പ്രമദ മുരളി

May 19, 2020, 6:36 pm

മക്കളെ സഭയിലേക്ക്‌ പറഞ്ഞുവിടുന്ന മാതാപിതാക്കളോട്‌ ചിലത്‌ പറയാനുണ്ട്‌: തുറന്നടിച്ച്‌ സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ

Janayugom Online

കാനായിലെ കല്യാണത്തിന് ജലത്തിൽ നിന്നും കർത്താവ് വീഞ്ഞുണ്ടാക്കിയതും കടലിനു മുകളിലൂടെ നടന്നതുമൊക്കെ നമുക്ക് പരിചിതമായ വിശ്വാസ പ്രമാണങ്ങളാണ് . ജ്ഞാനസ്നാനത്തിലും ശുദ്ധീകരണത്തിന് ജലമാണ് ഉപയോഗിക്കുന്നത് .പറഞ്ഞു വരുന്നത് ക്രിസ്തീയ മത വിശ്വാസങ്ങളും ജലവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെന്നാണ്. ഇതെല്ലാം വിശ്വാസത്തിന്റെ ശുദ്ധമായ വശങ്ങളാണ് .എന്നാൽ കേരളത്തിലെ ചില സംഭവങ്ങൾ കണക്കിലെടുത്താൽ ഇപ്പറയുന്ന മത വിശ്വാസവും ജലവും തമ്മിൽ അത്രത്തോളം ശുദ്ധമല്ലാത്ത ഒരു ബന്ധവുമുണ്ടെന്ന് കൂടി പറയേണ്ടി വരും.

1987 മുതൽ 2020 വരെ ക്രിസ്ത്യൻ മഠങ്ങളിൽ നടന്നത് 16 കന്യാസ്ത്രീകളുടെ ദുരൂഹ മരണങ്ങൾ.ഇവയെല്ലാം കിണറുകളിലോ അതിനോട് ചേർന്ന ജലാശയങ്ങളിലോ സംഭവിച്ചവയാണ്. കന്യാസ്ത്രീകളുടെ ദുരൂഹ മരണം തുടർക്കഥയായി മാറുന്നു. ഇതുവരേയും ഒരു കേസ് പോലും കാര്യക്ഷമമായി തെളിയിക്കാൻ സാധിച്ചിട്ടില്ല. സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ ഫേസ്ബുക്കിൽ കുറിച്ച വരികളാണിവ. സഭയ്ക്കുള്ളിലെ പാകപ്പിഴകൾ ഉറക്കെപ്പറഞ്ഞതിലൂടെ ഒറ്റയാൾ പോരാളിയായി മാറേണ്ടി വന്നയാളാണ് സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ. കർത്താവിന്റെ നാമത്തിൽ എന്ന സിസ്റ്ററിന്റെ പുസ്തകം വിവാദമായത് , ചിലർ തുറന്നുപറച്ചിലുകളെ ഭയക്കുന്നുവെന്നതിനു ഉദാഹരണമാണ്. സിസ്റ്റർ ദിവ്യയുടെ മരണത്തെക്കുറിച്ചും സഭയുടെ രീതികളെക്കുറിച്ചും സിസ്റ്റർ ലൂസിക്ക് ഇനിയും പറയാനുണ്ട് .

