27 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 13, 2024
November 27, 2024
October 25, 2024
May 19, 2024
May 14, 2024
May 10, 2024
April 30, 2024
April 28, 2024
April 26, 2024
April 24, 2024

സ്വര വൈവിധ്യങ്ങളിൽനിന്നും നാദവിസ്മയത്തിന്റെ ആകാശംതീർത്ത്

അനില്‍കുമാര്‍ ഒഞ്ചിയം
കോഴിക്കോട്
October 18, 2022 7:45 pm

ചിറകുകൾ ഉണ്ടായിട്ടും പറക്കാൻ കഴിയാതെ പോകുന്ന പക്ഷികൾ… അത് ഒരുപക്ഷെ സ്വന്തം ചിറകുകൾക്ക് ആകാശം തൊടാനുള്ള ശക്തിയുണ്ടെന്ന് അവർക്ക് ബോധ്യപ്പെടാൻ സമയം കണ്ടെത്താൻ പറ്റാത്തത് കൊണ്ടാവാം. ഒരു ചെറിയ കൈത്താങ്ങുപോലും അവർക്ക് ലക്ഷ്യത്തിലേക്കുള്ള പ്രചോദനമാണ്.
ഒരേ രീതിയിൽ ചിന്തിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യുമെന്ന് ഉറപ്പില്ലാത്ത വൈവിദ്ധ്യങ്ങളുടെ സ്വരക്കൂട്ടുകളിൽ നിന്ന് കുട്ടികളെ ഒരൊറ്റ നിരയിൽ ഒരേ സ്വരത്തിലും താളത്തിലും അണിനിരത്തുകയാണ് വടകരയ്ക്കടുത്ത് വൈക്കിലശ്ശേരി സ്വദേശിയായ നവീൺ എന്ന ബാന്റ് മാസ്റ്റർ. സ്പെഷ്യൽ സ്കൂളിലെ പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികളെ കലയുടെ പുതിയ വെളിച്ചത്തിലേക്ക് കൈപിടിച്ചുയർത്തുമ്പോൾ അത് തനിക്ക് നൽകുന്ന ചാരിതാർത്ഥ്യം പറഞ്ഞറിയിക്കാൻ കഴിയാത്തതാണെന്ന് ഈ അധ്യാപകൻ സാക്ഷ്യപ്പെടുത്തുന്നു.


30 വര്‍ഷത്തിലേറെയായി ബാന്റ് മാസ്റ്ററായി ജോലിചെയ്യുന്ന നവീണിന് നൂറുകണക്കിന് ശിഷ്യൻമാരുണ്ട്. ബാന്റ് വാദ്യത്തില്‍ സംസ്ഥാന‑ജില്ലാ സ്കൂള്‍ കലോത്സവങ്ങളിലുള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ വാരിക്കൂട്ടാന്‍ നവീണിന്റെ ശിക്ഷണത്തിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
തണലിന് കീഴിൽ കുറ്റ്യാടി, കോഴിക്കോട് മലാപ്പറമ്പ്, വടകര, കാപ്പാട്, വയനാട് വെള്ളമുണ്ട, കണ്ണൂർ കാഞ്ഞിരോട്ട് തറ എന്നീ ഭിന്നശേഷി വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് അദ്ദേഹം ബാന്റ് വാദ്യ പരിശീലനം നൽകിവരുന്നു. ഓരോവിദ്യാലയത്തിനും കീഴിലെ അധ്യാപകരുടെ പരിപൂർണ്ണ പിന്തുണയോടെയാണ് പരിശീലനം.
2017 ലാണ് തണലിന്റെ കീഴിൽ കോഴിക്കോട് ജില്ലയിലെ എടച്ചേരിയിൽ കുട്ടികളുടെ ബാന്റ് സംഘം രൂപീകരിക്കുന്നത്. അന്നുമുതൽ ഇന്നുവരെയുള്ള കാലയളവിൽ ഓരോ കുട്ടിയുടെയും സ്വപ്നച്ചിറകുകൾക്ക് കരുത്ത് കൂടി വരികയാണെന്ന് സാക്ഷ്യം. നവീണ്‍ മാസ്റ്ററുടെ ശിക്ഷണത്തിൽ ഭിന്നശേഷിക്കാരായ 11 അംഗ ബാന്റ് സംഘമാണ് കുറ്റ്യാടി തണലിലെ ‍‘കരുണ’ ബാന്റ് വാദ്യ സംഘത്തിലുള്ളത്. എല്ലാ പ്രയാസങ്ങളും വെല്ലുവിളികളും തരണം ചെയ്ത് ഓരോ കുട്ടിക്കും പ്രയത്നിച്ച് വിജയിക്കാൻ ഇടമൊരുക്കുകയാണ് തണൽ. ഇത് സ്കൂളിലെ വെറും പരിശീലനമല്ല. പൊതുവേദികളിലേക്കുള്ള സ്കൂളിലെ കുട്ടികളുടെ തീവ്ര പരിശീലനമാണ്.

 


കരുണ ബാന്റ് സംഘത്തിലെ കുട്ടികള്‍ ഇതിനകം ഇരുപതോളം പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. വിവിധ ഉദ്ഘാടന ചടങ്ങുകളിലും മറ്റും മന്ത്രിമാരെ ഉള്‍പ്പെടെ സ്വീകരിക്കാന്‍ ഇവര്‍ രംഗത്തുണ്ട്. ഇത്തവണ സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ ഭാഗമായി കോഴിക്കോട് നഗരത്തില്‍ സംഘടിപ്പിക്കുന്ന ഘോഷയാത്രയിലെ മുന്‍നിരയില്‍ ഈ വിദ്യാര്‍ത്ഥികളെ അണിനിരത്തണമെന്നാണ് നവീണിന്റേയും അധ്യാപകരുടേയും ആഗ്രഹം. അതിനായി വിവിധ സ്കൂളുകളിലെ ഇത്തരത്തിലുള്ള ബാന്റ് വാദ്യ സംഘങ്ങളില്‍നിന്നും പ്രാപ്തരായ കുട്ടികളെ തെരഞ്ഞെടുത്ത് ഒരു ട്രൂപ്പ് രൂപീകരിക്കാനാണ് ശ്രമം.

കുട്ടികളെ കടലുകാണിച്ച് തിരകൾ ആസ്വദിക്കാൻ പഠിപ്പിക്കുന്നതിന് പകരം ആഴക്കടലിലെ പവിഴപ്പുറ്റുകൾ വരെ കണ്ടെത്താൻ അവരെ പ്രാപ്തരാക്കുക. അവരുടെ ചിറകുകളുടെ കരുത്തറിഞ്ഞ് അവര്‍ ആകാശം തൊടുക തന്നെ ചെയ്യും-നവീണ്‍ ഉറച്ചുവിശ്വസിക്കുന്നു.

Eng­lish Sum­ma­ry: spe­cial school chil­dren play­ing bands

You may like this video also

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.