മലയാളത്തിന്റെ മണ്ണിൽ ശർമ്മാജി എന്ന നാലക്ഷരം ഒഴിവാക്കി ഒരു സമാധാന‑സൗഹൃദ ചർച്ചപോലും നടത്താനാവില്ല. സൗഹൃദ പ്രസ്ഥാനത്തിനു വേണ്ടി ജീവിച്ചു മരിച്ച, കേരളം കണ്ട ഏറ്റവും വലിയ സ്നേഹനിധിയായിരുന്നു ശർമ്മാജി എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന സുബ്രഹ്മണ്യം ശർമ്മ. അദ്ദേഹത്തിന്റെ 25-ാം ചരമവാര്‍ഷികമാണിന്ന്. 1916 ഡിസംബർ 25ന് തലശേരിയിലെ തിരുവങ്ങാട്ടുള്ള പാറക്കാട്ടു വീട്ടിൽ ശങ്കരയ്യരുടെയും പാർവതി അമ്മാളുടെയും ഏക മകനായി ജനിച്ച ശർമ്മാജി 1997 ജൂൺ 22 നാണ് സൗഹൃദ ലോകത്തുനിന്ന് യാത്രയായത്. തലശേരിയിലെ ബ്രണ്ണൻ കോളജിൽ നിന്നും ഇന്റർ മീഡിയേറ്റ് പാസായ ശേഷം തമിഴ്‌നാട്ടിലെ അണ്ണാമല സർവകലാശാലയിൽ ഉപരിപഠനത്തിനുപോയ ശർമ്മാജി, അവിടെ വച്ച് സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിൽ ആകൃഷ്ടനാവുകയായിരുന്നു.
ഇന്റർമീഡിയേറ്റ് പഠനകാലത്ത് തലശേരിയിലെ തങ്ങളുടെ വീട്ടിലെ സന്ദർശകരിൽ ഒരാളായിരുന്ന പി കൃഷ്ണപിള്ളയുമായുള്ള ബന്ധമാണ് ശർമ്മാജിയെ കോൺഗ്രസിലേക്കും തൊഴിലാളി പ്രസ്ഥാനത്തിലേക്കും അടുപ്പിച്ചത്. 1936ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ലഖ്നൗ സമ്മേളനത്തിൽ പങ്കെടുത്ത് തിരികെ വന്ന പി കൃഷ്ണപിള്ളയും ഇഎംഎസും രണ്ടു ദിവസക്കാലം ശർമ്മാജിക്കൊപ്പം അണ്ണാമല സർവകലാശാലയുടെ ഹോസ്റ്റലിൽ തങ്ങുകയും അവിടെ പുരോഗമന ചിന്താഗതിക്കാരായ വിദ്യാർത്ഥികളുടെ ഒരു ചർച്ചാസമിതി രൂപീകരിക്കുകയും ചെയ്തിരുന്നു. ഈ സമിതിയിലെ അംഗങ്ങളിൽ പലരും പിന്നീട് ജീവിതത്തിന്റെ നാനാമണ്ഡലങ്ങളിൽ പ്രശസ്തരും കേരളം, തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളിലെ പ്രധാന കമ്മ്യൂണിസ്റ്റ് സംഘാടകരും ആയിത്തീർന്നു. 1938 കാലത്ത് ഉപരിപഠനത്തിന് ശേഷം നാട്ടിലെത്തിയ ശർമ്മാജി കെ ദാമോദരന്റെ പത്രാധിപത്യത്തിൽ കോഴിക്കോടുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ മുഖപത്രമായ പ്രഭാതം വാരികയുടെ സഹായിയായി ചേർന്ന് പൊതു പ്രവർത്തനത്തിന് തുടക്കം കുറിച്ചു. പിന്നീട് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തോടൊപ്പം ചേർന്ന് നടക്കുകയായിരുന്നു.