സഭയ്ക്കുള്ളിൽ നിന്നുകൊണ്ടാണ് അവിടത്തെ തെറ്റുകുറ്റങ്ങൾ ചൂണ്ടിക്കാണിക്കുന്നത് .ഇങ്ങനെ തിരുത്താൻ ശ്രമിക്കുന്നത് ജീവനുതന്നെ ഭീക്ഷണിയായി മാറുന്നതെങ്ങനെയാണ് ?
“തെറ്റുകുറ്റങ്ങളാണ് ഞാൻ ചൂണ്ടിക്കാണിക്കുന്നത്.എന്നാൽ പലരും കരുതുന്നത് ഞാൻ സഭയെ വിമർശിക്കുന്നുവെന്നാണ്.ഉദാഹരണത്തിന് സിസ്റ്റർ ദിവ്യയുടെ മരണം, സത്യത്തിലൊരുപാട് വിഷമം തോന്നുന്നു. നമ്മുടെയൊക്കെ സ്വന്തമെന്ന് കരുതിയതിനാലാകാം സംശയങ്ങൾ പങ്കുവയ്ക്കുന്നത്.അതിനെ വിമർശനമാക്കി മാറ്റുന്നത് ചില തല്പര കക്ഷികളാണ് .ഇങ്ങനെ പറയുന്നതുകൊണ്ട് പേടിക്കാനുണ്ടോ ജീവനു തന്നെ ഭീക്ഷണിയായി മാറുന്നോ എന്നൊക്കെ ചോദിച്ചാൽ, മരിക്കാൻ ഒരിക്കലും പേടി തോന്നിയിട്ടില്ല .എന്നാൽ ചില സമയങ്ങളിൽ എന്നെ മാനസികമായി തളർത്തിക്കളയുമോയെന്ന് തോന്നിയിട്ടുണ്ട്.എന്നിരുന്നാലും ജീവനിൽ ഭയന്നു നിൽക്കേണ്ട ആവശ്യമുണ്ടെന്നും തോന്നുന്നില്ല .”

രാഷ്ട്രീയക്കാരുടെ വോട്ട് ബാങ്കാണ് സഭ, അതുകൊണ്ടു തന്നെ സഭയുടെ പല കുറ്റകൃത്യങ്ങളിലുമുള്ള രാഷ്ട്രീയ ഇടപെടലിനെ എങ്ങനെ നോക്കിക്കാണുന്നു ?.
”സഭയുമായി ബന്ധപ്പെട്ട കേസുകളിലെ രാഷ്ട്രീയ ഇടപെടൽ പകൽ പോലെ വ്യക്തമാണ് .കന്യാസ്ത്രീകളോ പുരോഹിതന്മാരോ പ്രതികളായ കേസുകൾ രാഷ്ട്രീയക്കാർക്ക് ഉൾക്കൊള്ളാൻ സാധിക്കുന്നില്ല.അവർ ധരിക്കുന്ന വസ്ത്രത്തിന്റെ പ്രത്യേകതയാണോയെന്നറിയില്ല, കൃത്യമായ അന്വേഷണം നടക്കുന്നില്ല .സിസ്റ്റർ ദിവ്യയുടെ മരണം നോക്കൂ,ലോക്ക്ഡൌൺ സമയമാണ്. ആ പരിസരത്തു ആളുകൾ തീരെ കുറവാണ് .മരണത്തിൽ അസ്വാഭാവികതയുണ്ട്.

രാഷ്ട്രീയക്കാർക്ക് അവരുടെ സ്ഥാനമാനങ്ങളും വോട്ടുമൊക്കെ പോകുമോയെന്ന ഭയമാണ് .ഞാൻ തന്നെ ഒരുപാട് കാര്യങ്ങളിൽ പരാതി നൽകിയിരുന്നു. മുഖ്യമന്ത്രിയ്ക്ക് നൽകിയ പരാതിയിൽ പോലും ഫൈനൽ റിപ്പോർട്ട് വരുമ്പോൾ എൻ്റെ പ്രസ്താവനകളിൽ തിരുത്തൽ വരുത്തും. ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലെ രാഷ്ട്രീയ ഇടപെടൽ ഇതിൽ നിന്നെല്ലാം വ്യക്തമാണ് .അഭയ കേസ , ഫ്രാങ്കോ കേസ് തുടങ്ങിയവ നമുക്ക് മുന്നിലുണ്ട് . രാഷ്ട്രീയക്കാരെയെതിർത്ത് ഒരു പരിധി കഴിഞ്ഞാൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് അവരുടെ ജോലി ചെയ്യൽ സാധ്യമല്ല. ട്രാൻസ്ഫർ,പ്രൊമോഷൻ, ജീവനിലുള്ള ഭയം തുടങ്ങിയവ തന്നെയാണ് കാരണം. സാധാരണക്കാർക്ക് നീതി ഇപ്പോഴും വിദൂരമാണ്.”

