26 April 2024, Friday

Related news

November 22, 2023
August 20, 2023
August 19, 2023
August 16, 2023
August 11, 2023
July 25, 2023
July 5, 2023
June 15, 2023
June 8, 2023
June 2, 2023

മഹാമാരിക്കാലത്തും ജനങ്ങള്‍ക്ക് ദുരിതം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ ; പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
September 1, 2021 1:28 pm

സാധാരണക്കാരന്‍റെ ജീവിതചര്യക്ക് വിഘാതം സൃഷ്ടിച്ച് രാജ്യത്ത്‌ പാചകവാതക വില വീണ്ടും കൂട്ടി. ഗാർഹിക പാചകവാതക സിലിണ്ടറിന്‌ 25.50 രൂപ കൂട്ടിയതോടെ വില 891.50 രൂപയായി. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്‌ 73.50 രൂപയാണ്‌ കൂട്ടിയത്‌. ഇതോടെ വില 1692. 50 രൂപയായി. കോവിഡ്‌ കാലത്തും തുടർച്ചയായി വിലകൂട്ടി ജനങ്ങളുടെ നടുവൊടിക്കുകയാണ്‌ നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍, രണ്ടാഴ്‌ച മുമ്പും പാചകവാതകത്തിന്‌ 25 രൂപ കൂട്ടിയിരുന്നു . 15 ദിവസത്തിനുള്ളിൽ 50 രൂപയാണ്‌ സിലണ്ടറിന്‌ കൂടിയത്‌. മാർച്ച് ജൂലായ്‌, ആഗസ്‌റ്റ്‌ മാസങ്ങളിലും വിലകൂട്ടിയിരുന്നു. പാചകവാതകത്തിന്‌ നൽകിയിരുന്ന സബ്‌സിഡി മുടങ്ങിയിട്ടും മാസങ്ങളായി. പെട്രോൾ, ഡീസൽ വിലയും ഉയർന്ന നിലയിലാണ്‌. ഈ സാഹചര്യത്തിലാണ്‌ ഇന്ധനവിലയും കൂട്ടിയുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ ജനദ്രോഹം. കോവിഡെന്ന മഹാമാരിക്ക് മുന്നില്‍ പകച്ചു നില്‍ക്കുകയാണ് ആയിരക്കണക്കിന് ജനങ്ങള്‍. തൊഴിലും വരുമാനവുമില്ലാതെ നട്ടം തിരിയുകയാണ് രാജ്യത്തെ ജനകോടികൾ. എങ്ങനെ ജീവിക്കുമെന്നറിയാതെ, എവിടെയും അനിശ്ചിതത്വത്തിന്റെ നാളുകളാണ്. അതിനിടെ, ഓരോ ദിവസവും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് സ്ഥിരം പല്ലവി ആക്കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. കേരളത്തിലെ പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്യുന്നതു പോലെ ദുരിതകാലത്ത് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കേണ്ട സമയത്ത് രാജ്യത്തെ ജനങ്ങളോ പരമാവധി ദ്രോഹിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതാണ് കേരള സര്‍ക്കാരും, കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള വ്യത്യാസവും.

എങ്ങനെ ദ്രോഹിക്കാനാകുമെന്ന് കേന്ദ്ര ഭരണം നിത്യേന ചിന്തിക്കുന്നു. ഈ മഹാമാരിക്കാലത്ത് അങ്ങനെ എത്രയെത്ര നടപടികൾ. പാചകവാതകം ഇന്ന് മിക്കവാറും വീടുകളിൽ ഒഴിച്ചുകൂടാനാകാത്ത വസ്തുവാണ്. അതുകൊണ്ടുതന്നെ ഇതിന്റെ വിലവർധന കുടുംബങ്ങളുടെ ജീവിതച്ചെലവുകളാകെ താളം തെറ്റിക്കും. പത്രവും പാലും ടിവിയുമൊക്കെ ഉപേക്ഷിച്ചാണ് പലരും പാചകവാതകം വാങ്ങുന്നത്. ഇനി ഇതും ഉപേക്ഷിക്കേണ്ടി വരും. വീട്ടാവശ്യത്തിനുള്ള പാചകവാതകത്തിന്റെ സബ്സിഡി അവസാനിപ്പിച്ച സർക്കാർ അത് പുനഃസ്ഥാപിക്കാൻ ഇതുവരെ തയ്യാറായിട്ടില്ല. കഴിഞ്ഞ ബജറ്റിൽ പെട്രോളിയം സബ്സിഡി തുക വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു. അതിനിടെയാണ് അടിക്കടി വില കൂട്ടുന്നത്. സബ്സിഡി തുക നാമമാത്രമായിരുന്നുവെന്നത് മറ്റൊരു കാര്യം.ഇക്കൊല്ലം ഇതിനകം നിരവധി തവണയാണ് വില കൂട്ടി ജനങ്ങളെ വീണ്ടും, വീണ്ടും ദുരിതത്തിലേക്ക് തള്ളി വിടുന്നത്. . ദിവസേനയെന്നോണം പെട്രോൾ–-ഡീസൽ വില വർധിപ്പിച്ച് പൊതുവിലക്കയറ്റം രൂക്ഷമാക്കിയതിനിടെയാണ് പാചകവാതക വിലയും തുടർച്ചയായി കൂട്ടുന്നത്. മൊത്ത വിലസൂചികയെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റവും, ഉപഭോക്തൃ സൂചികയനുസരിച്ചുള്ള വിലക്കയറ്റവും, ശമനമില്ലാതെ തുടരുന്നതിൽ സർക്കാരിന് ഒരു പ്രയാസവുമില്ല.

രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില കുറഞ്ഞു നിൽക്കുമ്പോഴും പെട്രോളിന്റെയും ഡീസലിന്റെയും കേന്ദ്ര നികുതിയും സെസുമെല്ലാം വർധിപ്പിക്കുകയായിരുന്നു. നികുതി വർധന പിൻവലിച്ചാൽ പെട്രോൾ–-ഡീസൽ വില കുറയ്ക്കാം. അതു വഴി പൊതു വിലക്കയറ്റവും തടയാം. എന്നാൽ, ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്‌ക്കുമില്ലെന്നും കേന്ദ്രം നികുതി കുറയ്ക്കില്ലെന്നും ധനമന്ത്രി നിർമല സീതാരാമൻ ആവർത്തിച്ച് പ്രഖ്യാപിക്കുകയുണ്ടായി.കേന്ദ്രം നികുതി കുറയ്ക്കില്ലെന്ന് വ്യക്തമാക്കിയ നിർമല സീതാരാമൻ വേണമെങ്കിൽ സംസ്ഥാനങ്ങൾ നികുതി കുറച്ചോട്ടെയെന്നും നിലപാട് സ്വീകരിച്ചു. എന്നാൽ, പെട്രോൾ–-ഡീസൽ നികുതി വരുമാനം കേന്ദ്രത്തിനാണ് കൂടുതൽ കിട്ടുന്നതെന്ന വസ്തുത മന്ത്രി മറച്ചുപിടിച്ചിരിക്കുകയാണ്. . മാത്രമല്ല, കോവിഡ് മഹാമാരിയെത്തുടർന്ന് എല്ലാ വരുമാനമാർഗവും സംസ്ഥാനങ്ങള്‍ക്ക് ഇല്ലാതായിരിക്കുന്നു. കേരളത്തിലാകട്ടെ, ഈയിനത്തിൽ സംസ്ഥാന നികുതി അടുത്ത കാലത്തൊന്നും കൂട്ടിയിട്ടുമില്ല. ചരക്ക് സേവന നികുതി (ജിഎസ്ടി)പ്രാബല്യത്തിൽ വന്നതോടെ, വിൽപ്പന നികുതിയുടെയും മൂല്യവർധിത നികുതിയുടെയും കാലത്തെപ്പോലെ സംസ്ഥാനങ്ങൾക്ക് സ്വന്തം നിലയിൽ നികുതികൾ ഏർപ്പെടുത്താനും കഴിയില്ല. ജിഎസ്ടി കൗൺസിലാണ് നികുതി തീരുമാനിക്കുന്നത്.

പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് എക്സൈസ് തീരുവയും സെസും പലവട്ടം വർധിപ്പിച്ച കേന്ദ്രത്തിന് അത് കുറയ്ക്കാൻ കഴിയും. അതിന് തയ്യാറല്ലെന്ന് നിർമല സീതാരാമൻ ആവർത്തിക്കുമ്പോൾ ജനങ്ങളുടെ ദുരിതം കേന്ദ്രസര്‍ക്കാരിന് ഒരു പ്രശ്നമില്ലെന്നു ബോധ്യമാകുന്നുഓയിൽ ബോണ്ടിറക്കി സമാഹരിച്ച പണത്തിന്റെ പലിശ കൊടുക്കേണ്ടതിനാൽ നികുതി കുറയ്ക്കാനാകില്ലെന്നാണ് നിർമല സീതാരാമന്റെ വാദം. അത് വസ്തുതകൾക്ക് നിരക്കുന്നതല്ല. കേന്ദ്ര പെട്രോളിയം നികുതി വരുമാനത്തിന്റെ മൂന്നു ശതമാനത്തോളം മതി പലിശ നൽകാൻ. നികുതി കുറയ്ക്കാൻ കഴിയാത്ത വിധം പലിശ നൽകേണ്ട സ്ഥിതിയില്ലെന്ന് ചുരുക്കം. വാസ്തവത്തിൽ സംഭവിക്കുന്നത് മറ്റൊന്നാണ്. കോർപറേറ്റുകൾക്ക് നൽകുന്ന നികുതിയിളവുകളും അവരുടെ നികുതി കുടിശ്ശികകൾ എഴുതിത്തള്ളുന്നതും സർക്കാരിന് വലിയ വരുമാന നഷ്ടമുണ്ടാക്കുന്നുണ്ട്. അത് നികത്താൻ പെട്രോളിയം നികുതി വരുമാനത്തെ സർക്കാർ കണ്ടുവച്ചിരിക്കുന്നു. നികുതി കുറയ്ക്കില്ലെന്ന പിടിവാശിയുടെ കാര്യം ഇതുതന്നെ. അതായത്, കോർപറേറ്റുകളെ സഹായിക്കാൻ സർക്കാർ ജനങ്ങളെ ശിക്ഷിക്കുന്നു. പെട്രോൾ ‚ഡീസൽ , പാചക വാതക വില വർധനയായും പൊതു വിലക്കയറ്റമായും ആ ശിക്ഷ ജനങ്ങൾ അനുഭവിക്കേണ്ടി വരുന്നു. കോര്‍പ്പറേറ്റുകള്‍ക്ക് മുന്നില്‍ അടിയറവ് പറയുകയും സാധാരണക്കാരന്‍റെ ജീവിതം ദുരിത പൂര്‍ണ്ണമാക്കുകയെന്നുള്ളത് മുഖ്യ അജണ്ടയായി സ്വീകരിച്ച് പോരുന്ന ഒരു സാര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്നു ഒരിക്കല്‍കൂടി തെളിഞ്ഞിരിക്കുന്നു പാചകവാതക വില വര്‍ദ്ധനവിലൂടെ.

Eng­lish summ­ry; The price of cook­ing gas has been increased again

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.