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പിറവിക്ക് സാക്ഷ്യം വഹിച്ച പിണറായിയിലെ പാറപ്രത്ത് ചേർന്ന രഹസ്യ യോഗത്തിൽ പങ്കെടുത്ത ഇരുപത് പേരിൽ ഒരാളായിരുന്നു ശർമ്മാജി. 1957ൽ ആദ്യ സിപിഐ ഗവൺമെന്റിൽ മുഖ്യമന്ത്രിയായ ഇഎംഎസിന്റെ രാഷ്ട്രീയകാര്യ സെക്രട്ടറിയായി നിയമിച്ചത് ശർമ്മാജിയെയായിരുന്നു. പാർട്ടി പിളർന്നപ്പോൾ ശർമ്മാജി സിപിഐയിൽ തന്നെ ഉറച്ചുനിന്നു. സാംസ്കാരിക സൗഹൃദ പ്രസ്ഥാനങ്ങളില്‍ ശ്രദ്ധപതിപ്പിച്ചു. പിന്നീട് അദ്ദേഹത്തിന്റെ ലോകം കലയും-സംസ്കാരവും-സാഹിത്യവും-സൗഹൃദവുമായിരുന്നു. ഇന്തോ-സോവിയറ്റ് സൗഹൃദബന്ധത്തിന്റെ പാലമായിരുന്ന ശർമ്മാജി, സോവിയറ്റ് യൂണിയന്റെ അനൗദ്യോഗിക അംബാസിഡർ ആയിരുന്നുവെന്ന് പറയുന്നതാണ് കൂടുതൽ ശരി. കേരളത്തിലെ റഷ്യൻ ഭാഷാ പഠനത്തിന്റെ പിതാവായിരുന്നു അദ്ദേഹം. ശർമ്മാജിയുടെ മുൻകയ്യിലാണ് അക്കാലത്ത് കേരള സർവകലാശാലയിൽ റഷ്യൻ ഭാഷാ പഠന വിഭാഗം സ്ഥാപിക്കപ്പെട്ടത്. സി അച്യുതമേനോനും ശർമ്മാജിയുമായിരുന്നു പതിറ്റാണ്ടുകളോളം കേരളത്തിലെ ഇസ്കസിനെ നയിച്ചത്. സോവിയറ്റ് യൂണിയൻ ഇല്ലാതായതിന് ശേഷം ഇസ്കസ് എന്ന സംഘടന പുനർനാമകരണം ചെയ്തതാണ് ഇന്നുള്ള ഇസ്കഫ് (ഇന്ത്യൻ സൊസൈറ്റി ഫോർ കൾച്ചറൽ കോ-ഓപ്പറേഷൻ ആന്റ് ഫ്രണ്ട്ഷിപ്പ്). മാനവികമൂല്യങ്ങൾ ഉയർത്തിപ്പിടിച്ച അദ്ദേഹത്തിന്റെ വിലപ്പെട്ട സംഭാവനകളാണ് തിരുവനന്തപുരത്തെ ലെനിൻ ബാലവാടിയും ബാലവിഹാറും എംബിഎസ് യൂത്ത് ക്വയറും.
ശർമ്മാജി ഇസ്കസിനെ നയിച്ചിരുന്ന കാലത്ത് അദ്ദേഹത്തിന്റെ മുൻകയ്യിൽ സ്ഥാപിച്ച ലെനിൻ ഹോസ്പിറ്റൽ സൊസൈറ്റിയാണ് ഇന്ന് എറണാകുളത്ത് ടിബി റോഡിൽ സ്ഥിതി ചെയ്യുന്ന അച്യുതമേനോൻ സ്മാരക ഹാൾ. ഒരർത്ഥത്തിൻ ശർമ്മാജിയുടെ സ്മാരകങ്ങളായി അടയാളപ്പെടുത്തേണ്ടതാണ് ഇവയെല്ലാം. വർഗീയതയുടെയും വംശീയതയുടെയും പുതിയ കാലത്ത് ശർമ്മാജിയെപ്പോലുള്ളവരെ ചരിത്രത്തിന്റെ താളുകളിൽ ഉറക്കിക്കിടത്തിയാൽ നമുക്ക് നഷ്ടപ്പെടുന്നത് സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും ഇന്നലെകളിലെ തിളക്കമാർന്ന വഴിത്താരകളായിരിക്കും. പുതിയ കാലത്തെ പുത്തൻ തലമുറയ്ക്ക് ശർമ്മാജിയെ പരിചയപ്പെടുത്താൻ നമുക്ക് കഴിയണം. ശർമ്മാജി എന്ന നാലക്ഷരം സൗഹൃദ കേരളത്തിന്റെ മുഖമുദ്രയായി മാറണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.