16 November 2024, Saturday
KSFE Galaxy Chits Banner 2

ഇതിനിടയില്‍ രാജ്യം വലിയ പ്രതിസന്ധിയിലാണ്

Janayugom Webdesk
July 18, 2022 5:00 am

അവര്‍, ഭരണാധികാരികള്‍ മതങ്ങളെയും ദേശാഭിമാനത്തെയും സൈന്യത്തെയും കുറിച്ച് സംസാരിച്ചുകൊണ്ടേയിരിക്കുമ്പോള്‍ നമ്മുടെ രാജ്യം അതീവ ഗുരുതരമായ പ്രതിസന്ധിയിലേക്ക് പോകുകയാണ്. ഭക്ഷ്യ പ്രതിസന്ധിയും സാമ്പത്തിക തകര്‍ച്ചയും ആസന്നമാണെന്ന് ആര്‍ക്കും ബോധ്യമാകുന്ന റിപ്പോര്‍ട്ടുകളാണ് ഔദ്യോഗികമായി തന്നെ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. അവയെല്ലാംതന്നെ ഭരണാധികാരികളുടെ കെടുകാര്യസ്ഥതയുടെ പ്രതിഫലനമാണെന്ന കാര്യത്തിലും സംശയമില്ല. ശ്രീലങ്ക, ബംഗ്ലാദേശ്, മ്യാന്‍‌മര്‍ തുടങ്ങിയ നമ്മുടെ അയല്‍ രാജ്യങ്ങള്‍ നേരിടുന്നതിന് സമാനമായ തോതിലെത്തിയില്ലെങ്കിലും വരുംനാളുകള്‍ ആശങ്കാകുലമാണെന്ന മുന്നറിയിപ്പുകള്‍ പല കോണുകളില്‍ നിന്നും ഉണ്ടായിട്ടുണ്ട്. അതിന് ശക്തി നല്കുന്ന റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിട്ടുള്ളത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് രാജ്യത്തിന്റെ വിദേശ വിനിമയ കരുതല്‍ ശേഖരത്തില്‍ വലിയ ഇടിവുണ്ടായിരിക്കുന്നുവെന്നതാണ്. രാജ്യത്തിന്റെ കയറ്റുമതിയും ഇറക്കുമതിയുമായി ബന്ധപ്പെട്ട കേവല സൂചികകളല്ല വിദേശ വിനിമയ കരുതല്‍ ശേഖരത്തിന്റെ ഇടിവിലൂടെ രേഖപ്പെടുത്തപ്പെടുന്നത്. റിസര്‍വ് ബാങ്ക് വെള്ളിയാഴ്ച പുറത്തുവിട്ട കണക്കനുസരിച്ച് ജൂലൈ എട്ടിന് അവസാനിച്ച ആഴ്ചയില്‍ കരുതല്‍ ശേഖരത്തിലുണ്ടായ കുറവ് 800 കോടി ഡോളറിന്റേതാണ്. കരുതല്‍ ശേഖരത്തിന്റെ എല്ലാ ഘടകങ്ങളിലും അതുകൊണ്ടുതന്നെ ഇടിവുണ്ടായി. വിദേശ നാണ്യ ശേഖരത്തില്‍ ജൂലൈ എട്ടിന്റെ കണക്കനുസരിച്ച് 600 കോടി ഡോളറിന്റെ കുറവ് സംഭവിച്ചു. വിദേശ വിനിമയ കരുതല്‍ ശേഖരത്തിന്റെ പ്രധാന ഘടകങ്ങളിലൊന്നാണിത്. യൂറോ, പൗണ്ട്, യെന്‍ തുടങ്ങിയ വിദേശ നാണ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോഴും ഇടിവ് തന്നെയാണ് ഉണ്ടായിട്ടുള്ളത്. സ്വര്‍ണ നിക്ഷേപ മൂല്യത്തിലുണ്ടായ വ്യത്യാസം 100.23 കോടി ഡോളറിന്റേതാണ്. അന്താരാഷ്ട്ര നാണയ നിധിയിലെ നിക്ഷേപത്തില്‍ റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ട് പ്രകാരം 4.90 കോടി ഡോളറിന്റെ കുറവുണ്ട്.


