21 December 2024, Saturday
KSFE Galaxy Chits Banner 2

സുരക്ഷാ നടപടികൾ പാളി; വന്യജീവി ആക്രമണം തുടർക്കഥ

Janayugom Webdesk
നെടുമങ്ങാട്
April 21, 2022 10:46 pm

ജില്ലയിലെ വനാതിർത്തി മേഖലകളിൽ താമസിക്കുന്ന ജനങ്ങൾക്കും കാർഷിക വിളകൾക്കും വന്യജീവി ആക്രമണത്തിൽ നിന്ന് സംരക്ഷണം നൽകാൻ വനംവകുപ്പ് നടപ്പിലാക്കിയിരുന്ന സുരക്ഷാ നടപടികൾ പാളിയതോടെ ജനവാസ മേഖലകളിൽ വന്യജീവി ശല്യം രൂക്ഷമാകുന്നു. കാട്ടാനയും പന്നികളും പോത്തും കൂട്ടത്തോടെ കാടിറങ്ങി കാർഷിക വിളകൾ നശിപ്പിക്കുന്നതും കൃഷിക്കാരും തൊഴിലാളികളും ആക്രമണത്തിനിരകളാകുന്നതും നിത്യസംഭവമായിരിക്കുകയാണ്.

മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് വനംമന്ത്രി അഡ്വ. കെ രാജു കർഷകരുടെയും കർഷക സംഘടനാ പ്രതിനിധികളുടെയും യോഗം വിളിച്ചു ചേർത്ത്, ഉയർന്നുവന്ന നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ സുരക്ഷാ പ്രവർത്തനങ്ങൾ നടപ്പിലാക്കിയിരുന്നു. ഇത് അവതാളത്തിലായതാണ് വന്യജീവി ശല്യം അനിയന്ത്രിതമായി പെരുകാൻ ഇടയാക്കിയതെന്ന് ആക്ഷേപം ശക്തമായിട്ടുണ്ട്.

വന്യജീവികൾ ജനവാസ മേഖലകളിൽ ഇറങ്ങുന്നത് തടയാൻ നേരത്തെ വനം വകുപ്പ് സജ്ജീകരിച്ചിരുന്ന സൗരോർജ്ജ വേലികളും ആനക്കിടങ്ങുകളുമെല്ലാം ഇപ്പോൾ വെറും കാഴ്ചവസ്തുക്കൾ മാത്രമാണ്. ആക്രമണകാരികളായ കാട്ടുപന്നികളെ ഉപാധികളോടെ വെടിവച്ചു കൊല്ലാനുള്ള അനുമതി ഒരു വർഷം കൂടി ദീർഘിപ്പിച്ച് എൽഡിഎഫ് സർക്കാർ ഉത്തരവായിട്ടും നാട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന കാട്ടുപണികളെ കൊല്ലാൻ വനപാലകർ അറച്ചു നിൽക്കുന്നതായാണ് കർഷകർ ഉൾപ്പടെയുള്ളവർ ഉയർത്തുന്ന പരാതി. ആറു മാസത്തിനിടെ മുന്നൂറോളം കാട്ടുപന്നികളെ വെടിവച്ചു കൊന്നു എന്നാണ് വനപാലകരുടെ സാക്ഷ്യപ്പെടുത്തൽ. എന്നാൽ ആക്രമണത്തിൽ പരിക്കേറ്റതും കൃഷിനാശം നേരിട്ടതുമായ കേസുകൾ ഇതിന്റെ പതിന്മടങ്ങാണ്.

പരുത്തിപ്പള്ളി, പേപ്പാറ, പാലോട്, കുളത്തൂപ്പുഴ വനം റേഞ്ചുകളുടെ അതിർത്തി ഗ്രാമങ്ങളിലാണ് കാട്ടുപന്നിയും കാട്ടാനയും ജനങ്ങളുടെ ഉറക്കം കെടുത്തുന്നത്. കർഷകരും ടാപ്പിങ് തൊഴിലാളികളും വിദ്യാർത്ഥികളും ഉൾപ്പെടെ നൂറുകണക്കിന് നിരപരാധികളാണ് വന്യജീവി ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിലും വീടുകളിലും ദുരിതത്തിൽ കഴിയുന്നത്.

കഴിഞ്ഞദിവസം രാവിലെ തട്ടുകടയുടെ മുന്നിൽ ചായ കുടിച്ചുകൊണ്ട് നിൽക്കെയാണ് ടാപ്പിങ് തൊഴിലാളിയായ മേമല തടത്തരികത്ത് വീട്ടിൽ മുരുകന്(50) കാട്ടുപന്നിയുടെ കുത്തേറ്റത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ചെല്ലഞ്ചി ഗവ. എൽപിഎസിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി ആനകുളം ദേവനന്ദയിൽ ദേവനന്ദ(എട്ട്) പരിക്കേറ്റ് ഇപ്പോഴും ചികിത്സയിലാണ്.

