19 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

July 21, 2023
June 23, 2023
June 23, 2023
February 13, 2023
February 3, 2023
January 29, 2023
January 14, 2023
November 1, 2022
October 22, 2022
October 7, 2022

കാടിറങ്ങുന്ന കടുവകളുടെ തുടര്‍സംരക്ഷണവും പ്രതിസന്ധിയില്‍

കെ കെ ജയേഷ്
കോഴിക്കോട്
October 7, 2022 11:43 pm

ജനവാസ കേന്ദ്രങ്ങളിൽ കടുവ ഇറങ്ങുന്നതിനൊപ്പം പിടികൂടുന്ന കടുവകളുടെ തുടർ സംരക്ഷണവും പ്രതിസന്ധി സൃഷ്ടിക്കുന്നു.
കഴിഞ്ഞദിവസമാണ് മൂന്നാറിൽ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങി വനംവകുപ്പിന്റെ കെണിയിൽ കുടുങ്ങിയ കടുവയെ കാട്ടിൽ തുറന്നുവിട്ടത്. കടുവയുടെ സാന്നിധ്യം കുറവുള്ളതും ഇരകൾ കൂടുതലുള്ളതുമായ പ്രദേശത്ത് തുറന്നുവിട്ടാൽ ജീവിക്കാൻ കഴിയുമെന്ന വിദഗ്ധസമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ കടുവയെ പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ തുറന്നുവിട്ടത്. എന്നാൽ എല്ലായ്പ്പോഴും ഇത്തരത്തിൽ കാട്ടിൽ തിരികെവിടുന്നത് പ്രായോഗികമല്ലെന്നാണ് വനം വകുപ്പ് ജീവനക്കാർ വ്യക്തമാക്കുന്നത്.
ആൺകടുവകൾ സാധാരണയായി തങ്ങളുടേതായ മേഖല കണ്ടെത്തി അവിടെ ആധിപത്യം സ്ഥാപിച്ച് ജീവിക്കാനാണ് താല്പര്യപ്പെടുക. കാടിന്റെ വലിപ്പവും ഇരയുടെ ലഭ്യതയും ഉറപ്പുവരുത്തിയാണ് കടുവ തന്റെ അതിർത്തി നിശ്ചയിക്കുന്നത്. ആൺ, പെൺ കടുവകൾ പോലും ഒന്നിൽ കൂടുതൽ എണ്ണം ഒരു പ്രദേശത്ത് കഴിയാറില്ല. പലപ്പോഴും ഇണ ചേരാൻ മാത്രമാണ് ആൺ, പെൺ കടുവകൾ പരസ്പരം നേരിൽ കാണുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ ഒരു കടുവയുടെ അധീനതയിലുള്ള സ്ഥലത്തേക്ക് മറ്റൊരു കടുവ എത്തുമ്പോഴാണ് അവ തമ്മിൽ ഏറ്റുമുട്ടലുണ്ടാവുന്നത്. ഇതിൽ ശക്തികുറഞ്ഞതോ പ്രായമായതോ ആയ കടുവ കൊല്ലപ്പെടുകയോ പരാജയപ്പെട്ട് കാടിന് വെളിയിലേക്ക് ഇറങ്ങുകയോ ചെയ്യുകയാണ് പതിവ്. ഇത്തരം സന്ദർഭങ്ങളിലാണ് കടുവകൾ പലപ്പോഴും ജനവാസ കേന്ദ്രങ്ങളിലേക്ക് എത്തിപ്പെടുന്നതെന്ന് വയനാട് വന്യജീവി സങ്കേതം അസിസ്റ്റന്റ് കൺസർവേറ്റർ ജോസ് മാത്യു പറഞ്ഞു.
