16 April 2024, Tuesday

വടക്കൻ കയ്യേറ്റങ്ങൾ കച്ചത്തീവിൽ മുങ്ങില്ല

Janayugom Webdesk
April 3, 2024 5:00 am

വിസ്മൃതിയിലായിരുന്ന വിജനമായ കച്ചത്തീവ് എന്ന കുഞ്ഞുദ്വീപ് പെട്ടെന്ന് സംവാദ വിഷയമായിരിക്കുകയാണ്. ഒരു സംസ്ഥാനമെന്ന നിലയിൽ തമിഴ്‌നാട്ടിലെ വിവിധ കക്ഷികൾ നേരത്തെയും ഉയർത്തുന്നതാണ് കച്ചത്തീവ് വിഷയം. എങ്കിലും തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെ വിഷയത്തിൽ വിവാദാഗ്നി ഉയർത്തുവാൻ ശ്രമിക്കുകയാണ്. തമിഴ്‌നാട്ടിലെ പാര്‍ട്ടികള്‍ നേരത്തെ ഉയർത്തുകയും നിയമ വ്യവഹാരങ്ങൾ നടത്തുകയും ചെയ്യുന്ന വിഷയമാണ് കച്ചത്തീവുമായി ബന്ധപ്പെട്ടത്. തമിഴ്‌നാട്ടിലെ മത്സ്യത്തൊഴിലാളി സംഘടനകൾ പലപ്പോഴും അവർ നേരിടുന്ന പ്രശ്നങ്ങളുടെ വെളിച്ചത്തിൽ ഈ വിഷയം ഉയർത്തിക്കൊണ്ടുവരാറുണ്ട്. മാർച്ച് മധ്യത്തിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കച്ചത്തീവിന്റെ കാര്യത്തില്‍ ബിജെപിയുടെ മൗനം ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. 10 വർഷമായി രാജ്യം ഭരിക്കുന്ന ബിജെപി സർക്കാർ കച്ചത്തീവ് വിഷയത്തിൽ മൗനം പാലിക്കുന്നതിനെയാണ് സ്റ്റാലിൻ വിമർശിച്ചത്. എന്നാൽ അതിന് എന്തെങ്കിലും മറുപടി നൽകുന്നതിന് മോഡി തയ്യാറായില്ല. 15 ദിവസത്തിനുശേഷം പെട്ടെന്ന് അദ്ദേഹത്തിന്റെ സമൂഹമാധ്യമ കുറിപ്പും പരാമർശവുമുണ്ടാവുന്നു. അതിനെ രാജ്യവ്യാപകമായി തെര‍ഞ്ഞെടുപ്പ് വിഷയമാക്കുകയാണ് മോഡി ചെയ്യുന്നത്.


ഇതുകൂടി വായിക്കൂ: പ്രധാനമന്ത്രി നൽകേണ്ട 10 ഗ്യാരന്റികൾ


നൂറ്റാണ്ടോളം നീണ്ടതും അരനൂറ്റാണ്ട് മുമ്പ് തീർപ്പാക്കിയതുമായ വിഷയമാണ് കച്ചത്തീവ് കൈമാറ്റം. 1921ൽ സിലോണും (ഇപ്പോഴത്തെ ശ്രീലങ്ക) മദ്രാസ് സർക്കാരും തമ്മിൽ പാക് കടലിടുക്കിന്റെയും മന്നാർ ഉൾക്കടലിന്റെയും അതിർത്തി നിർണയ വേളയിലാണ് ജനവാസമില്ലാത്തതെങ്കിലും കച്ചത്തീവിനായി അവകാശവാദമുണ്ടാകുന്നത്. പിന്നീട് 1956ലും സിലോൺ സർക്കാർ അവകാശവാദം ആവർത്തിച്ചു. പ്രാചീന ഭൂപടങ്ങളിൽ പോലും കച്ചത്തീവ് ആ രാജ്യത്തിന്റെ വകയായി അടയാളപ്പെടുത്തിയിട്ടുള്ളതാണെന്നായിരുന്നു അവരുടെ വാദം. തങ്ങളുടെ ഭരണപ്രദേശമായിരുന്നു എന്ന നിലപാടിൽ ഇന്ത്യ ഉറച്ചുനിന്നു. വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന അന്തോണീസ് പുണ്യാളന്റെ ദേവാലയത്തിലെ പെരുന്നാളാഘോഷത്തിന് മാത്രമാണ് ജനസാന്നിധ്യമുണ്ടാകാറുള്ളതെങ്കിലും ഇരുരാജ്യങ്ങളിലെയും മത്സ്യത്തൊഴിലാളികൾ തർക്കമേതുമില്ലാതെ കച്ചത്തീവിനെ ആശ്രയിച്ചിരുന്നു. 1960കളുടെ അവസാനത്തിലാണ് അവകാശവാദം ശക്തമായി ഉന്നയിക്കപ്പെടുന്നത്. അതേതുടർന്ന് ഇരുരാജ്യങ്ങളിലെയും തലസ്ഥാനങ്ങളില്‍ നിരവധി ചർച്ചകൾ നടന്നു. അതിന്റെ ഫലമായി 1974 ജൂലൈ 28ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും ശ്രീലങ്കൻ പ്രധാനമന്ത്രി സിരിമാവോ ബണ്ഡാരനായകെയും ഒപ്പുവച്ച കരാറനുസരിച്ച് കച്ചത്തീവ് ശ്രീലങ്കയുടെതായി. ഇന്ത്യയുടെയും ശ്രീലങ്കയുടെയും സമുദ്രാതിർത്തി അംഗീകരിക്കപ്പെടുകയും ചെയ്തു. മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഇന്ത്യൻ പൗരന്മാർക്കും തീർത്ഥാടകർക്കും ശ്രീലങ്കന്‍ സര്‍ക്കാരിന്റെ പ്രത്യേകാനുമതികളൊന്നും കൂടാതെ തന്നെ സ്വതന്ത്രമായി കച്ചത്തീവിൽ പ്രവേശിക്കുവാൻ കരാറിൽ വ്യവസ്ഥയുണ്ട്. പ്രകൃതി വിഭവങ്ങൾ കണ്ടെത്തുകയാണെങ്കിൽ അവ ഇരുരാജ്യങ്ങളും പരസ്പരധാരണയോടെ ഉപയോഗിക്കണമെന്നും വ്യവസ്ഥയുണ്ടായി. എന്നാല്‍ മേഖലയിലെത്തുന്ന ഇന്ത്യയിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളെ പലപ്പോഴും ശ്രീലങ്ക വിലക്കുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്യുന്നു എന്ന പ്രശ്നം ഉയർന്നുവരുന്നതിനാൽ തമിഴ്‌നാട് കേന്ദ്ര കരാറിനെതിരായിരുന്നു. ജയലളിതയും കരുണാനിധിയും മുഖ്യമന്ത്രിമാരായിരുന്ന കാലത്ത് കോടതി വ്യവഹാരങ്ങളുമുണ്ടായി. കാര്യങ്ങള്‍ ഇങ്ങനെയാണ് നിലനില്‍ക്കുന്നതെങ്കിലും 10 വര്‍ഷമായി കേന്ദ്രത്തില്‍ അധികാരത്തിലുള്ള ബിജെപി സര്‍ക്കാരോ തമിഴ്‌നാട്ടിലെ ബിജെപിയോ ഈ വിഷയം ഗൗരവത്തോടെ ഉന്നയിച്ചിരുന്നില്ല. മുഖ്യമന്ത്രി സ്റ്റാലിനും തമിഴ്‌നാട്ടിലെ മത്സ്യത്തൊഴിലാളികളും ബിജെപി സര്‍ക്കാരിന്റെ വീഴ്ചയും മൗനവും ഉന്നയിച്ചപ്പോഴും മോഡിക്ക് മിണ്ടാട്ടമുണ്ടായില്ല.