ലോകത്തിലെതന്നെ ഏറ്റവും മികച്ച പോലീസ് സംവിധാനങ്ങളിലൊന്നാണ് കേരള പോലീസ് .എന്നാൽ സഭയുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുമ്പോൾ ഇവരുടെ മികവിനെന്താണ് സംഭവിക്കുന്നത്?
”ഞാൻ നേരത്തെ പറഞ്ഞതുപോലെ കന്യാസ്ത്രീകളോ പുരോഹിതന്മാരോ കേസുകളിൽ പ്രതികളായാൽ പോലീസുകാർക്ക് ഒന്നും ചെയ്യാൻ സാധിക്കുന്നില്ല.അവരുടെ മികവ് സഭയുമായി ബന്ധപ്പെട്ട കേസുകളിൽ കുറയുന്നുവെന്ന് വേണം കരുതാൻ.സിസ്റ്റർ ദിവ്യയുടെ മരണം തന്നെ നോക്കൂ, പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഉൾപ്പെടെയുള്ളവ സമയമെടുത്തു ചെയ്യേണ്ടവയാണ്. എന്നാൽ അതിനുമുന്നെതന്നെ ഇതൊരു ആത്മഹത്യയെണെന്ന് പോലീസ് സ്വയം തീരുമാനിക്കുന്നു .അല്ലെങ്കിൽ ചിലർ തീരുമാനിപ്പിക്കുന്നു .തെളിവ് സഹിതം കണ്ടുപിടിക്കാൻ പോലീസ് മെനക്കെടുന്നില്ല .അതല്ല ഒരു ആത്മഹത്യ തന്നെ ആണെന്നിരിക്കട്ടെ. അതിനൊരു പ്രേരണാ ഘടകമുണ്ടാകണമല്ലോ .ആത്മഹത്യാ പ്രേരണ തന്നെവലിയൊരു കുറ്റമാണ് .അന്വേഷണത്തിൽ പ്രതികളെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ട് വരികതന്നെ വേണം .”

കന്യാസ്ത്രീകളുടെ മരണവുമായി ബന്ധപ്പെട്ട് സംശയിക്കാവുന്ന ചിലതുണ്ട്. മരിച്ചവരെ ലൈംഗീകമായി ആരെങ്കിലും ദുരുപയോഗം ചെയ്തിട്ടുണ്ടോ? സഭയുടെ ഹീന പ്രവർത്തികളിൽ മരിച്ചവർ പങ്കാളികളായിട്ടുണ്ടോ? അതോ മാപ്പുസാക്ഷികളാകാൻ മരിച്ചവർ ആഗ്രഹിച്ചിരുന്നോ തുടങ്ങിയവ. ഇതിനോട് എങ്ങനെ പ്രതികരിക്കുന്നു ?
“ഇതുപോലുള്ള സംശയങ്ങൾ തന്നെയാണ് ഓരോന്ന് കാണുമ്പോഴും കേൾക്കുമ്പോഴും മനസിലേക്കോടിയെത്തുന്നത് .ദൈവീകമായ കാര്യങ്ങൾ മാത്രം ചിന്തിച്ചുനടക്കുന്നുവെന്ന് പറയപ്പെടുന്ന മഠങ്ങളിൽ മേൽപ്പറഞ്ഞ കാര്യങ്ങളല്ലാതെ ഒരാളുടെ ജീവൻ ദുരൂഹ സാഹചര്യത്തിൽ നഷ്ടപ്പെടുമെന്ന് തോന്നുന്നില്ല .സ്വയം മരിക്കുന്നത് പാപമാണെന്നാണ് കത്തോലിക്കാ സഭ പഠിപ്പിക്കുന്നത്.ഇത്രയും കാര്യങ്ങൾ പഠിച്ച ഒരാൾ സ്വയം ജീവൻ നശിപ്പിക്കുമെന്ന് കരുതുന്നില്ല .അങ്ങനെ ചെയ്യാനും പാടില്ല .

