26 April 2024, Friday

Related news

March 5, 2024
January 24, 2024
January 13, 2024
November 16, 2023
November 10, 2023
November 3, 2023
November 1, 2023
October 29, 2023
October 27, 2023
October 26, 2023

മലയാള സിനിമയ്ക്ക് ഭീഷണിയായി ടെലിഗ്രാം ; റിലീസിന് മുന്നേ ‘പിടികിട്ടാപ്പുള്ളി’യുടെ വ്യാജ പതിപ്പ്

കെ കെ ജയേഷ്
കോഴിക്കോട്
August 28, 2021 8:45 pm

നിർമ്മാതാക്കളുടെ ഒടിടി പ്രതീക്ഷകളെപ്പോലും തകർത്ത് സിനിമകളുടെ വ്യാജ പതിപ്പുകൾ ടെലിഗ്രാം വഴി പ്രചരിക്കുന്നത് മലയാള സിനിമയ്ക്ക് കനത്ത വെല്ലുവിളിയാകുന്നു. പ്രദർശനം തുടങ്ങി മണിക്കൂറുകൾക്കകം വ്യാജ പതിപ്പുകൾ പ്രചരിക്കുന്നതിനാൽ ഒടിടിയ്ക്ക് വേണ്ടി മാത്രം ചിത്രീകരിച്ച മലയാള സിനിമകൾ പോലും വാങ്ങാൻ ഒടിടി പ്ലാറ്റ്ഫോമുകൾ മടിക്കുന്ന സാഹചര്യമാണ് ഉണ്ടാകുന്നത്. നഷ്ടസാധ്യത കണക്കിലെടുത്ത് ആമസോൺ പോലുള്ള പ്രമുഖ ഒടിടി കമ്പനികൾ മലയാള സിനിമകളുടെ എണ്ണം കുറയ്ക്കുമ്പോൾ പ്രതീക്ഷയായിരുന്ന പ്രാദേശിക ഒടിടി പ്ലാറ്റ്ഫോമുകൾ പ്രതിസന്ധി നേരിടാനാവാതെ തിരിച്ചടിയിലാണ്.

ജിയോ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത നവാഗതനായ ജിഷ്ണു ശ്രികണ്ഠൻ സംവിധാനം ചെയ്ത സണ്ണി വെയിൻ ചിത്രം പിടികിട്ടാപ്പുള്ളി ഔദ്യോഗിക റിലീസിംഗിന് മുമ്പാണ് ടെലിഗ്രാമിലെത്തിയത്. ജിയോ സിനിമ എന്ന ഒടിടി പ്ലാറ്റ്ഫോം ഡൗൺലോഡ് ചെയ്ത് ചിത്രം സൗജന്യമായി കാണാമെന്നിരിക്കെയാണ് ഒഫീഷ്യൽ റിലീസിന് മുമ്പ് ചിത്രം ടെലിഗ്രാമിൽ എത്തിയതെന്ന് സംവിധായകൻ ജിഷ്ണു ഫേസ് ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

