26 April 2024, Friday

Related news

April 18, 2024
April 11, 2024
April 7, 2024
April 5, 2024
April 1, 2024
March 24, 2024
March 17, 2024
March 16, 2024
March 5, 2024
February 24, 2024

വിദ്വേഷത്തിന്റെ വിഷംചീറ്റി സംഘപരിവാര്‍ കലാപം അഴിച്ചുവിടുമ്പോള്‍ മതസൗഹാര്‍ദത്തിന്റെ ഗാഥകളെഴുതി ഗുജറാത്തിലും കര്‍ണാടകയിലും ക്ഷേത്രങ്ങള്‍

Janayugom Webdesk
ബംഗളുരു
April 17, 2022 10:00 pm

സംഘപരിവാര്‍ സംഘടനകള്‍ വിദ്വേഷത്തിന്റെ വിഷംചീറ്റി കലാപം അഴിച്ചുവിടുമ്പോള്‍ ഗുജറാത്തിലും കര്‍ണാടകയിലും രണ്ട് ക്ഷേത്രങ്ങള്‍ മതസൗഹാര്‍ദത്തിന്റെ വേറിട്ട ഗാഥകളെഴുതി. ഗുജറാത്തിലെ ക്ഷേത്രത്തില്‍ നോമ്പ് തുറക്കുന്നതിനും നിസ്കാരത്തിനുമായി മുസ്‌ലിം വിശ്വാസികളെ ക്ഷണിക്കുകയായിരുന്നു. കര്‍ണാടകയിലെ ക്ഷേത്രത്തില്‍ ഉത്സവം തുടങ്ങുന്നതിന് തുടക്കം കുറിച്ച് ഖുറാന്‍ പാരായണം ചെയ്യുന്ന നൂറ്റാണ്ടുകളായുള്ള പാരമ്പര്യം പാടില്ലെന്ന ഹിന്ദു തീവ്ര സംഘടനകളുടെ തിട്ടൂരം ലംഘിച്ച് ചടങ്ങ് നടത്തുകയായിരുന്നു. ഗുജറാത്തിലെ ബനസ്കന്ദ ജില്ലയില്‍ ദല്‍വാനയിലെ 1200 വര്‍ഷത്തിലധികം പഴക്കമുള്ള വീര്‍ മഹാരാജ മന്ദിര്‍ ക്ഷേത്രത്തിലാണ് ഹിന്ദു- മുസ്‌ലിം മൈത്രിയുടെ സന്ദേശവുമായി സംയുക്ത ഇഫ്താര്‍ സംഗമം നടന്നത്.

സന്ധ്യയ്ക്ക് നോമ്പു തുറയ്ക്കുശേഷം പങ്കാളികളായ മു‌സ്‌ലിങ്ങള്‍ക്ക് നിസ്കാരത്തിനുള്ള സൗകര്യവും ഒരുക്കിയിരുന്നു. പ്രദേശത്തെ നൂറിലധികം മുസ്‌ലിങ്ങളെയാണ് ചടങ്ങിലേയ്ക്ക് ക്ഷണിച്ചിരുന്നത്. ഗ്രാമത്തിലെ എല്ലാ മതവിഭാഗക്കാരും പരസ്പര സൗഹാര്‍ദത്തിലും സാഹോദര്യത്തിലുമാണ് കഴിയുന്നതെന്നും ഹിന്ദുക്കളുടെയും മുസ്‌ലിങ്ങളുടെയും മതാഘോഷങ്ങള്‍ ഒരുമിച്ച് വന്നാല്‍ പരസ്പരധാരണയോടെ ആഘോഷിക്കാറുണ്ടെന്നും ക്ഷേത്ര പുരോഹിതന്‍ പങ്കജ് താക്കര്‍ പറഞ്ഞുവെന്ന് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ക്ഷേത്ര ഭരണസമിതിയും പഞ്ചായത്ത് ഭരണസമിതിയും ഒരുമിച്ചാണ് ഇഫ്താര്‍ സംഗമം ക്ഷേത്രത്തില്‍ നടത്തുന്നതിന് തീരുമാനിച്ചതെന്ന് പങ്കജ് പറഞ്ഞു. ഇരുവിഭാഗങ്ങളും ഒരുമിച്ചുള്ള ചടങ്ങ് വൈകാരികമായിരുന്നുവെന്നും മതസാഹോദര്യത്തിനുള്ള ശ്രമം ആരുടെ ഭാഗത്തുനിന്നായാലും പ്രശംസനീയമാണെന്നും പ്രദേശവാസിയായ വസിം ഖാന്‍ പറഞ്ഞു. കര്‍ണാടക ബേളൂരിലെ ചെന്ദകേശവ ക്ഷേത്രത്തിലാണ് തീവ്ര ഹിന്ദു സംഘടനകളുടെ ആവശ്യം അവഗണിച്ച് ഖുറാന്‍ പാരായണത്തോടെ രഥോത്സവ ചടങ്ങ് ആരംഭിച്ചത്. നൂറുകണക്കിന് വര്‍ഷങ്ങളായുള്ള ആചാരമായിരുന്നു രഥോത്സവത്തിന് തുടക്കം കുറിച്ച് ഖുറാന്‍ പാരായണം ചെയ്യുകയെന്നത്. കഴിഞ്ഞ രണ്ടുവര്‍ഷം കോവിഡ് കാരണം ഉത്സവം മുടങ്ങിയിരുന്നു.

ഇത്തവണ രഥോത്സവം പതിവ് പോലെ നടത്തുന്നതിന് തീരുമാനിച്ചപ്പോഴാണ് ചില ഹിന്ദു തീവ്ര സംഘടനകള്‍ ഖുറാന്‍ പാരായണം പാടില്ലെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്. എങ്കിലും നൂറുകണക്കിന് വര്‍ഷങ്ങളായുള്ള ആചാരം തുടരണമെന്ന് ക്ഷേത്ര ഭാരവാഹികളും പുരോഹിതരും കൂടിയാലോചിച്ച് തീരുമാനിക്കുകയായിരുന്നു. അതനുസരിച്ച് മൗലവി സെയ്ദ് സജ്ജാദ് ബാഷയുടെ ഖുറാന്‍ പാരായണത്തോടെ ക്ഷേ­ത്രോ­ത്സവം ആരംഭിക്കുകയും ചെയ്തു.

ഉത്സവം ആരംഭിക്കുന്നതിന് മുന്നോടിയായി സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ ക്ഷേത്ര പരിസരങ്ങളിലും മറ്റും മുസ്‌ലിം വ്യാപാരികളെ അനുവദിക്കരുതെന്ന ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഖുറാന്‍ പാരായണത്തോടെ ഉത്സവം ആരംഭിക്കുന്ന ക്ഷേത്രത്തില്‍ അത്തരമൊരു തീരുമാനം ശരിയല്ലെന്നതിനാല്‍ പ്രസ്തുത ഉത്തരവ് ദുര്‍ബലപ്പെടുത്തുകയും അഹിന്ദുക്കളായ വ്യാപാരികള്‍ക്ക് കച്ചവടത്തിന് അവസരമൊരുക്കുകയും ചെയ്തു.

Eng­lish summary;Temples in Gujarat and Kar­nata­ka sees reli­gious harmony

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.