9 May 2024, Thursday

ഗവര്‍ണര്‍മാരുടെ അമിതാധികാര പ്രവണതയെ കൂട്ടായി ചെറുക്കണം

Janayugom Webdesk
July 1, 2023 5:00 am

തമിഴ്‍നാട് മന്ത്രിസഭയിലെ വകുപ്പില്ലാ മന്ത്രി സെന്തിൽബാലാജിയെ മന്ത്രിസഭയിൽ നിന്ന് ഏകപക്ഷീയമായി പുറത്താക്കുകയും തൊട്ടുപിന്നാലെ നടപടി മരവിപ്പിക്കുകയും ചെയ്ത ഗവർണർ ആർ എൻ രവിയുടെ നടപടി ഭരണഘടനാ വിരുദ്ധവും രാജ്യത്തെ ഫെഡറൽ ജനാധിപത്യത്തിന് നിരക്കാത്തതുമാണ്. ഗവർണർ രവി ജൂൺ 29നു ഒരു രാജ്ഭവൻ പത്രക്കുറിപ്പ് വഴിയാണ് മന്ത്രിയെ പുറത്താക്കിയതായി അറിയിച്ചതെന്നതുതന്നെ എത്ര നിരുത്തരവാദപരമായാണ് ഗൗരവമേറിയ ഭരണഘടനാ പദവി കൈകാര്യം ചെയ്തതെന്നതിന്റെ തെളിവാണ്. ഭരണഘടനാപരമായി ഗവർണർക്കില്ലാത്ത അധികാരത്തിന്റെ ദുരുപയോഗം വഴി ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ഗവണ്മെന്റിന്റെ തലയ്ക്കുമേൽ അപകടകരമാംവിധം തലനാരിൽ തൂങ്ങിനിൽക്കുന്ന ഡമോക്ലസിന്റെ വാളാണ് ഗവർണർ പദവി എന്ന് അനുസ്മരിപ്പിക്കാനാണ് രവി തുനിഞ്ഞത് എന്നുവേണം കരുതാൻ. അത്തരം ഭീഷണികൾക്ക് താനോ തന്റെ ഗവൺമെന്റോ വഴങ്ങില്ലെന്ന് അർത്ഥശങ്കയ്ക്ക് ഇടമില്ലാത്തവിധം മുഖ്യമന്ത്രി എം കെ സ്റ്റാലിനും അദ്ദേഹത്തിന്റെ ഗവണ്‍മെന്റും വ്യക്തമാക്കി. ഗവർണർ രവിക്ക് ആരുടെ ഉപദേശപ്രകാരമാണെങ്കിലും വൈകിയുദിച്ച വിവേകം ഗവണ്‍മെന്റും ഗവർണറും തമ്മിൽ തുറന്ന ഏറ്റുമുട്ടൽ തല്ക്കാലത്തേക്കെങ്കിലും ഒഴിവായി. എന്നാൽ, ഗവർണർ രവിയുടെ നടപടി വരുംദിനങ്ങളിൽ ഇപ്പോൾത്തന്നെ വഷളായ ഗവർണർ സ്റ്റാലിൻ സർക്കാർ ബന്ധം സുഗമമായിരിക്കില്ലെന്ന സൂചനയാണ് നൽകുന്നത്.

സെന്തിൽബാലാജിയെ ഇഡി അറസ്റ്റുചെയ്യും മുമ്പുതന്നെ തമിഴ്‌നാട് സർക്കാരും ഗവർണർ രവിയും തമ്മിൽ ഏറ്റുമുട്ടലിന്റെ പാതയിലായിരുന്നു. തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകൾ തടഞ്ഞുവയ്ക്കുകയും സർക്കാരിന്റെ പ്രവർത്തനങ്ങൾ തടസപ്പെടുത്തന്ന ത് ഒരു കലയാക്കി മാറ്റുകയും ചെയ്യുന്ന ഗവര്‍ണറുടെ നടപടി തുറന്ന ഏറ്റുമുട്ടലുകൾക്ക് നേരത്തെതന്നെ വഴിവച്ചിരുന്നു. ഗവർണർ രവി തിടുക്കത്തിൽ നടപടിയിൽനിന്നും പിന്മാറാൻ കാരണം തന്റെ തീരുമാനം നടപ്പാക്കുംമുമ്പ് അറ്റോർണി ജനറലിന്റെ നിയമോപദേശം തേടണമെന്ന യൂണിയൻ ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണെന്ന് വാർത്തകൾ സൂചിപ്പിക്കുന്നു. എന്നാൽ, തമിഴ്‌നാട് ഗവർണറുടെ നടപടി ഒറ്റപ്പെട്ട ഒന്നല്ലെന്ന് വിവിധ സംസ്ഥാനങ്ങളിൽ നരേന്ദ്രമോഡി സർക്കാർ നിയോഗിച്ചിട്ടുള്ള ഗവർണർമാരുടെ സമീപനങ്ങൾ വ്യക്തമാക്കുന്നു. കേരളത്തിലെയും തെലങ്കാനയിലെയും പശ്ചിമബംഗാളിലെയും മഹാരാഷ്ട്രയിലെയുമടക്കം പ്രതിപക്ഷപാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ഭരണത്തെ അട്ടിമറിക്കാനും സംസ്ഥാന സർക്കാരുകളുടെ സുഗമമായ പ്രവർത്തനം തടസപ്പെടുത്താനുമുള്ള ഉപകരണങ്ങളായാണ് ബിജെപി ഗവർണർമാരെ ഉപയോഗിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാനസർക്കാരുകളെ സഹായിക്കുന്നതിനുപകരം അവയുടെ പ്രവർത്തനങ്ങളിൽ ഇല്ലാത്ത അധികാര പ്രയോഗമാണ് ഗവർണർമാർ നടത്തിവരുന്നത്. മന്ത്രിമാരെ നിയമിക്കാനും ആവശ്യമെങ്കിൽ അവരെ പുറത്താക്കാനുമുള്ള സമ്പൂർണ അധികാരം മുഖ്യമന്ത്രിയിലാണ് ഭരണഘടന നിക്ഷിപ്തമാക്കിയിട്ടുള്ളത്. ഗവർണറുടെ ‘പ്രീതി’ മുഖ്യമന്ത്രിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ മാത്രമാണ് നിർണയിക്കപ്പെടുക.


