21 December 2024, Saturday
KSFE Galaxy Chits Banner 2

പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച കേന്ദ്ര മന്ത്രാലയത്തിന്റെ പാളിച്ച

സുരേന്ദ്രന്‍ കുത്തനൂര്‍
January 8, 2022 6:00 am

പഞ്ചാബിലെ ഭട്ടിൻഡയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ യാത്ര തടസപ്പെട്ട സുരക്ഷാവീഴ്ചയിൽ ഇടപെട്ട സുപ്രീം കോടതി യാത്രാരേഖകൾ ശേഖരിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നു. പഞ്ചാബ്-ഹരിയാന ഹൈക്കോടതി രജിസ്ട്രാർ ജനറലിനോടാണ് ഇക്കാര്യം സുപ്രീം കോടതി നിർദേശിച്ചത്. എല്ലാ രേഖകളും സുരക്ഷിതമായി കൈവശം വയ്ക്കക്കണമെന്നും ഹൈക്കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പഞ്ചാബ് പൊലീസിനോടും എസ്‌പിജിയോടും കേന്ദ്ര‑സംസ്ഥാന ഏജൻസികളോടും സഹകരിക്കാനും ആവശ്യമായ സഹായം നല്കാനും കോടതി നിർദേശിച്ചു. ചീഫ് ജസ്റ്റിസ് എൻവി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കേന്ദ്രത്തിന്റെയും പഞ്ചാബ് സർക്കാരിന്റെയും അന്വേഷണം തിങ്കളാഴ്ച വരെ നിർത്തിവയ്ക്കാനും കോടതി ആവശ്യപ്പെട്ടു. അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്നാണ് കേന്ദ്രത്തിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചത്. അതേസമയം പഞ്ചാബ് സർക്കാർ ഇതിനെ രൂക്ഷമായിട്ടാണ് പ്രതിരോധിച്ചത്. പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ചയെ ഗൗരവത്തോടെയാണ് കാണുന്നത്. കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഒരു കമ്മിറ്റി അന്നേ ദിവസം തന്നെ രൂപീകരിച്ചിട്ടുണ്ട്. കേന്ദ്രവും ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഈ വിഷയം അന്വേഷിക്കാൻ ആരെ വേണമെങ്കിലും നിയമിക്കാമെന്നും അവരുമായി സഹകരിക്കുമെന്നും പഞ്ചാബ് സർക്കാർ പറഞ്ഞു. വലിയ രാഷ്ട്രീയവിവാദത്തിനാണ് മോഡിയുടെ സുരക്ഷാവീഴ്ച വഴിയൊരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രിയെ വധിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നു ഇതെന്നുവരെ ബിജെപി നേതാക്കൾ പറയുന്നു. ഉത്തരവാദിത്തം മുഴുവൻ സംസ്ഥാന സർക്കാരിന്റെ തലയിൽ കെട്ടിവയ്ക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. പ്രധാനമന്ത്രിയുടെ സുരക്ഷാചുമതല