22 December 2024, Sunday
KSFE Galaxy Chits Banner 2

‘സംവിധാൻഹത്യ ദിവസ്’ എന്ന അസംബന്ധം

എസ് എൻ സാഹു
July 16, 2024 4:15 am

1975 ജൂൺ 26ന്, അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ ഏർപ്പെടുത്തിയതിന്റെ ഓർമ്മയ്ക്കായി സംവിധാൻഹത്യ ദിവസ് (ഭരണഘടനയുടെ കൊലപാതകം നടന്ന ഒരു ദിനം) എന്ന പേര് നൽകിയത് ബിജെപി നേതൃത്വത്തിന്റെ നെെരാശ്യമാണ് വിളിച്ചോതുന്നത്. ഭരണഘടനയോടുള്ള ജനങ്ങളുടെ പ്രതിബദ്ധത തെളിയിക്കാന്‍ ആ പേര് എത്രമാത്രം ഉചിതമാകുമെന്ന് കണക്കിലെടുക്കാതെയാണ് ഭരണകക്ഷി അങ്ങനെ ചെയ്തിരിക്കുന്നത്. അന്ന് ഭരണഘടന കൊല ചെയ്യപ്പെട്ടുവെങ്കിൽ, പ്രധാനമന്ത്രി നരേന്ദ്ര മോഡിയും 240 ബിജെപി എംപിമാരും ഉൾപ്പെടെ 18-ാം ലോക്‌സഭയിലെ അംഗങ്ങൾ എങ്ങനെയാണ് സത്യപ്രതിജ്ഞ ചെയ്തത്?
50 വർഷം മുമ്പ് ഭരണഘടന കൊല ചെയ്യപ്പെട്ടുവെങ്കിൽ, നമ്മുടെ റിപ്പബ്ലിക്കിന്റെ ചരിത്രത്തിലാദ്യമായി, 2015 മുതല്‍ നവംബർ 26 ഭരണഘടനാ ദിനമായി തുടരുന്നതിൽ മോഡി സര്‍ക്കാര്‍ അഭിമാനം കൊള്ളുന്നതെന്തിന്? 1949ൽ ആ ദിവസം, ഭരണഘടനാ അസംബ്ലി ഇന്ത്യൻ ഭരണഘടന അംഗീകരിക്കുകയും നടപ്പിലാക്കുകയും ചെയ്തു. ‘നാം ജനങ്ങൾ, ഇന്ത്യയെ ഒരു പരമാധികാര സോഷ്യലിസ്റ്റ് സെക്യുലർ ഡെമോക്രാറ്റിക് റിപ്പബ്ലിക്കായി രൂപീകരിക്കാനുള്ള ദൃഢനിശ്ചയ’മാണ് അന്ന് പ്രഖ്യാപിക്കപ്പെട്ടത്. രാജ്യത്തിന്റെ ആധാരശിലയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭരണഘടന ഇപ്പോഴും നിലനിൽക്കുന്നു.


ഇതുകൂടി വായിക്കൂ: ഉയരെ ഭരണഘടന തന്നെ


18-ാം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാജ്യത്തെ ജനങ്ങൾ ഭരണഘടനയെ സംരക്ഷിക്കുക എന്നത് പ്രധാന വിഷയമാക്കി. അതില്‍ വിജയിച്ച്, എംപിയായും പിന്നീട് ക്യാബിനറ്റ് മന്ത്രിയായും സത്യപ്രതിജ്ഞ ചെയ്ത ശേഷം ഇന്ത്യൻ ഭരണഘടനയോട് കൂറ് പുലർത്തണമെന്ന് ആഹ്വാനം ചെയ്ത ആഭ്യന്തര മന്ത്രി അമിത് ഷാ, ഇപ്പോൾ അത് 1975 ജൂൺ 25ന് ഇന്ദിരാഗാന്ധി ‘കൊലചെയ്ത’തായി വിജ്ഞാപനം പുറപ്പെടുവിച്ചത് എന്തടിസ്ഥാനത്തിലാണ്? മഹാത്മാഗാന്ധി വധിക്കപ്പെട്ട ദിനത്തെ ആരും ഗാന്ധിഹത്യ ദിവസ് എന്ന് വിളിക്കുന്നില്ല, ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട ദിവസം ഇന്ദിരാഗാന്ധിഹത്യ ദിവസ് എന്ന് വിശേഷിപ്പിക്കപ്പെടുന്നുമില്ല. തീർച്ചയായും, ‘സംവിധാൻഹത്യ ദിവസ്’എന്നതിനെക്കാൾ സംവിധാൻ സുരക്ഷാ ദിവസ് (ഭരണഘടനയെ സംരക്ഷിക്കുക) എന്ന പേരാണ് നല്‍കേണ്ടിയിരുന്നത്.
ജനങ്ങൾ ഭരണഘടനാ സംരക്ഷണം വോട്ടെടുപ്പ് വിഷയമാക്കിയത് ബിജെപിയെ ഉലച്ചു. ലോക്‌സഭയിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടതിന് പിന്നാലെ മോഡിയും ഷായും ഉൾപ്പെടെയുള്ള ഉന്നത നേതൃത്വം ദുര്‍ബലമായെന്ന് വ്യക്തമാണ്. 400ലധികം സീറ്റുകൾ നേടി മൂന്നാം തവണയും സർക്കാർ രൂപീകരിച്ചാല്‍ ഭരണഘടന മാറ്റുമെന്ന് മോഡിയും ബിജെപിയും അവകാശപ്പെട്ടിരുന്നു. അതിനെ മറികടന്ന് ഭരണഘടനയെ സംരക്ഷിക്കുന്നവരാണെന്ന് വരുത്താന്‍ വേണ്ടിയുള്ള ബുദ്ധിയായാണ് പാർട്ടി നേതൃത്വം, സംവിധാൻഹത്യ ദിവസ് എന്ന നാമകരണം നടത്തിയതെന്ന് തോന്നുന്നു.