കർത്താവിൻ്റെ നാമത്തിൽ പ്രസിദ്ധീകരിച്ചപ്പോൾ ചിലർ എൻ്റെ കോലം കത്തിക്കുകയുണ്ടായി . പിന്നീട് അത് ചെയ്തവർ മഠത്തിൽ കയറിയിറങ്ങുന്നത് കണ്ടപ്പോഴാണ് പോലീസിന് പരാതി നൽകിയത്.എന്നാൽ പോലീസ് പറയുന്നത് മദറാണ് മഠത്തിൻ്റെ അധികാരിയെന്ന് .അതായത് ഒരാളെ മഠത്തിനകത്തിട്ട് എന്ത് ചെയ്താലും അതിനു അധികാരം മദറിനാണ്. ഇതുപോലെ സമാനമായ അവസ്ഥ പലർക്കും ഉണ്ടായേക്കാം .എല്ലാം കൂട്ടി വായിക്കുമ്പോൾ അസ്വാഭിവികത തന്നെയാണ് . .നല്ല രീതിയിൽ അന്വേഷണം നടക്കട്ടെ ‚കേസ് തെളിയട്ടെ.”

കർത്താവിൻ്റെ നാമത്തിൽ എന്ന പുസ്തകം വിവാദമായപ്പോൾ കൂടെ നിന്നവരേക്കാൾ കൂടുതൽ തള്ളിപ്പറഞ്ഞവരായിരുന്നു, ഇതിനെയെങ്ങനെ നോക്കിക്കാണുന്നു?
”കർത്താവിൻ്റെ നാമത്തിൽ വിവാദമായപ്പോഴും ഫ്രാങ്കോ മുളയ്ക്കലിൻ്റെ കേസ് വന്നപ്പോഴും ഉന്നത സ്ഥാനങ്ങൾ വഹിക്കുന്ന കന്യാസ്ത്രീകൾ എനിക്കെതിരേ സംഘടിക്കുകയും പല ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തു .എന്നാൽ സത്യത്തിൽ എനിക്കിവരോട് സഹതാപമാണ് തോന്നുന്നത്. ഇത്രയുംഅടിമകളായിപ്പോയല്ലോ ഇവരെന്നാലോചിച്ച് .ഈ കന്യാസ്ത്രീകളെ സ്വന്തമായി നിലപാടില്ലാത്ത ആൾക്കാരെന്നു മാത്രമേ പറയാൻ സാധിക്കുകയുള്ളു. എന്തൊക്കെയാണ് പ്രതികരിക്കേണ്ടതെന്ന് ഇവരെ പറഞ്ഞു പഠിപ്പിക്കുന്നത് പുരോഹിതന്മാരും സഭാ നേതാക്കളുമാണ് . അല്ലാതെ ഒരു ചെറിയ കാര്യമാണെങ്കിൽപോലും സ്വന്തമായി പ്രതികരിക്കാൻ സഭ ഇവരെ പഠിപ്പിക്കുന്നില്ല.

എനിക്ക് സ്വന്തമായി നിലപാടുണ്ട്. അഭിപ്രായമുണ്ട് ‚ഞാൻ പുരോഹിതന്മാരെയോ ബിഷപ്പുമാരെയോ നേതാക്കളെയോ ആശ്രയിക്കുന്നില്ല. ഇതുകൊണ്ടാണ്‌ എന്നെയവർ ഒറ്റപ്പെടുത്തുന്നത്. അടിമകളായി കഴിയേണ്ടിവരുന്ന കന്യാസ്ത്രീകളോട് സഹതാപം മാത്രമേയുള്ളു ‚സ്വന്തം വ്യക്തിത്വം കളഞ്ഞ് വെറും വിഡ്ഢികളായി ജീവിക്കരുത്.സിസ്റ്റർ ദിവ്യയുടെ മരണത്തിൽ പോലും വിഷമമുള്ള കന്യാസ്ത്രീകൾ വളരെ കുറവാണ്.അന്വേഷണം പകുതി വഴിയിൽ നിന്നുപോകണമെന്ന് പ്രാർഥിക്കുന്നവരാണ് അധികവും .മറ്റുള്ളവരുടെ ജീവന് മൂല്യം നൽകുന്നവരും ന്യായത്തിൻ്റെ പാതയിൽ പോകുന്നവരും സഭയിൽ വളരെ കുറവാണ്.”