യഥാർത്ഥത്തിൽ സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പി(എസ്‌പിജി)നാണ്. എസ്‌പിജിയുടെ പൊതുവായ മേൽനോട്ടവും നിർദേശവും നിയന്ത്രണവും കേന്ദ്ര സർക്കാരിൽ നിക്ഷിപ്തമായിരിക്കും. നിയമത്തിന്റെയും നിയമങ്ങളുടെയും വ്യവസ്ഥകൾക്ക് വിധേയമായി അത് നടപ്പിലാക്കുന്നതും ഗ്രൂപ്പിന്റെ കമാൻഡും മേൽനോട്ടവും കേന്ദ്രം നിയമിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായിരിക്കുമെന്ന് എസ്‌പിജി ആക്ട് വ്യക്തമാക്കുന്നു. അതിവിശിഷ്ട വ്യക്തികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് പാലിച്ചിരിക്കേണ്ട ചട്ടങ്ങൾ വിവരിക്കുന്ന എസ്‌പിജിയുടെ വേദപുസ്തകമാണ് ബ്ലൂ ബുക്ക്. ബുധനാഴ്ച പഞ്ചാബ് സന്ദർശനവേളയിൽ നരേന്ദ്രമോഡിയുടെ വാഹനവ്യൂഹം ഫിറോസ‌പുരിനടുത്ത് മേൽപ്പാലത്തിൽ 20 മിനിറ്റോളം കുടുങ്ങിയപ്പോൾ ബ്ലൂ ബുക്കും അതിലെ ചട്ടങ്ങളുമൊക്കെ എവിടെപ്പോയെന്ന് സുരക്ഷാവിദഗ്ധർ ചോദിക്കുന്നു. സുരക്ഷാ ആവശ്യങ്ങളിൽ എസ്‌പിജിയെ സഹായിക്കാൻ സംസ്ഥാനങ്ങൾ നിർബന്ധിതരാണ്. ആവശ്യമുള്ളപ്പോഴെല്ലാം സംസ്ഥാന സർക്കാരുകൾ സംരക്ഷണ സംഘത്തെ സഹായിക്കണമെന്ന് നിയമം വ്യക്തമാക്കുന്നു. എസ്‌പിജി ഡയറക്ടറെയൊ ഏതെങ്കിലും അംഗത്തെയൊ സഹായിക്കാൻ പ്രവർത്തിക്കേണ്ടത് കേന്ദ്ര സർക്കാരിന്റെയൊ സംസ്ഥാന സർക്കാരിന്റെയൊ കേന്ദ്രഭരണ പ്രദേശത്തെയൊ ഓരോ മന്ത്രാലയത്തിന്റെയും സിവിൽ അല്ലെങ്കിൽ സൈനിക അധികാരങ്ങളുടെയും കടമയാണെന്നും നിയമം വ്യക്തമാക്കുന്നു. നിയമം ഇങ്ങനെയിരിക്കെയാണ് സംഭവത്തിന്റെ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിന് മാത്രമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആരോപിക്കുന്നത്. പഞ്ചാബിലെ ഡിജിപി സുരക്ഷാ ക്രമീകരണങ്ങൾ സ്ഥിരീകരിച്ചതിന് ശേഷമാണ് പ്രധാനമന്ത്രി റോഡ് മാർഗം യാത്ര ചെയ്തതെന്നാണ് കേന്ദ്രത്തിന്റെ വാദം. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾക്ക്, പ്രത്യേകിച്ച് എൻഐഎയ്ക്ക്, അതിന്റെ മികവിനും വൈദഗ്ധ്യത്തിനും ഉയർന്ന വിശ്വാസ്യതയുണ്ട്. ഏതെങ്കിലും തരത്തിലുള്ള സുരക്ഷാവീഴ്ച അവരുടെ അറിവിൽ വന്നിരിക്കണം. അതുകാെണ്ട് ഈ ഏജൻസികളുടെ ഉന്നത മേധാവികളിൽ നിന്ന് വിശദീകരണം തേടേണ്ടതുണ്ട്. സാധാരണയായി പ്രധാനമന്ത്രിയുടെ യാത്രാപദ്ധതി വിശദമായിത്തന്നെ മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, പൊലീസ് മേധാവി എന്നിവർക്കു നല്കാറുണ്ട്. ഒരുമാസം മുമ്പുതന്നെ ഉന്നതതലയോഗം ചേർന്ന് ഇതേക്കുറിച്ച് ആലോചിക്കും. അത്യാവശ്യമെങ്കിൽ യാത്രക്കുമുമ്പ് മോക്ഡ്രില്ലും സംഘടിപ്പിക്കാറുണ്ട്. എസ്‌പിജി സംഘം സംസ്ഥാന പൊലീസുമായും മറ്റ് ഉന്നതോദ്യോഗസ്ഥരുമായും സമ്പർക്കം പുലർത്തും. യാത്രയ്ക്കുമുമ്പ് വഴി പൂർണമായും ഒഴിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുന്നതും പതിവാണ്. ഇതിൽ പലതും കഴിഞ്ഞ ദിവസം പാലിക്കപ്പെട്ടിരുന്നില്ല. മോഡിയുടെ റാലിക്കായി ഏകദേശം 10,000 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു, എ‌സ്‌പിജിയും മറ്റ് ഏജൻസികളും ചേർന്ന് എല്ലാ ക്രമീകരണങ്ങളും ചെയ്തു. ഹരിയാന/രാജസ്ഥാനിൽ നിന്നുള്ള ബിജെപി പ്രവർത്തകരുടെ എല്ലാ ബസുകൾക്കുപോലും റൂട്ട് ഉണ്ടാക്കി. പക്ഷേ ഹുസൈനിവാലയിലേക്ക് റോഡ് യാത്ര നടത്താനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം യഥാർത്ഥ ഷെഡ്യൂളിന്റെ ഭാഗമായിരുന്നില്ല. ഭട്ടിൻഡ വ്യോമത്താവളത്തിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രി കനത്ത മഴയെത്തുടർന്നാണ് നേരത്തേ നിശ്ചയിച്ചിരുന്ന ഹെലികോപ്റ്റർയാത്ര ഉപേക്ഷിച്ചത്. റാലി നടക്കുന്ന ഫിറോസ്‌പുരിലേക്ക് 111 കിലോമീറ്റർ ദൂരം റോഡ് മാർഗം തിരിക്കാൻ തീരുമാനിച്ചു.


ഇതുകൂടി വായിക്കാം; ഭരണകൂട ഉപരോധത്തിന് അതേ നാണയത്തില്‍ തിരിച്ചടി


രണ്ടുമണിക്കൂറുകൊണ്ട് എത്താമെന്നായിരുന്നു പ്രതീക്ഷ. ഇതിന് സംസ്ഥാന ഡിജിപി അനുമതി നൽകിയെന്നും കേന്ദ്രആഭ്യന്തര മന്ത്രാലയം പറയുന്നു. എന്നാൽ മാർഗമധ്യേ കർഷകസമരക്കാർ അപ്രതീക്ഷിതമായി റോഡ് ഉപരോധിച്ചതോടെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം മേൽപ്പാലത്തിൽ കുടുങ്ങിയെന്നും വിശദീകരിക്കുന്നു. ഒട്ടേറെ ചോദ്യങ്ങൾ ഉയർത്തുന്നതാണ് കേന്ദ്രത്തിന്റെ വാദം. പ്രതികൂല കാലാവസ്ഥയെക്കുറിച്ച് എസ്‌പിജി ജാഗ്രത പുലർത്തിയിരുന്നില്ലേ? യാത്ര പുറപ്പെടുന്നതിനു മുമ്പ് നിർദിഷ്ട മാർഗത്തെക്കുറിച്ച് സംസ്ഥാന പൊലീസിന് വിവരം നൽകിയിരുന്നില്ലേ? കർഷകരുടെ റോഡ് ഉപരോധത്തെക്കുറിച്ച് രഹസ്യാന്വേഷണ വിവരമൊന്നും ലഭിച്ചിരുന്നില്ലേ? കർഷകർ റോഡ് ഉപരോധിക്കുന്ന കാര്യം