ജനവാസ കേന്ദ്രങ്ങളിൽ നിന്ന് പിടികൂടുന്ന കടുവയെ പലപ്പോഴും തിരികെ അതേ കാട്ടിൽ കൊണ്ടുവിടുന്നതുകൊണ്ട് കാര്യമില്ല. തന്റെ കേന്ദ്രം മറ്റൊരു കടുവ കയ്യടക്കിയതുകൊണ്ട് തിരികെ കൊണ്ടുവിടുന്ന കടുവയ്ക്ക് ആ പ്രദേശത്ത് തുടർന്ന് നിലനിൽക്കാൻ സാധിക്കില്ല. മറ്റ് കാടുകളിലും സ്വന്തമായൊരു മേഖല സൃഷ്ടിച്ചെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ കടുവയുടെ തുടർ ജീവിതം പ്രതിസന്ധിയിലാകും.
വയനാട് വന്യജീവി സങ്കേതത്തിൽ 2012 ലെ സെൻസസ് പ്രകാരം 120 കടുവകളാണുള്ളത്. നിലവിൽ 180 കടുവകളെങ്കിലും ഉണ്ടാകും. ബന്ദിപ്പൂർ, മുതുമല വന്യജീവി സങ്കേതങ്ങളിൽ നിന്നുള്ള കടുവകളും വയനാട് വന്യജീവി സങ്കേതത്തിലെത്തുന്നുണ്ട്. പച്ചപ്പ് നിറഞ്ഞതും ജലസ്രോതസ്സ് കൂടുതലുള്ളതുമായ അന്തരീക്ഷമാണ് വയനാട് വന്യജീവിത സങ്കേതം ഉൾപ്പെടെയുള്ള കേരളത്തിലെ കാടുകളിലേക്ക് കടുവകൾ കൂടുതലായി എത്തിപ്പെടാൻ കാരണം. കടുവകളുടെ ഇഷ്ട ഭക്ഷണമായ ജീവികൾ വയനാട് വന്യ ജീവി സങ്കേതത്തിൽ ധാരാളമുള്ളതുകൊണ്ട് ഇവിടെ എത്തിപ്പെടുന്ന കടുവകൾ ഇവിടെ തന്നെ നിലയുറപ്പിക്കാനുള്ള സാധ്യതയും കൂടുതലാണ്.
കർണാടകയിലെ ജനവാസ കേന്ദ്രങ്ങളിൽ നിന്ന് പിടികൂടുന്ന കടുവകളെ പലപ്പോഴും വയനാട് വന്യജീവി സങ്കേതത്തിനടുത്താണ് തുറന്നുവിടുന്നത്. കർണാടക വനത്തിലേക്ക് പ്രവേശിക്കാൻ കഴിയാത്ത കടുവകൾ കേരളത്തിലെ കാട്ടിലേക്കാണ് എത്തുന്നത്. മൃഗങ്ങളുടെ വർധനവിനനുസരിച്ച് വനത്തിന്റെ വിസ്തൃതി കൂടുന്നില്ല. സ്വാഭാവിക വനം തെളിച്ച് തേക്ക് പ്ലാന്റേഷനുകളാക്കിയതും മൃഗങ്ങൾക്ക് ദോഷകരമാണെന്നും വനംവകുപ്പ് ജീവനക്കാർ വ്യക്തമാക്കുന്നു. ജനവാസ കേന്ദ്രങ്ങളിൽ നിന്ന് പിടികൂടുന്ന കടുവകളെ സംരക്ഷിക്കാനായി പ്രത്യേക കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുണ്ട്. വയനാട്ടിൽ ആരംഭിച്ച കേന്ദ്രത്തിൽ ഇനി അധികം കടുവകളെ പ്രവേശിപ്പിക്കാൻ കഴിയില്ലെന്നതാണ് അവസ്ഥ. വലിയ പ്രവർത്തനച്ചെലവും ഇത്തരം കേന്ദ്രങ്ങൾക്ക് ആവശ്യമാണ്. ഫീൽഡ് സ്റ്റാഫിന്റെ കുറവാണ് വനംവകുപ്പ് നേരിടുന്ന മറ്റൊരു പ്രധാന പ്രതിസന്ധി. 

Eng­lish Sum­ma­ry: The con­tin­ued con­ser­va­tion of wild tigers is also in crisis

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.