ഇത്രയേറെ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും അതൊന്നുമാലോചിക്കാതെ മക്കളെ സഭയിലേക്ക് പറഞ്ഞുവിടുന്ന മാതാപിതാക്കളോട് എന്താണ് പറയാനുള്ളത്?
”കേരളത്തിൽ പത്തൊൻപതാം നൂറ്റാണ്ടിലാണ് ക്രിസ്ത്യൻ മഠങ്ങൾ രൂപംകൊള്ളുന്നത് . ആ കാലഘട്ടത്തിൽ യൂറോപ്പിൽ നിന്നും മിഷനറീ പ്രവർത്തനത്തിനു വന്ന കന്യാസ്ത്രീകളിൽ നിന്നാണ് ഭക്ഷണം, വസ്ത്രം, അറിവ് മുതലായവയൊക്കെ കേരളത്തിലെ ചില കുടുംബങ്ങൾക്ക് ലഭിച്ചിരുന്നത്. കന്യാസ്ത്രീകൾ ചെറിയ ക്ലാസ് മുതൽ കുട്ടികളെ മനമാറ്റം ചെയ്യും .മഠത്തിൽ ചേരുന്നത് എന്തോ വലിയകാര്യമെന്ന പോലെയാണ് കുട്ടികളെ പറഞ്ഞു പഠിപ്പിക്കുന്നത് .മരണങ്ങളോ സത്യാവസ്ഥകളോ ഇവരാരും ചിന്തിക്കുന്നില്ല. സമൂഹ മാധ്യമങ്ങളിലുൾപ്പെടെയുള്ളവയിൽകൂടി അറിഞ്ഞിട്ടും വീണ്ടും വീണ്ടും മക്കളെപ്പറഞ്ഞു വിടുന്നു.ദുരൂഹ സാഹചര്യത്തിൽ കാണുന്നതുകൊണ്ട് മാത്രമാണ് നമ്മളതിനെ സംശയിക്കുന്നത് .

മഠത്തിലേക്ക് വരുന്ന കുട്ടികളുടെ മാതാപിതാക്കൾ കൂടുതലും ദാരിദ്ര്യം അനുഭവിക്കുന്നവരാകും .ഇതേ ദാരിദ്ര്യം തന്നെയാണ് വീട്ടിൽ നിന്നും മക്കളെ മഠത്തിലേക്ക് പറഞ്ഞുവിടുന്നതിലേക്ക് നയിക്കുന്നത് .വീട്ടിൽ നിന്നും വന്നാൽ സകല ബന്ധങ്ങളും ഉപേക്ഷിക്കാൻ കുട്ടികളോട് സഭ ആവശ്യപ്പെടും.മാതാപിതാക്കൾ ദയവായി മക്കളെ പഠിപ്പിക്കുക. ജോലി ലഭിക്കാൻ പ്രാപ്തരാക്കുക .പ്രളയം ‚നിപ്പ ഇപ്പോഴിതാ കോവിഡ് എന്നീ വ്യാധികളുണ്ടായി . ഏതെങ്കിലും മഠങ്ങൾ ഇതിനൊക്കെവേണ്ടി പ്രവർത്തിച്ചോ? അതാണ് പറഞ്ഞത് സാമൂഹിക സേവനം നടത്താൻ കന്യാസ്ത്രീ തന്നെ ആകണമെന്നില്ല”