നന്ദിയോട്ടെ വ്യാപാരി പുലിയൂർ ആർപി നിവാസിൽ രാധാകൃഷ്ണൻ(62) രാത്രി എട്ടോടെ കടയടച്ച് വീട്ടിലേക്ക് വരും വഴി പയറ്റടി റോഡിൽ വച്ച് കാട്ടുപന്നിയുടെ ആക്രമണത്തിനിരയായി കാലിനും തലയ്ക്കും സാരമായി പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായി. പെരിങ്ങമ്മലയിലെ ചുമട്ടു തൊഴിലാളി രാജന്‍ ബൈക്കിൽ വീട്ടിലേക്ക് പോകുംവഴി കാട്ടുപന്നി കുത്തി വീഴ്ത്തി.

പനവൂരിൽ റോഡിനു കുറുകെ ചാടിയ കാട്ടുപന്നിയുമായി കൂട്ടിയിടിച്ച് കാറിന്റെ മുൻവശം തകർന്നതാണ് മറ്റൊരു സംഭവം. പൊടിയക്കാല, അടിപറമ്പ്, പേത്തലകരിക്കകം, അഗ്രിക്കൾച്ചർ ഫാം, ഇടിഞ്ഞാർ, കല്ലാർ, അമ്പൂരി പ്രദേശങ്ങളിൽ കാട്ടാനകൾ ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചതും അടുത്തിടെയാണ്. തെങ്ങ്, കവുങ്ങ്, വാഴ മുതലായ വിളകളാണ് കാട്ടാന നശിപ്പിക്കുന്നത്. വിതുര, കുറ്റിച്ചൽ, അമ്പൂരി, പെരിങ്ങമ്മല, നന്ദിയോട് പഞ്ചായത്തുകളിലെ ആദിവാസി ഊരുകളിൽ അധിവസിക്കുന്നവരും കാട്ടാനകളെ ഭയന്നാണ് ദിവസം തള്ളിനീക്കുന്നത്.

 

കൃഷി ഉപേക്ഷിക്കുന്നവരുടെ എണ്ണം അനുദിനം പെരുകുന്നു

 

മരിച്ചീനി, ചേന, ചേമ്പ് തുടങ്ങിയ കാർഷിക വിളകൾ തിന്നുന്നതിനാണ് കാട്ടുപന്നികൾ ജനവാസ മേഖലയിലിറങ്ങുന്നത്. പന്നി കുത്തിയാൽ പേ വിഷത്തിനുള്ള കുത്തിവയ്പ്പും ചികിത്സയുമാണ് നടത്തുക. ഇതിന് ഭാരിച്ച ചെലവുണ്ട്.

നിരവധി പേരാണ് അടിക്കടി ആശുപത്രികളിൽ എത്തുന്നത്. നെടുമങ്ങാട് താലൂക്കിലെ ഒട്ടുമിക്ക വില്ലേജുകളിലും കൃഷി തുടരാൻ പറ്റാത്ത അവസ്ഥയാണുള്ളതെന്ന് കൃഷി ഭവനുകൾ മേലധികാരികൾക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. കാട്ടുപന്നികൾ മൂലമുണ്ടാകുന്ന കൃഷി നാശത്തിന് വനം വകുപ്പ് നഷ്ടപരിഹാരം നൽകുന്നുണ്ടെങ്കിലും പരിമിതമാണെന്ന് പരാതിയുണ്ട്.

നെടുമങ്ങാട്നഗരസഭയിൽ ഫയർസ്റ്റേഷന് മുൻഭാഗത്തായി കുശർക്കോട്ട് കിഴക്കേകുന്നുംപുറം എൻ രമേഷ് കുമാറിന്റെ രണ്ട് ഏക്കറോളം മരച്ചീനി കൃഷി കാട്ടുപന്നികൾ നശിപ്പിച്ചിരുന്നു. കാട്ടുപന്നി ശല്യം ഭയന്ന് കൃഷി ഭൂമിക്ക് ചുറ്റും മുള്ളുവേലിയും ഷീറ്റും ഉപയോഗിച്ച് മറ സ്ഥാപിച്ചെങ്കിലും കൂട്ടത്തോടെ എത്തിയ പന്നികൾ അതൊക്കെ നശിപ്പിച്ചു. സഹോദരങ്ങളുടേതുൾപ്പടെ 15 ഏക്കറിലേറെ സ്ഥലത്താണ് രമേഷ് വാഴയും മരച്ചീനിയുമടക്കം കൃഷി ചെയ്യുന്നത്. വേലി തീർത്തതും കൃഷി ഇറക്കിയതുമുൾപ്പടെ രണ്ട് ലക്ഷത്തോളം രൂപയുടെ അധികച്ചെലവും വന്നു. കാട്ടുപന്നികളെ പിടികൂടി നശിപ്പിക്കാതെ നഗരസഭ പ്രദേശത്ത് കൃഷി തുടരാനാകാത്ത സ്ഥിതിയാണെന്ന് നെടുമങ്ങാട് നഗരസഭ കാർഷിക കർമ്മസേന ഭരണസമിതി വനംവകുപ്പ് അധികൃതർക്ക് കത്ത് നൽകിയിട്ടുണ്ട്.