കോവിഡ് കാലത്ത് വലിയ പ്രതിസന്ധിയിലായ മലയാളസിനിമയ്ക്ക് ആശ്വാസമായാണ് ഒടിടി പ്ലാറ്റ്ഫോമിലേക്കുള്ള മാറ്റമുണ്ടായത്. തിയേറ്ററുകൾ അടഞ്ഞുകിടന്നപ്പോൾ സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമ ഒടിടി ലോകത്തേക്ക് പ്രവേശിച്ചത്. ഈ വർഷം ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, ദൃശ്യം 2,ഇരുൾ, ജോജി, കൃഷ്ണൻകുട്ടി പണി തുടങ്ങി, വിശുദ്ധ രാത്രികൾ, ദ ലാസ്റ്റ് ടു ഡേയ്സ്, കോൾഡ് കേസ്, സാറാസ്, മാലിക്ക്, സന്തോഷത്തിന്റെ ഒന്നാം രഹസ്യം, കുരുതി, ഹോം തുടങ്ങി നിരവധി സിനിമകളാണ് നേരിട്ട് ഒടിടിയിൽ റിലീസ് ചെയ്തത്.
തിയേറ്റർ പ്രദർശനം അവസാനിപ്പിച്ച സിനിമകൾക്ക് സാറ്റലൈറ്റ് അല്ലാതെ മറ്റൊരു വരുമാന മാർഗമായും ഒടിടി മാറി. വെള്ളം, ഓപ്പറേഷൻ ജാവ, സാജൻ ബേക്കറി, ദി പ്രീസ്റ്റ്, മോഹൻകുമാർ ഫാൻസ്, കള, ബിരിയാണി, വൺ, ആർക്കറിയാം, അനുഗ്രഹീതൻ ആന്റണി, നായാട്ട്, ചതുർമുഖം, നിഴൽ തുടങ്ങിയ ചിത്രങ്ങൾ തിയേറ്റർ റിലീസിന് ശേഷമാണ് ഒടിടിയിൽ എത്തിയത്. എന്നാൽ ഈ സിനിമകൾക്കെല്ലാം ടെലിഗ്രാം ഭീഷണിയായി മാറി. ഒടിടിയിൽ റിലീസ് ചെയ്ത റോജിൻ തോമസ് രചനയും സംവിധാനവും നിർവ്വഹിച്ച് ഇന്ദ്രൻസ് നായകനായ ഹോം എന്ന സിനിമയും റിലീസിന് തൊട്ടുപിന്നാലെ ടെലിഗ്രാമിൽ എത്തിയിരുന്നു.

തുടക്കത്തിൽ ആമസോൺ പ്രൈമും നെറ്റ് ഫ്ളിക്സും മാത്രമായിരുന്നെങ്കിൽ നിരവധി പ്രാദേശിക ഒടിടികളും ഇന്ന് സജീവമാണ്. പേർ പെർ വ്യൂ രീതിയിൽ ചെറിയ സിനിമകളും പ്രേക്ഷകരിലേക്ക് എത്താനുള്ള വഴിയും തെളിഞ്ഞു. സമീപകാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചപ്പോൾ ആമസോൺ അടക്കമുള്ള പ്ലാറ്റ്ഫോമുകൾ ആദ്യം സ്വീകരിച്ചിരുന്നില്ല. പിന്നീട് നീസ്ട്രീമിൽ റിലീസ് ചെയ്ത സിനിമയ്ക്ക് നല്ല പ്രതികരണം ലഭിച്ചതോടെ ആമസോൺ സിനിമ ഏറ്റെടുക്കുകയായിരുന്നു.

നേരത്തെ വെള്ളം സിനിമയുടെ നിർമ്മാതാവിന്റെ പരാതിയെത്തുടർന്ന് ടെലിഗ്രാമിനെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും സിനിമകളുടെ വ്യാജ പതിപ്പുകൾ ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന ഗ്രൂപ്പുകൾ നിരോധിക്കുകയും ചെയ്തിരുന്നു. എന്നാൽ കുറച്ചു ദിവസത്തിനകം വ്യാജ പതിപ്പുകൾ സജീവമാകുകയായിരുന്നു. സന്ദേശങ്ങൾ കൈമാറാൻ എന്നതിലപ്പുറം സിനിമകൾ കൈമാറാനുള്ള വേദിയായാണ് ടെലിഗ്രാം ഇന്ന് ഉപയോഗപ്പെടുത്തുന്നത്. വലിയ സൈസിലുള്ള ഫയലുകൾ കൈമാറാൻ കഴിയുമെന്നതാണ് ടെലിഗ്രാമിലേക്ക് കൂടുതൽ പേരെ എത്തിക്കുന്നത്.

Eng­lish sum­ma­ry; Telegram as a threat to Malay­alam cinema

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.