സഭയോടൊപ്പം ഗുണ്ടാ സംഘങ്ങളുണ്ടെന്ന് പറയപ്പെടുന്നു. സോഷ്യൽ മീഡിയ വഴിയോ അല്ലാതെയോ ഏതെങ്കിലും തരത്തിലുള്ള ഉപദ്രവം ഇത്തരക്കാരിൽ നിന്നും ഉണ്ടായതിനെക്കുറിച്ച് പറയാമോ ?
”തീർച്ചയായും സോഷ്യൽ മീഡിയ വഴിയും അല്ലാതെയും ഒരുപാട് ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട് .കോലം കത്തിക്കൽ ‚മരിക്കുമ്പോൾ പാടുന്ന പാട്ട് പാടലോക്കെ മഠത്തിനോട് ചേർന്ന സ്ഥലത്ത് ഉണ്ടായിട്ടുണ്ട്.ഇതൊക്കെ ചെയ്തവരെ നേരിട്ട് പോയി അഭിനന്ദിക്കുകയാണ് ചെയ്തത് .ഇത് കണ്ടിട്ടാകണം ഞാൻ ഭയപ്പെടുന്ന കൂട്ടത്തിൽ അല്ലായെന്ന് അവർ മനസിലാക്കിയത് .മാത്രമല്ല ജനങ്ങളുടെ പിന്തുണ, അതൊരു വലിയ ശക്തിയാണ്.”

പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരെ തിരുത്താൻ കഴിവുള്ള ഒരു ലോബിയാണ് സഭയെന്ന് പറഞ്ഞാൽ അത് അംഗീകരിക്കുന്നുണ്ടോ? എന്ത്കൊണ്ട്?
”പോസ്റ്റുമോർട്ടം റിപ്പോർട്ട് വരെ തിരുത്തിക്കാനുള്ള സ്വാധീനം സഭയ്ക്കുണ്ട്. ഒരുപാട് ഉദാഹരണങ്ങൾ നമുക്കു മുന്നിലുണ്ട് .സാൻജോസ് ആശുപത്രിയിലെ നഴ്സിംഗ് വിദ്യാർഥിനിയായിരുന്നു ജീസ .അറിഞ്ഞതനുസരിച്ച് ആ കുട്ടിയുടെ കൊലപാതകം ആത്മഹത്യയായി മാറി .തെളിവുകൾ നശിപ്പിക്കപ്പെട്ടു, എന്നാലും ചിലത് ഇപ്പോഴും ആ അമ്മയുടെ കൈകളിൽ ഭദ്രമാണ് .ജീസയുടെ അമ്മ മുട്ടാത്ത വാതിലുകളില്ല .അഭയ കേസ് തന്നെ നോക്കൂ , സാധാരണയായി പാവപ്പെട്ട വീട്ടുകാർ എങ്ങനെയാണു ഇത്രയും വലിയ എതിരാളികളോട് പോരാടുക .പ്രതികൾ സമൂഹത്തിൽ ആഘോഷമായി ജീവിക്കുന്നു .സിസ്റ്റർ സ്റ്റെഫി ഉൾപ്പെടെയുള്ള പ്രതികൾ ഇപ്പോഴും നിയമ സംവിധാനത്തെ കൊഞ്ഞനം കുത്തി ജീവിക്കുകയാണ് .വളരെ വിഷമത്തോടെയാണ് ഇവരുടെ ഈ ചെയ്തികൾ പറയേണ്ടി വരുന്നത് .”

