27 April 2024, Saturday

Related news

April 26, 2024
April 26, 2024
April 26, 2024
April 26, 2024
April 26, 2024
April 25, 2024
April 24, 2024
April 24, 2024
April 23, 2024
April 23, 2024

കാലവർഷം മത്സ്യത്തൊഴിലാളികളെ വറുതിയിലാക്കി

ഡാലിയ ജേക്കബ്
ആലപ്പുഴ
July 8, 2023 8:07 pm

ശക്തമായ കാലവർഷം സംസ്ഥാനത്തെ പരമ്പരാഗതമത്സ്യത്തൊഴിലാളികളെ വറുതിയിലാക്കി. തുടർച്ചയായ മുന്നറിയിപ്പുകൾ മൂലം കടലിലെ മത്സ്യബന്ധനത്തിന് വിലക്ക് വന്നതോടെ മത്സ്യത്തൊഴിലാളികൾ പ്രതിസന്ധിയിലായി.
കടലിൽ വള്ളമിറക്കാൻ നാലു ദിവസത്തേക്ക് വിലക്കുണ്ടായിരുന്നു. നിയന്ത്രണം നീക്കിയെങ്കിലും മത്സ്യ ലഭ്യതയിലെ കുറവ് തിരിച്ചടിയാകുന്നു. മത്തി മാത്രമാണ് ഇപ്പോൾ ലഭിക്കുന്നത്. വിപണിയിലാവട്ടെ മത്സ്യക്ഷാമം അതിരൂക്ഷവുമായി. ഉള്ളതിനൊക്കെ തീവിലയാണ്. ട്രോളിംഗ് നിരോധനം കാരണം പൊതുവേ മീൻ ലഭ്യത കുറവായിരുന്നു. പരമ്പരാഗത മത്സ്യത്തൊഴിലാളികൾ വള്ളത്തിൽ പോയി പിടിക്കുന്ന മത്സ്യങ്ങൾ മാത്രമാണ് വിപണിയിലുള്ളത്. മഴ ശക്തമായതോടെ ഇങ്ങനെ ലഭിക്കുന്ന മത്സ്യവും തീരെ കുറഞ്ഞു.
കേരളം, ലക്ഷദ്വീപ് കേന്ദ്രങ്ങളിൽ മത്സ്യബന്ധനത്തിന് ആരും ഇറങ്ങരുതെന്നായിരുന്നു മുന്നറിയിപ്പ്. കാലവർഷവും ട്രോളിംഗ് നിരോധനവും പരമ്പരാഗത മത്സ്യബന്ധന മേഖലയ്ക്ക് സാധാരണ കൊയ്ത്തുകാലമാണ്. ഇൻ ബോർഡ് വള്ളങ്ങളും ചെറുവള്ളങ്ങൾക്കും മികച്ച രീതിയിൽ മത്സ്യം കിട്ടുന്ന സമയം കൂടിയാണിത്.
ട്രോളിംഗ് നിരോധന കാലയളവ് അവസാനിക്കുന്നതിന് മുമ്പ് ചാകര തെളിയുന്നത് പതിവാണ്. കാലവർഷത്തിൽ കടൽ ഇളകി പിന്നീട് ശാന്തമാകുന്നതോടെ തീരത്തിനൊരു ഉത്സവമായാണ് ചാകര എത്തുന്നത്. എന്നാൽ അപ്രതീക്ഷിത ന്യൂനമർദവും തുടർന്നുള്ള കടൽക്ഷോഭവും മുന്നറിയിപ്പുകളും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പ്രതീക്ഷകളുടെ നിറംകെടുത്തുകയാണ്. ചാകര പ്രതീക്ഷയോടെ വായ്പയെടുത്ത് വള്ളങ്ങളുടെ അറ്റകുറ്റപ്പണി നടത്തിയും വലകൾ പുതുക്കിനെയ്തും കാത്തിരുന്ന തൊഴിലാളികൾക്ക് കാലങ്ങളായി നിരാശ മാത്രമാണ് ബാക്കി. ചാകര സീസണിലെ പ്രധാന ഇനമായ നാരൻ ചെമ്മീൻ, അയല, വലിയ മത്തി, കണവ തുടങ്ങിയവ സുലഭമായി ലഭിച്ചാൽ മാത്രമേ മത്സ്യത്തൊഴിലാളികൾക്ക് പ്രയോജനമുള്ളൂ.
കുറെ നാളുകളായി പ്രതീക്ഷക്കൊത്ത് ചെമ്മീൻ ലഭിക്കുന്നില്ലെന്ന് തൊഴിലാളികൾ പറഞ്ഞു. കഴിഞ്ഞ സീസണിലും തുച്ഛമായ ദിവസങ്ങളിൽ മാത്രമാണ് പരമ്പരാഗത വള്ളങ്ങൾക്ക് മത്സ്യബന്ധനം നടത്താനായത്. ഇതിൽ ഏതാനും വള്ളങ്ങൾക്ക് മാത്രമാണ് മത്സ്യക്കൊയ്ത്ത് ലഭിച്ചത്. അടിക്കടിയുണ്ടായ ഇന്ധന വിലക്കയറ്റവും മത്സ്യബന്ധന മേഖലയുടെ നട്ടെല്ലൊടിച്ചു.

eng­lish sum­ma­ry; The mon­soon has left the fish­er­men dry

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.