8 May 2024, Wednesday

65-ാമത് കായികോത്സവം ഇന്ന് സമാപിക്കും; പാലക്കാട് കിരീടത്തിന് അരികെ

നിഖില്‍ എസ് ബാലകൃഷ്ണന്‍
കുന്നംകുളം
October 20, 2023 8:28 am

സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന് ഇന്ന് തിരശീല വീഴാനിരിക്കെ കിരീടം ഉറപ്പിച്ച് പാലക്കാട് കുതിക്കുന്നു.
മേളയുടെ മൂന്നാം ദിനം സമാപിച്ചപ്പോള്‍ 18 സ്വര്‍ണവും 21 വെള്ളിയും ഒമ്പത് വെങ്കലവുമായി 179 പോയിന്റാണ് പാലക്കാടിനുള്ളത്. രണ്ടാമതുള്ള മലപ്പുറത്തിന് 130 പോയിന്റാണ് നേടാനായത്. ഇതില്‍ 11 സ്വര്‍ണവും 17 വെളളിയും 13 വെങ്കലവും ഉള്‍പ്പെടും. ഏറെ വര്‍ഷം ചാമ്പ്യന്മാരായ എറണാകുളമാണ് മൂന്നാമത്. 11 സ്വര്‍ണവും മൂന്ന് വെള്ളിയും അഞ്ച് വെങ്കലവും ഉള്‍പ്പെടെ 69 പോയിന്റാണ് എറണാകുളത്തിനുള്ളത്.

സ്കൂളുകളില്‍ മലപ്പുറം കടക്കാശേരി ഐഡിയല്‍ ഇഎച്ച്എസ്എസും എറണാകുളത്തിന്റെ മാര്‍ ബേസില്‍ എച്ച്എസ്എസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ഇന്നലെ ഒരു മീറ്റ് റെക്കോഡാണ് പിറന്നത്. 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ പാലക്കാട് വടവന്നൂര്‍ വിഎംഎച്ച് എസ് എസിലെ കിരണ്‍ കെ ആണ് റെക്കോഡ് സ്ഥാപിച്ചത്. 13.84 സെക്കന്റില്‍ ഓടിയെത്തിയാണ് കിരണ്‍ ചരിത്രത്തില്‍ ഇടംപിടിച്ചത്. 2018ല്‍ ആര്‍ കെ സൂര്യജിത്ത് സ്ഥാപിച്ച 14.74 സെക്കന്റിന്റെ റെക്കോഡാണ് കുന്നംകുളത്ത് പഴങ്കഥയായത്. ദേശീയ റെക്കോഡ് സമയത്തെക്കാള്‍ മികച്ച സമയം കുറിക്കാനും സാധിച്ചു.

ഇന്നലെ റിലേ മത്സരങ്ങളില്‍ നിന്ന് മാത്രം ഒരു സ്വര്‍ണവും മൂന്ന് വെളളിയും പാലക്കാട് കരസ്ഥമാക്കി.
മലപ്പുറത്തിനും റിലേയില്‍ നിന്ന് നാല് മെഡലുകള്‍ ലഭിച്ചു. ഒരു സ്വര്‍ണവും ഒരു വെള്ളിയും രണ്ട് വെങ്കലവും.
കണ്ണൂരിന് വേണ്ടി ട്രാക്കിലിറങ്ങിയ ദേവശ്രീ ടി വി ട്രിപ്പിള്‍ സ്വര്‍ണം തികച്ചു. ജിവിഎച്ച്എസ്എസ് കണ്ണൂരില്‍ നിന്നുളള ഈ മിടുക്കി 100 മീറ്റര്‍ പെണ്‍കുട്ടികളുടെ സബ് ജൂനിയര്‍ വിഭാഗത്തിലാണ് ആദ്യ സ്വര്‍ണം നേടിയത്. ഇന്നലെ 80 മീറ്റര്‍ സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹര്‍ഡില്‍സിലും സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ റിലേയിലും സ്വര്‍ണം നേടിയാണ് ട്രിപ്പിള്‍ ഉറപ്പിച്ചത്. ഇന്ന് നടക്കുന്ന സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ 200 മീറ്ററിലും ദേവശ്രീ സ്വര്‍ണം പ്രതീക്ഷിക്കുന്നുണ്ട്.
1500 മീറ്ററില്‍ സ്വര്‍ണം നേടി സുവര്‍ണ നേട്ടം രണ്ടാക്കിയ പാലക്കാടിന്റെ ജെ ബിജോയി ഇന്ന് 800 മീറ്ററിലും ട്രാക്കിലിറങ്ങും. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തില്‍ കായികവകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍ ട്രോഫികള്‍ വിതരണം ചെയ്യും.

Eng­lish Summary:The 65th Sports Fes­ti­val will con­clude today
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.