ചേർന്നതായും അതിനായി കൂടുതൽ പേർ പോയതായുമുള്ള കറുത്ത അന്തരീക്ഷം നമുക്ക് മുകളിലുണ്ട്. ആ അന്തരീക്ഷത്തെ കൊഴുപ്പിച്ചെടുക്കാനും മുസ്‌ലിം സമൂഹത്തെ ഭീകരവാദത്തിന്റെ മുൾമുനയിൽ നിർത്തി രാജ്യത്തുനിന്നുതന്നെ പുറംതള്ളാനും നടത്തുന്ന ഭരണകൂട ഭീകരതയ്ക്ക് പോപ്പുലർ ഫ്രണ്ട് വളമിട്ടുകൊടുക്കുന്നു. ആർഎസ്എസ് ഇന്ത്യയിലെ ഹിന്ദു മത വിശ്വാസിയുടെ സംരക്ഷകർ അല്ല എന്നത് പോലെ തന്നെ പ്രാധാന്യമുള്ളതാണ് പോപ്പുലർ ഫ്രണ്ടും എസ്ഡിപിഐയും ഇസ്‌ലാം മതവുമായി പുലബന്ധം പുലർത്താത്തവരാണ് എന്നുള്ളത്. ഇസ്‌ലാം എന്ന വാക്കിന്റെ അർത്ഥം തന്നെ സമാധാനം എന്നാണ്. പ്രവാചക നിയോഗത്തെ സംബന്ധിച്ച് ‘സർവ ജനതയ്ക്കും കാരുണ്യമായിട്ടല്ലാതെ താങ്കളെ നാം നിയോഗിച്ചിട്ടില്ല’ (വി. ഖു. 21: 107) എന്നാണ് ഖുർആൻ പ്രഖ്യാപിക്കുന്നത്. യഥാർത്ഥത്തിൽ പോപ്പുലർ ഫ്രണ്ട് ഇസ്‌ലാം മത വിശ്വാസികൾക്ക് അപമാനമായി മാറുന്നു എന്നതാണ് യാഥാർത്ഥ്യം. പോപ്പുലർ ഫ്രണ്ടിന്റെ പ്രത്യയശാസ്ത്രംകൊണ്ട് ഇന്ത്യയിലോ കേരളത്തിലോ ആർഎസ്എസിനെ തകർക്കാനോ തോൽപ്പിക്കാനോ കഴിയില്ല. മാത്രമല്ല, യഥാർത്ഥ ന്യൂനപക്ഷ പ്രശ്നങ്ങൾ തമസ്കരിക്കപ്പെടാനും ഇത് കാരണമാവുന്നു.


ഇതുകൂടി വായിക്കൂ: കിരാതരുടെ കൂട്ടക്കുരുതി


സ്കോർ ബോർഡിൽ തീവ്ര സംഘടനകൾ ബലിദാനികളുടെയും ശഹീദരുടെയും എണ്ണങ്ങൾ കൂട്ടി എഴുതുമ്പോൾ അതിനെ ഒന്ന് അപലപിക്കുക പോലും ചെയ്യാതെ എല്ലാം ഇടതുപക്ഷ സർക്കാരിന്റെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിക്കുന്നവരും യഥാർത്ഥത്തിൽ ന്യൂനപക്ഷ ഭൂരിപക്ഷ തീവ്രവാദത്തിന് സഹായികളായി മാറുകയാണ്. ആർഎസ്എസും പോപ്പുലർ ഫ്രണ്ടും ഒരുമിച്ച് കേരളത്തെ തകർക്കാൻ ശ്രമിക്കുമ്പോൾ ‘ഇടതുപക്ഷത ഫോബിയ’ ബാധിച്ചവർ അവരെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ന്യൂനപക്ഷ ഭൂരിപക്ഷ തീവ്രവാദത്തെ മതേതര ചേരിയുടെ ഐക്യവഴിയിലൂടെ മാത്രമെ പൂർണമായും ചെറുത്ത് തോല്പിക്കാൻ സാധിക്കുകയുള്ളു എന്ന് ഇത്തരക്കാർ തിരിച്ചറിയേണ്ടതുണ്ട്. ‘ബലിദാനി’യുടെ വീരകഥകൾ പാടുന്ന അതേ തെരുവിലൂടെ ‘ശഹീദിന്റെ’ പൊലിമ വിളിച്ച് പറഞ്ഞും വിലാപയാത്രയെ ആഘോഷ യാത്രകളാക്കുകയും ചെയ്യുമ്പോൾ ആർഎസ്എസും പോപ്പുലർ ഫ്രണ്ടും കരുതുന്നത് കേരളത്തിന്റെ പ്രൗഢമായ മതേതര മൂല്യങ്ങളെ തകർത്ത് ഉത്തരേന്ത്യൻ മോഡൽ സൃഷ്ടിക്കാമെന്നാണ്. എന്നാൽ ഇന്നലകളിൽ ഇടത് പുരോഗമന പ്രസ്ഥാനങ്ങൾ ഉഴുത് മറിച്ചിട്ട കേരളത്തിന്റെ മണ്ണിനെ എല്ലാ തീവ്രസംഘടനകളും ചേർന്ന് എത്ര ശ്രമിച്ചാലും മാറ്റാൻ കഴിയില്ലെന്ന ബോധ്യമുള്ളവരാണ് മലയാളി. എല്ലാ തീവ്രവാദത്തിനുമെതിരെ ഇടിമുഴക്കമാവാൻ കെൽപ്പുള്ള ഭൂമികയാണിത് എന്നതു തന്നെയാണ് നമ്മുടെ കരുത്ത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.