18 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 17, 2025
April 17, 2025
April 17, 2025
April 16, 2025
April 16, 2025
April 16, 2025
April 16, 2025
April 16, 2025
April 14, 2025
April 14, 2025

തമിഴ്‌നാട് കേസില്‍ സുപ്രീം കോടതി; ഗവര്‍ണര്‍മാര്‍ ഭരണഘടനാ മൂല്യങ്ങളിലൂന്നി പ്രവര്‍ത്തിക്കണം

Janayugom Webdesk
ന്യൂഡല്‍ഹി
April 12, 2025 9:42 pm

ഉന്നത പദവികള്‍ വഹിക്കുന്നവര്‍ ഭരണഘടനാ മൂല്യങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കണമെന്ന് സുപ്രീം കോടതി. തമിഴ്‌നാട് ഗവര്‍ണര്‍ അനാവശ്യമായി ബില്ലുകള്‍ തടഞ്ഞുവച്ച കേസിലെ വിധിന്യായത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഭരണഘടനാപരമായ ഉത്തരവ് മനഃപൂര്‍വം മറികടക്കാന്‍ ശ്രമിക്കുന്ന അധികാരികള്‍ ഈ രാജ്യം കെട്ടിപ്പടുത്തിരിക്കുന്ന ജനങ്ങള്‍ ആദരിക്കുന്ന ആദര്‍ശങ്ങളെ അട്ടിമറിക്കുകയാണെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കി. അനുമതി നിഷേധിച്ചുള്ള അന്തിമ പ്രഖ്യാപനവും, സംസ്ഥാന മന്ത്രിസഭയുടെ ഉപദേശം പാലിക്കുന്നത് സംബന്ധിച്ച് സുപ്രീം കോടതി വിധികളോട് ഗവര്‍ണര്‍ കാണിച്ച ബഹുമാനക്കുറവും ചുമതലകള്‍ വഹിക്കുന്നതില്‍ ബാഹ്യ പരിഗണനകള്‍ നോക്കിയെന്നത് വ്യക്തമാക്കുന്നുവെന്ന് ജസ്റ്റിസുമാരായ ജെ ബി പര്‍ഡിവാല, ആര്‍ മഹാദേവന്‍ എന്നിവരുടെ ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ സംസ്ഥാന നിയമസഭ പുനഃപരിശോധിച്ച ശേഷം 2023 നവംബര്‍ 18ന് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച 10 ബില്ലുകള്‍ അംഗീകരിച്ചതായി പ്രഖ്യാപിക്കുന്നതിന് ഭരണഘടനയുടെ അനുച്ഛേദം 142 പ്രകാരമുള്ള കോടതിയുടെ അധികാരങ്ങള്‍ വിനിയോഗിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നും ബെഞ്ച് പ്രഖ്യാപിച്ചു. വ്യക്തിപരമായ അതൃപ്തി, രാഷ്ട്രീയ താല്പര്യം അല്ലെങ്കില്‍ അനാവശ്യമോ അപ്രസക്തമോ ആയ പരിഗണനകള്‍ എന്നീ കാരണങ്ങളാല്‍ ഗവര്‍ണര്‍ ഒരു ബില്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി അയയ്ക്കുന്നത് ഭരണഘടന അനുവദിക്കുന്നില്ല. 

രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി ഒരു ബില്‍ മാറ്റിവയ്ക്കുന്നത് ജനാധിപത്യ തത്വങ്ങളില്‍ വലിയ അപകടമുണ്ടാക്കുമെന്നതിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കുമെന്ന് കോടതി വിശദീകരിച്ചു. അല്ലെങ്കില്‍ ഇത്തരത്തിലൊരു ബില്‍ നിയമമാകാന്‍ അനുവദിച്ചാലുണ്ടാകുന്ന ഫലം ചൂണ്ടിക്കാണിക്കുകയും അതില്‍ അവിശ്വാസം പുലര്‍ത്താനുള്ള കാരണങ്ങള്‍ കൃത്യമായി രാഷ്ട്രപതിക്ക് നല്‍കുമെന്ന് പ്രതീക്ഷിക്കുമെന്നും വിധിന്യായത്തില്‍ പറയുന്നു. കാരണങ്ങള്‍ നല്‍കുന്നതില്‍ ഗവര്‍ണര്‍ പരാജയപ്പെട്ടാല്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അദ്ദേഹത്തിന്റെ നടപടി ചോദ്യം ചെയ്യാന്‍ കഴിയും. അല്ലെങ്കില്‍ ഗവര്‍ണര്‍ സൂചിപ്പിച്ച കാരണങ്ങള്‍ അപ്രസക്തവും ദുരുപയോഗപരവും ഏകപക്ഷീയവും അനാവശ്യവും ബാഹ്യഇടപെടല്‍ മൂലവും ആണെന്ന് വാദിക്കാം. ഇക്കാര്യം ഭരണഘടനാ കോടതികള്‍ക്ക് പൂര്‍ണമായും നീതികരിക്കാവുന്നതാണ്. മൂന്ന് മാസത്തെ സമയപരിധി കഴിഞ്ഞിട്ടും ഗവര്‍ണര്‍ ഒരു ബില്ലില്‍ തീരുമാനം എടുത്തില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് മാന്‍ഡമസ് റിട്ട് ഉപയോഗിച്ച് ബന്ധപ്പെട്ട കോടതിയെ സമീപിക്കാം. ബില്ലില്‍ ഒപ്പിടാതിരിക്കുന്നതിനുള്ള മതിയായ വിശദീകരണം നല്‍കാന്‍ ഗവര്‍ണര്‍ക്ക് കഴിയുന്നില്ലെങ്കില്‍ കോടതികള്‍ വഴി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ബില്ലില്‍ തീരുമാനം തേടാം. രാജ്യത്തെ ജനങ്ങള്‍ വളരെയധികം വിലമതിക്കുന്ന മൂല്യങ്ങള്‍ നമ്മുടെ പൂര്‍വികരുടെ വര്‍ഷങ്ങളുടെ പോരാട്ടത്തിന്റെയും ത്യാഗത്തിന്റെയും ഫലമാണ്. അതുകൊണ്ട് തീരുമാനങ്ങള്‍ എടുക്കാന്‍ സര്‍ക്കാരുകള്‍ ആവശ്യപ്പെടുമ്പോള്‍ അധികാരികള്‍ രാഷ്ട്രീയ പരിഗണനകള്‍ക്ക് വഴങ്ങരുത്. പകരം ഭരണഘടനയുടെ ആത്മാവിനാല്‍ നയിക്കപ്പെടണം-ജസ്റ്റിസ് പര്‍ഡിവാല വിധിന്യായത്തില്‍ എഴുതി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.