വ്യക്തമായിട്ടും എന്തുകൊണ്ട് ഉടൻ മടങ്ങുന്നതിനു പകരം 20 മിനിറ്റോളം മേൽപ്പാലത്തിൽ കെട്ടിക്കിടന്നു? ഇങ്ങനെ ചോദ്യങ്ങൾ പലതും ഉയരുന്നതിനിടെയാണ് വിശിഷ്ടവ്യക്തികളുടെ സംസ്ഥാനത്തെ സുരക്ഷിത യാത്ര ഉറപ്പാക്കേണ്ടത് പൊലീസിന്റെ കർത്തവ്യമാണെന്ന് എസ്‌പിജിയുടെ ബ്ലൂ ബുക്കിൽ വ്യക്തമായി പറയുന്നുണ്ടെന്ന് കേന്ദ്രമന്ത്രാലയം കുറ്റപ്പെടുത്തുന്നത്. പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നിയാകട്ടെ കേന്ദ്രത്തിന്റെ വാദം പൂർണമായും നിഷേധിക്കുന്നു. പെട്ടെന്നുള്ള യാത്രാമാറ്റമാണ് പ്രശ്നത്തിനിടയാക്കിയത്. റോഡ് മാർഗം യാത്ര പുറപ്പെടാൻ സംയുക്തമായാണ് തീരുമാനിച്ചതെങ്കിലും ഇക്കാര്യത്തിൽ സംസ്ഥാനപൊലീസിന്റെ പങ്കാളിത്തം പരിമിതമായിരുന്നു. എല്ലാം എസ്‌പിജിയും കേന്ദ്ര ഏജൻസികളും സ്വന്തം നിലയ്ക്ക് കൈകാര്യം ചെയ്യുകയായിരുന്നുവെന്നും ചന്നി വിശദീകരിക്കുന്നു. ഇക്കാര്യത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോതും പഞ്ചാബിന് പിന്തുണയുമായെത്തി. പൂർണ ഉത്തരവാദിത്തം എസ്‌പിജിക്കും ഐബിക്കുമാണെന്നും അതിന്റെ പേരിൽ സംസ്ഥാനത്തെ കുറ്റപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെ ബിജെപി നേതാക്കൾ രാഷ്ട്രീയമായി കാണുന്നത് യഥാർത്ഥ സംഭവത്തിന്റെ പ്രാധാന്യം കുറയ്ക്കുകയാണ്. മോഡിയുടെ റാലി തടയാൻ സംസ്ഥാന പൊലീസിന് നിർദേശം നൽകിയതായാണ് അമിത് ഷാ ആരോപിക്കുന്നത്. ഈ ആരോപണം കേന്ദ്ര ആഭ്യന്തര മന്ത്രിയെയും അദ്ദേഹത്തിന്റെ മന്ത്രാലയത്തെയും തന്നെയാണ് അപകീർത്തിപ്പെടുത്തുന്നത്. പ്രധാനമന്ത്രിക്കെതിരെ പദ്ധതിയിട്ടിട്ടുണ്ടെങ്കിൽ, ആ സംസ്ഥാനം സന്ദർശിക്കാൻ ആഭ്യന്തര മന്ത്രാലയം എങ്ങനെയാണ് മോഡിയെ അനുവദിക്കുക? ഇങ്ങനെയൊരു സാഹചര്യത്തിൽ അദ്ദേഹത്തിന്റെ സുരക്ഷാ ചുമതല ഏറ്റെടുക്കേണ്ടത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവാദിത്തമാണ്. പ്രധാനമന്ത്രി പ്രതിഷേധം കാരണം 15 മിനിറ്റിലധികം ഫ്ലെെഓവറിൽ കുടുങ്ങിയതിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടിയതും വിചിത്രമാണ്. യഥാർത്ഥത്തിൽ കർഷകരുടെ പ്രതിഷേധം അവസാനിച്ചിട്ടില്ലെന്നും പ്രധാനമന്ത്രിയുടെ ഏകപക്ഷീയമായ കീഴടങ്ങൽ കർഷകരുടെ ആവേശത്തിന് ഒരു കുറവും വരുത്തിയില്ലെന്നും നരേന്ദ്ര മോഡിയെ ഓർമ്മിപ്പിക്കുകയായിരുന്നു ഫ്ലെെഓവർ സമരം. സുർജിത് സിങ് ഫൂലിന്റെ ഭാരതീയ കിസാൻ യൂണിയൻ (ബികെയു) തങ്ങളുടെ ആവശ്യങ്ങൾ നേടിയെടുക്കാൻ പ്രക്ഷോഭം തുടരുന്നുണ്ടെന്നത് പരസ്യമാണ്. കർഷകർ ബിജെപിക്കെതിരെ ശക്തമായി രംഗത്തുണ്ടെന്നത് മോഡിക്കും അറിയാതെയല്ല. ‘ബുധനാഴ്ച മേൽപ്പാലത്തിലുൾപ്പെടെ മൂന്നിടത്ത് ഞങ്ങൾ ധർണയിലായിരുന്നു. പഞ്ചാബ് കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി അഞ്ചിടത്തും പ്രധാനമന്ത്രിയുടെ റോഡ് യാത്രയെക്കുറിച്ച് ഞങ്ങൾക്ക് അറിയില്ലായിരുന്നു. ഹെലികോപ്റ്ററിൽ പോകേണ്ടിയിരുന്ന പ്രധാനമന്ത്രിയെയല്ല, ബിജെപി അനുഭാവികളെ തടയാനാണ് ഞങ്ങൾ നിന്നത്. കർഷകർക്കെതിരെ ചുമത്തിയ എല്ലാ കേസുകളും പിൻവലിക്കുക, നഷ്ടപരിഹാരം, സർക്കാർ ജോലികൾ എന്നിവ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി മാർച്ച് 15ന് തങ്ങളെ കാണുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനല്കിയതിനെത്തുടർന്ന് പികെഎംഎസ്‌സി ഹൈവേയിലെ പ്രതിഷേധം അവസാനിപ്പിച്ചു’ ബികെയു ക്രാന്തികാരി (ഫൂൽ) ജനറൽ സെക്രട്ടറി ബൽദേവ് സിങ് സിറ പറയുന്നു. രാഷ്ട്രീയമായി പഞ്ചാബ് ഒരു ടൈംബോംബാണ്. പഞ്ചാബിലെ മിക്ക സംഭവങ്ങളിലും പാകിസ്ഥാൻ കടന്നുവരാറുമുണ്ട്. അതേസമയം പഞ്ചാബിലെ വോട്ടർമാർ തങ്ങളുടെ അഭിപ്രായങ്ങളിൽ ഉറപ്പുള്ളവരുമാണ്. പക്ഷേ ഒരു തലപ്പാവിന്റെ പേരിൽ (സിഖ് വികാരം) അതെല്ലാം നഷ്ടപ്പെടുത്താനും അവരുടെ വൈകാരികതക്ക് കഴിവുണ്ട്. പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡിയെപ്പോലെ എതിർക്കപ്പെടാൻ നിരവധി കാരണങ്ങളുള്ള ഒരാളുടെ കാര്യത്തിലാകുമ്പോൾ അത് കൂടുതൽ ശക്തമാകും. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കർഷകർ ഇപ്പോഴും അവിശ്വസിക്കുന്നു എന്ന സന്ദേശമാണ് മേൽപ്പാലത്തിൽ നിന്നുണ്ടായത്. ഈ രീതിയിൽ കാര്യങ്ങൾ നീങ്ങിയാൽ 2024 ആകുമ്പോഴേക്കും ‘മോഡി‘സ്തുതിയുടെ നിഴലുകൾ മാത്രമാകും ബാക്കിയുണ്ടാവുക. ബിജെപി നേതാക്കൾ ‘പണത്തിനു വേണ്ടിയിറങ്ങിയ കൂലിപ്പടയാളികൾ’ എന്ന് ആക്ഷേപിച്ച കർഷകർ ഒരു പ്രധാനമന്ത്രിയെ ഫ്ലെെഓവറിന് മുകളിൽ നിർത്തിയതിനേക്കാൾ വലിയ ഒരു തിരിച്ചടി നല്കാനില്ല. അഭൂതപൂർവമായ ഒരു മാതൃകയാണ് അവർ സൃഷ്ടിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.