ശബരിമല അടക്കം നാല് നിർണായക കേസുകളിൽ കൂടി വിധി ഉടൻ

Web Desk
Posted on November 10, 2019, 9:52 pm

ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ഈ മാസം 17ന് വിരമിക്കാനിരിക്കെ വരുന്ന ദിവസങ്ങളിൽ നാല് സുപ്രധാന കേസുകളിലെ വിധി പുറത്തുവരും. റഫാൽ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട് ഡിസംബർ 14 ന് സമർപ്പിച്ച പുനപ്പരിശോധന ഹർജിയിൽമേലുള്ള വിധിയാണ് ഇതിൽ ഏറെ പ്രധാനപ്പെട്ടത്.

റഫാൽ യുദ്ധവിമാന ഇടപാടിൽ കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ക്ലീൻ ചിറ്റ് നൽകിയത് സുപ്രീം കോടതി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന അഭിഭാഷകനും സാമൂഹ്യ പ്രവർത്തകനുമായ പ്രശാന്ത് ഭൂഷൺ ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹർജികളിലുള്ളതാണ് ഈ വിധി. റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് മുൻ കേന്ദ്രമന്ത്രിമാരായ അരുൺ ഷൂറി, യശ്വന്ത് സിൻഹ എന്നിവർ സമർപ്പിച്ച ഹർജികളും തീർപ്പാക്കും.

റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ കാവൽക്കാരൻ കള്ളൻ എന്ന പരാമർശം നടത്തിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ബിജെപി നേതാക്കൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതിലും ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട ഹർജിയിലും അന്തിമ വിധി ഈ ആഴ്ച്ച ഉണ്ടാകും. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുന്നതുമായി ബന്ധപ്പെട്ട കേസിലും വിരമിക്കലിന് മുമ്പ് വിധിയുണ്ടാകും.