റെജി കുര്യന്‍

ന്യൂഡല്‍ഹി

September 17, 2021, 1:49 pm

സര്‍ക്കാര്‍ വിശദീകരണം തൃപ്തികരം; പ്ലസ് വണ്‍ പരീക്ഷയ്‌ക്ക് സുപ്രീംകോടതി അനുമതി

Janayugom Online

കേരളത്തില്‍ പ്ലസ്‌വണ്‍ പരീക്ഷ നടത്താന്‍ അനുമതി നല്‍കി സുപ്രീം കോടതി ഉത്തരവ്. പരീക്ഷ ഓഫ്‌ലൈനായി നടത്താന്‍ അനുവദിക്കണമെന്ന സംസ്ഥാനത്തിന്റെ ഹർജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ണായക വിധി.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരീക്ഷ നടത്താമെന്നാണ് കോടതിയുടെ ഉത്തരവ്. ഏഴ് ലക്ഷം പേര്‍ ഓഫ്‌ലൈനായി നീറ്റ് പരീക്ഷ എഴുതിയത് പരാമര്‍ശിച്ചുകൊണ്ടാണ് കേരളത്തിന്റെ ഹർജി അനുവദിച്ചത്. ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, ദിനേഷ് മഹേശ്വരി, സി ടി രവികുമാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്. സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് 48 വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതി തള്ളുകയും ചെയ്തു. കോവിഡ് സാഹചര്യം ചൂണ്ടിക്കാട്ടി സുപ്രീംകോടതി പരീക്ഷാ നടപടികള്‍ നേരത്തെ താല്‍ക്കാലികമായി സ്റ്റേ ചെയ്തിരുന്നു.
സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം വിശ്വാസയോഗ്യമാണെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു. പന്ത്രണ്ടാം ക്ലാസ് പരീക്ഷയും എസ്എസ്എല്‍സി പരീക്ഷയും കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചാണ് നടത്തിയത്. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഈ പരീക്ഷകളില്‍ പങ്കെടുത്തതെന്നും പൊതു വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.


ഇത്കൂടി വായിക്കാം;പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കണം; പൊതുതാല്‍പര്യ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍


ഓണ്‍ലൈനായി പരീക്ഷ നടത്താനാവില്ലെന്നും കംപ്യൂട്ടറും ഇന്റര്‍നെറ്റ് സംവിധാനങ്ങളുമില്ലാത്ത നിരവധി കുട്ടികളുണ്ടെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഓഫ്‌ലൈനായി പരീക്ഷ നടത്തുന്നതുകൊണ്ട് ചോദ്യപേപ്പര്‍ ചോര്‍ച്ച ഉണ്ടാവുന്നത് തടയാന്‍ കഴിയും. മോഡല്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ മാര്‍ക്ക് നിശ്ചയിക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയില്ല. വീടുകളില്‍ ഇരുന്ന് രക്ഷാകര്‍ത്താക്കളുടെ സാന്നിധ്യത്തിലാണ് വിദ്യാര്‍ത്ഥികള്‍ മോഡല്‍ പരീക്ഷ എഴുതിയത്. എന്നാല്‍ ഓഫ്‌ലൈനായി പരീക്ഷ നടത്തുമ്പോള്‍ അധ്യാപകരുടെ സാന്നിധ്യത്തിലാണ് പരീക്ഷ എഴുതുന്നതെന്നും സത്യവാങ്മൂലത്തില്‍ അറിയിച്ചു.
ജൂലൈയില്‍ സാങ്കേതിക സര്‍വകലാശാലയിലെ ബിടെക് പരീക്ഷ ഓഫ്‌ലൈനായി നടത്തിയിരുന്നു. ഏതാണ്ട് ഒരുലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ ഈ പരീക്ഷ എഴുതിയിരുന്നു. ഇതേ രീതിയില്‍ പ്ലസ് വണ്‍ പരീക്ഷയും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഓഫ്‌ലൈനായി നടത്താമെന്നാണ് കേരളം സുപ്രീംകോടതിയെ അറിയിച്ചത്. ഒക്ടോബറില്‍ മൂന്നാംതരംഗമുണ്ടാവുന്നതിന് മുമ്പ് പരീക്ഷ പൂര്‍ത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും കേരളം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.

ENGLISH SUMMARY;Supreme Court approves offline exam of Plus One
YOU MAY ALSO LIKE THIS VIDEO;