19 April 2024, Friday

ശരദ് യാദവ് അവശേഷിപ്പിക്കുന്ന വിടവ്

Janayugom Webdesk
January 14, 2023 5:00 am

രാം മനോഹര്‍ ലോഹ്യയുടെ ആശയങ്ങളില്‍ ആകൃഷ്ടനായി രാഷ്ട്രീയ രംഗപ്രവേശം ചെയ്ത് അരനൂറ്റാണ്ടിലേറെക്കാലം ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഭാഗമായിരുന്ന ശരദ് യാദവ് കടന്നുപോയിരിക്കുന്നു. എഴുപതുകളില്‍ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ ശക്തിപ്രാപിച്ച ആശയാടിത്തറയുടെ ഭാഗമായി അദ്ദേഹം യുവജന സംഘടനാ പ്രവര്‍ത്തകനായി. ജയപ്രകാശ് നാരായണന്‍ നിര്‍ദേശിച്ച സ്ഥാനാര്‍ത്ഥിയെന്ന നിലയിലാണ് ശരദ് എന്ന യുവാവ് സ്വന്തം സംസ്ഥാനമായ മധ്യപ്രദേശിലെ ജബല്‍പുരില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കുന്നത്. രാജ്യമാകെ അരിയിട്ടുവാഴ്ച നടത്തുന്ന കോണ്‍ഗ്രസിനെതിരായ പ്രതിപക്ഷരാഷ്ട്രീയം ശക്തമാകുന്ന ഘട്ടമായിരുന്നു അത്. ജബല്‍പുരില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയെ അടിയറവു പറയിച്ച് ജയം സ്വന്തമാക്കിയ ശരദ് യാദവ് ജനതാ രാഷ്ട്രീയത്തിലെ ശ്രദ്ധേയ വ്യക്തിത്വമായി മാറി. കോണ്‍ഗ്രസിന് ദേശീയ അധികാരം നഷ്ടപ്പെട്ട 1977ലെ തെരഞ്ഞെടുപ്പിലും യാദവ് അതേ മണ്ഡലത്തില്‍ നിന്ന് ജയിച്ചുകയറി.