സിസ്റ്റർ ദിവ്യയുടെ മാതാപിതാക്കൾ നീതിക്കായി മുന്നോട്ടുപോയാൽ എന്തൊക്കെ സഹായങ്ങളാകും അവർക്കായി നല്കാനാവുക?
“100 ശതമാനം പിന്തുണ എൻ്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നത് ഉറപ്പാണ്. എന്നാൽ കഴിയുന്ന എന്ത് സഹായവും നൽകാനും തയ്യാറാണ് .സത്യം പുറത്തുവരണമെന്നു തന്നെയാണ് ഞാൻ ആഗ്രഹിക്കുന്നത്.ജസ്റ്റിസ് ഫോർ സിസ്റ്റർ ലൂസി എന്ന സംഘടന അന്വേഷണം പുരോഗമിക്കുന്നതിനു വേണ്ടി ശക്തമായി ഇടപെടാൻ തീരുമാനിച്ചു . പത്ര കുറിപ്പുകളും മുഖ്യമന്ത്രിക്ക് നിവേദനവും നൽകിക്കഴിഞ്ഞു .”

ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴി നൽകിയ കന്യാസ്ത്രീ അവരുടെ മഠത്തിൽ സുരക്ഷിതയാണെന്ന് കരുതുന്നുണ്ടോ ?എന്ത്കൊണ്ട് ?
“മൊഴി നൽകിയ കന്യാസ്ത്രീയ്ക്ക് പോലീസ് സംരക്ഷണമുണ്ട്. . അതുകൊണ്ടുതന്നെ അവർ സുരക്ഷിതയെന്നു പറയാം .അതേ സമയം ഒഴിഞ്ഞ പതിനാറു വലിയ മുറി ആ മഠത്തിലുണ്ടായിട്ടും രണ്ട് വനിതാ പോലീസുകാരെയും മൊഴി നൽകിയ സിസ്റ്ററിനെയും കിടത്തിയിരിക്കുന്നത് ഒരു ചെറിയ മുറിയിലാണ് .പോലീസ് സ്വന്തം പൈസ മുടക്കി അടച്ചുറപ്പുള്ള ഗ്രിൽ ഇടാൻ പോകുന്നുവെന്നാണ് അറിയാൻ കഴിഞ്ഞത് .എന്ത് മനുഷ്യത്വമാണ് ആ മഠത്തിലെ ബാക്കിയുള്ളവർക്ക് ?വിദ്യാഭ്യാസമുണ്ടെന്ന് കരുതി കന്യാസ്ത്രീകൾക്ക് സാമാന്യബോധം പോലും വരണമെന്നില്ല. തലച്ചോറ് നശിപ്പിക്കുന്ന പ്രവർത്തികളാണ് ഇക്കൂട്ടർ ചെയ്യുന്നത് .തല മൂടുന്നതോടെ വിശുദ്ധിയും വിവരവുമെല്ലാം ഇവർ മറക്കാൻ ശ്രമിക്കുന്നു .”

തിരുവസ്ത്രം തിരികെ വാങ്ങാനുള്ള സഭയുടെ തീരുമാനത്തെ നിയമപരമായി നേരിടാനുണ്ടായ കാരണമെന്താണ്?
(ചിരിക്കുന്നു) “സഭയ്ക്ക് ചെയ്യാവുന്നത് അവർ തുടങ്ങിക്കഴിഞ്ഞു. ഒന്നര വർഷമായി എന്നെപ്പുറത്താക്കാനുള്ള നടപടികൾ സഭ ആരംഭിച്ചിട്ട്. എൻ്റെ ഭാഗം കേൾക്കാത്തത് കൊണ്ടും ഞാൻ എങ്ങനെയാണെന്ന് എനിക്കറിയാവുന്നത്കൊണ്ടും ഇവർ പുറത്താക്കിയാലും തൽക്കാലത്തേക്ക് പുറത്തുപോകുന്നില്ല. വത്തിക്കാനിൽ പോപ്പിന് അപ്പീൽ നൽകിയിട്ടുണ്ട്. മാത്രമല്ല സിവിൽ കോടതിയിലും കേസ് കൊടുത്തിട്ടുണ്ട് .തക്കതായ കാരണം അവർ കാണിക്കട്ടെ ‚എന്നിട്ടാലോചിക്കാം പുറത്തുപോകുന്നതിനെക്കുറിച്ച്. പെട്ടെന്നൊരുനാൾ കാരണമില്ലാതെ ഇറക്കിവിടുന്നത് സ്ത്രീകളോട് കാണിക്കുന്ന അപമാനമാണ്. ഇപ്പോൾ താമസിക്കുന്ന സ്ഥലത്ത് മാനസിക പീഡനങ്ങളുണ്ട്. അതിനോടിപ്പോൾ അഡ്ജസ്റ്റ് ആയി. കൂടെയുള്ളവർ എന്നോട് സംസാരിക്കരുതെന്നാണ് സഭ നൽകിയിരിക്കുന്ന നിർദ്ദേശം.”

