27 April 2024, Saturday

ഹെല്‍പ്പ്‌ലൈന്റെ സഹായം തേടുന്നത് കൂടുതലും യുവാക്കള്‍; വിഷാദം തുളുമ്പിയോ, വിളിക്കാം ‘മാനസി’നെ

പ്രദീപ് ചന്ദ്രന്‍
കൊല്ലം
June 14, 2023 8:54 am

മാനസിക പ്രശ്നങ്ങള്‍ അലട്ടുന്നവര്‍ക്കായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഏര്‍പ്പെടുത്തിയ ഹെല്‍പ്പ്‌ലൈന്‍ ‘മാനസി‘നെ ബന്ധപ്പെടുന്നവരില്‍ ഏറിയ പങ്കും ചെറുപ്പക്കാര്‍. 18നും 48നും ഇടയില്‍ പ്രായമുള്ളവരാണ് ഈ സേവനം ഉപയോഗപ്പെടുത്തുന്നവരില്‍ മുന്‍പന്തിയിലുള്ളത്. കോവിഡ് മഹാമാരിയെ തുടര്‍ന്ന് ജനങ്ങളിലുണ്ടായ മാനസികാരോഗ്യ പ്രതിസന്ധി ഇല്ലായ്മ ചെയ്യുക എന്ന ലക്ഷ്യം വച്ച് ‘മാനസ്’ ആരംഭിച്ചത് ലോക മാനസികാരോഗ്യദിനമായ ഒക്ടോബര്‍ 10നാണ്. അതിനുശേഷമുള്ള എട്ട് മാസത്തിനിടെ ഏതാണ്ട് 1.5 ലക്ഷം പേര്‍ ഹെല്‍പ്പ്‌ലൈന്റെ സേവനം ഉപയോഗപ്പെടുത്തിയതായാണ് കണക്ക്. വിഷാദം, ഉറക്കമില്ലായ്മ, മാനസികസമ്മര്‍ദം, ഉത്കണ്ഠ, കുടുംബപ്രശ്നങ്ങള്‍, ശൈഥില്യമാകുന്ന ബന്ധങ്ങള്‍ എന്നിവയെ ചുറ്റിപ്പറ്റിയാണ് വിളികള്‍ ഭൂരിഭാഗവും. രാജ്യത്തൊട്ടാകെ 42 ടെലിമാനസ് സെന്ററുകളാണ് പ്രവര്‍ത്തിച്ചുവരുന്നത്. ഇവിടെ നിന്ന് മലയാളം ഉള്‍പ്പെടെ 20 ഭാഷകളിലായി 1600ഓളം പരിശീലനം സിദ്ധിച്ച കൗണ്‍സിലര്‍മാര്‍ ടെലിഫോണിലൂടെ മാര്‍ഗനിര്‍ദേശം നല്‍കും. ആത്മഹത്യാ പ്രവണത കാട്ടുന്നവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കുകയാണ് മാനസിന്റെ പ്രധാന ദൗത്യം. സന്നിഗ്ധഘട്ടത്തില്‍ ചികിത്സ ആവശ്യമുള്ളവര്‍ ആശുപത്രിയിലെത്തുന്നതുവരെ ഫോണ്‍ വിഛേദിക്കാതെ കൗണ്‍സിലിങ് തുടരുന്ന സന്ദര്‍ഭങ്ങളും വിരളമല്ല. വിളികളില്‍ 6.2 ശതമാനവും ഇത്തരത്തിലുള്ളവയാണ്. 90 ശതമാനം പേരും കൗണ്‍സിലിങ്ങിലൂടെ സാധാരണനില കൈവരിക്കുന്നുണ്ട്. സേവനം ഉപയോഗപ്പെടുത്തുവന്നവരുടെ മാനസിക നിലയിലെ പ്രത്യേകതകള്‍ മനസിലാക്കി അതിനനുയോജ്യമായ ഉപദേശ നിര്‍ദേശങ്ങളാണ് കൗണ്‍സിലര്‍മാര്‍ നല്‍കുന്നത്. കൃത്യമായ ഇടവേളകളില്‍ കൗണ്‍സിലിങ് ആവശ്യമുള്ളവര്‍ക്ക് മാനസികാരോഗ്യ വിദഗ്ധരുടെ സേവനം ലഭ്യമാക്കും. മാനസികാരോഗ്യ കേന്ദ്രങ്ങളിലെ വിദഗ്ധര്‍ രോഗികളെ സന്ദര്‍ശിച്ച് അവര്‍ക്ക് വേണ്ട സഹായം ലഭ്യമാക്കാനുള്ള സംവിധാനവും മാനസിനുണ്ട്. ഇതിനുള്ള സൗകര്യം ജില്ലാ കേന്ദ്രങ്ങളില്‍ ഒരുക്കിനല്‍കും. സ്വകാര്യത പാലിക്കുകയാണ് പരമപ്രധാനമെന്നാണ് കൗണ്‍സിലര്‍മാര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. തുടര്‍ ഉപദേശം വേണ്ടവര്‍ക്ക് ബന്ധപ്പെടാന്‍ അവര്‍ ആവശ്യപ്പെടുന്ന സമയം നല്‍കും. കൂടുതല്‍ കോളുകളും വിഷാദരോഗവുമായി ബന്ധപ്പെട്ടാണ്. ഉറക്കമില്ലായ്മയാണ് തൊട്ടുപിന്നില്‍. കുട്ടികളും ടെലിഹെല്‍പ്‌ലൈന്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഇവരുടെ എണ്ണം തുലോം പരിമിതമാണ്. ‘മാനസി‘ല്‍ ബന്ധപ്പെട്ടവരില്‍ 74.13 ശതമാനം പേര്‍ 18നും 45നും ഇടയില്‍ പ്രായമുള്ളവരാണ്. 13–17 വയസുകാര്‍ 7.02 ശതമാനം വരും. 46നും 64നും ഇടയ്ക്ക് 13.27 ശതമാനവും 65ന് മുകളില്‍ പ്രായമുള്ള 3.9 ശതമാനം പേരും മാനസിന്റെ സഹായം തേടിയിട്ടുണ്ട്. ടെലി ഹെല്‍പ്പ്‌ലൈന്റെ നോഡല്‍ സെന്ററായി പ്രവര്‍ത്തിക്കുന്നത് ബംഗളൂരുവിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സ് (നിംഹാന്‍സ്) ആണ്. 24 മണിക്കൂറും സേവനം ലഭ്യമാണ്. ടോള്‍ ഫ്രീ നമ്പര്‍-14416, 1800–89-14416.

eng­lish sum­ma­ry; The helpline is most­ly sought by young people
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.