ഇതുകൂടി വായിക്കൂ: ജുഡീഷ്യറിയും ഭരണഘടനാ സംരക്ഷണവും


1949 നവംബറില്‍ ഭരണഘടന രൂപീകരണ കാലത്ത് ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ പ്രസിദ്ധീകരിച്ച ഒരു ലേഖനം, ഭരണഘടനയെ തള്ളിപ്പറഞ്ഞത് മോഡി ഉൾപ്പെടെയുള്ള ബിജെപി നേതൃത്വം ഓർക്കണം. ഭരണഘടനയിൽ ‘ഭാരതീയ’മായതൊന്നും ഇല്ലെന്നും ബ്രിട്ടന്റെ ഭരണഘടനയില്‍ നിന്ന് കടം വാങ്ങിയതാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. അമേരിക്ക, കാനഡ, സ്വിസ്, മറ്റ് ഭരണഘടനകൾ എന്നിവയിലെ പല വ്യവസ്ഥകളും ഉപയോഗിച്ചതിനെ അപലപിച്ച ഓർഗനൈസർ, മനുസ്മൃതിയാണ് അടിസ്ഥാന ഘടകമാക്കേണ്ടതെന്നും പറഞ്ഞിരുന്നു. ഭരണഘടനാ ശില്പി ഡോ. ബി ആർ അംബേദ്കറിനെക്കുറിച്ചും ആര്‍എസ്എസ് മറ്റൊരു ലക്കത്തിൽ രൂക്ഷമായി എഴുതിയിരുന്നു. ഭരണഘടന നടപ്പാക്കാത്ത കാലത്തുതന്നെ അതിനെതിരെ ആർഎസ്എസ് മുഖപത്രം എഴുതിയത് ശൈശവദശയിൽ തന്നെ അതിനെ കൊല്ലുന്നതിന് തുല്യമാണ്.


ഇതുകൂടി വായിക്കൂ: ഭരണഘടന സംരക്ഷിക്കാന്‍ വിദ്യാഭ്യാസം


ഭരണഘടനാ സംരക്ഷണത്തിനുവേണ്ടി നിലകൊള്ളുന്നു എന്ന ആഖ്യാനം ചമച്ച് ജനങ്ങളുടെ മനസിൽ മതിപ്പ് സൃഷ്ടിക്കുന്നതിനുള്ള ബിജെപി നേതൃത്വത്തിന്റെ ശ്രമം തികച്ചും ബാലിശമാണ്. കേന്ദ്ര മന്ത്രിയായിരുന്ന ബിജെപി നേതാവ് എസ് പി സിങ് ബാഗേൽ ഭരണഘടനയുടെ അടിസ്ഥാനഘടന ഹിന്ദു രാഷ്ട്രത്തിനെതിരാണെന്ന് പലതവണ പ്രസ്താവന നടത്തിയിരുന്നു. ഭരണഘടനയുടെ അടിസ്ഥാന ഘടന മാറ്റാൻ കഴിയില്ലെന്ന് 1974ൽ കേശവാനന്ദ ഭാരതി കേസിൽ സുപ്രീം കോടതി പ്രഖ്യാപിച്ചിട്ടും അതില്‍ ഭേദഗതി വരുത്താൻ പാർലമെന്റിന് അധികാരമുണ്ടെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖർ പോലും അവകാശപ്പെട്ടിരുന്നു.
ജനുവരി 22ന്, അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാവേളയിൽ, “രാമൻ എന്നാൽ രാഷ്ട്രം, രാമൻ എന്നാൽ ഭരണകൂടം, ദേവന്‍ എന്നാൽ ദേശം, ദൈവം എന്നാൽ രാജ്യം” എന്ന് അവകാശപ്പെട്ടതിലൂടെ ഭരണകൂടത്തിന്റെ നിഷ്പക്ഷത മോഡി ലംഘിച്ചു. ഭരണഘടനയുടെ ആദർശങ്ങൾക്ക് വിരുദ്ധമായാണ് പ്രധാനമന്ത്രി പ്രവർത്തിച്ചത്. അതിനാല്‍ ‘സംവിധാൻഹത്യ ദിവസ്’ ആചരിക്കാൻ സർക്കാർ തീരുമാനിച്ചുവെന്ന കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന പരിഹാസ്യവും ജനഹിതത്തിന് വിരുദ്ധവുമാണ്.
(ന്യൂസ് ക്ലിക്ക്)

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.