സിസ്റ്റർ ലൂസി കളപ്പുരക്കൽ എന്ന വ്യക്തിക്ക് സുഹൃത്തുക്കളുടെയും കുടുംബത്തിൻ്റെയും പിന്തുണ എത്രത്തോളമാണ്?
“കുടുംബത്തിൻ്റെ പിന്തുണയുണ്ടെങ്കിലും ഞാൻ ആരെയും പിന്തുടരുന്ന വ്യക്തിയല്ല. എപ്പോഴും സ്വതന്ത്രയായിരിക്കണം. അമ്മയ്ക്കും സഹോദരങ്ങൾക്കും സത്യാവസ്ഥ മുഴുവനറിയാം. എന്നെക്കുറിച്ചു പല മോശം വാർത്തകളും കേട്ടപ്പോൾ എൻ്റെ മൂത്ത സഹോദരി ഇതിൽ നിന്നെല്ലാം പിന്മാറിക്കൂടെയെന്ന് ചോദിച്ചിരുന്നു .ഞാനെത്ര ശ്രമിച്ചാലും ഈ സഭ നന്നാകാൻ പോകുന്നില്ലായെന്നും സഹോദരി പറഞ്ഞു .ഞാൻ സഹോദരിയെ പറഞ്ഞു മനസിലാക്കി. എല്ലാവരും ഒപ്പമുണ്ട് .”

സംസാരം പൂർത്തിയാക്കിയ നിമിഷം മുതൽ എന്താണ് സിസ്റ്റർ ലൂസിയെന്നും അവരുടെ നന്മയും മനസ്സിലാക്കുകയായിരുന്നു. വിചാരവും വിവേകവും വിശുദ്ധിയും കലർന്ന സ്ത്രീ. ലൂസി കളപ്പുരയ്ക്കൽ എന്ന വ്യക്തി ഓരോ സ്ത്രീകൾക്കും പ്രചോദനമാണ്. അഭിപ്രായങ്ങളും നിലപാടുകളും വളരെ വ്യക്തമായി അവർ പറയുന്നുണ്ട്.

വിശ്വാസപ്രമാണങ്ങളും ആചാരങ്ങളുമൊക്കെ നല്ലതാണു, ഒരു പരിധിവരെ. അതിനപ്പുറം പോകുമ്പോഴാണ് പലതും മനുഷ്യർക്ക് ബുദ്ധിമുട്ടായി വരുന്നത്.ക്രിസ്തീയ വിശ്വാസ പ്രകാരം പിറവിയിലെ ശുദ്ധികലശത്തിനു എല്ലാപേർക്കും ജലത്തിൻ്റെ സാമീപ്യം ആവശ്യമാണ്. പക്ഷെ മരണത്തിൽ എല്ലാപേരെയും ജലം ശുദ്ധിയാക്കുന്നില്ല. പകരം ഒരുപാട് ദുരൂഹതകൾ നിറയ്ക്കുന്ന വില്ലനാകുന്നു. സിസ്റ്റർ ദിവ്യയുടെ മരണം കൃത്യമായി പോലീസ് അന്വേഷിക്കട്ടെ .പതിനേഴാമത്തെസംഖ്യയിലേക്ക് കന്യാസ്ത്രീ ദുരൂഹ മരണങ്ങൾ കടക്കാതിരിക്കട്ടെ.

തയാറാക്കിയത്‌: പ്രമദ മുരളി

YOU MAY ALSO LIKE THIS VIDEO