8 May 2024, Wednesday

Related news

April 23, 2024
March 19, 2024
March 9, 2024
March 4, 2024
February 16, 2024
December 26, 2023
December 2, 2023
December 1, 2023
November 16, 2023
September 14, 2023

തമിഴ്നാട്ടില്‍ വിസി നിയമന അധികാരം സംസ്ഥാന സര്‍ക്കാരിന്

Janayugom Webdesk
ചെന്നൈ
April 25, 2022 10:35 pm

സർവകലാശാലകളിലെ വൈസ്ചാൻസിലർ നിയമനങ്ങളിൽ ഗവർണർക്കുള്ള അധികാരം പരിമിതപ്പെടുത്താനുള്ള ബിൽ തമിഴ്‌നാട് നിയമസഭ പാസാക്കി. ഊട്ടിയിൽ ദേശീയ, സംസ്ഥാന, സ്വകാര്യ സർവകലാശാലകളിലെ വൈസ് ചാൻസിലർമാരുടെ യോഗം ഗവർണർ ആർ എൻ രവി ഉദ്ഘാടനം ചെയ്ത അതേ ദിവസമാണ് ഗവർണർ പദവിയുടെ അധികാരം പരിമിതപ്പെടുത്താനുള്ള ബിൽ സഭയിൽ അവതരിപ്പിച്ചത്. 

തമിഴ്‌നാട് സര്‍വകലാശാല നിയമത്തില്‍ ഭേദഗതി വരുത്തുന്ന ബില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊന്മുടിയാണ് സഭയില്‍ അവതരിപ്പിച്ചത്. നരേന്ദ്രമോഡിയുടെ ഗുജറാത്തിനെയാണ് ഇക്കാര്യത്തിൽ മാതൃകയാക്കുന്നതെന്ന് ബില്ല് അവതരിപ്പിച്ചുകൊണ്ടുള്ള ചർച്ചയിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറഞ്ഞു. സംസ്ഥാന സർക്കാർ തയ്യാറാക്കിയ സെർച്ച് കമ്മിറ്റി പട്ടികയിൽ ഉൾപ്പെട്ടവരെയാണ് ഗുജറാത്തിൽ വൈസ് ചാൻസിലർമാരാക്കിയത്. കർണാടക, തെലങ്കാന, ആന്ധ്ര എന്നിവിടങ്ങളിലും ഇതേ രീതിയാണ്. മഹാരാഷ്ട്രയിൽ ഉദ്ദവ് താക്കറെ സർക്കാരും ഇതേ നീക്കം ആരംഭിച്ചിട്ടുണ്ട്. 

വൈസ് ചാൻസിലർമാരെ നിയമിക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്കില്ലാത്തത് ഉന്നത വിദ്യാഭ്യാസ മേഖലയെ ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്ന് സ്റ്റാലിൻ പറഞ്ഞു. ‘മുൻകാലങ്ങളിൽ, സംസ്ഥാന സർക്കാരുമായി കൂടിയാലോചിച്ചാണ് ഗവർണർ വൈസ് ചാൻസിലർമാരെ നിയമിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ കുറച്ചു വർഷമായി പുതിയ പ്രവണത ഉയർന്നുവന്നിരിക്കുന്നു. ഗവർണർമാർ നിയമനത്തെ അവരുടെ പ്രത്യേകാവകാശമായി കണ്ട് പ്രവർത്തിക്കുകയാണ്’- സ്റ്റാലിൻ പറഞ്ഞു. 

തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ നടപടിയെ എതിർക്കുന്നത് ജനകീയഭരണമെന്ന സങ്കല്പത്തിന് എതിരാണെന്നും ഗവർണറുടെ അമിതാധികാരം ഭരണനിർവഹണത്തിൽ പ്രതിസന്ധിയുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2010ൽ മുൻ ചീഫ് ജസ്റ്റിസ് മദൻ മോഹൻ അധ്യക്ഷനായ കമ്മിഷൻ നൽകിയ കേന്ദ്ര–സംസ്ഥാന ബന്ധങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടിൽ ഗവർണർമാരെ സർവകലാശാല ചാൻസിലർ പദവിയിൽനിന്ന് നീക്കണമെന്ന് ശുപാർശ ചെയ്തിരുന്നു. ബില്ലിനെ പ്രതിപക്ഷമായ എഐഎഡിഎംകെയും ബിജെപിയും എതിർത്തു. മറ്റൊരു പ്രതിപക്ഷപാര്‍ട്ടിയായ പാട്ടാളിമക്കള്‍ കക്ഷി സഭയില്‍ ബില്ലിനെ പിന്തുണച്ചു. 

Eng­lish Summary:State Gov­ern­ment has the pow­er to appoint VCs in Tamil Nadu
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.