ഇതുകൂടി വായിക്കൂ: സൈന്യത്തിലും മോഡിവൽക്കരണം


എന്നാല്‍ ഒരാഴ്ച മുമ്പ് രാജ്യത്തിന്റെ അവിഭാജ്യ ഘടകമായി നില്‍ക്കുന്ന അരുണാചല്‍ പ്രദേശുമായി ബന്ധപ്പെട്ട് ചൈന വീണ്ടും അവകാശവാദമുന്നയിച്ചപ്പോഴാണ് പ്രശ്നത്തെ വഴിതിരിച്ചുവിടാനുള്ള എളുപ്പ വിഷയമാണെന്ന് കണ്ടെത്തി മോഡി പ്രതികരണം നടത്തിയിരിക്കുന്നത്. അരുണാചല്‍ പ്രദേശിനെ ചൊല്ലി ചൈന മാത്രമല്ല, നേപ്പാളും വര്‍ഷങ്ങളായി അവകാശമുന്നയിക്കുന്നുണ്ട്. കൂടാതെ എത്രയോ ഗ്രാമങ്ങള്‍ക്ക് തുല്യമായ ലഡാക്ക് അതിര്‍ത്തിയിലെ വിവിധ പ്രദേശങ്ങള്‍ ചൈന കയ്യടക്കുകയും ചെയ്തിരിക്കുന്നു. രാജ്യസ്നേഹത്തെ കുറിച്ച് ആണയിടുന്ന മോഡിക്കും കേന്ദ്ര സര്‍ക്കാരിനും അതിലൊന്നും ഫലപ്രദമായ ഒന്നും ചെയ്യാനാകുന്നില്ല. എന്നുമാത്രമല്ല കൂടുതല്‍ ഭൂപ്രദേശങ്ങള്‍ക്കുള്ള അവകാശവാദങ്ങള്‍ ശക്തമാക്കുകയുമാണ് ചെെന ചെയ്യുന്നത്. രാജ്യത്തിന്റെ അതിര്‍ത്തി സംരക്ഷിക്കുന്നതില്‍ സംഭവിച്ച ഗുരുതരമായ വീഴ്ച മറച്ചുവയ്ക്കുന്നതിനായാണ് മോഡി കച്ചത്തീവ് വിഷയം ഉന്നയിക്കുന്നത്. ഇത്രയും നാള്‍ എന്തു ചെയ്തുവെന്ന ചോദ്യത്തിന് കോടതിയിലെ കേസിന്റെ കാര്യമാണ് അവര്‍ ഉത്തരം പറയുന്നത്. അത് തമിഴ്‌നാട്ടിലെ സര്‍ക്കാരുകളുടെ കാലത്ത് നല്‍കിയതാണെന്ന വസ്തുത മറച്ചുപിടിച്ച് കബളിപ്പിക്കുവാനും അവര്‍ ശ്രമിക്കുന്നു. ഏതായാലും മോഡി സര്‍ക്കാരിന്റെ നിരുത്തരവാദിത്തം കാരണം നടന്ന വടക്കന്‍ കയ്യേറ്റങ്ങളെ കച്ചത്തീവ് വിഷയംകൊണ്ട് മറച്ചുപിടിക്കാമെന്നത് വ്യാമോഹം മാത്രമാണ്. മാത്രവുമല്ല മറ്റൊരു അയല്‍രാജ്യമായ ശ്രീലങ്കയെയും ശത്രുപക്ഷത്താക്കുന്നതിന് മാത്രമേ ഈ നിലപാട് സഹായകമാകുകയുമുള്ളൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.