ഇതുകൂടി വായിക്കൂക: പ്രതികാര ഏജന്‍സികള്‍ തമിഴ്‌നാട്ടിലെത്തുമ്പോള്‍


ഗവർണറുടെ ‘പ്രീതി’ എന്ന പ്രയോഗത്തെ ദുർവ്യാഖ്യാനം ചെയ്ത് കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയവിടുപണിക്കാണ് പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ബിജെപി നിയോഗിച്ചിട്ടുള്ള ഗവർണർമാർ മുതിരുന്നത്. അത് രാജ്യത്തിന്റെ ഭരണഘടനാ തത്വങ്ങൾക്കും ഫെഡറൽ ജനാധിപത്യ സംവിധാനത്തിനും കടുത്ത ഭീഷണിയായി മാറുന്നതാണ് മോഡിഭരണത്തിൽ കാണുന്നത്. അതിന് വിരാമമിടാൻ സമയം അതിക്രമിച്ചിരിക്കുന്നു. കേവലം 40 ശതമാനത്തിൽ താഴെമാത്രം വോട്ടുകളുടെ പിൻബലത്തിലാണ് മോഡിസർക്കാർ കഴിഞ്ഞ ഒമ്പത് വർഷങ്ങളായി ഭരണത്തിൽ തുടരുന്നത്. പ്രതിപക്ഷ പാർട്ടികളുടെ അനൈക്യം മുതലെടുത്താണ് ബിജെപിക്ക് അധികാരത്തിൽ തുടരാനാവുന്നത്. ഭൂരിപക്ഷ ജനതയുടെ പിന്തുണയില്ലെന്ന അരക്ഷിതബോധമാണ് ഗവർണർ പദവി ദുരുപയോഗം ചെയ്യാൻ മോഡിഭരണത്തെ പ്രേരിപ്പിക്കുന്നത്. മോഡിയുടെ ദുർഭരണത്തിന് അറുതിവരുത്താൻ ഒരുമിച്ചുനിൽക്കണമെന്ന അവബോധം വൈകിയെങ്കിലും പ്രതിപക്ഷപാർട്ടികൾക്കിടയിൽ വളർന്നുവന്നിരിക്കുന്നു എന്നത് ശുഭോദർക്കമാണ്. ഗവർണര്‍മാരുടെ സംസ്ഥാന ഭരണത്തിലുള്ള ഭരണഘടനാവിരുദ്ധ കൈകടത്തലുകൾക്കും അമിതാധികാര പ്രവണതയ്ക്കും എതിരായ കൂട്ടായ ചെറുത്തുനില്പ് പ്രതിപക്ഷ ഐക്യ നീക്കങ്ങൾക്ക് കൂടുതൽ കരുത്തുപകരുമെന്നുവേണം പ്രതീക്ഷിക്കാൻ. പൊതുതെരഞ്ഞെടുപ്പ് അടുത്തുവരുന്നതോടെ പ്രതിപക്ഷസർക്കാരുകളെ ദുർബലപ്പെടുത്താനും തകർക്കാനും തമിഴ്‌നാട് ഗവർണറുടെ മാതൃക പ്രയോഗിക്കാൻ മോഡിഭരണം മടിക്കില്ലെന്ന് പ്രതിപക്ഷ പാർട്ടികൾ തിരിച്ചറിഞ്ഞ് കരുതലോടെ യോജിച്ച ചെറുത്തുനില്പിന് തയ്യാറാവണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.