ഇതുകൂടി വായിക്കൂ: സാമ്പത്തിക തിരിച്ചുവരവ് ജനകേന്ദ്രീകൃതമാവണം


ഒരു രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ ആദ്യസൂചകങ്ങള്‍ നല്കുന്നതാണ് വിദേശ വിനിമയ കരുതല്‍ ശേഖരത്തിലുണ്ടാകുന്ന ഇടിവെന്നാണ് സാമ്പത്തിക വിദഗ്ധര്‍ നല്കുന്ന സൂചനകള്‍. ഇപ്പോള്‍ വന്‍ രാഷ്ട്രീയ — സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന ശ്രീലങ്കയില്‍ ആദ്യസൂചനകള്‍ ഈ ഘടകങ്ങളിലാണ് പ്രകടമായതെന്നത് സമീപ മാസങ്ങളിലുള്ള ലോകത്തിന്റെ അനുഭവമാണ്. അതാത് രാജ്യങ്ങളിലെ കറന്‍സിക്ക് മൂല്യശോഷണം സംഭവിക്കുകയും അവശ്യസാധനങ്ങള്‍ക്ക് വന്‍ വിലക്കയറ്റമുണ്ടാകുയും ചെയ്യുന്നതാണ് ഈ ഘടകങ്ങളില്‍ കുറവുണ്ടാകുന്നതിനുള്ള പ്രധാന കാരണങ്ങളായി കരുതപ്പെടുന്നത്. ഫെബ്രുവരിയില്‍ ആരംഭിച്ച ഉക്രെയ്‌ന്‍ — റഷ്യ സംഘര്‍ഷത്തെയും ആഗോള ഇന്ധന വില വര്‍ധനയെയും കുറ്റപ്പെടുത്തി രക്ഷപ്പെടുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ തയാറാകുന്നത്. എന്നാല്‍ അത്തരം സാഹചര്യങ്ങളെ മുന്‍കൂട്ടി കണ്ട് സാമ്പത്തിക അച്ചടക്കം പാലിക്കുന്നതില്‍ ഭരണാധികാരികള്‍ക്ക് സംഭവിക്കുന്ന പിഴവാണ് പ്രതിസന്ധിയുടെ ആഴം കൂട്ടുകയും തകര്‍ച്ചയിലേക്ക് നയിക്കുകയും ചെയ്യുന്നത്. അതുതന്നെയാണ് ഇവിടെയും സംഭവിക്കുന്നത്. എട്ടുവര്‍ഷത്തെ നരേന്ദ്രമോഡിയുടെ ഭരണകാലയളവില്‍ നമ്മുടെ രാജ്യത്തിന്റെ സമ്പദ്ഘടനയും സാമൂഹ്യ ജീവിതവും തകര്‍ക്കുന്ന എത്രയധികം നടപടികളാണുണ്ടായതെന്ന് പരിശോധിച്ചാല്‍തന്നെ ഇത് വ്യക്തമാകും. നോട്ടുനിരോധനം മുതല്‍ അതു തുടങ്ങുന്നു. ചരക്കു സേവന നികുതി അശാസ്ത്രീയമായും ധൃതിപിടിച്ചും നടപ്പിലാക്കി, കോര്‍പ്പറേറ്റു നികുതി ഇളവ് ചെയ്തു നല്കി, വായ്പാ കുടിശിക വരുത്തിയ വമ്പന്മാരുടെ കിട്ടാക്കടങ്ങള്‍ എഴുതിത്തള്ളുക മാത്രമല്ല അവര്‍ക്ക് രാജ്യം വിടാനും വിദേശത്ത് സുഖവാസം നടത്തുന്നതിനും അവസരമൊരുക്കി, ഇതിന്റെയെല്ലാമൊപ്പം ലോക്ഡൗണ്‍ കൂടി ചേര്‍ന്നപ്പോള്‍ സാമ്പത്തിക പ്രതിസന്ധിയിലേക്കുള്ള യാത്രയുടെ വേഗമേറി. എന്നാല്‍ ഇതേഘട്ടത്തില്‍തന്നെ രാജ്യത്തെ സമ്പന്നരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായെന്നും ആസ്തി എത്രയോ മടങ്ങായി ഇരട്ടിച്ചുവെന്നും മനസിലാക്കുമ്പോഴാണ് ഭരണാധികാരികളുടെ സാമ്പത്തിക കെടുകാര്യസ്ഥത എത്രത്തോളമാണെന്ന് ബോധ്യപ്പെടുക. അതേസമയം രാജ്യത്തെ സാധാരണക്കാരും പാവപ്പെട്ടവരും ഇടത്തരക്കാരും ഈ പ്രതിസന്ധികളുടെ എല്ലാ ഭാണ്ഡവും പേറേണ്ടിവരികയും ചെയ്യുന്നു.