 

ജാഗ്രതാസമിതി ചേരുന്നതിൽ അലംഭാവം

 

കാട്ടുപന്നിശല്യം തുടർക്കഥയായ നന്ദിയോട്, പെരിങ്ങമ്മല അടക്കമുള്ള ഗ്രാമപഞ്ചായത്തുകളിൽ കൃത്യമായ ഇടവേളകളിൽ ജാഗ്രതാസമിതികൾ ചേർന്ന് റിപ്പോർട്ട് സമർപ്പിക്കാത്തതാണ് കാട്ടുപന്നികളെ വെടിവച്ചു കൊല്ലാനുള്ള സർക്കാർ ഉത്തരവ് ഫലപ്രദമായി നടപ്പാക്കാൻ കഴിയത്തതിന് ഇടയാക്കിയതെന്ന ആക്ഷേപം ശക്തമാണ്.

യുഡിഎഫ് നിയന്ത്രണത്തിലുള്ള ഭരണസമിതികളാണ് ഇവിടെയുള്ളത്. പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനായ ജാഗ്രതാസമിതികൾ യോഗം ചേർന്നാണ് പ്രദേശത്ത് കാട്ടുപന്നികളുടെ ശല്യം ഉണ്ടെന്ന് ഡിവിഷൻ ഫോറസ്റ്റ് ഓഫീസർക്ക് റിപ്പോർട്ട് നൽകേണ്ടത്. ഇതിനകം ജാഗ്രതാ സമിതികൾ രൂപീകരിച്ചിട്ടുള്ള പഞ്ചായത്തുകളിലാണ് ശല്യക്കാരായ കാട്ടുപന്നികളെ വെടിവച്ചുകൊന്നത്.

പഞ്ചായത്ത് തല ജാഗ്രതാ സമിതികൾ നൽകുന്ന റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് പന്നികളെ വെടിവയ്ക്കുന്നതിനുള്ള ഉത്തരവ് ഡിഎഫ്ഒ പുറപ്പെടുവിക്കുക. ഇതിനായി പരിശീലനം ലഭിച്ച വനപാലക സംഘത്തെയാണ് വെടിവച്ചു കൊല്ലാൻ നിയോഗിക്കുന്നത്.

ഒരാഴ്ചയ്ക്കകം ജാഗ്രതാ സമിതികൾ ചേർന്ന് റിപ്പോർട്ട് നല്‍കണമെന്ന് ജില്ലാ കളക്ടറുടെ നിർദേശം ലഭിച്ച് ഒരു വർഷമായിട്ടും സമിതികൾ ചേരാൻ കൂട്ടാക്കാത്ത യുഡിഎഫ് ഭരണസമിതികൾക്കെതിരെ കർഷകരും നാട്ടുകാരും രംഗത്ത് വന്നിട്ടുണ്ട്.

 

റാപ്പിഡ് റെസ്പോണ്‍സ് ടീമും ജൈവവേലിയും

 

ജില്ലയിലെ വനമേഖലയിൽ വർദ്ധിച്ചുവരുന്ന വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ ചെറുക്കുന്നതിന് തിരുവനന്തപുരം ഫോറസ്റ്റ് ഡിവിഷൻ കേന്ദ്രീകരിച്ച് റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്റെ യൂണിറ്റ് അനുവദിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.

കാട്ടാനയും കാട്ടുപന്നിയും ഉൾപ്പെടെയുള്ള വന്യജീവികളുടെ ആക്രമണം തടയുന്നതിന് കെൽപ്പാമുമായി ചേർന്ന് സർക്കാർ നടപ്പിലാക്കാൻ തീരുമാനിച്ച ‘ജൈവവേലി’ പദ്ധതിയും ഉദ്യോഗസ്ഥ അനാസ്ഥയിൽ നീളുകയാണ്. ഏതാനും മാസം മുമ്പ്‌ പാലോട്, വിതുര, പേപ്പാറ സെറ്റിൽമെന്റ് പ്രദേശങ്ങളിൽ കാട്ടാന ആക്രമണത്തിൽ മൂന്നു ജീവനുകളാണ് നഷ്ടമായത്.

പാലോട് കേന്ദ്രീകരിച്ച് ആർആർടി യൂണിറ്റിന്റെ ഭാഗികമായ പ്രവർത്തനം നടക്കുന്നുണ്ടെങ്കിലും സേവനം പര്യാപ്തമല്ല. കൂടുതൽ അംഗബലത്തോടും ആധുനിക സൗകര്യങ്ങളോടും കൂടി ജില്ല കേന്ദ്രീകരിച്ച് പുതിയ യൂണിറ്റ് അനുവദിക്കണമെന്നാണ് കർഷകരുടെയും നാട്ടുകാരുടെയും ആവശ്യം.

Eng­lish Sum­ma­ry: Secu­ri­ty mea­sures lay­er; Wildlife Attack Sequel

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.