28 April 2024, Sunday

Related news

April 27, 2024
April 27, 2024
April 27, 2024
April 27, 2024
April 27, 2024
April 27, 2024
April 26, 2024
April 26, 2024
April 25, 2024
April 25, 2024

തെലങ്കാന: ബിജെപി ഒറ്റപ്പെട്ടു

Janayugom Webdesk
ഹൈദരാബാദ്
October 21, 2023 10:17 pm

തെരഞ്ഞെടുപ്പ് ചൂടേറിയ തെലങ്കാനയില്‍ ബിജെപി ഒറ്റപ്പെടുന്നു. അടുത്തമാസം 30ന് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാനയിലെ ബിജെപിയുടെ പ്രതീക്ഷയെല്ലാം തുടക്കത്തില്‍ തന്നെ കരിഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലടക്കം മേല്‍ക്കൈ നേടിയ ഭരണകക്ഷിയായ ബിആര്‍എസ് തെരഞ്ഞെടുപ്പ് രംഗത്ത് ഇതിനോടകം മുന്നിലെത്തിയിട്ടുമുണ്ട്. ഒരു ത്രികോണ മത്സരമെന്ന പ്രതീതി ജനിപ്പിക്കാന്‍ പോലും ബിജെപിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാര്‍ട്ടിയും കൈവിട്ടതോടെ ഏറ്റവും ഒടുവില്‍ പവന്‍ കല്യാണിന്റെ ജനസേന പാര്‍ട്ടിയുമായിട്ടാണ് ബിജെപി ഇപ്പോള്‍ സഖ്യ സാധ്യത തേടുന്നത്. പ്രാഥമിക ചര്‍ച്ചകള്‍ക്കായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ ജി കിഷന്‍ റെഡ്ഡിയും രാജ്യസഭ എംപി കെ ലക്ഷ്മണും പവന്‍ കല്യാണിനെ സന്ദര്‍ശിച്ചു.

പവന്‍ കല്യാണിനെ ബിജെപി നേതാക്കള്‍ സന്ദര്‍ശിച്ച വിവരം പാര്‍ട്ടി വക്താവ് എന്‍ വി സുഭാഷ് സ്ഥീരികരിച്ചു. സഖ്യം സംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചതായും എന്നാല്‍ ടിഡിപിയുമായി സഖ്യമുണ്ടാക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദേശീയ തലത്തില്‍ എന്‍ഡിഎയോടൊപ്പമുള്ള പവന്‍ കല്യാണിന്റെ ജനസേന പാര്‍ട്ടിയുമായി ശക്തി തെളിയിക്കാനാണ് ബിജെപി പദ്ധതിയിടുന്നത്. എന്നാല്‍ ടിഡിപിയുമായി സഖ്യമുണ്ടാക്കി തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് ഏതാനും നാള്‍ മുമ്പ് പവന്‍ കല്യാണ്‍ പ്രഖ്യാപിച്ചിരുന്നു. ടിഡിപി സംസ്ഥാന അധ്യക്ഷന്‍ കസാനി ഗണേശ്വറും ഇതേ അഭിപ്രായം പങ്കുവച്ചിരുന്നു. 2018ല്‍ എന്‍ഡിഎ സഖ്യം ഉപേക്ഷിച്ച ടിഡിപി അഴിമതിക്കേസില്‍ ചന്ദ്രബാബു നായിഡു അറസ്റ്റിലായതോടെ കടുത്ത പ്രതിസന്ധി നേരിടുകയാണ്. ഈ സാഹചര്യത്തില്‍ തെലങ്കാന തെരഞ്ഞെടുപ്പില്‍ അധികം ശ്രദ്ധ പതിപ്പിക്കാനാകില്ല. 

ബിജെപിക്ക് കാര്യമായി വോട്ട് ബാങ്ക് ഇല്ലാത്ത തെലങ്കാനയില്‍ ബിആര്‍എസും കോണ്‍ഗ്രസും ടിഡിപിയും കഴിഞ്ഞാല്‍ പവന്‍ കല്യാണിന്റെ ജനസേന പാര്‍ട്ടിക്ക് മാത്രമാണ് സ്വാധീനം ഉള്ളതെന്ന് രാഷ്ട്രീയ നിരീക്ഷകനായ പല്‍വാല്‍ സത്യനാരയാണ അഭിപ്രായപ്പെട്ടു. പ്രബല സമുദായങ്ങളായ റെഡ്ഡികളും ഖമ്മകളും ബിആര്‍എസിനും കോണ്‍ഗ്രസിനും പിന്നില്‍ അണിനിരക്കുന്നത് ബിജെപിയുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജനസംഖ്യയില്‍ 20 ശതമാനം വരുന്ന കാപുസ് വിഭാഗത്തിന്റെ പിന്തുണ ജനസേന പാര്‍ട്ടിക്ക് ലഭിക്കുന്നത് ഗുണം ചെയ്യുമെന്ന് ബിജെപി കണക്കുകൂട്ടുന്നു. അതേസമയം ദേശീയ പാര്‍ട്ടികള്‍ സംസ്ഥാനത്തെ ജനങ്ങളെ വഞ്ചിച്ചുവെന്ന ബോധമാണ് ജനങ്ങള്‍ക്കുള്ളത്. അതുകൊണ്ട് തന്നെ കോണ്‍ഗ്രസിനും ബിജെപിക്കും വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ പാടുപെടേണ്ടിവരും. 119 സീറ്റുള്ള തെലങ്കാനയില്‍ 2018ലെ തെരഞ്ഞെടുപ്പില്‍ ബിആര്‍എസിന് 88 സീറ്റും കോണ്‍ഗ്രസിനും ടിഡിപിക്കും 19 സീറ്റുകളുമാണ് ലഭിച്ചത്. 

Eng­lish Summary:Telangana: BJP is isolated
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.