ഇതുകൂടി വായിക്കൂ: രാജ്യം സാമ്പത്തിക തകര്‍ച്ചയില്‍; മറയ്ക്കാന്‍ വര്‍ഗീയ വിദ്വേഷവും അക്രമവും


പക്ഷേ അതൊന്നും അംഗീകരിക്കാനോ പ്രതിസന്ധിയെ മറികടക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ആരായുന്നതിനോ തയാറാകുന്നതിന് പകരം അതിരുകടക്കുന്ന അവകാശവാദങ്ങളും വീരസ്യങ്ങളുമായി മുന്നോട്ടുപോകുകയാണ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍. ഇതേ രീതിയാണ് ശ്രീലങ്കയിലെ ഭരണാധികാരികളും സ്വീകരിച്ചത്. അവിടെ കുടുംബം ഭരണത്തിലും ഭരണത്തിന്റെ നിയന്ത്രണത്തിലും ചാലക ശക്തിയായിരുന്നുവെങ്കില്‍ ഇവിടെ മോഡി — അമിത്ഷാ ദ്വയങ്ങളുടെ നേതൃത്വത്തിലുള്ള ഗൂഢസംഘമാണെന്ന ഒരു വ്യത്യാസമേയുള്ളൂ. ഇതു പക്ഷേ ഈ ദ്വയങ്ങളും കൂട്ടുസംഘങ്ങളും മുന്‍കൂട്ടി കാണുന്നുവെന്നത് വസ്തുതയാണ്. അതിനാലാണ് സാമ്പത്തിക തകര്‍ച്ചയും ജീവിത ദുരിതങ്ങളും അഭിമുഖീകരിക്കുന്ന ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനുള്ള തന്ത്രങ്ങള്‍ ആവിഷ്കരിച്ചു നടപ്പിലാക്കുന്നത്. മത — ജാതി ചിന്തകളുടെയും വൈകാരിക വിഷയങ്ങളുടെയും അടിസ്ഥാനത്തില്‍ ജനകീയ ശക്തിയെ ശിഥിലീകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഓരോ ദിവസവും ശക്തിപ്രാപിക്കുന്നതും രാക്ഷസരൂപം കൈവരിക്കുന്നതും അതിന്റെ ഭാഗമാണ്. ശ്രദ്ധ തിരിച്ചുവിട്ട് രക്ഷപ്പെടാമെന്ന വ്യാമോഹത്തിലാണ് ബിജെപി ഇതുചെയ്യുന്നതെങ്കിലും ശ്രീലങ്കയിലേതുള്‍പ്പെടെയുള്ള പൂര്‍വികരുടെ അനുഭവങ്ങള്‍ അവര്‍ക്ക് പാഠമാവേണ്ടതുണ്ട്.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.