ഇതുകൂടി വായിക്കൂ:  24-ാം പാർട്ടി കോൺഗ്രസ്; വിജയവാഡയിലെ അരുണോദയം


കോൺഗ്രസ് പരാജയപ്പെട്ട് പകരം അധികാരത്തിലെത്തിയ ജനതാ പാർട്ടി ഭരണത്തിന് കാലയളവുപോലും തികയ്ക്കുന്നതിന് സാധിച്ചില്ല. അധികാരത്തിലേറിയതിന്റെ രണ്ടാം വർഷം തന്നെ ആഭ്യന്തര സംഘർഷങ്ങൾ കൊണ്ട് ജനതാ പാർട്ടി ഭിന്നിപ്പിന്റെ വഴിയിലെത്തി. 1979ല്‍ ജനതാ പാർട്ടിയിലെ ഭിന്നിപ്പ് യാഥാർത്ഥ്യമായപ്പോൾ ശരത് യാദവ്, ചരണ്‍സിങ്ങിന്റെ പക്ഷത്താണ് നിലകൊണ്ടത്. പിന്നീട് ലോക്ദള്‍, ജനതാദള്‍, ജനതാദള്‍ (യുണൈറ്റഡ്) എന്നിങ്ങനെ പല പാർട്ടികളിൽ മാറി സഞ്ചരിച്ചുവെങ്കിലും ഉത്തരേന്ത്യൻ രാഷ്ട്രീയത്തിലെ, പ്രത്യേകിച്ച് ബിഹാറിലെ ഉയർച്ച താഴ്ചകളിൽ ഏതെങ്കിലും ഒരു ഭാഗത്ത് ശരദ് യാദവുണ്ടായിരുന്നു. 1984ല്‍ വിജയപരീക്ഷണത്തിനായി അദ്ദേഹം കണ്ടെത്തിയത് ഉത്തർപ്രദേശിലെ ബദൗന്‍ ലോക്‌സഭാ മണ്ഡലം. 2004ലെ തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും വീണ്ടും മണ്ഡലം മാറി ബിഹാറിലെ മധേപുരയിലെത്തി. പിന്നീട് നാല് തവണ മധേപുരയെയാണ് അദ്ദേഹം ലോക്‌സഭയിൽ പ്രതിനിധീകരിച്ചത്. അതുകൊണ്ടുതന്നെ മധ്യപ്രദേശിൽ ജനിച്ച ശരദ് യാദവ് ബിഹാറാണ് തന്റെ കർമ്മഭൂമി എന്ന് എല്ലാ കാലത്തും പറയുമായിരുന്നു. ഒരുമിച്ചും ഭിന്നിച്ചും രാഷ്ട്രീയത്തിൽ പയറ്റിയ ശരത് യാദവും ലാലുപ്രസാദ് യാദവും ബിഹാറിന്റെ രാഷ്ട്രീയം നിർണയിക്കുന്ന ഘട്ടത്തിൽ പരസ്പരം മത്സരിക്കുന്ന സ്ഥിതിയുമുണ്ടായിരുന്നു. മധേപുരയിൽ പരസ്പരം മത്സരിച്ച രണ്ടു യാദവുമാരിൽ രണ്ടുതവണ ശരദ് യാദവിനായിരുന്നു ജയം. ഒരേ രാഷ്ട്രീയത്തിന്റെ വ്യത്യസ്ത മുഖങ്ങൾ പ്രകടിപ്പിച്ച ശരദ് യാദവ് വി പി സിങ്ങിന്റെയും പിന്നീട് ബിജെപിയുടെയും മന്ത്രിസഭകളില്‍ അംഗമായ വ്യക്തി കൂടിയാണ്.


ഇതുകൂടി വായിക്കൂ:  ഹിന്ദിയും നാനാത്വത്തില്‍ ഏകത്വവും


ആദ്യകാലത്തെ ആശയദാര്‍ഢ്യം എല്ലായ്പോഴും സ്വീകരിച്ച രാഷ്ട്രീയക്കാരനായിരുന്നില്ല യാദവ്. അതുകൊണ്ടാണ് വി പി സിങ്ങിനൊപ്പവും വാജ്പേയിക്കൊപ്പവും അധികാരം പങ്കിടുന്നതിന് സന്നദ്ധനായത്. വനിതാ സംവരണ ബില്ലിന്റെ കാര്യത്തില്‍ യാഥാസ്ഥിതികത്വം കൈവിടാനും അദ്ദേഹം തയ്യാറായില്ല. തന്ത്രങ്ങളും മറുതന്ത്രങ്ങളും പ്രയോഗിക്കുന്നതിലും അദ്ദേഹം നൈപുണ്യം കാട്ടി. ബിഹാറില്‍ അദ്ദേഹം കൈക്കൊണ്ട ചില സമീപനങ്ങള്‍ ഇത് വ്യക്തമാക്കുന്നതായിരുന്നു. 1990ലെ ബിഹാര്‍ നിയമസഭാ തെര‍ഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന രാം സുന്ദര്‍ദാസിനെ വെട്ടുന്നതിന് ഇത്തരമൊരു തന്ത്രമാണ് അദ്ദേഹം സ്വീകരിച്ചത്. വി പി സിങ്ങിന്റെയും ജോര്‍ജ് ഫെര്‍ണാണ്ടസ്, അജിത് സിങ് എന്നിവരുടെയും പിന്തുണയുണ്ടായിരുന്ന സുന്ദര്‍ ദാസിനെതിരെ ലാലു പ്രസാദിനെ മുഖ്യമന്ത്രിയാക്കുന്നതിനുള്ള നീക്കം നടത്തിയ ശരദ് യാദവ്, വി പി സിങ്ങിനോട് തെറ്റി നില്‍ക്കുകയായിരുന്ന ചന്ദ്രശേഖറിനെ കൂടെനിര്‍ത്തി. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ചന്ദ്രശേഖറിന്റെ അനുയായി രഘുനാഥ് ഝായെയും മുഖ്യമന്ത്രി പദത്തിനായുള്ള സ്ഥാനാര്‍ത്ഥിയാക്കി. മൂന്നുപേര്‍ അണിനിരന്ന മത്സരത്തില്‍ സ്വാഭാവികമായും ലാലു പ്രസാദിനായിരുന്നു കൂടുതല്‍ പേരുടെ പിന്തുണ കിട്ടിയത്.


ഇതുകൂടി വായിക്കൂ:  ബിജെപിയുടെ പതനത്തിന് ആക്കംകൂട്ടുമോ ഉത്തരാഖണ്ഡ്


അങ്ങനെ ലാലുവിനെ മുഖ്യമന്ത്രിയാക്കിയെങ്കിലും പിന്നീട് അദ്ദേഹവുമായും ഇടഞ്ഞു. അവസാനകാലത്ത് സ്വന്തമായി ഉണ്ടാക്കിയ പാര്‍ട്ടിയെ ലാലു പ്രസാദിന്റെ പാര്‍ട്ടിയില്‍ ലയിപ്പിച്ച് അദ്ദേഹത്തോടൊപ്പം ചേരുകയും ചെയ്തു. നിതീഷ് കുമാറിനൊപ്പം നിലകൊണ്ട യാദവ് അധികകാലം അദ്ദേഹത്തോടൊപ്പവും തുടര്‍ന്നില്ല. ഉത്തരേന്ത്യയിലെ പല നേതാക്കളെയും പോലെ തിരിഞ്ഞും മറുകണ്ടം ചാടിയും രാഷ്ട്രീയ ഭൂമികയില്‍ നിലയുറപ്പിച്ച നേതാവാണ് ശരദ് യാദവെങ്കിലും അവസാനകാലത്ത് ബിജെപിക്കെതിരായ യോജിപ്പിന്റെ രാഷ്ട്രീയത്തെയാണ് ഉയര്‍ത്തിപ്പിടിച്ചത്. നിതീഷ് കുമാറുമായുള്ള ബാന്ധവം ഉപേക്ഷിക്കുന്നതിന് കാരണമായത് ബിജെപിയുമായി ചേരുന്നതിനുള്ള തീരുമാനമായിരുന്നു. നിതീഷിന്റെ ജനതാദള്‍ യുണൈറ്റഡില്‍ നിന്ന് പുറത്തുകടന്ന അദ്ദേഹം ലോക് താന്ത്രിക് ജനതാദള്‍ രൂപീകരിച്ചത് അങ്ങനെയാണ്. ആ പാര്‍ട്ടിയെയാണ് കഴിഞ്ഞ വര്‍ഷം ബിഹാറില്‍ ബിജെപി വിരുദ്ധ രാഷ്ട്രീയത്തെ നയിക്കുന്ന ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളില്‍ ലയിപ്പിച്ചത്. ബിജെപിക്കെതിരായ യോജിപ്പിന്റെ ഭാഗമാണെന്നായിരുന്നു ഈ നിലപാടിനെ കുറിച്ചുള്ള അദ്ദേഹത്തിന്റെ വിശദീകരണം. വിച്ഛിന്നമായ നിലപാടുകളുമായാണ് ശരദ് യാദവ് രാഷ്ട്രീയത്തില്‍ നിലനിന്നിരുന്നതെങ്കിലും വര്‍ത്തമാന കാലത്ത് ബിജെപിയുടെ വര്‍ഗീയ‑വിഭാഗീയ‑ദളിത്, ന്യൂനപക്ഷ വിരുദ്ധ നിലപാടുകള്‍ക്കെതിരെ ഏറ്റവും അനിവാര്യവും രാജ്യത്തിന്റെ നിലനില്പിന് അത്യന്താപേക്ഷിതവുമായ നിലയിലായിരുന്നു അദ്ദേഹം. ഈയൊരു സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ നിര്യാണം വലിയ വിടവാണ് ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തില്‍ സൃഷ്ടിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.