കേന്ദ്ര സർക്കാർ പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് നൽകിവന്ന സബ്സിഡി പിൻവലിച്ചതോടെ അവ നഷ്ടക്കയത്തിലേക്ക് കൂപ്പുകുത്തി. കമ്പനികളുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് രണ്ട് മാസം മുമ്പ് ധനസഹായം പ്രഖ്യാപിച്ചെങ്കിലും നടപടികൾ ഇഴയുകയാണ്. ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐഒസി), ഭാരത് പെട്രോളിയം കോർപറേഷൻ (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ (എച്ച്പിബിഎൽ) എന്നീ കേന്ദ്ര ഉടമസ്ഥതയിലുള്ള മൂന്ന് സ്ഥാപനങ്ങളും വൻ നഷ്ടത്തിലാണ്. ഈ വർഷം ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള ആറ് മാസത്തെ മൂന്ന് കമ്പനികളുടെയും മൊത്തം നഷ്ടം 21,201 കോടിയാണ്. സെപ്റ്റംബർ പാദത്തിൽ മാത്രം എച്ച്പിസിഎൽ ‑ന് 2,172.14 കോടി രൂപയും ബിപിസിഎൽ — ന് 304.17 കോടി രൂപയും ഐഒസിക്ക് 272.35 കോടി രൂപയുമാണ് നഷ്ടം കണക്കാക്കിയിട്ടുള്ളത്.
കമ്പനികൾ ക്രൂഡ് ഓയിൽ വാങ്ങുമ്പോൾ വരുന്ന തുകയും, ക്രൂഡ് ഓയിൽ ശുദ്ധീകരിച്ച് പെട്രോൾ, ഡീസൽ, എൽപിജി എന്നിവയാക്കി വിൽക്കുമ്പോൾ ലഭിക്കുന്ന തുകയും തമ്മിലുള്ള അന്തരമാണ് നഷ്ടത്തിന് കാരണമെന്നാണ് കമ്പനികൾ വ്യക്തമാക്കുന്നത്. ഈ ഘട്ടത്തിൽ കേന്ദ്ര സർക്കാരിൽ നിന്ന് കിട്ടുന്ന ആശ്വാസമാണ് സ്ഥാപനങ്ങളുടെ പിടിവള്ളി. എന്നാൽ, നഷ്ടം മൂലം പ്രവർത്തനം മന്ദീഭവിച്ച അവസരത്തിൽ യാതൊരു മുന്നറിയിപ്പുുമില്ലാതെ, സബ്സിഡി നിർത്തലാക്കിയത് അവയ്ക്ക് തിരിച്ചടിയായി. പൊതുമേഖലയോട് പൊതുവെ കേന്ദ്രം അനുവർത്തിച്ചു പോരുന്ന മനോഭാവത്തിന്റെ ഉത്തമോദാഹരണമാണ് കുറ്റകരമായ ഈ അലംഭാവമെന്ന് കമ്പനികളിലെ ജീവനക്കാർ പറയുന്നു.
രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നപ്പോൾ രാജ്യത്ത് ഇന്ധന വിലവർധിക്കാതെ നോക്കിയതിനാലാണ് ഇത്രയേറെ നഷ്ടം സംഭവിക്കേണ്ടി വന്നതെന്നാണ് കമ്പനികൾ പറയുന്നത്. ക്രൂഡ് ഓയിൽ വില താഴ്ന്നു നിന്ന അവസരത്തിൽപ്പോലും പെട്രോൾ ലിറ്ററിൽ 20 — 25 രൂപയുടെയും ഡീസൽ ലിറ്ററിൽ 14–18 രൂപയുടെയും നഷ്ടം സഹിക്കേണ്ടി വന്നു. പുറമെ, സബ്സിഡിയും ഇല്ലാതായി. വാണിജ്യ മന്ത്രാലയത്തിന്റെ കൂടി ഇടപെടലുണ്ടായപ്പോൾ ഒടുവിൽ, സെപ്റ്റംബർ ആദ്യം 20, 000 രൂപയുടെ ധനസഹായം അനുവദിച്ചതായി കേന്ദ്രത്തിൽ നിന്ന് അറിയിപ്പുണ്ടായി.
ആവശ്യപ്പെട്ടത് 28,000 കോടി രൂപയാണ്. ധനസഹായം അനുവദിച്ചെങ്കിലും പണം കമ്പനികളുടെ കൈവശമെത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ, സംഭവിച്ച നഷ്ടം ഇന്ധന വില്പനയിലൂടെ തിരിച്ചു പിടിക്കാനാണ് എണ്ണക്കമ്പനികളുടെ തീരുമാനം. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില എത്ര കണ്ട് താഴേക്ക് വന്നാലും രാജ്യത്ത് ഇന്ധനത്തിന്റെ വില കുറയില്ലെന്ന് ചുരുക്കം. പൊതുമേഖലാ സ്ഥാപനങ്ങളോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണനയുടെ തിക്ത ഫലം അനുഭവിക്കേണ്ടി വരുന്നത് ജനങ്ങൾ.
English Summary: Subsidy has been stopped; oil companies are losing money
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.